ചരിത്രത്തിലേക്ക് നടന്ന വരത്തന്‍

Web Desk
Posted on December 01, 2019, 2:29 pm

ലക്ഷ്മണ്‍ മാധവ്

മുളന്തണ്ടിലൂടെ ഒഴുകി വരുന്ന നാദധാര.… . അതിമനോഹരമായ വായ്പാട്ട്.… ”എന്തോരു ഭേദമീ നമ്മള് കണ്ടാല് മേനി കറുപ്പും വെളുപ്പുമോ ചൊവ്വരേ രാവു കറുത്താലും രാവിന്റെയുള്ളീല് പകലുണ്ട് പൊന്നു വിളയുന്ന ചൂര്യൻ. ഏങ്കളെ കൊത്ത്യാലും ചോരയല്ലേ ചൊവ്വരേ നീങ്കളെ കൊത്ത്യാലും ചോരയല്ലേ ചൊവ്വരേ ദൈവത്തിൻ കോയിക്കൽ എല്ലാരും ചെല്ലുമ്പം അവിടേക്ക് നീങ്കളും നാങ്കളും ഒപ്പമല്ലേ” അത് പുലയച്ചെക്കൻ മരത്തന്റെ പാട്ടാണ്. കനശേഖരഇല്ലത്തെ കുബേരൻ നമ്പൂതിരി അസ്വസ്ഥനായി. തത്ത്വചിന്തയും മൂല്യബോധവുമുള്ള ആ പാട്ട് നമ്പൂതിരിയെ കോപാന്ധനാക്കുക തന്നെ ചെയ്തു. മേനിയുടെ നിറം നോക്കി കുലഭേദം വേണ്ടാന്ന് ഒരു ചണ്ഡാലൻ പാടിയിരിക്കുന്നു! ജാതിയിൽ താണവൻ പാടണ്ട. അവനെയും കുടുബത്തെയും എത്രയും പെട്ടെന്ന് നാടുകടത്തണം. അത് മറ്റുള്ളോർക്കും പാഠമാകട്ടെ. ഇന്നൊരുത്തൻ പാടിയാൽ നാളെ ഒത്തിരിപ്പേർ പാടാൻ തുടങ്ങും. ഇന്നൊരുത്തൻ പഠിച്ചാൽ നാളെ ഒരുപാടുപേർ പഠിക്കാൻ തുടങ്ങും. ഇന്നൊരുത്തൻ പൊളച്ചാൽ നാളെ ഒരുപാടുപേർ പൊളയ്ക്കാൻ തുടങ്ങും. അതുണ്ടാകരുത്. ബ്രാഹ്മണർ വിഡ്ഢികളല്ല; സൂക്ഷ്മഗ്രാഹികളാണ്.

