ഭയം

രശ്മി സജയന്
ഞാന്‍ വൈദേഹി, വയസ്സ് മുപ്പത്തിരണ്ട്, വിവാഹിത, കുട്ടികളില്ല, ബിരുദാനന്തര ബിരുദം കൈപ്പിടിയില്‍, മുന്നോട്ടു നോക്കിയാല്‍ ശൂന്യത, പിന്നോട്ടു നോക്കാന്‍ ഭയം, അച്ഛനുമമ്മയും മരിച്ചുപോയതു കൊണ്ട് അനാഥ എന്നു സ്വയം വിളിക്കുന്നു. ബന്ധുക്കള്‍ക്ക് എന്റെ സ്വഭാവമാണോ എനിക്കവരുടെ സ്വഭാവമാണോ ഇഷ്ടമില്ലാത്തതെന്നെനിക്കറിയില്ല. ഞാനവരെ ആരേയും ബുദ്ധിമുട്ടിക്കാറില്ല. എന്തിനേയും ഏതിനേയും എന്നും ഭയത്തോടെ മാത്രം കണ്ടിരുന്ന ഞാന്‍ ,മാനസിക രോഗിയല്ലെന്നെനിക്കറിയാം, പക്ഷേ ഭ്രാന്തിയെന്നാരൊക്കെയോ ഒളിഞ്ഞും തെളിഞ്ഞും വിളിക്കുമ്പോലെ. നിങ്ങള്‍ വായനക്കാര്‍ക്കു വേണ്ടി എന്നെ ഞാന്‍ സ്വയം വരച്ചുകാട്ടാം നിങ്ങള്‍ തീരുമാനിക്കുക ഞാന്‍ ഭ്രാന്തിയാണോ അല്ലയോ എന്ന്?
കുട്ടിക്കാലത്ത് രണ്ടു കാലില്‍ നടക്കാന്‍ പ്രയാസപ്പെട്ടു വീട്ടിലേക്കു കടന്നു വരുന്ന അച്ഛനെക്കാണുമ്പോള് അമ്മയുടെ കണ്ണുകളിലാണ് ഭയമെന്തെന്നു ഞാനാദ്യം മനസ്സിലാക്കുന്നത്. ചിരി മറഞ്ഞ മുഖത്ത് പേടി തളംകെട്ടി
നില്ക്കുന്നയമ്മ, അമ്മയില്‍ നിന്നും പകര്‍ച്ചവ്യാധിയെന്ന പോലെ അതെന്നിലേക്കും വ്യാപിച്ചുകൊണ്ടേയിരുന്നു. പല രാത്രികളിലും അച്ഛന്റെ ഉപദ്രവം സഹിക്കവയ്യാതെ അമ്മയുടെ പേടിച്ചരണ്ട നിലവിളികള്‍ ചുവരുകള്‍ക്കിടയില്‍ പ്രതിധ്വനിക്കുമ്പോള്‍ ചെവി കൊട്ടിയടക്കുമായിരുന്നു ഞാന്‍, ഉടുതുണിയില് പലതും കിടപ്പുമുറിയിലുപേക്ഷിച്ച് പുറത്തേക്കുപായുന്ന സ്ത്രീരൂപത്തെ എന്നും എനിക്കു ഭയത്തോടെ മാത്രമേ കാണാന്‍ കഴിയുമായിരുന്നുള്ളൂ.
അച്ഛന് എന്നും ഞങ്ങള്‍ക്ക് ഭയത്തിന്റെ പ്രതിപുരുഷനായിരുന്നു.അമ്മയുടെ സങ്കടം അച്ഛനില്‍ നിന്നും എന്നെയെങ്ങനെ രക്ഷിച്ചു വളര്‍ത്തുമെന്നായിരുന്നു. പല രതിവൈകൃതങ്ങളും അമ്മയിലടിച്ചേല്പ്പിക്കുമ്പോള് അച്ഛനെന്ന വികാരത്തെ ഭയത്തോടെ വെറുക്കാന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. അമ്മയുടെ ഓരോ വേദനകളും എനിക്കു ജീവിക്കാനുള്ള വൈക്കോല്ത്തുരുമ്പുകളായിരുന്നു. എനിക്കു വേണ്ടി അമ്മ ഓരോന്നും സഹിച്ചപ്പോള്‍ ഞാന്‍ എല്ലാത്തിനേയും ഭയത്തോടെ മാത്രം നോക്കിക്കണ്ടു.
