റഹിം പനവൂർ

January 17, 2021, 5:55 am

ജുനൈദ അജീദ് തിളങ്ങുന്നു

Janayugom Online

ലയാള സിനിമയിലെ ബാലതാരങ്ങളിൽ ശ്രദ്ധേയയായ ഒരു താരമാണ് ജുനൈദ അജീദ്. എറണാകുളം ഇടപ്പള്ളിയിൽ അജീദിന്റെയും റസിയയുടെയും മകളാണ് ഈ കൊച്ചു മിടുക്കി. 14 വയസ്സുള്ള ജുനൈദ ഇടപ്പള്ളി ക്യാംപെയിൻ സ്കൂളിൽ എട്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്.

ഒന്നര വയസ്സുള്ളപ്പോൾ ബേബി കെയർ സ്ഥാപനത്തിന്റെ പരസ്യചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയതാണ് ജുനൈദ. ഷാജി കൈലാസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ആഗസ്റ് 15’ ആണ് ജുനൈദ അഭിനയിച്ച ആദ്യ സിനിമ. നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രമായ മുഖ്യമന്ത്രിയുടെ ചെറുമകളുടെ വേഷമായിരുന്നു അതിൽ. ബോബൻ സാമുവൽ സംവിധാനം ചെയ്ത ജയസൂര്യ ചിത്രമായ ജനപ്രിയനിൽ ടൈറ്റിൽ സോങിലും അഭിനയിച്ചു. ഈ തിരക്കിനിടയിൽ എന്ന സിനിമയിൽ മുക്തയുടെ കഥാപാത്രത്തിന്റെ മകളായി അഭിനയിക്കാനുള്ള അവസരവും ലഭിച്ചു. ‘ലൗ ലാൻഡ്’ ആണ് മറ്റൊരു ചിത്രം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘സ്നേഹവീട്’ എന്ന ചിത്രത്തിൽ ബിജുമേനോന്റെയും ലെന യുടെയും കഥാപാത്രങ്ങളുടെ രണ്ടു മക്കളിൽ ഇളയകുട്ടിയായും അഭിനയിച്ചു. ‘ഗോഡ്സ് ഓൺ കൺട്രി‘യിൽ ശ്രീനിവാസന്റെയും ‘അപ്പോത്തിക്കിരി‘യിൽ സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രത്തിന്റെ രണ്ടു മക്കളിൽ ഇളയമകളായും അഭിനയിച്ച് ശ്രദ്ധേയയായി. ‘പരീത് പണ്ടാരി’ എന്ന ചിത്രത്തിലും നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. ജയറാം, പൃഥ്വിരാജ് എന്നീ താരങ്ങളോടൊപ്പം പരസ്യചിത്രങ്ങളിലും അഭിനയിച്ച് തിളങ്ങി.

ഇരുപതിലധികം പരസ്യചിത്രങ്ങളിൽ ജുനൈദ അഭിനയിച്ചിട്ടുണ്ട്. ‘സ്നേഹവീട്’, ‘അപ്പോത്തിക്കിരി’, ‘ഗോഡ്സ് ഓൺ കൺട്രി’ തുടങ്ങിയ ചിത്രങ്ങളിൽ സ്വന്തമായി ഡബ്ബ് ചെയ്തു.

കുറച്ചുകാലം കുടുംബത്തോടൊപ്പം ഗൾഫിലായിരുന്നത് കാരണം ചില നല്ല സിനിമകളിൽ അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. ഇപ്പോൾ എറണാകുളത്ത് സ്ഥിരതാമസം. അഭിനയത്തോടൊപ്പം പഠനത്തിലും മിടുക്കിയാണ് ജുനൈദ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ സംസാരിക്കാനും എഴുതാനും അറിയാം. പെയിന്റിംഗ്, ക്രാഫ്റ്റ്സ് വർക്ക്, ഡാൻസ്, സംഗീതം എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

സഹോദരി ഡോ: റാഷിദ, ഭർത്താവ് ഡോ: റംഷാദ്, സഹോദരൻ അജ്മൽ, ഭാര്യ സഫ്ന എന്നിവരുടെയും പിന്തുണ ജുനൈദയുടെ കലാപരമായ വളർച്ചയ്ക്ക് പ്രചോദനമാകുന്നു. ഏതുതരം കഥാപാത്രങ്ങളും ഈ കൊച്ചു താരത്തിൽ ഭദ്രമാണ്. സിനിമയിലും പരസ്യചിത്രത്തിലും കൂടുതൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് ജുനൈദ അജീദ്.