19 April 2024, Friday

ഏതോ കിനാവിന്റെ വേണുവിൽ

ഡോ. എം ഡി മനോജ്
October 24, 2021 8:50 am

”ഉണ്ണിക്കെങ്ങനാ, മ്യൂസിക്കൽ താല്പര്യമുണ്ടോ?”
”എനിക്ക് വല്യഷ്ടാ, വിലാസിനിച്ചേച്ചിയുള്ളപ്പോൾ നാട്ടിലേതു പരിപാടി വന്നാലും ഞങ്ങൾ പോകും.”
”ഉണ്ണി പാട്വോ…?”
”ഉം… ഉം… കേൾക്കേയുള്ളൂ.”
”അത് വെറുതെ പറയാ… ഉണ്ണി പാടും.”
”ഏയ്… അതെങ്ങനെയറിയാം?”
”കണ്ടാലറിയാലോ.”
”ഏയ്… എന്തായിപ്പറേണത്. കൊളക്കടവിൽ ആരും കേൾക്കാതെ വല്ലതും മൂളുന്നുണ്ടെന്നല്ലാതെ ഞാൻ പാട്വോന്നൂല്യ… എനിക്കറിയാൻ വയ്യാത്തോണ്ടാട്ടോ…”
”ഉണ്ണി പാടിയിരുന്നെങ്കിൽ ടേപ്പിലെടുക്കായിരുന്നു.”
”എനിക്ക് പാട്ടെന്ന് പറഞ്ഞാൽ പ്രാണനാ…”
”പാട്വോ…?”
”ആര്?”
”ഞാനോ… ആ… പണ്ട് പഠിക്കണ കാലത്ത് നല്ലോണം പാടുമായിരുന്നു. ഫെസ്റ്റിവലിനൊക്കെ സമ്മാനം കിട്ടീട്ടുണ്ട്.”
”ആഹാ… അപ്പോൾ പാടാനിയാല്ലേ…?”
”അതൊക്കെ പണ്ടല്ലേ, ഉണ്ണീ…”
”അതൊന്നും പറയണ്ട, ഒരിക്കെ അറിയായിരുവച്ചാ എപ്പോ വേണലും പാടാല്ലോ. അതൊക്കെയെനിക്കറിയാം…”
”ഉണ്ണിക്ക് കേൾക്കണമെങ്കിൽ ഞാൻ പണ്ട് പാടിയ പാട്ടുകളേതെങ്കിലും ടേപ്പിൽ കാണും. കേൾക്കണോ?”
”പിന്നല്ലാണ്ടെ…”
1983‑ൽ മോഹൻ സംവിധാനം ചെയ്ത ‘രചന’ എന്ന സിനിമയിൽ നെടുമുടി വേണു (ഉണ്ണി)വും ശ്രീവിദ്യയും (ശാരദ) നടത്തുന്ന സംഭാഷണമാണിത്. സിനിമയിൽ ഒരു പാട്ടുണ്ടാകുന്നതിനെ വിസ്തരിക്കാൻ ഏറ്റവും ഔചിത്യപൂർണമായ ഒരു സന്ദർഭമായി ഇതിനെ കാണാനാകും. ശ്രീവിദ്യയുടെ ശാരദ എന്ന കഥാപാത്രം തന്റെ എഴുത്തുകാരനായ ഭർത്താവിന്റെ (ഭരത് ഗോപി) നോവൽ രചനാ സാമഗ്രിയായി ഉണ്ണിയെ കാണുകയാണ്. ഉണ്ണിക്കു ഭർത്താവിന്റെ (ഭരത്ഗോപി) നോവൽ രചനാ സാമഗ്രിയായി ഉണ്ണിയെ കാണുകയാണ്. ഉണ്ണിക്കുണ്ടാകുന്ന ചേഷ്ഠകളും ഭാവവ്യത്യാസങ്ങളുമെല്ലാം ഭർത്താവിലെ എഴുത്തുകാരൻ അതുപോലെ പകർത്തുകയാണ്. ജോൺപോളിന്റെ തിരക്കഥയിലെ പ്രധാനഭാഗമാണ് ഈ പാട്ടായി അവതരിപ്പിക്കപ്പെടുന്നത്. പാട്ട് വരുന്നത് ഒരു ടേപ്പിൽ നിന്നാണ്. സ്മൃതിസുഗന്ധമുണർത്തുന്ന അതീവഹൃദ്യമായ ഗാനത്തിന്റെ ശില്പികൾ മുല്ലനേഴിയും എം ബി ശ്രീനിവാസനുമായിരുന്നു. ‘കാലമയൂരമേ’ എന്ന് തുടങ്ങുന്ന ജാനകി പാടിയ ഗാനം പ്രണയത്തിന്റെ ആത്മീയമായ ലാവണ്യബോധത്തെ മുഴുവനായും ചിത്രീകരിക്കുന്നുണ്ട്. പ്രണയത്തിന്റെ പ്രബുദ്ധത (Enlightenment)യും പ്രഫുല്ലതയും അത്രമാത്രം ഈ പാട്ടിൽ അത്രമാത്രം പ്രതിഫലിക്കുന്നുണ്ട്.
