8 October 2024, Tuesday
KSFE Galaxy Chits Banner 2

രാത്രി മുഴുവൻ മഴയായിരുന്നു

Janayugom Webdesk
June 12, 2022 3:00 am

ലയാള ചലച്ചിത്ര ഗാനങ്ങളിൽ മഴയൊരു ദൃശ്യ സ്മൃതിയെന്നപോൽ നിരന്തരം പ്രത്യക്ഷപ്പെടാറുണ്ട്. ഒരേ മഴയല്ല ഓരോരുത്തരും നനയുന്നത്. ഒരേ മഴ തന്നെ വിഭിന്നയിടങ്ങളിൽ ഉണ്ടാക്കുന്ന പരിണാമങ്ങൾ അളവറ്റതുമാണ്. ഒരേ സമയം സാക്ഷിയും കാണിയുമായി നിലകൊള്ളും മഴയെന്ന മായിക ഋതുവിനെ കാൽപനികതയുടെ പദസംഗീതത്തിൽ പകർത്തുകയായിരുന്നു ചലച്ചിത്ര ഗാനരചയിതാക്കളും സംഗീത സംവിധായകരും. പാട്ടിലെ വർഷ ഋതുവിന്റെ വിസ്മയ ഭരിതമായ കേളികൾ അനന്തമാകുന്നു. പാട്ടിൽ മഴയൊരുക്കുന്ന ലയ ഘടനകൾ അതുപോലെ അതിന്റെ സംഗീത നിർവ്വഹണത്തിലുണ്ടാകുമ്പോഴാണ് നാം മഴയെന്ന അനുഭവത്തെ അനുഭൂതിയായിക്കാണുന്നത്. അത്തരമൊരു ഗാനമായിരുന്നു ബിച്ചു തിരുമല — ജെറി അമൽദേവ് സമാഗമത്തിലുണ്ടായ “ആ രാത്രി മുഴുവൻ മഴയായിരുന്നു…” എന്ന യേശുദാസ് ഗാനം. ‘എന്നും മാറോടണയ്ക്കാൻ’ എന്ന സിനിമയിലേതായിരുന്നു കഥാപാത്രത്തിന്റെ ആത്മമുദ്രകൾ അത്രയ്ക്കും ആഴത്തിൽ പതിഞ്ഞു കിടക്കുന്ന ഈ ഗാനം. സ്ഥലകാല ഭാവനയുടെ പ്രത്യക്ഷതയാകുന്ന ഈ പാട്ടിൽ പ്രണയ ജീവിതാനുഭവങ്ങൾക്ക് സമാന്തരമായി പൊഴിയുന്ന ഒരു മഴയനുഭവം അപാരമായി സംഗീതാത്മകമാകുന്നുണ്ട്. 

ലളിതമായ വാക്കുകളിൽ, ഭാവനയിൽ ഈ ഗാനം ഒരു രാത്രിമഴയുടെ ഏകാന്ത സാക്ഷ്യമെന്നോണം പരിണമിക്കുകയായിരുന്നു. അനായാസമായ രചനാ സാധ്യതകൾ, അസാധാരണമായ പദസമന്വയങ്ങൾ, പ്രാസഭംഗികൾ എന്നിവ സുന്ദരമായി ചേർത്തു വെച്ചു, ബിച്ചു തിരുമല. “ആ രാത്രി മുഴുവൻ മഴയായിരുന്നു, മനസ്സു നിറയെ കുളിരായിരുന്നു. മൗനമേ,നിൻ മടിയിൽ ഞങ്ങൾ മഞ്ഞുതുള്ളികളായിരുന്നു…” തീക്ഷ്ണമായ പ്രണയാനുഭൂതിയുടെ സംക്ഷേപണമായി മാറുന്നൊരു മഴയെ പാട്ടിന്റെ പല്ലവിയിൽ കൊണ്ടുവരുന്നുണ്ട് ബിച്ചു തിരുമല. പ്രണയ നിമിഷങ്ങളുടെ നിത്യത പകരുന്ന രാത്രിമഴയുടെ നിറയുന്ന മൗനങ്ങളെയും ആരവങ്ങളെയും കേൾവിക്കാർ ശ്രദ്ധയോടെ ഏറ്റെടുക്കുന്നു. ഓർമ്മയുടെയും ഭാവനയുടെയും അതിലോലമായ വീഥികളിലൂടെ നടന്ന് അനുരാഗ മഴ കൊള്ളുന്ന ഒരാളിന്റെ സാക്ഷ്യം കൂടിയാണ് ഈ പാട്ട്. പ്രണയാനുഭവങ്ങളുടെ ഏറ്റവും സംഗീതാത്മകമായ വാങ്മയമെന്ന നിലയിൽ രൂപം കൊണ്ട ഈ ഗാനം ഒരു ഗസലിന്റെ ചുറ്റുവട്ടങ്ങളിൽ സുഭദ്രമാകുന്നു. രാത്രിമഴ കൊണ്ടുവരുന്ന പ്രണയത്തിന്റെ പ്രകൃതിയെ സൂക്ഷ്മമായി ഭാവന ചെയ്യുകയായിരുന്നു ബിച്ചു. താൻ കണ്ടു കൊണ്ടിരിക്കുന്ന രാത്രിമഴയെ പ്രകൃതിയ്ക്കൊപ്പവും പ്രണയത്തോടൊപ്പവും നിന്നനുഭവിക്കുകയാണ് കവി. വിചാരമൂകനായി മഴ കണ്ടു നിൽക്കുന്ന ഒരാളിന്റെ (കഥാപാത്രത്തിന്റെ ) സ്മൃതി സൗന്ദര്യങ്ങളാണ് പാട്ടിലൂടെ നാമറിയുന്നത്. 

