October 6, 2022 Thursday

Related news

October 4, 2022
September 29, 2022
September 22, 2022
August 24, 2022
August 20, 2022
August 18, 2022
August 17, 2022
August 13, 2022
August 7, 2022
July 1, 2022

പുഴുവിനെ തൊട്ടറിയുമ്പോൾ

എ ഐ ശംഭുനാഥ്
May 22, 2022 4:35 am

പുതുമുഖസംവിധായകരുടെ എക്കാലത്തെയും വിലപ്പെട്ട പ്രതീക്ഷയാണ് മമ്മൂട്ടി. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളോടുള്ള കൊതിതീരാ മോഹമാണ് മമ്മൂട്ടിയെന്ന മഹാനടനെ ഇതിനു സജ്ജമാക്കുന്നത്. ഏതുതരം പരീക്ഷണങ്ങൾക്കും വിധേയനാകാനുള്ള മനസ് ആ കലാകാരന്റെയുള്ളിൽ ഇന്നും ഒരു കെടാനാളമായി കത്തിനില്‍ക്കുന്നു. ‘ഞാനൊരു ബോൺ ആക്ടർ അല്ല. തേച്ചു തേച്ചു മിനുക്കിയെടുത്തതാണ് അഭിനയം. ഇനിയും തേച്ചാൽ അത് ഇനിയും മിനുങ്ങും.’ മെഗാസ്റ്റാറിന്റെ വാക്കുകളാണിവ. അഞ്ച് പതിറ്റാണ്ടിലധികം നീണ്ട അഭിനയജീവിതത്തിൽ നിന്നും മലയാളികളുടെ സ്വന്തം മമ്മൂക്ക മറ്റേതൊരു കലാകാരനും നൽകുന്ന പ്രചോദനവും ആത്മവിശ്വാസവും ചെറുതല്ല. 

റത്തീനയുടെ സംവിധാനത്തിലൊരുങ്ങിയ ‘പുഴു’ മെയ് 13 ‑ന് സോണി ലിവിലൂടെ ലോകമെമ്പാടും റിലീസ് ചെയ്തു. മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലൂടെയാണ് ചിത്രം കാണികൾക്ക് മുന്നിലെത്തിയിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമിന്റെ എല്ലാ സാധ്യതകളെയും അതിന്റെ പൂർണ്ണമായ തലത്തിൽ ഉപയോഗപ്പെടുത്തിയ സിനിമയായി പുഴുവിനെ കാണാം. കഥയും കഥാപശ്ചാത്തലവും കഥാപാത്രങ്ങളും അവരുടെ പ്രകടനവുമെല്ലാം ആഗോള സിനിമാപ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കുംവിധമുള്ളതാണ്. 

മമ്മൂട്ടി അവതരിപ്പിച്ച കുട്ടൻ എന്ന കേന്ദ്രകഥാപാത്രമാണ് പുഴുവിന്റെ മുഖമുദ്ര. കുട്ടന്റെ ഒരോ വാക്കിലും നോക്കിലും പ്രവൃത്തിയിലും ഒരു പറയാകഥയുണ്ട്. മനുഷ്യന്റെ പലതരം വികാരവിചാരങ്ങളുടെ കൂടിച്ചേരലായി കുട്ടനെ ദർശിക്കാം. ജീർണ്ണിച്ച ആചാരാനുഷ്ഠാനങ്ങളുടെയും പുരോഗമന ആദർശങ്ങളുടെയും സംഘർഷത്തിനിടയിൽപ്പെട്ട മനുഷ്യരൂപമാണ് ഈ കഥാപാത്രം. ഭൂഗോളം തനിക്ക് ചുറ്റുമാണ് കറങ്ങുന്നത് എന്ന മനോഭാവത്തോടുകൂടിയാണ് കുട്ടൻ പ്രയോഗിക ജീവിതത്തിലെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത്. ഇതുപോലൊരു കഥപാത്രത്തെ ഉൾക്കൊള്ളാൻ സൂക്ഷ്മമായ നിരീക്ഷണബോധമാണ് ഒരു അഭിനേതാവിന് വേണ്ടത്. 

