തണലിടം

Web Desk
Posted on July 19, 2020, 9:38 am

മനു പോരുവഴി

മിനി ചന്ദ്രമോഹൻ ഒരു തണലാണ്. രണ്ടര ഏക്കറിൽ പരന്നുകിടക്കുന്ന നൂറായിരം മരങ്ങളുടെയും അത്രയും തന്നെ ജീവജാലങ്ങളുടെയും ആത്മാവിനു കുളിരേകുന്ന തണൽ. ആ തണലിൽ സീതയുടെ കണ്ണുനീരിന്റെ നിറമുള്ള ചുവന്ന പൂക്കൾ വിരിയിച്ചുനിൽക്കുന്ന ശിംശിപാവൃക്ഷം വരെയുണ്ട്. ദൂരെ ലങ്കയിലല്ല, ഇവിടെ നമ്മുടെ നാട്ടിൽ, കൊല്ലം കൊട്ടാരക്കര പൂവറ്റൂരിലെ വീട്ടുമുറ്റത്ത്. കനത്ത ചൂടിലും മിനി ചന്ദ്രമോഹന്റെ ‘കരുവ’ വീട്ടിൽ ഔഷധ ഗന്ധമുള്ള കുളിർ കാറ്റിന്റെ സുഖകരമായ അനുഭവമാണ് നമുക്ക് കിട്ടുന്നത്. വീടിനോടു ചേർന്നുള്ള രണ്ടരയേക്കർ സ്ഥലം നൂറുകണക്കിന് ഔഷധസസ്യങ്ങളും, അയിരക്കണക്കിന് മരങ്ങളും നിറഞ്ഞ ചെറിയൊരു വനമാണ്. കാവും, കുളവും, നക്ഷത്രവനവും നൂറുകണക്കിന് ജന്തുജാലങ്ങളും ഇവരുടെ കുടുംബത്തോടൊപ്പം ചേരുന്നു. ഇവിടെ പരിസ്ഥിതി ദിനവും വന ദിനവുമൊന്നും പ്രത്യേകമായി ആഘോഷിക്കാറില്ല. കാരണം ഇവർക്ക് എന്നും ഈ ദിനാചരണങ്ങളാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന ഒട്ടനവധി അപൂർവ വൃക്ഷങ്ങൾ ഇവിടെയുണ്ട്. ഇതിൽ അധികവും വംശനാശ ഭീഷണി നേരിടുന്നവയാണ്. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ഒട്ടനവധി ഔഷധസസ്യങ്ങളും ഇവിടെ പരിപാലിക്കപ്പെടുന്നു. കുട്ടിക്കാലത്തു വൃക്ഷങ്ങളോടു തോന്നിയ പ്രണയമാണ് പൂവറ്റൂരിലെ തന്റെ പറമ്പ് മനോഹരമായ ഒരു വനമായി മാറ്റുന്നതിന് പ്രേരണയായത്. പിതാവും സഹോദരനും തുടങ്ങി വച്ച മരങ്ങളുടെ പരിപാലനം എന്ന പാതയിലൂടെ മിനിയും സഞ്ചരിച്ചു. ആ അധ്വാനമാണ് തന്റെ വീട് എണ്ണമില്ലാത്തത്ര മരങ്ങളുടെ സംരക്ഷകയായി മാറ്റിയത്. 2006 ൽ വനവൽക്കരണത്തിന് അവാർഡ് ലഭിച്ച കായംകുളത്തെ ദേവകിയമ്മയും മകൾ തങ്കമണിയമ്മയുമാണ് ഈ മേഖലയിലേക്ക് കൂടുതൽ ശ്രദ്ധിക്കുന്നതിന് കാരണക്കാരായത്. വനവൽക്കരണത്തിന്റെ പ്രാധാന്യം പറഞ്ഞു തന്നതും വംശനാശ ഭീഷണി നേരിടുന്ന മരങ്ങളെെെ സംബന്ധിച്ച് അറിവു പകർന്നതും അതു കണ്ടെത്തുന്നതിന് സഹായിച്ചതും അവരായിരുന്നു. ടെറസിൽ ഔഷധത്തോട്ടം നിർമ്മിച്ച ഷൈജു സാറിന്റെ സഹായവുകിട്ടി. വീട്ടിലേക്ക് കടന്നു വരുന്ന അതിഥികളെ സ്വീകരിക്കാൻ തലയുയർത്തി നിൽക്കുന്നത് രാവണനാൽ അപമാനിതയായി അശോകവനിയിലെത്തിച്ച ജനകപുത്രിയുടെ മനസ് തണുപ്പിക്കാൻ ഇരുത്തിയ ശിംശിപാവൃക്ഷമാണ്.