സിനിമയിലെ ഗാനസ്വഭാവത്തെ നവീകരിച്ചത് അതിലെ സാഹിതീയമായ ഇണക്കങ്ങൾ ആണെന്ന് ബോധ്യപ്പെടും ഈ ഗാനത്തിലൂടെ സഞ്ചരിക്കുമ്പോൾ. ഭാസ്കരൻ ‍മാഷ് തൊട്ടിങ്ങോട്ടുള്ളവരാണ് ചലച്ചിത്രഗാനങ്ങളിലെ കാവ്യസാധ്യതകളെ സുഗമമാക്കിയത്. അദ്ദേഹമുണ്ടാക്കിയ കേരളീയമായ ലാളിത്യത്തിന്റെ മാനസികവും മാനവികവും കാൽപനികവുമായ സ്വരത്തുടർച്ചകൾ പിന്നീട് നാം കണ്ടത് മുല്ലനേഴിയുടെ പാട്ടുകളിലായിരുന്നു. സ്മൃതിയിൽ പ്രണയബദ്ധമായിത്തീരുന്ന സന്ദർഭങ്ങൾ മുല്ലനേഴി മറ്റു പാട്ടുകളിലെന്ന പോൽ ഈ ഗാനത്തിലും വരച്ചിടുന്നു.
‘കാലമയൂരമേ നിൻ പീലിക്കുള്ളിലെ പൊൻനിറം
മാമകമാനസമണിയുന്നു’
ഇവിടെ കാലമെന്നത് ഓർമ്മയെ ആനയിച്ചുകൊണ്ടുവരുന്ന ഒന്നായിത്തീരുന്നു. ഇന്ദ്രിയബദ്ധമായ ഓർമ്മയും കാലാനുഭവവും പാട്ടിലിണക്കിത്തീർക്കുകയാണ് മുല്ലനേഴി. ഓർമ്മയിൽനിന്ന് കാലത്തിന്റെ അവസ്ഥകൾ ഉണർന്നുവരുന്നു. കാലവും ഓർമ്മയും പ്രണയവും തമ്മിലുള്ള ബന്ധങ്ങൾ പാട്ടിന്റെ ഭാവതലത്തിന് പൊലിമയുണ്ടാകുന്നു. കാലപ്രവാഹത്തിനോളങ്ങളിൽപ്പെട്ടുപോകുന്ന ജീവിതങ്ങളെ അദ്ദേഹം പല പാട്ടുകളിലും അടയാളപ്പെടുത്തി. കാലമൊരു പ്രഹേളികയായും വൻചിറകുള്ള പക്ഷിയായും രക്ഷകനായുമൊക്കെ പാട്ടുകളിൽ കടന്നുവരുന്നു. എന്നാൽ ഈ പാട്ടിൽ പ്രണയത്തിന്റെ ഋതുപരിണാമത്തിന്റെ തുടക്കം കുറിക്കുകയാണ് കാലം.