വേദശാസ്ത്ര വിധി അംഗീകരിക്കുന്നവർ. അധ: കൃതർ എഴുത്തു പഠിക്കുന്നു, കീഴാളർ സംഗീതം ചൊല്ലുന്നു, മറ്റു മതങ്ങൾ നമ്മുടെ മണ്ണിലേക്ക് കേറി വരുന്നു… ഇനിയത് പാടില്ല. കീഴാളനും അന്യമതക്കാരനും ദയ അർഹിക്കുന്നില്ല. കാരണം അവർക്ക് മനുസ്മൃതി അറിയില്ല. അതു കൊണ്ടു തന്നെ അവർ മനുഷ്യരുമല്ല. കീഴാളനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിന് ജാതിയും ചാതുർവർണ്യവുമൊക്കെ? നമ്പൂതിരിയുടെ സമനില തെറ്റുകയാണ്. മരത്തന്റെ പാട്ടിന്റെ സ്വരസ്ഥാനങ്ങളിൽ കീഴാളന്റെ ഒട്ടിയ വയറിന്റെ തേങ്ങലുണ്ട്. അദ്ധ്വാനത്തിന്റെ താളമുണ്ട്. കോമള രൂപവും ശുദ്ധരൂപവും തീവ്രരൂപവുമൊക്കെയായി അവന്റെ നൊമ്പരങ്ങൾ സ്ഥായീശ്രുതി മീട്ടുന്നു. ഏതു ശിലാഹൃദയത്തെയും അലിയിക്കുമാറുള്ള മരത്തന്റെ ഗാനവീചികൾ സവർണ്ണമേധാവിത്വത്തിന്റെ ധാർഷ്ട്യബിംബങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. ദരിദ്രനും കീഴാളനും സർഗ്ഗാത്മക കീർത്തി പാടില്ല. അവന്റെ സർഗ്ഗ ശക്തി വളർന്നാൽ മേലാളനു മുകളിൽ അവൻ പ്രസിദ്ധനാകും. അധികാര മേടകൾ ചോദ്യം ചെയ്യപ്പെടും. അതു പാടില്ല. അവന്റെ ജന്മവാസന നശിപ്പിച്ചേ മതിയാവൂ. അതിന് മാർഗ്ഗങ്ങളൊത്തിരിയുണ്ട്. അപകീർത്തിപ്പെടുത്താം, ആക്ഷേപിക്കാം, ചിന്തകളെ നിയന്ത്രിക്കാം, നാടുകടത്താം, വേണ്ടിവന്നാൽ കൊന്നുകളയാം. അധികാരം എടുത്തു പ്രയോഗിച്ച് നിഷ്പ്രയാസം അതൊക്കെ സാധിക്കാം. ആരുണ്ടിവിടെ ചോദിക്കാൻ? ആരെങ്കിലും നാവനക്കിയാൽ അനുഭവം വേറെയാ. നൂറ്റാണ്ടുകൾക്കു മുമ്പുള്ള സവർണ്ണമേധാവിത്തത്തിന്റെ അധികാര മേടകൾ മുതൽ ഇക്കാലമത്രയും മാറ്റമില്ലാതെ തുടരുന്ന, ആവിഷ്കാര സ്വതന്ത്ര്യത്തിനു മേലുള്ള ഭരണകൂട ഭീകരതയാണിത്.

1892‑ലാണ് പോത്തേരി കുഞ്ഞമ്പുവിന്റെ ‘സരസ്വതീ വിജയം’ നോവൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. ബ്രിട്ടീഷ് ഭരണവും മിഷനറി പ്രവർത്തനങ്ങളും നവോത്ഥാന പ്രവർത്തനങ്ങളും മലബാറിലെ അടിമ ജാതിക്കാരുടെ ജീവിതത്തിൽ വന്ന മാറ്റവും ഉണർവുമാണ് പശ്ചാത്തലം. സരസ്വതീ വിജയം നോവൽ ‘മരത്തൻ — 1892’ എന്ന ഇക്കാലത്തിന്റെ നാടകമായി സുരേഷ് ബാബു ശ്രീസ്തയുടെ രചനയിൽ രൂപാന്തരപ്പെടുമ്പോൾ വർണ്ണവെറിയുടെ ആ പഴയ കാലത്തിന്റെ സമകാലിക സ്വഭാവ സമാനത കാട്ടിത്തരുകയാണ്. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ, ഒയ്യാരത്തു ചന്തുമേനോന്റെ ’ ഇന്ദുലേഖ’ യ്ക്കും മുമ്പ് എഴുതപ്പെട്ട ’ സരസ്വതീ വിജയം’ സാഹിത്യ ചരിത്രത്തിലെവിടെയോ മറന്നു വച്ച നോവലാണ്. ജാതി വ്യവസ്ഥയുടെ ക്രൂര നിലപാടുകൾക്കു മേൽ കീഴാളന്റെ വിജയം ഉദ്ഘോഷിക്കുന്ന ആ രചന, പ്രചാരം നേടാതെ അസ്ഥിരപ്പെടുത്തേണ്ടത് അധികാരിവർഗ്ഗത്തിന്റെ ആവശ്യമായി വന്നു. ആ നോവൽ വായിക്കപ്പെടാതെ, ചർച്ച ചെയ്യപ്പെടാതെ എവിടെയൊക്കെയോ പൊടിപിടിച്ചു കിടന്നു. മേലാളന്റെ മേൽക്കോയ്മയ്ക്കെതിരെ ശബ്ദമുയർന്നു കൂടാ എന്ന ധാർഷ്ട്യത്തെ പരാജയപ്പെടുത്തുന്ന ആ നോവൽ പ്രചരിപ്പിക്കുകയും ഇതിവൃത്തത്തെ വർത്തമാനകാലവുമായി ബന്ധിപ്പിക്കുകയുമാണ് കെപിഎസി. അതുല്യമായ ഭാവനയും വാക്കുകളെ വികാര സൗന്ദര്യത്തോടെ വിന്യസിക്കാനുള്ള കഴിവും വേണ്ടുവോളമുള്ള കീഴാളനെ അടിച്ചമർത്തുന്നതിന്റെ തുടർച്ചയാണ് മരത്തനെ വകവരുത്താനുള്ള കുബേരൻ നമ്പൂതിരിയുടെ നീക്കം. മരത്തന്റെ ദീപ്തമായ പാട്ട് നമ്പൂതിരിക്ക് ഹിംസയുടെ കലയാണ്. മരങ്ങൾക്കും നികുഞ്ജങ്ങൾക്കും പേരുകൾ നൽകിയ, മണ്ണിന്റെ അവകാശമുള്ള കീഴാളർ അടിച്ചമർത്തപ്പെടുകയും അവന്റെ നാട്ടറിവുകൾ പിടിച്ചെടുക്കപ്പെടുകയും ചെയ്തു. അവനെ എക്കാലവും നിശ്ശബ്ദനാക്കി. മരത്തനെ കൈകാര്യം ചെയ്യാൻ കുബേരൻ നമ്പൂതിരി, രാമറുകുട്ടി നമ്പ്യാരെ ചുമതലപ്പെടുത്തിയ വികാരമിതാണ്. മരത്തനെ ചവുട്ടി ബോധം കെടുത്തിയ നമ്പ്യാർക്ക്, മനുസ്മൃതിയും ശാംബുക വധവും ചൊല്ലിക്കേൾപ്പിച്ച് സമ്മാനം നൽകി. തുടർന്ന്, മരത്തനെ അപകടപ്പെടുത്തിയ സ്ഥലത്ത് ഒരു മൃതദേഹം കാണപ്പെട്ടു. നിർബ്ബന്ധിതമായ കഠിനാദ്ധ്വാനവും മേൽജാതിക്കാരോട് സ്വതന്ത്രമായി സംസാരിക്കാനുള്ള വിലക്കും കീഴാളന്റെ മുന്നിൽ നിയന്ത്രണരേഖ വരച്ചിട്ടെങ്കിലും മരത്തന്റെ തിരോധാനത്തോടെ അവരുടെ പ്രതിഷേധം ആളിക്കത്തി.