സീതാദേവിയുടെ കണ്ണിൽ നിന്നും ഊര്‍ന്നിറങ്ങിയ കണ്ണീർ മുത്തുകളുടെ കൊടും ചൂടേറ്റ് ചുവന്ന പൂക്കൾ വിരിഞ്ഞെന്ന് വാല്മീകി രാമായണത്തിൽ എഴുതിയിട്ടുള്ള ശിംശിപാവൃക്ഷത്തിന്റെ നിലത്തു മുട്ടുന്ന പൂക്കുലകളാണ് നമ്മെ സ്വീകരിച്ച് വീട്ടിലേക്ക് ആനയിക്കുന്നത്. ഇത് നാട്ടിൽ വളര്‍ത്താന്‍ പ്രയാസമാണ്. ഇതിന്റെ വിത്തുപയോഗിച്ച് തൈ മുളപ്പിക്കാൻ പല തരത്തിൽ പരിശ്രമിച്ചിട്ടും പ്രയാജനം ഉണ്ടായിട്ടില്ല. അശോക വനിയിൽ കാണപ്പെട്ടതായി പറയുന്ന, അശോകം, മലയ ശോകം ഉൾപ്പെടെ നാലിനം അശോക മരങ്ങൾ ഇവിടെയുണ്ട്. ഈ മരത്തിന്റെ തൊട്ടടുത്തായി കാണുന്ന ഇതിന്റെ ഗണത്തിൽപ്പെട്ട ശീമ അശോകം എന്നറിയപ്പെടുന്ന ബ്രൗണിയ നമ്മുടെ നാട്ടിൽ കാണാൻ അപൂര്‍വ്വമാണ്. ഇതു കൂടാതെ പറമ്പിലൂടെ നടക്കുമ്പോൾ രുദ്രാക്ഷം, നാൽപ്പാമരം, ദശമൂലം, ദശപുഷ്പം, കറുത്ത കുന്തിരിക്കം, സോപ്പ് നട്ട്, മക്കൊത്ത ദേവ (ദൈവത്തിന്റെ കിരീടം), നീർമരുക്ക്, കടമ്പ്,പൂജകർപ്പൂരം, രാജ്ഗുളി, നനില ചെറി, കാട്ടുകറിവേപ്പ്, ദുരിയൻ, ബ്ലാക്ക് സപ്പോർട്ട, മര മുന്തിരി, ബോധി വൃക്ഷം, അണലി വേഗം, മരക്കപ്പലണ്ടി, എല്ലുകൾക്ക് പൊട്ടലുണ്ടായാൽ പ്ലാസ്റ്റർ ഇടുന്നതിനു പകരം ചതച്ച് പുരട്ടുന്ന പശയുള്ള എല്ലുറ്റി, മിറാക്കിൾ ഫ്രൂട്ട്, എന്നിവ കാണാം. പറമ്പിന്റെ കിഴക്കുവശത്തായി കാവും കുളവുമുണ്ട്. ഇതിനോടു ചേർന്നാണ് നക്ഷത്ര വനം. ജ്യോതിഷത്തിൽ പറഞ്ഞിട്ടുള്ള പോലെ ഓരോ നാളുകാർക്കും പറഞ്ഞിട്ടുള്ള ഇരുപത്തിയാറ് ഇനം മരങ്ങൾ ചേർന്നതാണ് നക്ഷത്ര വനം. കുളക്കരയിൽ ദിനംപ്രതി പൂത്ത് നറുമണം പരത്തുന്ന കാട്ടു മുല്ലയും, വിവിധയിനം കാട്ടുവള്ളികളും പരിപാലിച്ചിട്ടുണ്ട്.

