അത്യാഗ്രഹിക്കുള്ള ശിക്ഷ

Web Desk
Posted on March 04, 2018, 10:16 am

സന്തോഷ് പ്രിയന്‍

കുഴിമടിയനായിരുന്നു ഇട്ടാപ്പി. പോരെങ്കില്‍ അത്യാഗ്രഹിയും. നാട്ടിലെ ഏറ്റവും വലിയ പണക്കാരനാകണമെന്നാണ് ഇട്ടാപ്പിയുടെ ആഗ്രഹം. ഏറ്റവും വലിയ പണക്കാരനാകാന്‍ എന്താണൊരു വഴി? ഇട്ടാപ്പി തല പുകഞ്ഞാലോചിച്ചു.  ഒടുവില്‍ അയാള്‍ ഒരു വഴി കണ്ടെത്തി. കാട്ടില്‍ എല്ലാ മന്ത്രങ്ങളും അറിയാവുന്ന ഒരു സന്യാസിയെകുറിച്ച് ഇട്ടാപ്പി കേട്ടിരുന്നു. അദ്ദേഹത്തെ ചെന്നു കണ്ടാല്‍ ജോലിയൊന്നും ചെയ്യാതെ പണമുണ്ടാക്കാനുള്ള വല്ല മന്ത്രവും പറഞ്ഞു തരും. ‑ഇട്ടാപ്പി കരുതി.

താമസിയാതെ അയാള്‍ സന്യാസിയെ കണ്ടെത്തി. കാര്യം പറഞ്ഞപ്പോള്‍ സന്യാസി പറഞ്ഞു.
ഈ ആഗ്രഹം അത്ര നന്നല്ല. അദ്ധ്വാനിക്കാതെ പണമുണ്ടായാല്‍ ആരും അഹങ്കാരികളായി മാറും.
ഇതു കേട്ടപ്പോള്‍ ഇട്ടാപ്പി സന്യാസിയുടെ കാല്‍ക്കല്‍ വീണ് കേണപേക്ഷിച്ചു. ഒടുവില്‍ ഇട്ടാപ്പിയുടെ കരച്ചിലും പിഴിച്ചിലും കണ്ടപ്പോള്‍ സന്യാസി പറഞ്ഞു.
ങാ.….എഴുന്നേല്‍ക്കൂ, നിനക്ക് പണക്കാരനാകാനുള്ള വിദ്യ ഞാന്‍ പറഞ്ഞുതരാം. പക്ഷേ, ആവശ്യത്തിനുള്ള പണം കിട്ടിക്കഴിയുമ്പോള്‍ അഹങ്കാരവും അത്യാഗ്രവുമെല്ലാം കളയണം.” അതു കേട്ടപ്പോള്‍ ഇട്ടാപ്പിയുടെ സന്തോഷം പറയാനുണ്ടോ. അയാള്‍ തുള്ളിച്ചാടിയിട്ടു പറഞ്ഞു.
‘സമ്മതിച്ചു.…സമ്മതിച്ചു. ആ വിദ്യ വേഗമൊന്നു പറഞ്ഞുതാ സ്വാമീ…’
‘ങാ പറഞ്ഞു തരാം. ആരെങ്കിലും പെട്ടിയിലോ ഭാണ്ഡത്തിലോ എന്തെങ്കിലും കൊണ്ടുപോയാല്‍ അവര്‍ അറിയാതെ നീ ഒരു മന്ത്രം ചൊല്ലണം. ശൂ…ശൂ…ശൂന്യാഹ എന്നു മൂന്നു തവണ പറയുമ്പോള്‍ അവരുടെ ഭാണ്ഡത്തിലുള്ളവ നിന്റെ ഭാണ്ഡത്തിലാവും. അവര്‍ അറിയുകയുമില്ല.’
സന്യാസി പറഞ്ഞതുകേട്ട് ഇട്ടാപ്പി സന്തോഷം കൊണ്ട് തുള്ളിച്ചാടി. സന്യാസി ്തുടര്‍ന്നു.
‘മൂന്നു ദിവസം മാത്രമേ ഈ മന്ത്രം ഫലിക്കൂ. അതു കഴിഞ്ഞാല്‍ അതുവരെ കിട്ടിയ പണം കൊണ്ട് അദ്ധ്വാനിച്ച് ജീവിക്കണം.’

