കെ കെ ജയഷ്

August 16, 2020, 6:14 am

ഇരുമ്പ് നായകൻ

Janayugom Online

കെ കെ ജയഷ്

ദേവിദാസ് സംവിധാനം ചെയ്ത മഹാരാജ ടാക്കീസ് എന്ന ചിത്രത്തിലൂടെയാണ് തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ മാനവ് സിനിമയിലെത്തുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച മാനവ്, ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് തമിഴ്, ഹിന്ദി സിനിമകളിലും സജീവമാകുകയാണ്. ശക്തമായൊരു വിഷയം കൈകാര്യം ചെയ്ത ഇരുമ്പ് എന്ന ചിത്രത്തിലൂടെ അന്തർദേശീയ പുരസ്ക്കാരങ്ങളും മാനവിനെ തേടിയെത്തി. കൊച്ചു വേഷങ്ങളിലൂടെ തുടങ്ങി നായക നിരയിലേക്കെത്തിയ മാനവ് തന്റെ അഭിനയ യാത്രകൾ ജനയുഗം വാരാന്തവുമായി പങ്കു വെക്കുന്നു.

തുടക്കം

മഹാരാജ ടാക്കീസിലൂടെ അഭിനയ മോഹം തലയ്ക്ക് പിടിച്ചു നിൽക്കുന്ന കാലം. നിരവധി ഓഡീഷനുകളിൽ പങ്കെടുത്തു. നിരവധി സംവിധായകരെ കണ്ടു. ആ സമയത്താണ് 2011 ൽ ദേവിദാസ് സംവിധാനം ചെയ്ത ‘മഹാരാജ ടാക്കീസി‘ൽ ഒരു ചെറിയ വേഷം ലഭിക്കുന്നത്. മുകേഷും ഉർവ്വശിയും പ്രധാന വേഷത്തിലെത്തിയ സിനിമയിൽ മുകേഷിന്റെ സുഹൃത്തായിട്ടാണ് ഞാൻ അഭിനയിച്ചത്. തുടർന്ന് അജ്മൽ സംവിധാനം ചെയ്ത ‘ഡോക്ടർ ഇന്നസെന്റാണ്’ എന്ന ചിത്രത്തിൽ ഓട്ടോ ഡ്രൈവറുടെ ചെറിയൊരു റോൾ കിട്ടി. റജി പോൾ സംവിധാനം ചെയ്ത് ദിവ്യദർശൻ നായകനായ ‘മിസ്റ്റർ ബീൻ’, അജ്മൽ സംവിധാനം ചെയ്ത ‘കാന്താരി’, അനൂപ് രാജ് ഒരുക്കിയ ‘സ്മാർട്ട് ബോയ്സ്’ എന്നീ സിനിമകളിൽ അഭിനയിച്ചു. സ്മാർട്ട് ബോയ്സിൽ മൂന്നു നായകൻമാരിൽ ഒരാളായിരുന്നു. 2017 ൽ പുറത്തിറങ്ങിയ ബി എൻ ഷജീർ സംവിധാനം ചെയ്ത ‘ലച്ച്മി’ എന്ന ചിത്രത്തിൽ നായക വേഷം ചെയ്തു. ഈ സിനിമയും കഥാപാത്രവും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു.

നായക വേഷങ്ങളും കോവിഡും

അഭിനയ ജീവിതത്തിൽ വലിയ നേട്ടങ്ങളുണ്ടായത് ഈ വർഷമാണ്. ‘പച്ച’, ‘ഇരുമ്പ്’, ‘ദേവിക’, ‘മധുരമീ യാത്ര’ തുടങ്ങിയ മലയാള ചിത്രങ്ങളിലും ‘മൂൻട്രാവത് മുഖം’ എന്ന തമിഴ് സിനിമയിലും ഹിന്ദിയിലും മലയാളത്തിലുമായി പുറത്തിറങ്ങുന്ന

‘ആൻ ഇഡിയറ്റ് ആൻഡ് എ ബ്യൂട്ടിഫുൾ ലയർ’ എന്ന സിനിമയിലും നായകനായി. ചിത്രങ്ങളുടെയെല്ലാം ഷൂട്ടിംഗ് പൂർത്തിയായെങ്കിലും കോവിഡ് പിടിമുറുക്കിയതിനാൽ സിനിമകളൊന്നും റിലീസ് ചെയ്തിട്ടില്ല. ഈ സിനിമകൾ റിലീസ് ചെയ്യുന്നതോടെ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടും എന്ന് വിശ്വസിക്കുന്നു.