പലതരം ഭാവങ്ങളുടെ പകർന്നാട്ടമാണ് കുട്ടനിലൂടെ മമ്മൂട്ടി നടത്തിയിരിക്കുന്നത്. പ്രകടനത്തിൽ കഥാപാത്രത്തിന്റെ അളവുകോൽകൊണ്ട് കൂട്ടിയും കുറച്ചും വെട്ടിയും തിരുത്തിയും കാച്ചികുറുക്കിയെടുത്ത ഭാവപ്രകടനം കുട്ടന്റെ ഒരോ നിമിഷത്തിലും നമുക്ക് കാണാൻ സാധിക്കും. കുട്ടന്റെ കഴുത്തിൽ ചൂടിയിരിക്കുന്ന മാലയ്ക്ക് പോലും ഒരു കഥ പറയാനുണ്ട്. ഒരോ അണുവിലും സ്വാർത്ഥത അയാളില്‍ തെളിഞ്ഞു കാണാം. നാസിസത്തിന്റെ പര്യായമായി പലയിടത്തും മാറുന്നുമുണ്ട് അദ്ദേഹം. അമ്മയില്ലാതെ വളരേണ്ടിവരുന്ന ചെറുപ്രായത്തിലുള്ള സ്വന്തം മകനോടുപോലും അയാൾ വെച്ചുപുലർത്തുന്ന ടോക്സിക് പാരന്റിങ്ങ് പ്രവണത ഇതിന് പ്രകടമാണ്. ഇവ കാണികളിൽ ആ കഥാപാത്രത്തിന്റെ മാനസികാവസ്ഥയോടുള്ള ഭയപ്പാട് ഇരട്ടിപ്പിക്കുന്നു. കഥാപാത്രത്തിന്റെ മാനറിസങ്ങൾക്ക് പുതിയൊരു ഭാവുകത്വം നൽകുകയാണ് മമ്മൂട്ടി കുട്ടനിലൂടെ. 

പുഴുവിന്റെ കഥ അരങ്ങേറുന്നത് പൊലീസ് ഓഫീസറായ കുട്ടനെ ചുറ്റിപ്പറ്റിയാണ്. ഭാര്യയുടെ മരണശേഷം കിച്ചു എന്ന തന്റെ മകനുമൊത്ത് മാന്യൻമാർ മാത്രം അടങ്ങുന്ന ഫ്ലാറ്റ്സമുച്ചയത്തിൽ വസിക്കുകയാണവർ. അവിടേക്കാണ് അപ്രതീക്ഷിതമായി കുട്ടന്റെ പെങ്ങളും അവരുടെ ഭർത്താവും താമസത്തിനായി എത്തുന്നത്. നാളുകൾക്കുമുന്നേ മനസിന്റെയുള്ളിൽ നിന്നും പെങ്ങളെ പടിയിറക്കി പിണ്ടംവച്ച അയാൾക്ക് പെങ്ങളേയും അവളുടെ ജീവിതപങ്കാളിയേയും കാണുമ്പോഴുള്ള മാനസികസംഘർഷങ്ങളുടെ പിരിമുറുക്കമാണ് സിനിമയ്ക്ക് പുതിയ വഴിത്തിരിവ് നൽകുന്നത്. ജാതിത്തട്ട് എന്ന ഉണങ്ങാത്ത വ്രണം കുട്ടന്റെയുള്ളിൽ വറ്റാത്ത ഉറവയായി ഒഴുകുന്നു. നീണ്ടകാല നിയമപാലന ഉദ്യോഗം അയാളുടെ ഉള്ളിൽ രൂപപ്പെടുത്തിയ ത്രീവമായ സംശയദൃഷ്ടി മൂലം വ്യക്തിജീവിതത്തിലും പ്രശന്ങ്ങൾ ഉണ്ടാകുന്നു. 

തിരക്കഥയുടെ ഘടകങ്ങൾക്ക് ശക്തിനൽകി മുന്നോട്ട് പോകുന്ന രചനയല്ല ചിത്രത്തിന്റേത്. മറിച്ച് കഥാപാത്രങ്ങളുടെ പ്രകടനങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ടാണ് രംഗങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. തീർത്തും ക്യാരക്ടർ ഡ്രിവൺ ആയിട്ടുള്ള ചലച്ചിത്രഭാഷ്യമാണ് സിനിമയ്ക്ക് നൽകിയിട്ടുള്ളത്. വളരെ സട്ടിൽ ആയ വികാരാവിഷ്കാരമാണ് ഒരോ അഭിനേതാക്കളിൽ നിന്നും തിരക്കഥ ആവശ്യപ്പെടുന്നത്. നാടകകലാരംഗത്ത് സജ്ജീവസാന്നിദ്ധ്യമായ അപ്പുണ്ണി ശശി ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷമാണ് കൈകാര്യം ചെയ്തിട്ടുള്ളത്. നാടകവും ജീവിതവും തമ്മിൽ വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന കുട്ടപ്പൻ അഥവാ കെ പി എന്ന കഥാപാത്രം യഥാർത്ഥ്യബോധത്തോടുകൂടിയാണ് അപ്പുണ്ണി ശശി അവതരിപ്പിച്ചിട്ടുള്ളത്. ബാലതാരമായ വാസുദേവ് സജീഷ് പലയിടത്തും ചില സൂക്ഷ്മവികാരങ്ങളുടെ കലവറ നമുക്ക് മുന്നിൽ തുറന്നുവെയ്ക്കുന്നു. പാർവതി തിരുവോത്ത്, നെടുമുടി വേണു, കുഞ്ചൻ, ഇന്ദ്രൻസ്, കോട്ടയം രമേശ് തുടങ്ങിയവരും പ്രശംസയ്ക്ക് അർഹമാകുന്നു. 

