എം എൻ കാരശേരി

January 26, 2020, 7:31 am

യുക്തിയും ജനാധിപത്യവും

Janayugom Online

നേരിട്ടു കണ്ടു പരിചയമാകുന്നതിനും എത്രയോ മുമ്പുതന്നെ യു കലാനാഥൻ എന്ന പേര് ഞാൻ കേട്ടുതുടങ്ങിയിട്ടുണ്ട്. കോഴിക്കോട്ട് ഗുരുവായൂരപ്പൻ കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം-1967–69.അന്ന് നഗരത്തിലെ വൈകുന്നേരങ്ങളെ രസം പിടിപ്പിച്ചിരുന്നത് സായാഹ്നപത്രമായ ‘പ്രദീപം’ ആണ്. നഗരത്തിലെ ഏത് പരിപാടിക്കും കണ്ടുകിട്ടിയിരുന്ന കഥാപാത്രമാണ് അതിന്റെ പത്രാധിപർ തെരുവത്ത് രാമൻ. ആളുകൾ ‘രാമേട്ടൻ’ എന്നു വിളിച്ചുപോന്നു. രാമേട്ടൻ യുക്തിവാദിയാണ്. ദൈവത്തിലും മതത്തിലും വിശ്വാസമില്ലാത്ത ഇനം. യുക്തിവാദ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വാർത്തകളും പ്രസ്താവനകളും ലേഖനങ്ങളും വന്നിരുന്നത് പ്രധാനമായും പ്രദീപത്തിലാണ്. വായനക്കാരെയും പരസ്യക്കാരെയും പിണക്കേണ്ട എന്നുവച്ചിട്ടാവാം മുഖ്യധാരാപത്രങ്ങളൊന്നും ഇത്തരം ഇനങ്ങളൊന്നും കൊടുത്തിരുന്നില്ല. അതുകൊണ്ട് ‍ഞാൻ അക്കാലത്ത് പ്രദീപത്തെ യുക്തിവാദികളുടെ മുഖപത്രം എന്നു വിളിച്ചിരുന്നു. തമാശതന്നെ: പ്രദീപവും വാരഫലം കൃത്യമായി ആഴ്ചയിലൊരിക്കൽ പ്രസിദ്ധീകരിച്ചിരുന്നു.

ജാത്യാചാരങ്ങളെയും മതാനുഷ്ഠാനങ്ങളെയും വിമർശിച്ചും പരിഹസിച്ചും ആ പത്രത്തിൽ വന്നുകൊണ്ടിരുന്ന ലേഖനങ്ങൾ ഞാൻ കൗതുകത്തോടെ വായിച്ചിരുന്നു. പി സി കടലുണ്ടി എന്നൊരു എഴുത്തുകാരനാണ് അവയിലധികവും എഴുതിയിരുന്നത്. വല്ലപ്പോഴും യു കലാനാഥനും. കലാനാഥന്റെ പേര് അധികവും കണ്ടിരുന്നത് സമ്മേളന വാർത്തകളിലാണ്. അവിടെ പ്രസംഗിച്ചു. ഇവിടെ പ്രവർത്തിച്ചു മറ്റേടത്ത് സമരം ചെയ്തു. വിശ്രമമില്ലാത്ത ജാതിയാണല്ലോ എന്ന് തോന്നിയിരുന്നു.

