ജയന്‍ മഠത്തില്‍

March 08, 2020, 8:00 am

തീപാറുന്ന പികെ വഴികള്‍

Janayugom Online

‘തണല്‍’ ജീവകാരുണ്യ സംഘടന നിര്‍ദ്ധന കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറുന്ന ചടങ്ങ് കൊല്ലം തേവലക്കരയില്‍നടക്കുന്നു. വേദിയില്‍ ജസ്റ്റിസ് കമാല്‍ പാഷെ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍. ചുവന്ന ജുബ്ബയും കറുത്ത പാന്റ്സും ധരിച്ച മെലിഞ്ഞ ഒരാള്‍ പ്രസംഗ പീഠത്തിനടുത്തേക്ക് വരുന്നു. സദസ്സ് നിശ്ശബ്ദമായി. ഘനഗംഭീരമായ ശബ്ദത്തില്‍ സംസാരിച്ചു തുടങ്ങി:
”ക്രിസ്തുവിന്റെ ജീവിതത്തിലൂടെ ഭ്രാന്തമായി തീര്‍ത്ഥാടനം നടത്തിയ കസന്‍ദ് സാക്കീസ്, ഒരു ക്രിസ്തുമസിന്റെ, തിരുപ്പിറവിയുടെ തലേന്നാള്‍ രാത്രിയില്‍ ജറുസലേമിന്റെ താഴ് വരയിലെത്തുന്നു. മനുഷ്യന്റെ മുഴുവന്‍ പാപവിമോചനത്തിനായി മരക്കുരിശ്ശേറിയ ദൈവപുത്രന്റെ പിറവി ആഘോഷിക്കാന്‍ വേണ്ടി ജറുസലേമിന്റെ കവാടങ്ങള്‍, ആശ്രമ കവാടങ്ങളെല്ലാം ക്രൂശിത രൂപങ്ങള്‍കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. കസന്‍ ദ് സാക്കീസ് ആശ്രമത്തിലെ മുഖ്യ പുരോഹിതനോട് ചോദിച്ചു: ‘അല്ലയോ തിരുമേനീ, എന്തുകൊണ്ടാണ് ഇവിടെ സൈപ്രസ് മരങ്ങളില്‍, ആശ്രമത്തിന്റെ മുഖ്യ കവാടങ്ങളില്‍ അലങ്കരിച്ചിരിക്കുന്ന ക്രൂശിത മുഖങ്ങളില്‍ അത്യന്തം ദു:ഖിതനായിട്ടുള്ള യേശുവിനെയാണല്ലോ കാണുന്നത്. ക്രിസ്തുവിന്റെ ചിരിക്കുന്ന ഒരു മുഖംപോലും കാണാന്‍ കഴിയുന്നില്ലല്ലോ.’ അപ്പോള്‍ പുരോഹിതന്‍ ഇങ്ങനെ മറുപടി പറഞ്ഞു: ‘കുഞ്ഞേ, എന്ന് ലോകത്തിലെ നിരാലംബരുടെയും അശരണരുടെയും കണ്ണീര്‍ ഒപ്പിമാറുന്നുവോ അപ്പോള്‍ മാത്രമേ എന്റെ ക്രിസ്തുവിന് ചിരിക്കാന്‍ കഴിയൂ.’ ഇതുതന്നെയാണ് അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ച് ഉണ്ണുന്നവന്‍ നമ്മളില്‍പ്പെട്ടവനല്ല എന്ന് പ്രവാചകന്‍ പറഞ്ഞത്. മറ്റൊരര്‍ത്ഥത്തില്‍ മാനവസേവ മാധവസേവ തന്നെയാണെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതും ഇതേ അര്‍ത്ഥത്തിലാണ്. അതുകൊണ്ടുതന്നെ മനുഷ്യന്‍ ചവുട്ടി നില്‍ക്കുന്നിടമെല്ലാം മരുഭൂമിയാക്കപ്പെടുന്ന ഒരു കെട്ട കാലത്തില്‍, ഈ ഊഷരകാലത്ത് ജീവിതത്തിന് ശീതളിമ പകരുന്ന ഈ തണല്‍ സ്പര്‍ശത്തിന്റെ ഹൃദയ സഹയാത്രികര്‍ക്ക് സ്നേഹാഭിവാദ്യങ്ങള്‍…”
ഒരു പുഴപോലെ പ്രഭാഷണം ഒഴുകുകയായിരുന്നു. സദസില്‍ കൂടിയിരുന്ന നൂറകണക്കിന് ഹൃദയങ്ങള്‍ ഒറ്റഹൃദയത്തിലേക്ക് ചുരുങ്ങി. അയാള്‍ കൈകള്‍ ഉയര്‍ത്തിയപ്പോള്‍ സദസ്സിലുള്ളവരുടെ മുഴുവന്‍ വിധിയും ആ വിരല്‍ത്തുമ്പില്‍ കുടുങ്ങിക്കിടന്നു. തൊണ്ണൂറുകളില്‍ കാമ്പസുകളെ വാക്കുകള്‍കൊണ്ട് കീഴ്പ്പെടുത്തിയ, ‘കാമ്പസിലെ അഴീക്കോട്’ എന്നറിയപ്പെട്ടിരുന്ന പി കെ അനില്‍ കുമാറായിരുന്നു ആ പ്രഭാഷകന്‍. മനുഷ്യനെ ഭരിക്കുന്ന കലയാണ് പ്രഭാഷണം എന്ന അരിസ്റ്റോട്ടിലിന്റെ നിരീക്ഷണത്തെ ആഴത്തില്‍ ചുംബിച്ചുകൊണ്ടാണ് പികെ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

