റോങ്ങ് നമ്പര്‍

Web Desk
Posted on September 30, 2018, 9:30 am

ജിബി ദീപക്

”ഡാഡി… ഡാഡിയെപ്പോഴാ അമ്മയെ ആദ്യമായി കണ്ടത്?” കൗമാരക്കാരനായ ജിനു തന്റെ അച്ഛനോട് ചോദിച്ചു. അച്ഛന്റെ നല്ല മൂഡ് നോക്കി തഞ്ചത്തിനാണ് അവന്‍ ആ ചോദ്യം തൊടുത്തുവിട്ടത്.
അച്ഛന്റേയും അമ്മയുടെയും പ്രണയവിവാഹമായിരുന്നുവെന്ന് അവന് അറിയാമായിരുന്നു, നേരത്തേതന്നെ അമ്മയോട് ചോദിച്ചുവെങ്കിലും അവര്‍ കാര്യമായൊന്നും വിട്ടുപറഞ്ഞിരുന്നില്ല.
ചോദ്യം കേട്ട് അച്ഛന്‍ ചിരിച്ചു
”ഹ… ഹ… അതൊക്കെ ഈ ടച്ചുഫോണ്‍ വരുന്നതിനുമുമ്പുള്ള കാലത്തല്ലേ?”
മകന്‍ മൂളി. അച്ഛന്‍ അപ്പോഴും ചിരിക്കുകയായിരുന്നു. അച്ഛന്റെ പ്രതികരണം അവനെ നിരാശനാക്കിയില്ല. ജിജ്ഞാസയായി.
”ഡീറ്റേല്‍ഡായിട്ട് പറയ്… ഞാനുംകൂടി അറിയട്ടെ.” അച്ഛന്‍ അവനെത്തന്നെ നോക്കി.
”പ്ലീസ് ഡാഡി… എങ്ങനെയാ നിങ്ങള്‍ പരിചയപ്പെട്ടത്?” അരികില്‍ ഷര്‍ട്ടിന്റെ ബട്ടണ്‍ തുന്നിപ്പിടിപ്പിച്ചുകൊണ്ടിരുന്ന മഞ്ജു എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. മകന്റെ ചോദ്യം കേട്ടപ്പോ അവള്‍ക്ക് ദേഷ്യം വന്നു.
”നിനക്ക് വേറെ പണിയൊന്നുമില്ലേ?”
മകന്‍ അമ്മയെ നോക്കി. അമ്മയുടെ ഇടപെടല്‍ രസിക്കാതെ.
”ജിനു… ഇതൊക്കെ അന്വേഷിച്ച് നടക്കേണ്ടനേരംകൊണ്ട് പോയിരുന്ന് വല്ലതും പഠിക്കാന്‍ നോക്ക്”
”ഹോ… ഈ മമ്മി… എപ്പഴും ഇങ്ങന്യാ… പഠിക്ക്… പഠിക്ക്…” — ജിനു അമ്മയെ നോക്കി പറഞ്ഞു. മഞ്ജു നിശബ്ദയായി.
”ഡാഡി… പറ ഡാഡി… എങ്ങന്യാ പരിചയപ്പെട്ടത്?” ജിനു കൗതുകത്തോടെ അതിലേറെ ആരാധനയോടെ അയാളെ നോക്കി. അയാള്‍ക്കത് ശരിക്കും രസിച്ചു.
”ഒരു റോങ്ങ് നമ്പര്‍ കേറിച്ചെന്നതാ… നിന്റെ അമ്മേടെ ഫോണിലേയ്ക്ക്. പിന്നെ.…”
”പിന്നെ?”
”ആദ്യം ഒരു സോറി പിന്നെപ്പോഴൊക്കെയോ…” കേള്‍വിക്കാരിയായിരുന്നിരുന്ന മഞ്ജുവിന്റെ മുഖത്ത് നാണത്തിന്റെ ഉഷമലരുകള്‍ വസന്തം വിടര്‍ത്തി.
”പിന്നെ.… അങ്ങനെയങ്ങനെ… അങ്ങട്ടും ഇങ്ങട്ടും വിളിയായി… വര്‍ത്താനായി… ങ്ങ്ഹാ ഇന്നത്തെപ്പോലെ വാട്‌സ്ആപ്പോ ഫേസ്ബുക്കോ ഒന്നും ഇല്ലല്ലോ ഈ ചളിഞ്ഞ മുഖമൊന്ന് അടുത്തുകാണാന്‍.”
”ചളിഞ്ഞമുഖോ?”
മഞ്ജു ഒന്നു ഞെട്ടി. അതുവരെ തലകുമ്പിട്ട് ശ്രവിച്ചുകൊണ്ടിരുന്ന അവള്‍ ശിരസുയര്‍ത്തി. കണ്ണുകള്‍ വിടര്‍ത്തി ഭര്‍ത്താവിനെ ശരിക്കൊന്നു നോക്കി.
”അതേ… മുഖം മാത്രോല്ല… സ്വഭാവോം”
മഞ്ജു സങ്കടവും ദേഷ്യവും സഹിക്കാനാവാതെ കുപ്പായം താഴെയിട്ട് ചാടിയെണീറ്റു.
”ഒരു റോങ്ങ് നമ്പര്‍ കേറിച്ചെന്നതാ എന്റെ കഷ്ടകാലത്തിന് അതോടെ ജീവിതം തന്നെ റോങ്ങ് നമ്പര്‍ ആയി മോനെ”
ജിനു അതുകേട്ട് ആര്‍ത്തുചിരിച്ചു. കൂടെ അയാളും.
”എന്നും എവിടെയും പരിഹസിക്കപ്പെടാനാണല്ലോ എന്റെ വിധി. രണ്ടും കണക്കാ… രണ്ടുകണക്കാ. വിത്തുഗുണം.”
അവള്‍ വേദനയോടെ പറഞ്ഞു. അവള്‍ താഴെക്കിടന്ന കുപ്പായം വീണ്ടുമെടുത്ത് തുന്നാന്‍ തുടങ്ങവെ സൂചി വിരലില്‍ തറച്ചു. ചോരപൊടിഞ്ഞു. മഞ്ജു എഴുന്നേറ്റു. മനസിലും വിരലിലുമേറ്റ മുറിവോടെ മുറിയിലേയ്ക്കു പോയി.
അനുസരിക്കാന്‍ മാത്രം ശീലിച്ച ഭാര്യയെപ്പോലെ അമ്മയെപ്പോലെ അവള്‍ മകന്റെയും ഭര്‍ത്താവിന്റെയും അലക്കിവച്ച ഷര്‍ട്ടുകള്‍ ഇസ്തിരിയിടാനായി അലമാരയില്‍ നിന്നും എടുത്തിട്ടു. അപ്പോഴും സ്വീകരണ മുറിയില്‍ നിന്നും പരിഹാസത്തിന്റെ ചിരികള്‍ നിര്‍ത്താതെ ഉയര്‍ന്നുകൊണ്ടിരുന്നു.