യുക്തിവാദിയാവുക, ഈശ്വരനെ നിഷേധിക്കുക, മതങ്ങളെ വിമർശിക്കുക, ജാതികളെ തള്ളിപ്പറയുക ഇതൊക്കെ വളരെ പ്രയാസമുള്ള കാര്യമാണ് എന്ന് എനിക്ക് കോളജ് കുമാരനായിരുന്ന കാലത്തേ അറിയാം. നാട്ടിലും റോഡിലും എന്നപോലെ വീട്ടിലും മറ്റുള്ളവർ നിങ്ങൾക്കെതിരാവും. എന്തിനും ഏതിനും നിങ്ങൾ ഒറ്റപ്പെട്ടുപോകും. സമൂഹവും കുടുംബവും സൃഷ്ടിക്കുന്ന സമ്മർദ്ദം ചില്ലറയല്ല. അന്നൊക്കെ ഞാൻ ഒരു ചെറിയ ഭക്തനാണ്. വല്ലപ്പോഴുമാണെങ്കിലും പള്ളിയിൽ പോകും. വെള്ളിയാഴ്ച നിർബന്ധമായും പോകും. നോമ്പ് നോൽക്കാറില്ല. എങ്കിലും മതത്തെ തള്ളിപ്പറയാൻ എനിക്കങ്ങ് മൂപ്പെത്തിയിട്ടില്ല. എങ്കിലും നിരീസ്വരവാദികളോടും ‍നിർമാതാക്കളോടും വലിയ ആദരം എനിക്കുണ്ടായിരുന്നു. തെറ്റോ ശരിയോ ആകട്ടെ, സ്വന്തം വിശ്വാസാദർശങ്ങൾ പുലർത്തുവാൻ അവർ എത്രമാത്രം കഷ്ടപ്പെടുന്നു എന്നോർത്തിട്ട്; നിലപാടുകളിലെ ആത്മാർത്ഥതയ്ക്ക് അവർ എന്തുമാത്രം വില കൊടുക്കേണ്ടി വരുന്നു എന്ന് ആലോചിച്ചിട്ട്. പിന്നെ, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഏറ്റെതിർക്കുന്നതിലൂടെ അവർ നമ്മുടെ സമൂഹത്തിന്റെ പുരോഗതി ലക്ഷ്യമാക്കുന്നു എന്ന് തിരിച്ചറിഞ്ഞിട്ട്…

കോഴിക്കോട് ടൗൺഹാളിലോ മറ്റോ നടന്ന ഏതോ യുക്തിവാദിസമ്മേളനത്തിലെ പ്രസംഗകനായി സ്റ്റേജിൽ നിൽക്കുന്ന രൂപത്തിലാവണം കലാനാഥൻ മാഷെ ഞാൻ ആദ്യം കണ്ടത്. ആ പ്രസംഗം കേട്ടുനിൽക്കുമ്പോൾ രണ്ടുകാര്യം വ്യക്തമായി. ഒന്ന്: ആൾ വളരെ ധീരനാണ്. എന്തും എങ്ങനെയും വെട്ടിത്തുറന്നു പറയും. രണ്ട്: എത്രനേരം എങ്ങനെ പ്രസംഗിക്കണമെങ്കിലും വേണ്ട ഊർജം ഈ മനുഷ്യന്റെ ഉള്ളിലുണ്ട്.

ഞാനോർക്കുന്ന പ്രധാനപ്പെട്ട രംഗം: 1985 കാലത്താണ്. കാലിക്കട്ട് സർവകലാശാലയ്ക്ക് സമീപം ചേളാരിയിൽ യുക്തിവാദികളുടെ ഒരു സമ്മേളനം മുസ്ലിം മതമൗലികവാദികൾ കലക്കിക്കളഞ്ഞതിന്റെ പ്രതിഷേധമാണ്. ക്യാമ്പസിന് സമീപം ചെനയ്ക്കലാണ് പരിപാടി. ഞാൻ ചെല്ലുമ്പോൾ കലാനാഥൻ മാഷ് പ്രസംഗം തുടങ്ങുകയാണ്. മുമ്പിലെ എട്ടുപത്ത് കസാലകൾ കാലി. പീടികക്കോലായിൽ നിന്നും ചായപ്പീടികയിൽ ഇരുന്നും നിരത്തുവക്കിലൂടെ അലക്ഷ്യമായി നടന്നും ആളുകൾ പ്രസംഗം ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ, ശ്രദ്ധിക്കുന്നതായി ഭാവിക്കുന്നില്ല. യുക്തിവാദിയുടെ യോഗം വിജയിച്ചുപോകരുതല്ലോ.