സാമൂഹിക രാഷ്ട്രീയ സാഹിത്യകാരന്മാരുടെ പേരിൽ കുളക്കരയിലായി ഓർമ്മ മരങ്ങൾ നട്ടു പരിപാലിച്ചിട്ടുണ്ട്. ബേപ്പൂർ സുൽത്താന്റെ ഓർമ്മയ്ക്കായി മംഗോസ്റ്റിൻ, കമലാ സുരയ്യയ്ക്കായി നീർമാതളം എന്നിവ പ്രധാനം. നമ്മുടെ നാട്ടിൽ ഇന്ന് അപൂർവമായി മാത്രം കാണാറുള്ള കാഞ്ഞിരം, മരോട്ടി, പ്രസവ ശുശ്രൂഷകൾക്ക് ഉപയോഗിക്കുന്ന നെയ് വള്ളി, വാതസംബന്ധമായ അസുഖത്തിന് മെതിയടി നിർമ്മിക്കാൻ ഉപയോഗിക്കുന്ന കരിഞ്ഞൊട്ട, പ്രമേഹ ചികിൽസയ്ക്കുപയോഗിക്കുന്ന ഇന്ത്യോനേഷൻ മരം മക്കോത്ത ദേവ, പെർഫ്യൂം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന ഇലാബ് ജലാജ്, ബരാബ, ക്യാൻസർ രോഗത്തിനും ഹെയർ ഡൈ ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്ന നോനി, അഭിയു, ദുരിയൻ, ഫലോസാൻ റമ്പൂട്ടാൻ, കർപ്പൂര മരം, മര മുന്തിരി,അരക്കില്ലാത്ത പ്ലാവ്, പുളിയില്ലാത്ത പുളിമരം, ഇലകളുടെ അഗ്രഭാഗം മുടി പിന്നിയിട്ടപോലെ കാണുന്ന ബാലു ജഡാലു, ദശമൂലം, എന്നിവയും നൂറിലധികം ഔഷധസസ്യങ്ങളും, അൻപതിലധികം വിദേശികളായ പഴവർഗ്ഗങ്ങളും, നാട്ടുമാവ് ഉൾപ്പെടെ നൂറിലധികം സ്വദേശികളായ പഴവർഗ്ഗങ്ങളും പറമ്പിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്. യജ്ഞവേദികൾക്ക് ആവശ്യമുള്ള സോമലത, ഒരില കഴിച്ചാൽ അന്ന് ആഹാരം വേണ്ടായെന്ന് ആദിവാസികൾ വിശ്വസിക്കുന്ന ആരോഗ്യ പച്ച, മുള്ളില്ല മുരിക്ക്, മധുരമുള്ള ലൗലോലിക്കായ, ജാബ, എന്നിവയും വളരെ ശ്രദ്ധാപൂർവം പരിപാലിക്കുന്നവയിൽപ്പെടുന്നതാണ്. ഇതു കൂടാതെ മാവ്, പ്ലാവ്, ആഞ്ഞിലി, കാഞ്ഞിരം, അമ്പഴം, പാൽ കായം, മലബാർ ചെമ്പ് നട്ട്, ശലഭങ്ങങൾ വട്ടമിട്ടു പറക്കുന്ന ഇരുമ്പുറപ്പി മരം, കുുറുവ ദ്വീപിൽ നിന്നും കൊണ്ടുവന്ന വംശനാശ ഭീഷണി നേരിടുന്ന മൂത്താശാരിയും ഉൾപ്പെടെ അഞ്ഞൂറിലധികം വ്യത്യസ്തങ്ങളായ മരങ്ങളും, ഫലവൃക്ഷങ്ങളും ഇവിടെ കാണാൻ കഴിയുന്നു. വീടിൻ്റെ തൊട്ടു മുന്നിലായി കാണുന്ന മനോഹരമായ വയലിൽ നെൽകൃഷിയും നടത്തുന്നുണ്ട്. വയലിലും ഇന്ന് നാട്ടിൽ കാണാൻ കഴിയാത്ത നിരവധി ഔഷധസസ്യങ്ങളുമുണ്ട്. പറമ്പു നിറയെ നിരവധിയായ. ആയൂർവേദ സസ്യങ്ങൾ നിറഞ്ഞു നിൽക്കുന്നതിനാൽ അതിരുകൾ തിരിയ്ക്കുന്നതിന് മൺകയ്യാലകൾ പോലും നിർമ്മിച്ചിട്ടില്ല. ഇരുപത്തിയഞ്ചിലധികം വ്യത്യസ്തങ്ങളായ തുളസിയും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും വളർത്തിയെടുത്തിട്ടുണ്ട്. നാലിലധികം ഇനം ആൽമരങ്ങൾ, പത്തിലധികം വള്ളിച്ചെടികൾ എന്നിവയും ഇവിടെയുണ്ട്. നമുക്ക് കേട്ടുകേഴ് വി മാത്രമുള്ള അമ്മൂമ്മപ്പഴം, ഓട്ടപ്പഴം, കാളിപ്പഴം, പൂച്ചപ്പഴം, കുരിയിൽ, കൊരണ്ടി, മുള്ളി, ഞാറ,തട്ടാരപ്പഴം, തുടങ്ങി ഇരുപത്തിയഞ്ചോളം കാട്ടുപഴങ്ങൾ കിട്ടുന്ന മരങ്ങളും ഇവിടെയുണ്ട്. കുളത്തിന്റെ വശത്തായി അരയേക്കറിലധികം സ്ഥലം കാടു പരിപാലിച്ചിട്ടുണ്ട്. യാത്രകളോട് വല്ലാത്തൊരിഷ്ടമാണ് മിനിക്ക്. ഈയാത്രകളിലാണ് കൂടുതൽ മരങ്ങളും സംഘടിപ്പിച്ചത്. വീട്ടിൽ തന്നെ മരങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിനായി വാങ്ങിയ പുസ്തക ശേഖരങ്ങൾ കൊണ്ട് ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്. ഇറിഗേഷൻ ഡിവി ഷണൽ അക്കൗണ്ടന്റായി വിരമിച്ച ഭര്‍ത്താവ് ചന്ദ്രമോഹനും മക്കളായ വിഷ്ണു മോഹനും, വിധു മോഹനും എല്ലാ സഹായത്തിനും മിനിയോടൊപ്പമുണ്ട്.

you may also like this video