കാലദർശനത്തെ കലാദർശനമാക്കുന്ന പാട്ടിൽ സ്മൃതികളുടെ നെെരന്തര്യത്തിന് ഏറെ പ്രാധാന്യമുണ്ടാകുന്നു. നഷ്ടമായി എന്ന് നാം ഖേദിക്കുന്ന ജീവിതത്തിന്റെ ആനന്ദയാമത്തെ പാട്ടിന്റെ ചന്ദനനാഴിയിൽ അളന്നിടുകയാണ് മുല്ലനേഴി. പ്രണയത്തിന്റെ സ്മൃതികൾ കൊണ്ടുവരുന്ന കാലമിവിടെ പീലിവിടർത്തുന്ന മയൂരമാണ്. ‘മറവിയിലാണ്ട ചിറകുകൾ’ (For­got­ten wings) എന്ന നെരൂദയുടെ കവിത ഓർമ്മയിൽ വരുന്നു ഈ പാട്ട് കേൾക്കുമ്പോൾ. ശാരദയ്ക്ക് ഉണ്ണിയോടുള്ള പ്രേമവാത്സല്യങ്ങളുടെ ബഹിർസ്ഫുരണമല്ല വാസ്തവത്തിൽ ഈ ഗാനം. എന്നാൽ നെടുമുടി അവതരിപ്പിക്കുന്ന ഉണ്ണി എന്ന കഥാപാത്രമിവിടെ പ്രേമത്തിന്റെ ഇളനീർമധുരം ആവോളം കോരിക്കുടിക്കുന്നു. പ്രേമത്തിന്റെ പുതിയ വാഴ്വുകളിലേക്ക്, അയാൾ എത്തിപ്പെടുന്നു. പണ്ടത്തെ പ്രണയസുരഭിലമായ കാലത്തെ പാടിയുണർത്തുകയാണ് നായിക. ഉണ്ണിയെ വശീകരിക്കുവാനുള്ള അടിയൊഴുക്കായിട്ടാണ് പാട്ടിലെ ഭാവസന്ദർഭങ്ങളെ കാണേണ്ടത്. ശാരദയ്ക്ക് ഉണ്ണിയോടുള്ള പ്രണയത്തിന്റെ പ്രകടനം അഭിനയം മാത്രമാണെന്ന് ധരിപ്പിക്കുവാനാണ് സംവിധായകൻ അബോധപൂർവം ശ്രമിക്കന്നത്. എന്നാൽ പ്രേക്ഷകർ നേരെ തിരിച്ചും ധരിച്ചുവശാകുന്നു. ഉണ്ണിയാണെങ്കിൽ പ്രേക്ഷകനെപ്പോലെ പുതുതായി ഉണ്ടാകുമെന്ന് കരുതുന്ന പ്രണയത്തിന്റെ സ്വർഗത്തെ സ്വപ്നം കാണുന്നു. അവളുടെ ആത്മാവ് പാടുന്നതുപോലെ തോന്നും അടുത്ത വരികളിൽ.
‘സീമന്തരേഖയിലണിയാൻ സന്ധ്യതൻ
സിന്ദൂരച്ചെപ്പ് തരൂ…
താനലിഞ്ഞാടും താളവട്ടങ്ങളിൽ താമരനൂല് തരൂ…’
വാക്കുകൾ നിരത്തുന്നതിലുള്ള സൗന്ദര്യം, അവയുടെ കൃത്യമായ ഉപയോഗത്തിലൂടെ സൃഷ്ടിക്കുന്ന ശില്പഭംഗി എന്നിവ ഈ വരികളിലുണ്ട്. ഈ പാട്ടുണ്ടാക്കുന്ന പ്രണയനിനവുകൾ അതിന്റെ വരികളാലും സംഗീതത്താലും വ്യത്യസ്തമായിരുന്നു. അനശ്വരമായിത്തീരുന്ന പ്രണയത്തിന്റെ സ്വപ്നാത്മകവിചാരങ്ങൾ ഈ പാട്ടിൽ നിറഞ്ഞുകിടക്കുന്നു. ശ്രീവിദ്യയുടെ കഥാപാത്രമനുഭവിക്കുന്ന സ്വപ്നാത്മകവിചാരങ്ങൾ ഈ പാട്ടിൽ നിറഞ്ഞുകിടക്കുന്നു. ശ്രീവിദ്യയുടെ കഥാപാത്രമനുഭവിക്കുന്ന പ്രണയാഭിരാമതയും സംഗീതാഭിമുഖ്യവും ഈ പാട്ടിനെ ശ്രുതിപൂർണമാക്കുന്നു. ഇവിടെ പ്രണയവും സംഗീതവും ഒന്നായിത്തീരുകയാണ്. അതിശയിപ്പിക്കുന്ന സ്വച്ഛതയും ഭാവശ്രുതിയുംകൊണ്ട് എം ബി ശ്രീനിവാസൻ ഈ പാട്ടിനെ നിസീമമായ ഒരനുഭൂതിയിലേക്കുയർത്തുന്നു. സ്മൃതിയെക്കാൾ അഗാധമായിത്തീരുന്ന യോഗാത്മക വിസ്മൃതിയിലേക്കാണ് ജാനകിയുടെ ആലാപനം നമ്മെ കൊണ്ടുപോകുന്നത്. വളരെക്കുറച്ച് വരികൾകൊണ്ട് മുല്ലനേഴി നിർമ്മിച്ചെടുത്ത പ്രണയത്തിന്റെ ആത്മീയോദ്ഗ്രഥനം (Spir­i­tu­al inte­gra­tion) എന്ന് വേണമെങ്കിൽ ഈ പാട്ടിനെ വിളിക്കാം. മൂർത്തവും അമൂർത്തവുമായ ബിംബങ്ങളെ കാവ്യാർത്ഥ ഭംഗികളിൽ സംയോജിപ്പിക്കുന്നു. കാലമയൂരവും സന്ധ്യയുടെ സിന്ദൂരച്ചെപ്പും ഏതോ കിനാവിന്റെ വേണുവും ആത്മാവിന്റെ സുഗന്ധവുമെല്ലാം റിയലിസ്റ്റിക് ഭാവനയ്ക്കപ്പുറത്തേക്കുള്ള ഭാവസംക്രമമാണ് പാട്ടിൽ സാധ്യമാകുന്നത്.