കലാനാഥൻ മാഷ് ഇതൊന്നും കൂട്ടാക്കുന്നില്ല. കേൾക്കേണ്ടവരൊക്കെ കാതുകൂർപ്പിച്ചു കേൾക്കുന്നുണ്ട് എന്ന് അദ്ദേഹത്തിനറിയാം. മുമ്പിലൊരാളുമില്ലാതെ നിന്നി മൂന്നു-നാലു മണിക്കൂർ അദ്ദേഹം ഘോരഘോരം പ്രസംഗിച്ചു. പൊതുവിൽ മതക്കാരുടേയും പ്രത്യേകിച്ച് മുസ്ലീങ്ങളുടെയും അസഹിഷ്ണുതയെപ്പറ്റിയാണ് പ്രഭാഷണം. ചരിത്രത്തിൽ നിന്ന് ധാരാളം ഉദാഹരണങ്ങൾ; ഉദ്ധരണികൾ. ആ സമയത്ത് ആരെങ്കിലും കയറി വന്ന് ‘നിർത്തെടാ’ എന്ന് അലറാനോ, ചങ്കിന് പിടിച്ച് ഞെക്കാനോ, മൈക്ക് തല്ലിത്തകർക്കാനോ സാധ്യതയുണ്ട്. ഭാഗ്യവശാൽ അങ്ങനെയൊന്നും സംഭവിച്ചില്ല. അതു കേട്ടുകൊണ്ടിരുന്നപ്പോൾ ഞാനമ്പരന്ന് ആലോചിച്ചുപോയി- എന്തൊരു ധൈര്യം.

ഞാനിത് ഓർത്തുവച്ചിരിക്കുന്നു. കലാനാഥൻ മാഷ്ക്ക് ഇത് ഓർമ്മ കാണില്ല. ആ ജീവിതത്തിലെ അത്തരം അനേകായിരം പ്രസംഗങ്ങളിൽ ഒന്നു മാത്രമാണല്ലോ, അന്ന് ചെനയ്ക്കൽ അരങ്ങേറിയത്.

ഹിന്ദുക്കൾക്കിടയിലെ തീവ്രവാദികൾ ബാബറി പള്ളി പൊളിച്ച (1992) കാലത്ത് ചില യോഗങ്ങളിലും പിന്നീട് മതേതരത്വത്തെ സംബന്ധിച്ച പല സെമിനാറുകളിലും ഞങ്ങൾ ഒന്നിച്ചു പ്രസംഗിക്കുകയുണ്ടായിട്ടുണ്ട്. അതിനുവേണ്ടിയുള്ള യാത്രകൾക്കിടയിലാണ് ഞാൻ മാഷെ അടുത്തുപരിചയപ്പെട്ടത്. വിനയവും ആത്മാർഥതയും ഉള്ള മനുഷ്യൻ എന്നാണ് എനിക്കെപ്പോഴും തോന്നാറ്. എന്തും തുറന്നുപറയുന്ന പ്രകൃതം. നേരെ വാ- നേരേ പോ എന്ന മട്ട്.

അദ്ദേഹം കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റായി വളരെക്കാലം നാടുഭരിച്ചതിനെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്. കേട്ടതൊക്കെ നല്ലതാണ്. സദ്ഭരണത്തിന് സംസ്ഥാന സർക്കാരിന്റെ അവാർഡ് കിട്ടിയ വാർത്ത വലിയ ആഘോഷമായിരുന്നു. അന്ന് ഞാൻ അനുമോദിച്ച് കത്തയയ്ക്കുകയുണ്ടായി. അഴിമതി, സ്വജനപക്ഷപാതം, കെടുകാര്യസ്ഥത തുടങ്ങിയ ആരോപണങ്ങളൊന്നും മൂപ്പരെപ്പറ്റി കേട്ടിട്ടില്ല. അതിലെനിക്ക് രണ്ടുതരത്തിൽ സന്തോഷമുണ്ടായി. ഒന്ന്: എന്റെ സുഹൃത്തിനെപ്പറ്റി നല്ലതല്ലാത്ത ഒന്നും കേട്ടില്ല. രണ്ട്: ദൈവവിശ്വാസമില്ലാത്തവർ എന്തനീതിയും അക്രമവും കാണിക്കും എന്ന മതക്കാരുടെ വാദത്തിന് അതൊരടിയാണ്.