ഭാരതം എന്റെ രാജ്യമാണ്
”അച്ഛനുമമ്മയും വാക്കെന്നു കേട്ട്
ഞാനക്ഷരപ്പിച്ച നടന്നു
നിലാവിലെ നീലവാനംപോലെ
ഞാനൂറിവന്നൊരാനാദമൂകാചലം”
(വി മധുസൂദനന്‍ നായര്‍)

വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലം ജില്ലയില്‍ തെക്കന്‍ മൈനാഗപ്പള്ളിയിലെ ശ്രീ ചിത്തിരവിലാസം സ്കൂളിന്റെ വരാന്തയില്‍ നിന്നുകൊണ്ട് നാലാംക്ലാസുകാരനായ പി കെ അനില്‍ കുമാര്‍ സഹപാഠികള്‍ക്ക് ‘ഭാരതം എന്റെ രാജ്യമാണ്…’ എന്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അവിടെ നിന്നാണ് പികെയുടെ വചനവഴിയിലൂടെയുള്ള യാത്ര ആരംഭിക്കുന്നത്. അന്നൊരിക്കല്‍ പ്രഥമാധ്യാപിക സരസമ്മ ടീച്ചര്‍ അനിലിനോട് പറഞ്ഞു, ”രണ്ടു ദിവസത്തിനുള്ളില്‍ സബ് ജില്ലാ ബാലകലോല്‍സവം തുടങ്ങും. പ്രസംഗ മല്‍സരത്തിന് നീ സ്കൂളിനെ പ്രതിനിധീകരിക്കണം.” ഗാന്ധിജിയും ശിശുദിനവുമായിരുന്നു വിഷയം. രണ്ടുപേജില്‍ സരസമ്മ ടീച്ചര്‍ പ്രസംഗം എഴുതി നല്‍കി. മല്‍സരത്തില്‍ പികെ ഒന്നാം സ്ഥാനം നേടി, സ്കൂളിന്റെ അഭിമാനമായി. പിന്നീട് പികെ ഒരു യാഗാശ്വത്തെപ്പോലെ പായുകയായിരുന്നു. മല്‍സരത്തിനെല്ലാം സമ്മാനങ്ങള്‍ വാരിക്കൂട്ടി. വാക്കിന്റെ വലുപ്പവും വാക്കിന്റെ കരുത്തും ആ മെലിഞ്ഞ ഇത്തിരിപ്പോന്ന ബാലന്‍ തിരിച്ചറിയുകയായിരുന്നു. ‘വാക്കിന്റെ കാറ്റുകള്‍ വിളിച്ചുണര്‍ത്തിയത് ജീവിതത്തിന്റെയും ചരിത്രത്തിന്റെയും ചുഴലികളിലേക്കായിരുന്നു‘വെന്ന് പികെയുടെ സത്യവാങ്മൂലം.