പ്രദേശവാസികൾ നൽകിയ കേസിൽ രാമറുകുട്ടി പതിനഞ്ചു വർഷത്തെ കഠിന തടവിനു ശിക്ഷിക്കപ്പെട്ടു. സംഗതി വഷളായ സാഹചര്യത്തിൽ പിടിക്കപ്പെടുമെന്നു ഭയന്ന് കുബേരൻ നമ്പൂതിരി വിശ്വസ്ത ഭൃത്യനോടൊപ്പം ഒളിവിൽ പോയി. കുബേരൻ നമ്പൂതിരിയുടെ ഇല്ലം താറുമാറാക്കാൻ തക്കം പാർത്തിരുന്ന ഭവശർമ്മൻ നമ്പൂതിരിക്ക് ഇതൊരു സുവർണ്ണാവസരമായി. ഭവശർമ്മൻ വേലക്കാരി കുമ്പയുമായി അവിഹിത ബന്ധം പുലർത്തുന്നത് നേരിൽക്കണ്ട, കുബേരൻ നമ്പൂതിരിയുടെ പുത്രി സുഭദ്രാന്തർജനം അതിനെതിരെ ആഞ്ഞടിച്ചു. പക്ഷേ ഭവശർമ്മൻ നിരപരാധിയാണെന്നും സുഭദ്രയ്ക്ക് ജാരബന്ധമുണ്ടെന്നും നാട്ടുകൂട്ടത്തിൽ നിഷ്പ്രയാസം തെളിയിക്കാൻ ഭവശർമ്മനു കഴിഞ്ഞു. കുമ്പയുടെ മൊഴി പ്രകാരം സ്മാർത്തവിചാരം നടത്തി ഭ്രഷ്ട്ട് കല്പിച്ച് സുഭദ്രാന്തർജനം നാടുകടത്തപ്പെട്ടു. സ്വപുത്രി സരസ്വതിയെ ഒക്കത്തേന്തി സുഭദ്ര അലഞ്ഞു തിരിഞ്ഞു. അധികാരം എത്രത്തോളമുണ്ടായിട്ടും കുബേരൻ നമ്പൂതിരിക്ക് സ്വയം നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപെടാനായില്ല. പതിനേഴു വർഷം ഒളിവിലായിരുന്ന നമ്പൂതിരി പിടിക്കപ്പെട്ടു. കൊല്ലപ്പെട്ടെന്നു കരുതിയ മരത്തന്റെ അത്ഭുതകരമായ മടങ്ങിവരവ് അന്തരീക്ഷമാകെ മാറ്റിമറിച്ചു. മരത്തന്റെ ഔദാര്യത്തിൽ നിയമപരമായി കുറ്റവിമുക്തനാക്കപ്പെടുന്ന കുബേരൻ നമ്പൂതിരിയുടെ മാനസാന്തരത്തോടെ നാടകം തീരുന്നു. നൂറ്റി അൻപതു വർഷം മുമ്പുള്ള കേരളത്തിന്റെ സാമൂഹിക പരിസരങ്ങളിലേക്ക് കെപിഎസിയുടെ മരത്തൻ ‑1892 എന്ന നാടകം നവോത്ഥാന ചിന്തകളിലൂടെ സഞ്ചരിക്കുമ്പോൾ, ജാതീയമായ ഉച്ചനീചത്വങ്ങളാണ് കേരളത്തിന്റെ എക്കാലത്തേയും ഏറ്റവും ഗുരുതരമായ സാമൂഹിക വിപത്ത് എന്ന് ബോധ്യമാകുന്നു.