മതപരിഷ്കരണവാദിയായ ചേകന്നൂർ മൗലവി മതമൗലികവാദികളാൽ വധിക്കപ്പെട്ടപ്പോൾ (29 ജൂലായ് 1993) അതിന്നെതിരിൽ പ്രധാനമായും രണ്ട് യുക്തിവാദികളാണ് രംഗത്തുണ്ടായിരുന്നത്. പവനനും കലാനാഥനും. ഈയിടെ കോയമ്പത്തൂരിൽ മതമൗലികവാദികൾ ഫാറൂഖ് എന്ന യുക്തിവാദിയെ വെട്ടിക്കൊന്ന സന്ദർഭത്തിൽ ആ കുടുംബത്തെ ആശ്വസിപ്പിക്കാനും പരേതന്റെ മക്കൾക്ക് വേണ്ടി പണപ്പിരിവ് നടത്താനും കേരളത്തിൽ മുൻപന്തിയിലുണ്ടായിരുന്നത് കലാനാഥനാണ്.

കേരളത്തിലെ യുക്തിവാദികൾക്കിടയിലെ ഗ്രൂപ്പ് തർക്കങ്ങളെപ്പറ്റി ഒരു യാത്രയിൽ ഞാൻ ചോദിച്ചപ്പോൾ മൂപ്പര് ചിരിച്ചു: ‘ഒന്നും പറയണ്ട മാഷേ, ഞങ്ങൾക്കിടയിലും ഉണ്ട്- സുന്നിയും മുജാഹിദുമൊക്കെ’!

യു കലാനാഥൻ ഒരു പോരാളിയാണ്. യുക്തിക്കും ശാസ്ത്രീയമനോഭാവത്തിനും വേണ്ടി വിശ്രമമറിയാതെ പോരാടുന്ന ആൾ. കാര്യകാരണചിന്തയും നീതിബോധവും സമൂഹത്തിൽ പുലർന്നുകാണാൻ വേണ്ടി പ്രബോധനം നടത്തുന്ന ആൾ. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉച്ചാടനം ചെയ്യുന്നതിനുവേണ്ടി ആയുഷ്ക്കാലം മുഴുവൻ പണിയെടുത്ത ആൾ.

ഇതൊരു രാഷ്ട്രീയ പ്രവർത്തനമാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന സാമൂഹ്യ പ്രവർത്തനം.

മതപൗരോഹിത്യത്തിന്റെ പിടിയിൽ നിന്ന് വിശ്വാസികളെ രക്ഷിക്കുകയാണ് ജനാധിപത്യം പരോക്ഷമായി ചെയ്യുന്നത്. ആ മഹത്തായ പ്രവൃത്തിയാണ് യുക്തിവാദം പ്രത്യക്ഷമായി ചെയ്യുന്നത്.

യുക്തിയില്ലാതെ ജനാധിപത്യമില്ല; ജനാധിപത്യമില്ലാതെ യുക്തിയുമില്ല. നീതിയാണ് ജനാധിപത്യത്തിന്റെ ലക്ഷ്യം. നീതിക്കുവേണ്ടത് തുല്യതയാണ്. തുല്യതയാകട്ടെ, യുക്തിയിൽ അധിഷ്ഠിതമാണ്. കാര്യകാരണ ബന്ധത്തെ സംബന്ധിച്ച ബോധമാണ് മനുഷ്യവംശത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം. 2,500 കൊല്ലം മുമ്പ് ബുദ്ധൻ കാര്യകാരണബന്ധത്തെക്കുറിച്ച് നിരന്തരം സംസാരിച്ചു. ആ ബന്ധത്തെ സംബന്ധിച്ച പ്രബോധനങ്ങളുടെയും പ്രവർത്തനങ്ങളുടെയും പേരിൽ ഓരോ മലയാളിക്കും വേണ്ടി ഞാൻ കലാനാഥൻ മാഷെ അഭിവാദ്യം ചെയ്യുന്നു.