September 29, 2022 Thursday

കരിയിലകൾ

ഇ ജി വസന്തൻ
March 13, 2022 3:24 am

നാട്ടിലേക്ക് മടങ്ങാൻ പറ്റാതെ പോളണ്ടിന്റെ അതിർത്തിയിൽ കുടുങ്ങി കിടക്കുകയാണ് ഷംസുദ്ദീന്റെ മകൻ സമീർ. യുക്രെനിൽ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായ അവൻ വീട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചതാണ്. പക്ഷേ, യുദ്ധം എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു.
എപ്പോഴും ടി വി ക്കു മുന്നിലാണ് ഷംസുദ്ദീനും ഭാര്യ സബീനയും. പത്രങ്ങളിൽ വരുന്ന വാർത്തകള്‍ വല്ലാതെ പേടിപ്പെടുത്തുന്നു. സമാധാന ചർച്ച നടക്കുന്നുണ്ടെന്ന് കേട്ടപ്പോൾ ആശ്വാസം തോന്നിയിരുന്നു. ഇപ്പോൾ അതും ഇല്ലാതായി. എങ്ങനെയെങ്കിലും യുദ്ധം വേഗമൊന്നു തീർന്നു കിട്ടിയെങ്കിൽ എന്ന ചിന്തയിൽ മകനെക്കുറിച്ചോർത്ത് വേവലാതിപ്പെട്ടിരിക്കുമ്പോഴാണ് ഗേറ്റിന് പുറത്തൊരു ഒച്ച കേട്ടത്.
”ആരാന്ന് നോക്ക്യേ…” ഷംസുദ്ദീൻ പറഞ്ഞു. സബീന വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. ”അത് നമ്മുടെ പൗലോസ് ബഹളം വെക്കുന്നതാണ്. ”ഷംസുദ്ദീന് കാര്യം മനസ്സിലായി. തൊട്ടപ്പുറത്തെ വീട്ടുകാരനാണ് പൗലോസ്. രണ്ടു വീടുകൾക്കുമിടയിലൂടെ ടാറിട്ട റോഡ് കടന്നു പോകുന്നുണ്ട്. തന്റെ വീടിന്റെ അതിർത്തിക്കരികിൽ നിൽക്കുന്ന ഒരു വലിയ പ്രീയുർ മാവിന്റെ രണ്ട് ചില്ലകൾ പൗലോസിന്റെ മതിലിനടുത്തേക്ക് ചെരിഞ്ഞു പോയിട്ടുണ്ട്. വേനൽക്കാലത്ത് കരിയിലകൾ മുറ്റത്തേക്ക് വീഴുന്നു എന്നു പറഞ്ഞ് അയാൾ ബഹളം വെക്കാൻ തുടങ്ങിയത് കഴിഞ്ഞ വർഷമാണ്. അന്ന് രണ്ട് കൊമ്പുകളുടെ കുറച്ചു ഭാഗം വെട്ടിക്കളത്തതാണ്, ഇപ്പോൾ അവയിൽ നിന്ന് മുളകൾ പൊട്ടി കുറേ ശാഖകളും ഉണ്ടായി. നിറയെ മാങ്ങകൾ കായ്ക്കുന്ന മാവാണ്. അത് പൗലോസിന് ദഹിക്കുന്നില്ല. അതാണ് മുറ്റത്ത് ഇലകൾ വീഴുന്ന പ്രശ്നവുമായി അയാൾ വന്നുകൊണ്ടിരിക്കുന്നത്.
ടി വി ഓഫാക്കി ഷംസുദ്ദീൻ ഗേറ്റിന്റെ അടുത്തേക്കു ചെന്നു. റോഡിൽ കലിപൂണ്ട് നിൽക്കുകയാണ് പൗലോസ്.
ഷംസുദ്ദീനെ കണ്ടയുടനെ അയാൾ അലറി: ”ഇവിടെ നിങ്ങടെ മാവിന്റെ ചവറുകൾ വാരിക്കളയാൻ വേലക്കാരൊന്നുമില്ല.”
”കഴിഞ്ഞ വർഷം ഞാനതിന്റെ രണ്ടു ചില്ലകൾ വെട്ടിക്കളഞ്ഞു തന്നില്ലേ. കാറ്റത്ത് പറന്നു വീഴുന്നതാണ് ഉണങ്ങിയ ഇലകൾ… അതിനിപ്പോ എന്താ ചെയ്യ?” അങ്ങേയറ്റം ശാന്തതയോടെ ഷംസുദ്ദീൻ ചോദിച്ചു.