ഹിന്ദി സിനിമാ അനുഭവം

ഹിന്ദിയിലും മലയാളത്തിലുമായി പുറത്തിറങ്ങുന്ന ആൻ ഇഡിയറ്റ് ആന്റ് എ ബ്യൂട്ടിഫുൾ ലയർ എന്ന ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയുണ്ട്. ആനന്ദ് ഉണ്ണിത്താനാണ് ഈ മ്യൂസിക്കൽ ലവ് സ്റ്റോറി സംവിധാനം ചെയ്തത്. ആശാ ബോസ് ലെ, ഷാൻ, നജീം ഇർഷാദ്, മധുബാലകൃഷ്ണൻ,റിഥിമ സൂർ, ചിന്മയി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. റിച്ചാ ജോഷിയാണ് ചിത്രത്തിലെ നായിക.

പുരസ്കാരപ്പെരുമഴയിൽ ഒരു മലയാള ചിത്രം

എസ് കെ നായർ നിർമ്മിച്ച് നിതിൻ നാരായണൻ രചനയും പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനവും നിർവ്വഹിച്ച ഇരുമ്പ് എന്ന ചിത്രം

ദേശീയ ‑അന്തർദേശീയ പുരസ്‍കാരങ്ങൾ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണിപ്പോൾ. വിർജിൻ സ്പ്രിംഗ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം ഈ സിനിമയിലൂടെ എനിക്ക് ലഭിച്ചു. അമേരിക്കയിലെ സീൻ ഫെസ്റ്റിവലിലും കൽ ബുർഗി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ന്യൂ യോർക്ക് ഫിലിം ഫെസ്റ്റിവലിൽ ഇരുമ്പ് മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആനന്ദ് കൃഷ്ണയാണ്. പുതുമുഖം ശ്രീഷ വേണുഗോപാൽ ആണ് ഇരുമ്പിലെ നായിക. എട്ടു വയസുകാരൻ അഭിരാം നാരായണൻ അസിസ്റ്റന്റ് ഡയറക്ടറാവുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ട ഇരയുടെ പിതാവിന്റെ ആത്മസംഘർഷങ്ങളും പ്രതികാരവുമാണ് സിനിമയുടെ പ്രമേയം. രണ്ട് പെൺകുട്ടികൾ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും തുടർന്ന് കൊല ചെയ്യപ്പെടുകയും ചെയ്യുന്നു. നീതി നിഷേധിക്കപ്പെടുന്ന പിതാവിന്റെ പ്രതികാര വഴികളിലൂടെയാണ് സിനിമ കടന്നു പോകുന്നത്. സാമൂഹ്യ പ്രസക്തമായ വിഷയംതീർത്തും വ്യത്യസ്തമായ രീതിയിൽ സിനിമ അവതരിപ്പിക്കുന്നു.

ദേവിക’യും ‘മൂൻ ട്രാവത് മുഖ’വും

മകളെ ഒരു കായിക താരം ആക്കി മാറ്റാൻ കഷ്ടപ്പെടുന്ന ഒരു അച്ഛന്റെ കഥയാണ് ‘മൂൻ ട്രാവത് മുഖം’ എന്ന തമിഴ് സിനിമ. കാർത്തിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പീഡനത്തിന് ഇരയായ ഒരു പെൺകുട്ടിയുടെയും പീഡിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്ന ഒരു വ്യക്തിയുടെയും കഥയാണ് ജിബിൻ ജയിംസ് സംവിധാനം ചെയ്ത ‘ദേവിക.’ യഥാർത്ഥത്തിൽ പീഡനം നടന്നോ, ആരാണ് കുറ്റവാളി തുടങ്ങിയ ചോദ്യങ്ങളിലൂടെ സഞ്ചരിച്ച് ഉത്തരം തേടുകയാണ് ഈ സിനിമ.

കുടുംബം

ഐ എസ് ആർ ഒ യിൽ നിന്ന് വിരമിച്ച ശ്രീകണ്ഠൻ നായരാണ് പിതാവ്. മാതാവ്: ട്രാൻസ്പോർട്ട് വകുപ്പിൽ നിന്ന് വിരമിച്ച സരസ്വതിയമ്മ. ഭാര്യ: ഇനായ. മകന്റെ പേര് ഇഷാൻ