‘ഏതോ കിനാവിന്റെ വേണുവിൽ
രാഗാമൃതമൊഴുകുമ്പോൾ
ആലോലലോലത ചൂടും
ആത്മാവിനെന്തു സുഗന്ധവും’
ഇവിടെ രാഗാമൃതം അനുരാഗാമൃതമാകുന്നു. ‘സീമന്തരേഖയിൽ’ എന്ന് പാടുമ്പോഴും ‘ഏതോ കിനാവിന്റക വേണുവി’ എന്ന് പാടുമ്പോഴും ഈ വിസ്തൃതി നമുക്ക് ബോധ്യമാകും. സീമന്തരേഖയിൽ എന്ന് പാടുമ്പോൾ രണ്ടാമത്തെ അക്ഷരത്തിലുള്ള ഊന്നൽ, ഏതോ കിനാവിന്റെ എന്ന് പാടുമ്പോൾ ആദ്യാക്ഷരത്തിലുള്ള ഊന്നൽ, എന്നിവയൊക്കെ എത്ര സൂക്ഷ്മതയോടെയാണ് എംബിഎസ് നിർവഹിച്ചിരിക്കുന്നത്. പാട്ടിനെ എംബിഎസ് വെെകാരികതയുടെ ഈണത്തിൽ പകുത്തെടുക്കുന്നു. അദൃശ്യപ്രണയത്തിൽ ബന്ധിതമാകുന്ന ഒരവസ്ഥ നായകന്റെ ജീവിതത്തിലേക്ക് ആദ്യമായി കടന്നുവരുന്ന നേരത്തെ നാം നായികയുടെ കാഴ്ചപ്പാടിലൂടെയാണ് നാമനുഭവിക്കുന്നത്. സുരഭിലതയാർന്ന പ്രണയത്തിന്റെ ഓർമ്മകളാണ് ഈ ഗാനത്തിൽ ആത്മാവിൽ നിറയുന്ന സുഗന്ധമാകുന്നത്. പ്രണയത്തിന്റെ ഓർമ്മകളാണ് ഈ ഗാനത്തിൽ ആത്മാവിൽ നിറയുന്ന സുഗന്ധമാകുന്നത്. പ്രണയത്തിന്റെ സായൂജ്യമിയന്ന സ്മൃതിസംഗീതം. മൗനാർദ്രമായ ഈണത്തിന്റെ അടുക്കുകൾകൊണ്ടാണ് എംബിഎസ് ഈ പാട്ടുണ്ടാക്കിയിട്ടുള്ളത്. നായകന്റെയും നായികയുടെയും കണ്ണുകളിൽ ആ സ്മൃതിലയത്തിന്റെ ലഹരികൾ വായിച്ചെടുക്കാനാകും. പറഞ്ഞറിയിക്കാനാവാത്ത പ്രണയത്തിന്റെ മൗനസംഗീതമാണ് ഈ ഗാനം. ഒരു ഗാനം തന്നെ രണ്ട് കഥാപാത്രങ്ങളിൽ വ്യത്യസ്ത ഭാവങ്ങളാണുണ്ടാക്കുന്നത്. എംബിഎസിന്റെ ഭാവഗീതികളുടെ പരിചിതമായ നിനവുണർത്തുന്നുണ്ട്. ഈ പാട്ട്. പ്രണയത്തിലേക്കും സ്വത്വത്തിലേക്കും ആന്തരികതയിലേക്കും ഒരുപോലെ തുറക്കുന്ന വാതിലുകളാണ് ഓർമ്മകൾ എന്ന് നാമറിയുന്നത്. മുല്ലനേഴി-എംബിഎസ് ടീമിന്റെ ഈ പാട്ട് കേൾക്കുമ്പോഴാണ്. കാലം അതിന് ഒരു സ്വരത്തുടർച്ച നല്കുന്നുവെന്ന് മാത്രം…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.