ക്ഷോഭത്തിന്റെ കടലിരമ്പങ്ങള്‍

”മലകള്‍ ഞെരിപിരികൊള്‍കയായീ പിറവിയായ്,

പിറവിയായ് രുദ്രപുത്രന്‍‍”

(സച്ചിദാനന്ദന്‍)

ശാസ്താംകോട്ട ദേവസ്വംബോര്‍ഡ് കോളജിലെ പ്രീഡിഗ്രി പഠനകാലത്താണ് നിഷേധം ജ്ഞാനത്തിന്റെ കലയാണ് എന്ന് പികെ തിരിച്ചറിഞ്ഞത്. ആശയങ്ങളുടെ കലാപകാരിയായ സി ജെ തോമസിനെപ്പോലെ പികെ എല്ലാവിധ വ്യവസ്ഥിതികള്‍ക്കും എതിരായി, പുരോഗമന പ്രസ്ഥാനത്തിന്റെ ഭാഗമായി. ക്ഷോഭത്തിന്റെ കടലിരമ്പങ്ങള്‍ പികെയുടെ ഹൃദയത്തില്‍ അലകള്‍ തീര്‍ത്തു. വായനയുടെയും അനുഭവങ്ങളുടെയും മഹാസമുദ്രത്തിലേക്ക് അയാള്‍ എടുത്തെറിയപ്പെട്ടു. യുവജനോല്‍സവ വേദികളിലെ സ്ഥിരം സാന്നിധ്യമായി. വാക്കുകളിലെ മാന്ത്രികതകൊണ്ട് ശ്രോതാക്കളുടെ ഹൃദയത്തെ തൊട്ടു. പ്രഭാഷണകലയുടെ പുതിയ പുതിയവചനങ്ങള്‍ തേടിയുള്ള നിലയ്ക്കാത്ത യാത്രയായിരുന്നു പിന്നീട്. പ്രഭാഷണകലയെ സമ്പന്നമാക്കാന്‍ ുസ്തകങ്ങളെ ആര്‍ത്തിയോടെ ഭക്ഷിച്ചു. ഒരു കൈയില്‍ അറിവിനെയും മറുകൈയില്‍ സൗഹൃദത്തെയും പേറിയ പികെ കാമ്പസിന്റെ ഹൃദയത്തുടിപ്പായി. ഹൃദയത്തിന്റെ ഒരറയില്‍ വിപ്ലവാഗ്നിയും മറ്റൊരറയില്‍ പ്രണയത്തിന്റെ വാടാമല്ലിപ്പൂക്കളും പികെ നിറച്ചു. പികെയുടെ പ്രസംഗം ലാസ്യനടനത്തില്‍ തുടങ്ങി സംഹാര താണ്ഡവത്തില്‍ അവസാനിക്കുന്നതായിരുന്നു. നിറഞ്ഞുപതഞ്ഞൊഴുകുന്ന കാട്ടാറിനെയാണത് അത് ഓര്‍മ്മിപ്പിക്കുക.

ഹൃദയം നല്‍കി എംഎസ്എം കോളജ് 

”ഒരു പൂവ്

എനിക്കായി വാഗ്ദാനം ചെയ്യപ്പെട്ടു.

