എന്നെയും.…..

Web Desk
Posted on October 28, 2018, 8:14 am

എംആര്‍സി നായര്‍

ഒരേയൊരു എംഎല്‍എയും ഒരേയൊരു മന്ത്രിയുമുള്ള അഖിലേന്ത്യാ പാര്‍ട്ടിയുടെ യുവനേതാവിന് ഈയിടെയായി തീരെ ഇരിപ്പുറയ്ക്കുന്നില്ല. ഒറ്റച്ചന്തിമേലുള്ള ഇളകിയിരുപ്പുകണ്ട് അര്‍ശസാണോ അതോ തേളുകുത്തിയതാണോ എന്നറിയാന്‍ കുശലം ചോദിച്ച ഭാര്യ വാസനയുടെ നേരേ നേതാവ് കുരച്ചുചാടി. എന്തിനും ഏതിനും പൊട്ടിത്തെറിക്കുന്ന ഒരു സ്വഭാവം ഈയിടെയായി വാസന ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പാര്‍ട്ടി മീറ്റിംഗ് കഴിഞ്ഞുവന്ന് തലവേദനയാണെന്നു പറഞ്ഞ് കയറിക്കിടക്കുമ്പോള്‍ വിക്‌സിട്ട് തടവിക്കൊടുക്കാന്‍ അടുത്തുചെന്നിരുന്ന വാസനയുടെ കൈയില്‍ നിന്നും കുപ്പി വാങ്ങിയൊരേറ്. നഴ്‌സറിയില്‍ പഠിക്കുന്ന റ്റിറ്റി മോള്‍ക്കുപോലും ഇപ്പോള്‍ ഡാഡിയുടെ അടുത്തുചെല്ലാന്‍ പേടിയാണ്.