അതുകേട്ടപ്പോള്‍ ഇട്ടാപ്പിയുടെ മുഖം വാടി. അയാള്‍ സന്യാസിയോട് യാത്ര പറഞ്ഞിറങ്ങി. പോകുന്ന വഴിക്ക് കാട്ടില്‍ വച്ച് രണ്ടു കള്ളന്മാര്‍ മോഷണം കഴിഞ്ഞ് വരുന്നത് ഇട്ടാപ്പി കണ്ടു. ഉടന്‍ ഇട്ടാപ്പി തന്റെ കുപ്പായം ഊരി ഭാണ്ഡമാക്കി തോളിലിട്ടു. എന്നിട്ട് മറഞ്ഞുനിന്ന് മന്ത്രം ചൊല്ലിയതും കള്ളന്മാരുടെ ഭാണ്ഡത്തിലുണ്ടായിരുന്ന സ്വര്‍ണം മുഴുവന്‍ ഇട്ടാപ്പിയുടെ ഭാണ്ഡത്തിലായി. കള്ളന്മാര്‍ ഇതൊന്നുമറിയാതെ യാത്ര തുടരുകയും ചെയ്തു. ഇട്ടാപ്പി സന്തോഷത്തോടെ സ്വര്‍ണമെല്ലാം വീട്ടില്‍ കൊണ്ടുപോയി വയ്ക്കുകയും ചെയ്തു.
പിറ്റേന്ന് ഇട്ടാപ്പി വലിയൊരു പെട്ടിയുമായാണ് കാട്ടിലേക്കു പോയത്. കുറേ ദൂരം ചെന്നപ്പോള്‍ ഒരു പെട്ടിയുമായി കുറേ പേര്‍ പുഴ നീന്തി വരുന്നു. ‑ഹയ്യട, കോളടിച്ചു. ആ പെട്ടി നിറയെ സ്വര്‍ണാഭരണമാവും. ഇട്ടാപ്പി കരുതി. അയാള്‍ മറഞ്ഞുനിന്ന് മന്ത്രം ചൊല്ലി. അടുത്ത നിമിഷം തലയിലിരുന്ന പെട്ടിയ്ക്ക് വല്ലാത്ത ഭാരം ഇട്ടാപ്പിക്കു തോന്നി. ‑ഹമ്മേ എന്തൊരു ഭാരം. വല്ല സ്വര്‍ണക്കട്ടികളും രത്‌നങ്ങളുമാകും. അയാള്‍ തീര്‍ച്ചയാക്കി.

ഇതിനിടെ നാട്ടിലൊരു വാര്‍ത്ത പരന്നു. രാജാവിന്റെ മകള്‍ പവിഴത്തെ ഏതോ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന്. രാജഭടന്മാര്‍ രാജകുമാരിയെ അന്വേഷിച്ച് നാലുപാടും ഓട്ടമായി. അവര്‍ പലരേയും തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. ഇട്ടാപ്പിയേയും അവര്‍ തടഞ്ഞുനിര്‍ത്തി. പെട്ടി തുറന്നു കാണിയ്ക്കാന്‍് പറഞ്ഞു. അയാള്‍ പെട്ടി തുറന്നപ്പോള്‍ കണ്ടതോ പെട്ടിയ്ക്കകത്ത് ബോധമറ്റ് രാജകുമാരി. ഇട്ടാപ്പിക്ക് അപ്പോഴാണ് അബദ്ധം മനസിലായത്.
രാജകുമാരിയെ തട്ടിക്കൊണ്ടുപോയ കടകടസൂത്രന്‍ എന്ന കൊള്ളക്കാരന്റെ പെട്ടി നോക്കിയാണ് ഇട്ടാപ്പി മന്ത്രം ചൊല്ലിയത്.

ഉടനെ ഇട്ടാപ്പിയെ രാജഭടന്മാര്‍ പിടിച്ചുകെട്ടി കൊട്ടാരത്തിലെത്തിച്ചു. അയാള്‍ സംഭവിച്ചതെല്ലാം പറഞ്ഞെങ്കിലും ആരും അത് വിശ്വസിച്ചില്ല. അങ്ങനെ അത്യാഗ്രഹിയായ ഇട്ടാപ്പി തുറുങ്കിലാവുകയും ചെയ്തു.