തക്ഷകന്റെ പുരാണകഥയുമായി ബന്ധപ്പെടുത്തിയാണ് കഥാപശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. ഏഴാം നാൾ വിശിഷ്ട അതിഥിയുടെ രൂപത്തിലെത്തുന്ന പുഴുവിനെ വ്യക്തമായി ചിത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇതിനെ സിനിമയാക്കുമ്പോൾ നാടകത്തിന്റെ ദൃശ്യസാധ്യതയും അണിയറപ്രവർത്തകർ കൃത്യമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. രംഗഭൂമികയ്ക്ക് പ്രത്യേക പരിഗണന തിരക്കഥയുടെ പലഭാഗത്തും സമർപ്പിച്ചിട്ടുണ്ട്. ഹർഷദ്, സുഹാസ്, ഷർഫൂ എന്നിവർ ചേർന്നൊരുക്കിയ തിരക്കഥയിൽ തീർത്തും സമാനതകളില്ലാത്ത രചനാശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. മൂവരുടേയും ഏകോപനമായ ഐക്യം എഴുത്തിൽ നിന്നു വ്യക്തമാണ്. 

ആദ്യ സംവിധാനസംരംഭം എന്ന രീതിയിൽ റത്തീന തന്റെ നൈപുണ്യം വാനോളം പ്രകടമാക്കിയ ചിത്രമാണ് പുഴു. തിരക്കഥയ്ക്ക് യോജിക്കുന്ന ഏറ്റവും മികച്ച ആവിഷ്കാരരൂപത്തിലാണ് സംവിധാനദൗത്യം നിർവ്വഹിച്ചിട്ടുള്ളത്. ചുരുങ്ങിയ ക്യാൻവാസിൽ സൃഷ്ടിച്ച മനോഹരമായ ദ്യശ്യാനുഭവമായി ചിത്രം നിലകൊള്ളുന്നു.
തേനി ഈശ്വറിന്റെ ക്യാമറാക്കണ്ണുകൾ അഭ്രപാളിയിൽ കഥാപാത്രങ്ങളുടെ വികാരങ്ങളെ വ്യക്തമായി ഒപ്പിയെടുത്തിട്ടുണ്ട്. ക്ലോസ് ഷോട്ടുകളുടെ ഉപയോഗം കൃത്യമായ ഇടങ്ങളിൽ കാണാനാകും. ജേക്ക്സ് ബിജോയിയുടെ പശ്ചാത്തലസംഗീതം ചില സന്ദർഭങ്ങളിൽ കാണികളിൽ മാന്ത്രികവലയം തീർക്കുന്നു. കഥാപരിസരത്തോട് ഏറ്റവും അടുത്ത് നിലനിൽക്കുന്ന അനുഭൂതി ജേക്സിന്റെ സംഗീതം സമ്മാനിക്കുന്നു. കേന്ദ്രകഥാപാത്രത്തിന്റെ മാനസികമായ താറുമാറുകൾ പ്രേക്ഷകർക്ക് തൊട്ടറിയാൻ ഇത് വളരെയധികം സഹായിക്കുന്നു. ദീപു ജോസഫിന്റെ ചിത്രസംയോജനം വളരെ മികച്ചത് എന്നു പറയാം. എഡിറ്ററുടെ കൃത്യമായ തിരഞ്ഞെടുപ്പുകൾ ഇതിൽ പ്രകടമാണ്. 

മനുഷ്യന്റെ സന്തതസഹചാരിയാണ് ആധിപത്യമനോഭാവം. എന്നും നരന്റെയുള്ളിൽ വിഷാംശത്തോടെ നിലകൊള്ളുന്ന വൃത്തികെട്ട ചിന്തയാണിത്. ഉറങ്ങികിടക്കുന്ന ഈ വികാരത്തിന് ക്ഷതമേൽക്കുമ്പോൾ അവ പൊട്ടിയൊഴുകുന്നു. പിന്നെ നന്മയ്ക്കും തിന്മയ്ക്കും അവന്റെ മുന്നിൽ സ്ഥാനമാനങ്ങളില്ല. പുഴുവിലെ കുട്ടൻ ഒരു കെട്ടുകഥയല്ല. അയാൾ സമൂഹത്തിന് നേരെ പിടിച്ച കണ്ണാടിയാണ്. പലതരം സംഘർഷങ്ങൾക്കിടയിൽ പെടുമ്പോൾ മനുഷ്യർ ചെയ്യുന്ന പ്രവർത്തികൾ അർത്ഥശൂന്യമാകുന്നു. പിന്നീട് സംഭവിക്കുന്നത് തികച്ചും മനുഷ്യസഹജമായ കാര്യങ്ങളാണ്. വ്യക്തിത്വമാണ് ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയമെന്ന് ചിത്രം അടിവരയിടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.