ഒരു മെയ്മാസത്തിലും

പൂക്കാത്ത അത്ര

മനോഹരമായ ഒന്ന്…”

(വില്യം ബ്ലേക്ക്)

ഡിഗ്രിക്ക് പഠിച്ച കായംകുളം എംഎസ്എം കോളജിനെപ്പറ്റി പറയുമ്പോള്‍ പികെയുടെ കണ്ണുകള്‍ വിടരും. പിന്നെയൊരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു, ”പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും ശാദ്വലഭൂമിയിലേക്ക് എംഎസ്എം കോളജ് എന്നെ നയിക്കുകയായിരുന്നു. എംഎസ്എം എന്റെ ഹൃദയം തന്നെയായിരുന്നു.” മലയാളം ഐച്ഛിക വിഷയമെടുത്ത് ബിരുദപഠനത്തിനായി എംഎസ്എം കോളജില്‍ എത്തിയ അതേവര്‍ഷം കേരള സര്‍വകലാശാല യുവജനോല്‍സവത്തിന്റെ പ്രധാന വേദി എംഎസ്എം കോളജായിരുന്നു. മലയാളം പ്രസംഗമല്‍സരത്തിന് പികെയ്ക്കായിരുന്നു ഒന്നാം സ്ഥാനം. അതുവരെ ഒരു പുരസ്കാരവും കോളജിന് ലഭിച്ചിരുന്നില്ല. അകൊണ്ടുതന്നെ കലാലയം സ്നേഹത്തിന്റെ വലിയ ആകാശം പികെയ്ക്ക് നല്‍കി. പിന്നീട് സര്‍വ്വകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കി അവര്‍ പികെയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. തിരുവനന്തപുരം യൂണിവേഴ് സിറ്റി കോളജുമുതല്‍ തലശ്ശേരി ബ്രണ്ണന്‍ കോളജുവരെയുള്ള കാമ്പസുകളില്‍ പികെ നടത്തിയ തേരോട്ടം ചരിത്രമാണ്. യുവജനോല്‍വങ്ങളിലും ഇന്റര്‍ കൊളീജിയേറ്റ് മല്‍രങ്ങളിലും പ്രസംഗത്തിനും ഡിബേറ്റിനും ട്രോഫികളും മെഡലുകളും വാരിക്കൂട്ടി. ഡിഗ്രി പഠന കാലയളവില്‍ മാത്രം പികെ നേടിയത് ഇരുപതോളം സ്വര്‍ണ മെഡലുകളാണ്. എന്നാല്‍ പിന്നീടുള്ള അരാജക ജീവിതത്തില്‍ അതൊക്കെ നഷ്ടപ്പെട്ടു. മല്‍സരങ്ങളില്‍ നിന്നും ലഭിച്ച ട്രോഫികള്‍ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ കുന്നുകൂടി. ഒരു ദിവസം അവിടെയെത്തിയ കോളജ് മാനേജര്‍ ഹിലാല്‍ ബാബു കൂട്ടിയിട്ടിരിക്കുന്ന ട്രോഫികള്‍ കണ്ടു. തുടര്‍ന്ന് മാനേജുമെന്റ് പ്രിന്‍സിപ്പാളിന്റെ മുറിയില്‍ ഒരു ചില്ലലമാര നിര്‍മ്മിച്ചു. ട്രോഫികള്‍ അതിലേക്ക് മാറ്റി. ഹിലാല്‍ ബാബു അനിലിനോട് പറഞ്ഞു: ”നീ ഇവിടെ നിന്നും പോകുമ്പോഴേക്കും ഈ അലമാര നിറയണം.” മൂന്നാം കൊല്ലം എംഎസ്എം കോളജിലെ പഠനം കഴിഞ്ഞിറങ്ങുമ്പോള്‍ ഹിലാല്‍ ബാബുവിന് കൊടുത്ത വാക്ക് പികെ നിറവേറ്റിയിരുന്നു.