മഴ കൊണ്ടുവന്ന ആകസ്മിക പരിണാമങ്ങൾ പാട്ടിന് നൽകിയ പ്രണയ ച്ഛായകൾ ശ്രദ്ധേയമായിരുന്നു. സമീപസ്ഥമായ സ്ഥല കാലങ്ങളിലൂടെ രൂപകവത്കരിക്കപ്പെട്ടുപോന്നിട്ടുള്ള പാട്ടു വരികളിൽ ജെറി അമൽദേവ് നൽകിയ സംഗീതവും അതിലേറെ ശ്രദ്ധേയം. ഇവിടെ പാട്ടിലുടനീളം മഴയുടെ വ്യത്യസ്ത സ്ഥായികൾ, ആരോഹണാവരോഹണങ്ങൾ എന്നിവ കാണാനും കേൾക്കാനുമാകുന്നു. മഴയറിയുന്ന പ്രണയിയുടെ മനസ്സിലുള്ള പരിപൂർണമായ താദാത്മ്യ ബോധത്തിന്റെ പകർന്നാട്ടമാകുന്നുണ്ട്, ഈ ഗാനം. “പുഴയിലേതോ കേവുവള്ളം പുലരി തിരയുകയായിരുന്നു. തൂവൽ നനയാതൊന്നുറങ്ങാൻ കിളികളയുകയായിരുന്നു. കൂടു തിരയുകയായിരുന്നു…” നിത്യസാധാരണമായ വാക്കുകളിൽ ചേർത്തുവച്ച വരികളാണിവയെന്ന് ഒറ്റ നോട്ടത്തിൽ അറിയാം. എന്നാൽ പാട്ടിൽ അവയുണ്ടാക്കുന്ന വികാരങ്ങൾ പ്രസക്തമാകുന്നു. രാത്രി മഴക്കൊപ്പം സഞ്ചരിക്കുന്ന മനസ്സിന്റെ മൃദു മന്ത്രണമാകുന്നുണ്ട്, ഈ വരികൾ. സസ്പെൻസ് നില നിർത്തേണ്ടി വരുന്ന ഒരു സീക്വൻസിൽ നിന്നാണ് ഈ ഗാനമുണ്ടാകുന്നത്. നിഗൂഢമായതും ഇരുണ്ടതുമായ സന്ദർഭത്തിനെ അതിന്റേതായ രീതിയിൽ ഉയർത്തുവാൻ ഈ വരികൾക്കും സംഗീതത്തിനും സാധ്യമാകുന്നുണ്ട്.