ചിരിക്കാന്മറന്ന ഞാന്‍ കൂട്ടിനായി ആരെയും കൂട്ടിയില്ല. കരയാന്മറന്ന ഞാന്‍ ദുഃഖങ്ങള്‍ ഉള്ളിലടക്കുകയും ചെയ്തു. ഭയമെന്ന വികാരത്തിനടിമപ്പെട്ട് സന്തോഷമെന്തെന്നറിയാതെ ഞാനും അമ്മയും. മദ്യത്തിന്റെ അമിതോപയോഗം അച്ഛനെ പിരിയാന്‍ ദൈവം ഞങ്ങള്‍ക്കു തുണയായി. മരണമെന്ന സുന്ദരമായ പദത്തിലൂടെ അച്ഛനീലോകം വിട്ടു യാത്രയായി.
എങ്ങനെയൊക്കെയോ ബിരുദാനന്തര ബിരുദം കൈപ്പിടിയിലെത്തിയെങ്കിലും ഭയമെന്ന വികാരം അതിന്റേതായ എല്ലാ അര്‍ത്ഥതലത്തിലും എന്നില്‍ സന്നിവേശിച്ചിരുന്നു.
ഭയത്തെയെന്നും ഭയത്തോടെ മാത്രം കണ്ട ഞാന്‍. എന്തു കണ്ടാലുമേതു കേട്ടാലും ഭയം മാത്രം ആരുടെയെങ്കിലും ശബ്ദമുയര്‍ന്നാല്‍ ആരെങ്കിലുമെന്നെ തുറിച്ചു നോക്കിയാല്‍ ആളുകള്‍ മോശമായി ചിന്തിക്കുമോയെന്ന ഭയം.
അദ്ധ്യാപകനു മുന്നില്‍ ഉത്തരമറിയാത്ത കുട്ടിയുടെ മാനസികാവസ്ഥ, ഉത്തരം പറഞ്ഞില്ലെങ്കില്‍ അടി കിട്ടും എന്ന ഭയം. എന്താണിതിങ്ങനെയെന്നാലോചിച്ച് വീണ്ടും ഭയത്തിന്റെ വക്കിലെത്തി, എനിക്കു മാത്രമേ ഇങ്ങനെയൊരു ഭയമുള്ളോ? അതോയെന്നെപ്പോലെ ചിലരെങ്കിലുമുണ്ടോ? ഭയം ജനിക്കുമ്പോഴൊക്കെയും ഹൃദയമിടിപ്പ് ക്രമാതീതമായി വര്‍ദ്ധിച്ച് ഹൃദയം നിലച്ചു പോകുമോയെന്ന ഭയം. ആരുടെയെങ്കിലും രോഗമോ രോഗലക്ഷണങ്ങളോ കേട്ടാല്‍ പ്പിന്നെ എനിക്കും അതേ രോഗമാണെന്നുള്ള ഭയം, ഞാനെന്ന എന്നില്‍ ഭയം ആധിപത്യം സ്ഥാപിച്ചത് ഞാനൊരു തൊട്ടാവാടി യായോണ്ടാണോ? ഞാനെന്ന വ്യക്തിയെ കെട്ടുറപുള്ള മനസ്സിന്റെ വ്യക്തിത്വമാക്കാനുള്ള വിഫലശ്രമമല്ലേയെന്നില് കുടിയിരിക്കുന്ന ഭയം, എങ്കിലും പലതരം ഭയങ്ങള്‍ മനസ്സില്‍ കൂടു കൂട്ടി ഞാന്‍ പോലുമറിയാതെ, അതേ ഭയമെന്ന മൂടുപടമണിഞ്ഞ് ഞാനെന്ന വ്യക്തി, എന്നെ ഭയപ്പാടോടെ മാത്രമേയെനിക്കെന്നും കാണാന്‍ കഴിയൂ, അതു തന്നെയല്ലേയെന്റെ ഏറ്റവും വലിയ ഭയവും, ഇത്രയും ഭയപ്പെട്ടയെന്നെ എന്തിനാണെന്റെയമ്മ ഒരു പുരുഷന്റെ കൈ പിടിച്ചേല്‍പ്പിച്ചത്.കുട്ടിക്കാലത്ത് കണ്ടതെല്ലാം ഒരിക്കലും മായാത്ത ചിത്രങ്ങളായിരുന്നെന്ന് ആരറിഞ്ഞില്ലെങ്കിലും അമ്മയെങ്കിലും മനസ്സിലാക്കണ്ടേ?