ലഹരി കുടിച്ചു തീര്‍ത്ത ജീവിതം

”നിങ്ങളുടെ പതനത്തിലാണ്

നിങ്ങള്‍ക്ക് ചിറകുകള്‍ ലഭിക്കുക”

(ജലാലുദീന്‍ റൂമി)

പികെയെ ഓര്‍ക്കുമ്പോഴൊക്കെ ‘മാളമില്ലാത്ത പാമ്പ് ’ എഴുതിയ കവി അയ്യപ്പന്‍ മനസിലേക്ക് ഒരു കടന്നു വരുന്നുണ്ട്. പ്രണയത്തിന്റെയും ലഹരിയുടെയും നിഷേധത്തിന്റെയും അരാജകവഴിയിലൂടെയുള്ള ഒറ്റ നടത്തമായിരുന്നു പികെയുടേത്. ഒരിക്കല്‍ മലയാള മനോരമയുടെ പത്രാധിപ സമിതിയിലേക്ക് പികെയെ തിരഞ്ഞെടുത്തു. ഒടുവിലത്തെ വ്യക്തിഗത അന്വേഷണത്തില്‍, ലഹരിയില്‍ മുങ്ങിപ്പോയ ജീവിതത്തില്‍ തട്ടി അത് നഷ്ടപ്പെട്ടു. ഒട്ടേറെ അവസരങ്ങള്‍ അങ്ങനെ നഷ്ടപ്പെട്ടു. ഇതോടെ മുറിവേറ്റ ബുദ്ധശിരസ്സുംപേറി ഒരു അവധൂതനെപ്പോലെ അയാള്‍ അലഞ്ഞു നടന്നു. പ്രണയവും പ്രഭാഷണവും ലഹരിപോലെ കോരിക്കുടിക്കുകയായിരുന്നു പികെ. പ്രണയം ജീവിതത്തെ ഏറ്റവും സംഗീതമാക്കുന്ന അവസ്ഥയാണെന്ന് പികെ പറയും. ”ജീവിതത്തിന്റെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥകളിലൂടെ കടന്നുപോയപ്പോഴൊക്ക അതിനെ അതിജീവിക്കാനും, വാക്കിന്റെ വഴിയെ പോകാന്‍ ഉള്‍ക്കരുത്തേകിയതും പ്രണയമാണ്. ജീവിതം നല്‍കാന്‍ മടിക്കുന്നതൊക്കെയും ജീവിച്ചുകൊണ്ടുതന്നെ ജീവിതത്തോട് വാങ്ങിക്കാന്‍ പ്രചോദിപ്പിക്കുന്നത് പ്രണയമാണ്. അകന്നു മറഞ്ഞ പ്രണയിനികള്‍ കുറച്ചുകാലമെങ്കിലും എന്റെ സ്വത്വത്തെ തകര്‍ത്തുകളഞ്ഞു എന്നതും സത്യമാണ്. കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ…” എന്ന് ഒരു നെടുവീര്‍പ്പോടെ പികെ പറഞ്ഞു നിര്‍ത്തി. കുടിച്ചുതീര്‍ത്ത ലഹരിയെപ്പറ്റി ചോദിച്ചപ്പോള്‍ പികെയുടെ മറുപടി ഇങ്ങനെ: ”ഫൈസ് അഹമ്മദ് ഫൈസ് എന്ന ഉറുദു കവി ഒരിക്കല്‍ പറഞ്ഞു: നിങ്ങളെന്നെ കുടിയനെന്ന് വിളിക്കരുത്. ഞാന്‍ കുടിച്ചുതീര്‍ത്ത കണ്ണീരിനോളം വരില്ല കുടിച്ചു തീര്‍ത്ത ലഹരി.” ജീവിതത്തെ എത്രത്തോളം ആഴത്തില്‍ മുറിവേല്‍പ്പിക്കാമോ അത്രത്തോളം ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും സ്വന്തം ഹൃദയത്തെ ഗുരുതരമായി നിന്ദിക്കുകയും ചെയ്ത ദസ്തയേവ്സ്കിയുടെ മുഖമായിരുന്നു അപ്പോള്‍ പികെയ്ക്ക്.

പരാജയപ്പെട്ട എ സമ്പത്തും ജി എസ് പ്രദീപും

‘ഒന്നു തന്നല്ലയോ നിങ്ങളും ഞാനു-

മിക്കാടും കിനാക്കളുമണ്ഡകടാഹവും.”