മന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന പാര്‍ട്ടി ചെയര്‍മാന്‍കൂടിയായ കടല്‍ക്കിഴവന്റെ കാറ്റുപോയാല്‍ പിന്നെ അടുത്ത ഊഴം യുവനേതാവായ മര്‍ക്കടനാണ്. ജോസ് മാര്‍ക്കാടന്‍ ലോപിച്ച് മാര്‍ക്കാടനാവുകയും ഡാര്‍വിന്റെ പരിണാമ സിദ്ധാന്തപ്രകാരം മാര്‍ക്കാടന്‍ പിന്നെ മര്‍ക്കടനാവുകയുമായിരുന്നു.
സര്‍ക്കാര്‍ ബംഗ്ലാവും സ്റ്റേറ്റ്കാറുമൊക്കെ മുന്നില്‍ കണ്ടുതന്നെയാണ് വാസനയുടെ അച്ഛന്‍ ബ്‌ളേഡു മാത്തന്‍ കനത്ത സ്ത്രീധനം കൊടുത്ത് മര്‍ക്കടനെ മരുമകനാക്കിയത്. മന്ത്രിയായാലുടനേ അമേരിക്കയില്‍ ചികിത്സക്കുപോകുമെന്നും വാസനയെ കൂടെ കൂട്ടാമെന്നും മിന്നുകെട്ടിനു മുന്നേ മര്‍ക്കടന്‍ വാക്കുകൊടുത്തതാണ്. അയല്‍ക്കാരൊക്കെ അസൂയയോടെ മന്ത്രി പത്‌നി എന്നും വിളിച്ചുകേള്‍ക്കുന്നത് വാസനയ്‌ക്കൊരു സുഖമാണ്.
ഫോണ്‍കോള്‍ വരുമ്പോഴൊക്കെ മര്‍ക്കടന്‍ വല്ലാതെ പരിഭ്രമിക്കുന്നതായി വാസന ശ്രദ്ധിച്ചിട്ടുണ്ട്.ഫോണോഫോബിയ എന്നൊരു രോഗമുണ്ടോ എന്നു വാസനയ്ക്കറിഞ്ഞുകൂടാ. ഉറക്കത്തില്‍ കിടന്ന് ഫേസ്ബുക്കെന്നും വാട്‌സാപ്പെന്നുമൊക്കെ പുലമ്പാറുണ്ട്. കഴിഞ്ഞ ദിവസം കുളിമുറിയില്‍ കയറി ഷവര്‍ തുറന്നുവിട്ടിട്ട് പൊട്ടിക്കരയുന്നത് കേട്ടപ്പോള്‍ വാസനയുടെ നെഞ്ചു തകര്‍ന്നുപോയി. തന്റെ പ്രതീക്ഷകളൊക്കെ തെറ്റുമോ? കസേര വലിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് പാര്‍ട്ടിയില്‍ തന്നെയുള്ള ദുഷ്ടന്മാര്.
എന്തായിരിക്കണം മര്‍ക്കടനു പറ്റിയതെന്നാലോചിച്ച് വാസന ഒരാഴ്ച പിന്നോട്ടുപോയി. മകള്‍ക്ക് മുന്തിരിവാങ്ങാനായി കാറു നിറുത്തി പുറത്തിറങ്ങിയ മര്‍ക്കടനെ ‘മീടൂ’ ക്യാമ്പയനില്‍ പ്രസംഗിച്ചുകൊണ്ടു നിന്ന യുവതി സൂക്ഷിച്ചു നോക്കുന്നത് വാസന ശ്രദ്ധിച്ചിരുന്നു. ഇനി അങ്ങനെ വല്ല കുരുക്കിലും പെട്ടതിന്റെ പേടിയായിരിക്കുമോ ഇപ്പോഴുത്തെ അവസ്ഥയ്ക്ക് കാരണം? നേതാക്കന്മാരുടേയും താരങ്ങളുടെയും മുഖംമൂടി അഴിഞ്ഞു വീണുകൊണ്ടിരിക്കുന്ന കാലമാണല്ലോ. പക്ഷേ വക്രബുദ്ധിയാണെങ്കിലും പെണ്‍ വിഷയത്തില്‍ എന്തെങ്കിലും ദൗര്‍ബല്യമുള്ളതായി വാസനക്കു തോന്നിയിട്ടില്ല.
ആ സ്ത്രീ പാര്‍ട്ടിയുടെ വനിതാ കണ്‍വീനര്‍ ആയിരുന്നെന്നും കല്യാണം കഴിക്കാഞ്ഞതിന് തന്നോട് വിരോധമുണ്ടെന്നും മര്‍ക്കടന്‍ കാറിലിരുന്നു പറഞ്ഞത് വാസന ഓര്‍ക്കുന്നു.
മര്‍ക്കടന്‍ കാറിലിരുന്ന് കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നതിനാല്‍ രാത്രി അസമയത്തുവന്ന ഫോണെടുത്തത് വാസനയാണ്. ‘മീടൂ’ ക്യാമ്പയിന്‍കാരിയുട ശബ്ദം വാസന തിരിച്ചറിഞ്ഞു. പത്തുലക്ഷം രൂപാ ചോദിച്ചിരുന്നതിന്റെ കാലാവധി അടുത്ത ദിവസം തീരുകയാണെന്നും ലഭിച്ചില്ലെങ്കില്‍ വൈകിട്ട് ചാനലുകളില്‍ മര്‍ക്കടന്റെ തൊലിയുരിക്കുന്നത് കാണാമെന്നും ഭീഷണി.
വാസനയുടെ ദു:ഖം മണത്തറിഞ്ഞ പണിക്കാരി മറിയത്തള്ള പറഞ്ഞു, ‘മോളും വല്ലതുമൊന്നോര്‍ത്തെടുക്കാന്‍ നോക്ക്.’
ഇങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ എന്നും വാസനയ്ക്ക് തോന്നി. പത്തുലക്ഷം അങ്ങോട്ടു കൊടുത്താല്‍ അത്രയും ഇങ്ങോട്ടും കിട്ടണ്ടേ?
വയസ്സറിയിച്ച കാലം മുതലുള്ള കഥകളില്‍ കഴമ്പുള്ളതുവല്ലതുമുണ്ടോ എന്ന് വാസന ചികഞ്ഞു നോക്കി.….