ഇംഗ്ലീഷ് ഹോൺ എന്ന സംഗീതോപകരണത്തിന്റെ ശബ്ദ സാധ്യതകളെയാണ് പാട്ടിന്റെ പല്ലവിയുടെ തുടക്കത്തിൽ ഉപയോഗിച്ചിട്ടുള്ളത്. പിന്നീടങ്ങോട്ട് സന്തോഷത്തിന്റെ സാന്നിധ്യമുളവാക്കുന്ന പ്രേമഗാനത്തിന്റെ സ്വരങ്ങൾ ഇഴ പാകുകയായിരുന്നു ജെറി അമൽദേവ്. “ഉറുദു പദ്യത്തിന്റെ ഘടനയിലാണ് ഈ പാട്ടിന്റെ വരികൾ തയ്യാറാക്കേണ്ടതെന്ന് ഞാൻ ബിച്ചുവിനോട് ആവശ്യപ്പെടുകയായിരുന്നു. ‘ആയിരുന്നു ’ എന്ന വാക്കിന്റെ ആവർത്തനമൊക്കെ അങ്ങനെ വന്നതാണ്. ഗസലിനോടടുത്ത് നിൽക്കുന്ന ഘടന. ട്യൂൺ തയ്യാറാക്കുമ്പോൾ എന്റെ മനസ്സിൽ ഹിന്ദി സംഗീത സംവിധായകൻ റോഷൻ സംഗീതം ചെയ്ത ‘ബർസാത് കി രാത്’ എന്ന സിനിമയിലെ “സിന്ദഗി ഭർ നഹീം…” (മുഹമ്മദ് റാഫി, ലതാ മങ്കേഷ്കർ ) എന്ന പാട്ടാണോർമ്മയിലുണ്ടായിരുന്നത്. രാത്രിയും മഴയും കൂടിച്ചേർന്നുള്ള ഒരു സങ്കൽപത്തിനനുസരിച്ച് വേണ്ട ഒരീണമാണ് ഞാൻ മനസ്സിൽ കണ്ടത്. സാഹിർ ലുധിയാൻവി എന്ന കവി എഴുതിയ ആ ഹിന്ദി ഗാനത്തിന്റെ ആദ്യ വരികളുടെ അർത്ഥം ഇങ്ങനെയായിരുന്നു. “ജീവിതത്തിലെ ആ രാത്രിമഴയുള്ള ദിവസം ഞാനൊരിക്കലും മറക്കില്ല. ഏതോ അജ്ഞാതയായ സുന്ദരിയെ കണ്ട ആ രാത്രി ഞാനൊരിക്കലും മറക്കുകയില്ല”. ഇതേ അർത്ഥമുള്ള ഒരു സന്ദർഭം പാട്ടിൽ വരണമെന്ന് ഞാൻ ബിച്ചുവിനോട് പറഞ്ഞിരുന്നു. 

ബിച്ചു അത് കൃത്യമായി മനസ്സിൽ കാണുകയും നിമിഷ നേരം കൊണ്ട് വരികൾ എഴുതിത്തരികയുമായിരുന്നു…” ബിച്ചു തിരുമല പാട്ടെഴുതിയ സന്ദർഭത്തെ ജെറി അമൽദേവ് ഓർത്തെടുക്കുന്നു. “മലയിലേതോ മയിലിനങ്ങൾ മദന ലീലയിലായിരുന്നു ” എന്ന അവസാന ചരണത്തിലേക്കെത്തുമ്പോഴേക്കും രാത്രിമഴയുടെ തണുപ്പും ഗാഢതയും സാന്ദ്രതയും ഏറി വരുന്നു. രാത്രിമഴയിൽ പൂർണ്ണ സജ്ജമായിത്തീരുന്ന പ്രണയത്തിന്റെ അവസ്ഥകൾ ഭാവ നിർഭരമാകുകയാണ് അതിന്റെ വരികളിലും സംഗീതത്തിലും. “നഖശിഖാന്തം ഞങ്ങൾ രണ്ടും നിധികൾ പരതുകയായിരുന്നു, ലഹരി നുണയുകയായിരുന്നു…” എന്ന അവസാന വരി കേൾക്കുന്നവർ രാത്രിമഴയ്ക്കൊപ്പം പ്രണയ വികാരത്തിന്റെ നദി നീന്തി രത്യാനുരാഗത്തിന്റെ നിത്യ സമുദ്രത്തിലേക്ക് തോണിയിറക്കുകയായിരുന്നു. അതെ, മഴ പകുത്തുനൽകുന്ന ലയ ലഹരി നുണയുകയായിരുന്നു…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.