(ഡി വിനയചന്ദ്രന്‍)

കാലം തൊണ്ണൂറുകള്‍. കാമ്പസുകളിലെ പ്രസംഗപീഠങ്ങള്‍ക്കു പിന്നില്‍ ഉച്ചസൂര്യനെപോലെ പികെ തിളങ്ങി നില്‍ക്കുന്ന സമയം. കാമ്പസിനു പുറത്തുള്ള പ്രസംഗ മല്‍സരങ്ങളിലും പികെ പങ്കെടുത്തിരുന്നു. അതില്‍ പല പ്രഗല്‍ഭരും പികെയുടെ വാഗ്ധോരണിക്ക് മുന്നില്‍ അടിയറവു പറഞ്ഞു. തിരുവനന്തപുരത്ത് കെ ബാലകൃഷ്ണന്‍ സ്മാരക പ്രസംഗ മല്‍സരത്തിന്റെ ഫൈനലില്‍ പികെ ഏറ്റുമുട്ടിയത് അശ്വമേധം ഫെയിം ജി എസ് പ്രദീപിനോട്. മല്‍സരത്തില്‍ പി കെ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു. പിന്നീട് അശ്വമേധത്തിന്റെ ഒരു എപ്പിസോഡില്‍ പി കെ അല്‍ കുമാറിന്റെ പ്രഭാഷണകലയെപ്പറ്റി ജി എസ് പ്രദീപ് ആവേശത്തോടെ ഓര്‍മ്മിച്ചു. കോട്ടയത്ത് സംസ്ഥാന യുവജനമേള നടക്കുന്നു. വാക്കുകളെ കാട്ടാറിന്റെ സംഗീതമാക്കിയ മുന്‍ എംപി എ സമ്പത്തും പികെയും നേര്‍ക്കുനേര്‍. സമ്പത്ത് പരാജയപ്പെട്ടു. സമ്പത്ത് പിന്നീട് പ്രസംഗ മല്‍സരത്തില്‍ പങ്കെടുത്തിട്ടില്ല എന്നത് ചരിത്രം.

പരാജയപ്പെടുന്നവനാണ് ജീവിതത്തെ അറിയുന്നത് 

”ചുവന്ന ചിറകുള്ള പക്ഷികള്‍

ഉയര്‍ന്ന വയല്‍ച്ചെടികള്‍ക്കു

മുകളിലൂടെ

പറക്കുന്നതുപോലെ

ഏപ്പോഴും ഞാന്‍

വേനലിന്റെ

വേദനാ ശബ്ദം

മാത്രം കേള്‍ക്കുന്നു.”

(അന്ന അഖ്മത്തോവ)

1989ലെ സംസ്ഥാന യുവജനമേള നടക്കുന്നു. മേള ഉദ്ഘാടനം ചെയ്തതുകൊണ്ട് എം എന്‍ വിജയന്‍ പറഞ്ഞു: ”വിജയിക്കുന്നവന്‍ ലോകത്തെ അറിയുന്നില്ല. പരാജയപ്പെട്ടവനാണ് ലോകത്തെ അറിയുന്നത്.” മാഷിന്റെ വാക്കുകള്‍ ദുരന്ത മുനമ്പുകളില്‍ അതിജീവനമന്ത്രമായി മാറിയെന്ന് പികെ. പ്രഭാഷണകലയിലെ വചനവഴികളില്‍ പികെ ആദരവോടെ കൂടെക്കൂട്ടിയത് വിജയന്‍ മാഷിനെയും അഴീക്കോട് മാഷിനെയും. അഴീക്കോട് സാഗരം പോലെയാണ് എന്ന് അനിലിന്റെ സാക്ഷ്യം. സാഗരത്തിന്റെ തിരയിളക്കം അടങ്ങുന്നില്ല. പ്രഭാഷണം തീര്‍ന്നാലും അതിന്റെ അലയൊലികള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. സാമൂഹിക അനീതിക്കെതിരെയും ഫാസിസത്തിനെതിരെയും വര്‍ഗീയതക്കെതിരെയും പികെ വാക്കുകളില്‍ തീര്‍ക്കുന്ന പ്രതിരോധം സാംസ്കാരിക ചരിത്രം അടയാളപ്പെടുത്തിക്കഴിഞ്ഞു. ഇരുപത്തി അയ്യായിരം വേദികളിലാണ് പികെ വാക്കുകളില്‍ പെയ്തിറങ്ങിയത്. ഇരുനൂറിലധികം പുരസ്കാരങ്ങള്‍ ഇതിനോടകം ലഭിച്ചു. പ്രഭാഷണകലയുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് ‘പ്രഭാഷണകലയിലെ വചന വഴികള്‍’ എന്നൊരു പുസ്തകവും പികെ എഴുതിയിട്ടുണ്ട്. പുസ്തകത്തിന്റെ നാലാംപതിപ്പ് ഉടന്‍ പുറത്തിറങ്ങും. ‘കെ എന്‍ പി കുറുപ്പ്-പോരാട്ടവഴികളിലെ അക്ഷരസൂര്യന്‍’, ‘അയ്യങ്കാളിയുടെ ചരിത്രവഴികള്‍’(മൂന്ന് പതിപ്പുകള്‍), ‘ചട്ടമ്പിസ്വാമികള്‍ ജീവിതം ദര്‍ശനം’ (എല്ലാ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത് സൈന്ധവ ബുക്സ്) എന്നിവയാണ് മറ്റു പുസ്തകങ്ങള്‍.