നവവധുമായി അണിഞ്ഞൊരുങ്ങി, വിവാഹിതയായി, അച്ഛനു പകരംവന്ന മറ്റൊരാളായി മറ്റൊരു പുരുഷന്, ആദ്യരാത്രിയില്‍ത്തന്നെ എന്റെ ഭയം ഇരട്ടിച്ചു. പണ്ട് അമ്മ കിടപ്പുമുറിയില്‍ അലമുറയിട്ടതു പോലെ ഞാനും ഭയന്നു നിലവിളിച്ചു, സ്വയം വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് കിടപ്പുമുറിയില്‍ നിന്നും പുറത്തേക്കോടി, എന്റെ ഓട്ടം കണ്ട് എന്റെ ഭര്‍ത്താവ് ഭയന്നു അമ്മയോട് ഒന്നേചോദിച്ചുള്ളൂ, ഒരു ഭ്രാന്തിയെയാണല്ലോ അയാളുടെ തലയില്‍ കെട്ടിവച്ചതെന്ന്? അയാള്‍ അറിഞ്ഞോ അറിയാതെയോ ഒരു തെറ്റും ചെയ്യാഞ്ഞിട്ടും എന്തിനാണയാളെ ചതിച്ചതെന്ന്?
ഭയന്ന മുഖവുമായി നിന്ന അമ്മയ്ക്ക് പറയാന്‍ മറുപടിയുണ്ടായില്ല. ഒരിക്കലും അമ്മ ഇങ്ങനെയൊന്നു ചിന്തിച്ചിട്ടു പോലുമുണ്ടായിരുന്നില്ല, എന്നിലെ എന്നെ അമ്മയ്ക്കും മനസ്സിലാക്കാനായില്ലയെന്നതായിരുന്നു വാസ്തവം, ഏതൊരമ്മയേം പോലെ എന്റെയമ്മയ്ക്കുമുണ്ടായിരുന്നു എന്നെക്കുറിച്ച് കുറേ സ്വപ്നങ്ങള്‍. മലര്‍പ്പൊടിക്കാരന്റെ മലരുപോലെ അമ്മയുടെ സ്വപ്നങ്ങളും തകര്‍ന്നടിയുകയായിരുന്നു.
എന്നെ ഉപേക്ഷിച്ച് അയാള്‍ അയാളുടെ വഴിക്കു പോയപ്പോള്‍ അമ്മയുടെ സമനില തകര്‍ന്നു, ഞാനെന്താണ് ചെയ്യണ്ടത്. എന്നിലെ ഭയമാണ് എല്ലാറ്റിനും കാരണം.
അമ്മയുടെ മരണം കൂടി ആയപ്പോള്‍ പൂര്‍ണ്ണമായും
അനാഥയായി, എന്നെത്തിരക്കി ആരും വരാറില്ല. മരണമെന്ന മഹാനെ കാത്തു വിധിക്കു കീഴടങ്ങാനായി നാലു ചുവരുകള്‍ക്കുള്ളില്‍ സ്വയം തളച്ചിട്ട ജീവിതം. ആരാണെന്നെ ഇങ്ങനെയാക്കിയത്. കുട്ടിക്കാലത്ത് മനസ്സില്ത്തറഞ്ഞ പല ചിത്രങ്ങള്‍ക്കും ജീവനുണ്ടായിരുന്നു. അച്ഛനില്നിന്നമ്മയിലേക്കും അമ്മയില്‍ നിന്നെന്നിലേക്കും ഭയം കൂടുവിട്ടു കൂടുമാറി.
ഓജസ്സും തേജസ്സും നഷ്ടമായ മറ്റുള്ളവര്‍ക്കു ഭ്രാന്തിയായ ഞാന്‍ ഉറക്കെയുറക്കെ വിളിച്ചു പറയുന്നു എനിക്കു ഭ്രാന്തില്ല എന്തിനേയും ഏതിനേയും ഭയം മാത്രം. ഭയത്തിനിരയാണു ഞാന്‍ സമൂഹ മനസ്സാക്ഷിക്കു മുന്നില്‍ ഒറ്റപ്പെട്ടവള്‍, ഭ്രാന്തില്ലാതെ ഭ്രാന്തിയായവള്‍, ഇനി നിങ്ങള്‍ തന്നെ പറയൂ എനിക്കു ഭ്രാന്തുണ്ടോയെന്ന്?