മനുഷ്യാസ്തിത്വം നിഷേധിക്കപ്പെട്ട മരത്തനും അപവാദത്തിന്റെ കൂരമ്പുകളേറ്റ് ആട്ടിയകറ്റപ്പെട്ട സുഭദ്രയ്ക്കും നിഷേധിക്കപ്പെട്ട സാമൂഹിക ജീവിതം തിരിച്ചെടുക്കുകയാണിവിടെ. അവർണ്ണൻ അറിവു നേടുന്നതും കഴിവുകൾ പരിപോഷിപ്പിക്കുന്നതും അപരാധമായി കാണുന്ന സാമൂഹിക ക്രമത്തിൽ നിന്ന് എല്ലാവർക്കും വിദ്യാഭ്യാസവും ആവിഷ്കാരസ്വാതന്ത്ര്യവും എന്ന നിലയിലേക്കുള്ള മാറ്റം. ജാതി വ്യവസ്ഥയുടെ നിരർത്ഥകതയും സാമൂഹിക ക്രമങ്ങളുടെ യുക്തിരാഹിത്യവും വിദ്യാഭ്യാസത്തിലൂടെ തിരിച്ചറിയുന്ന ഒരു കീഴാള ജനതയെ നമുക്കിവിടെ കാണാം. ഇതിവൃത്തം ആവശ്യപ്പെടുന്ന കാലഘട്ടത്തെ കാലികമായി അരങ്ങിൽ ആവിഷ്കരിക്കാൻ മനോജ് നാരായണന്റെ സംവിധാനമികവിനു കഴിയുന്നു. പ്രേക്ഷകരിൽ കൗതുകമുണർത്തുന്ന അസാധാരണമായ ക്ലൈമാക്സാണ് നാടകത്തിന്റേത്. കഥാപാത്രങ്ങൾക്ക് കൃത്യമായ അളവിൽ ഭാവവും ചലനവും നൽകാൻ കഴിവുള്ള പരിചയസമ്പന്നരായ അഭിനേതാക്കൾ. ചങ്ങമ്പുഴക്കവിതകളും എം കെ അർജുനന്റെ സംഗീത സംവിധാനവും ഉദയകുമാർ അഞ്ചലിന്റെ പശ്ചാത്തല സംഗീതവും നാടകത്തെ സംഗീത സാന്ദ്രമാക്കുമ്പോൾ ആർട്ടിസ്റ്റ് സുജാതന്റെ രംഗപടം ഒന്നര നൂറ്റാണ്ടിനു മുമ്പുള്ള സാമൂഹിക ചിത്രം പ്രേക്ഷകന്റെ മുന്നിൽ കോറിയിടുന്നു.