നൃത്തം ചെയ്യുന്ന വാക്കുകള്‍ 

”പാറയുടെ കരുത്തില്‍ നിന്ന്

നിനക്കൊരാലിംഗനം

ചോരയുടെ ഈറനില്‍ നിന്ന്

നിനക്കൊരു മഞ്ചാടിമാല”

(എ അയ്യപ്പന്‍)

പികെയുടെ പ്രഭാഷണങ്ങള്‍ ശ്രോതാക്കളുടെ ഹൃദയങ്ങളിലേക്ക് മുഴക്കത്തോടെ പെയ്തിറങ്ങുന്ന പേമാരിയാണ്. അക്ഷരമാലയിലെ ഏറ്റവും തിളക്കമുള്ളവ നക്ഷത്രങ്ങളെപോലെ വന്ന് നൃത്തംചെയ്യും. പെരുമ്പടവത്തിന് വയലാര്‍ അവാര്‍ഡു കിട്ടിയപ്പോള്‍ തിരുവനന്തപുരത്ത് മലയാള സമിതി സ്വീകരണം നല്‍കി. സ്വാഗതം പറഞ്ഞത് പികെ. തുടര്‍ന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഏഴാച്ചേരി പറഞ്ഞു: ”വീടിനേക്കാള്‍ വലിയ പടിപ്പുര കെട്ടിക്കഴിഞ്ഞു. ഇനി ഞാന്‍ എന്തു പറയാന്‍.” മൈനാഗപ്പള്ളിയിലെ ‘നിള’യെന്ന ഒറ്റവീടിന്റെ അകത്തളത്തില്‍ ജനാലയ്ക്കരികിലിരുന്ന് ഏകാന്തതയുടെ അമാവാസിയില്‍ പികെ മനസിന്റെ അറകളിലേക്ക് വാക്കുകളെ കരുതല്‍ തടങ്കലിലാക്കുന്നു. രാവിലെ വി ജെ ജെയിംസിന്റെ ‘നിരീശ്വരന്‍ നോവല്‍ പരിചയപ്പെടുത്തല്‍.ഉച്ചയ്ക്ക് ചിന്മയ മിഷന്‍ സ്കൂളില്‍ ‘ആധുനിക ഭാരതത്തില്‍ ഗാന്ധിസത്തിന്റെ പ്രസക്തി’ എന്ന വിഷയത്തില്‍ പ്രഭാഷണം. വൈകിട്ട് ‘മതനിരപേക്ഷത നേരിടുന്ന വെല്ലുവിളി’ എന്ന വിഷയത്തില്‍ പ്രഭാഷണം, രാത്രി എട്ടിന് ക്ലബിന്റെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം.… പികെ തിരക്കിലാണ്.