”ഒന്നും ചെയ്യാനില്ല. മാവ് വെട്ടിക്കളയുക തന്നെ.” ഒരു യുദ്ധത്തിനുള്ള തുടക്കമാണെന്ന് ഷംസുദ്ദീൻ തിരിച്ചറിഞ്ഞു.
”വെട്ടിക്കളയാം. യുദ്ധഭൂമിയിൽ നിന്ന് എന്റെ മകൻ ഒന്നെത്തിക്കേട്ടെ.” ”അതും പറഞ്ഞ് ഒഴിഞ്ഞു മാറാനല്ലേ? നിങ്ങളോടു അരു പറഞ്ഞു മകനെ ഉക്രൈനിൽ പഠിപ്പിക്കാൻ? ഇവിടത്തെ മെഡിക്കൽ കോളജെല്ലാം അടച്ചുപൂട്ടിയോ?”
സമീർ വിദേശത്ത് പഠിക്കാൻ പോയത് പൗലോസിന് ഇഷ്ടപ്പെടാതിരുന്നത് ഇപ്പോൾ മറ നീക്കി പുറത്തു വന്നിരിക്കുകയാണ്.
വഴക്കുകൂടാൻ ഒരുങ്ങി പുറപ്പെട്ടുവന്നിരിക്കുന്ന പൗലോസിനോട് സംയമനം പാലിക്കുന്നതാണ് ബുദ്ധി.
”നിങ്ങള്ങ്ക്ട് പോന്നേ… ”
സബീന വിളിച്ചു പറഞ്ഞു.
അതു കേട്ട് ഷംസുദ്ദീൻ, ”ടുത്തഴ്ച മാവ് വെട്ടാം പൗലോസേ… ” എന്നു പറഞ്ഞ് ആശ്വസിപ്പിച്ച് വീട്ടിലേക്ക് തിരിച്ചുനടന്നു.
അല്പം നടന്നപ്പോഴാണ് റോഡിൽ എന്തോ വീഴുന്നതും പൗലോസിന്റെ ഉറക്കെയുള്ള നിലവിളി കേട്ടതും. ഞെട്ടിത്തിരിഞ്ഞു നോക്കിയ ഷംസുദ്ദീൻ കണ്ടത് താഴെ വീണു കിടക്കുന്ന പൗലോസിനെയാണ്. ഓടിച്ചെന്ന് നോക്കുമ്പോൾ ഒരു തേങ്ങ ബോധംകെട്ടുകിടക്കുന്ന അയാളുടെ അരികിൽ കിടപ്പുണ്ട്. പൗലോസിന്റെ പറമ്പിൽ നിന്ന് ഒരു തെങ്ങ് റോഡിലേക്ക് ചാഞ്ഞ് നിൽപ്പുണ്ട്. അതിൽ നിന്നു പൗലോസിന്റെ തലയിലേക്ക് വീണതായിരുന്നു ആ തേങ്ങ. ”വേഗം കാറിന്റെ താക്കോലെടുക്ക് സബീനേ” എന്നുറക്കെ വിളിച്ച് ഷംസുദ്ദീൻ കാർപോർച്ചിലേക്ക് കുതിച്ചു. കാർ റോഡിലേക്കെത്തിയപ്പോഴേക്കും പൗലോസിന്റെ ഭാര്യ കത്രീന ഓടിയെത്തിയിരുന്നു. ഷംസുദ്ദീനും കത്രീനയും താങ്ങിപ്പിടിച്ച് പൗലോസിനെ കാറിൽ കയറ്റി. കത്രീനയെയും സബീനയെയും കൂട്ടി തൊട്ടെടുത്ത ആശുപത്രിയെ ലക്ഷ്യമാക്കി കാർ കുതിച്ചു പായുമ്പോൾ ശക്തിയായ കാറ്റ് വീശി. ആ കാറ്റിൽ പ്രീയൂർ മാവിന്റെ ഏതാനും ഉണക്കയിലകൾ പൗലോസിന വീട്ടുമുറ്റം ലക്ഷ്യമാക്കി നീങ്ങുന്നുണ്ടായായിരുന്നു… 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.