June 7, 2023 Wednesday

 ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം

Janayugom Webdesk
December 22, 2019 12:17 pm

ഡോ. ജോര്‍ജ് ഓണക്കൂര്‍

നക്ഷത്രവിളക്കുകള്‍ തെളിയുന്ന ക്രിസ്തുമസ് രാത്രി ഒരു സ്വപ്നംപോലെ മനസിനെ ആഹ്ലാദഭരിതമാക്കുന്നു. ധനുമാസക്കുളിരുമായി കടന്നുവരുന്ന കാറ്റില്‍ കരോള്‍ ഗീതങ്ങളുടെ ഹൃദയസ്പര്‍ശം പങ്കുവയ്ക്കുന്ന സൗഹൃദങ്ങളുടെ മധുരം എങ്ങും മാനവികതയുടെ അനുഭൂതി പകരുന്നു. ക്രിസ്തുമസ് സ്നേഹത്തിന്റെ ആഘോഷവേളയാണ്. തിരുപ്പിറവിയുടെ പുളകങ്ങള്‍, ആകാശദീപങ്ങള്‍. കഷ്ടപ്പാടുകളുടെ ഇരുട്ടില്‍ അലയുന്നവര്‍ക്ക് പ്രത്യാശയുടെ സഞ്ചാരപഥം തെളിഞ്ഞു കിട്ടുന്നു. ദുഃഖിതര്‍ക്ക് ആശ്വാസകരമായ അറിയിപ്പ്. ബന്ധിതര്‍ക്ക് മോചനം. പുറംതള്ളപ്പെട്ടവര്‍ക്ക് പരിരക്ഷണം. കാലങ്ങളായി അധികാരവും സമ്പത്തും കൈയാളിയിരുന്ന പുരോഹിതന്മാരും നിയമജ്ഞരും സാധാരണജനങ്ങളുടെ ജീവിതം കഷ്ടതരമാക്കി. യഹൂദമതമേധാവിത്തവും റോമന്‍ ഭരണകൂട ഭീകരതയും കൈകോര്‍ത്തു. ദേവാലയങ്ങള്‍ പോലും കവര്‍ച്ചക്കാരുടെ ഗുഹകളായി രൂപാന്തരപ്പെട്ടു. ഈ ദുരന്തങ്ങളില്‍ ദുരിതമയമായിത്തീര്‍ന്ന ജനജീവിതത്തില്‍ ഒരു നക്ഷത്രോഭയം അനിവാര്യമായിരുന്നു. നൂറ്റാണ്ടുകളായി നിലനിന്ന രക്ഷയുടെ വാഗ്ദാനത്തിന്റെ നിറവേറല്‍. ഒടുവില്‍ അതു സംഭവിക്കുന്നു.

വിമോചനത്തിന്റെ കാലപ്പിറവി. ലൂക്കോസിന്റെ സുവിശേഷം ഇങ്ങനെ അടയാളപ്പെടുത്തുന്നു. ”ദൈവദൂതനായ ഗബ്രിയേല്‍ ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍, ദാവീദിന്റെ വംശത്തില്‍പ്പെട്ട യൗസേപ്പ് എന്നു പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക് ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളെ അറിയിച്ചത് ഇങ്ങനെ: ‘കൃപ നിറഞ്ഞവേള, നിനക്കു സമാധാനം. ദൈവം നിന്നോടുകൂടെയുണ്ട്.’ ഈ വാക്കുകള്‍ കേട്ട് മറിയം പരിഭ്രമിച്ചു. എന്താണ് ഇത്തരമൊരു അഭിവാദനത്തിന്റെ അര്‍ഥമെന്ന് ആകുലപ്പെട്ടു. ‘മറിയം, നീ ഭയപ്പെടേണ്ടാ. ദൈവസന്നിധിയില്‍ നീ അനുഗ്രഹം കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന് യേശു എന്നു പേര്‍ വിളിക്കണം. അവന്‍ വലിയവനായിരിക്കും. അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. പിതാവായ ദാവീദിന്റെ സിംഹാസനം അവന് നല്‍കപ്പെടും. ജനതകള്‍ക്കിടയില്‍ അവന്‍ നീതി നടപ്പില്‍ വരുത്തും. അവന്റെ രാജ്യം ശാശ്വതമായിരിക്കും.’ നിഷ്കളങ്കയായ മറിയത്തിന്റെ മനസിലേക്ക് ആ വാക്കുകള്‍ ഇറങ്ങിച്ചെന്നു. അവള്‍ അത്യന്തം വിനീതയായി. ദൈവഹിതത്തിനു സ്വയം സമര്‍പ്പിച്ചുകൊണ്ട് പറഞ്ഞത് എന്തെന്നാല്‍, ‘ഇതാ, ഞാന്‍ ദൈവത്തിന്റെ ദാസി. അവന്റെ അനുഗ്രഹം എന്നില്‍ നിറവേറട്ടെ.’ മറിയം കൃതജ്ഞതാഗീതം ആലപിച്ചു; ‘എന്റെ ആത്മാവ് ദൈവത്തെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന് ഈ ദാസിയുടെ താഴ്മയെ നോക്കിക്കണ്ടിരിക്കുന്നു.

ഇപ്പോള്‍ മുതല്‍ സകലതലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.’ ‘ശക്തനായവന്‍ എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാകുന്നു. എളിമപ്പെടുന്നവരുടെ മേല്‍ തലമുറകള്‍തോറും അവിടുന്ന് കരുണ ചൊരിയും.’ ജനസംഖ്യാകണക്ക് എടുക്കുന്ന കാലമായിരുന്നു അത്. ലോകമെങ്ങുമുള്ള ജനത തങ്ങളുടെ സ്വന്തം നഗരത്തില്‍ പേരെഴുതിക്കുന്നതിന് പുറപ്പെട്ടു. യൗസേപ്പ് ദാവീദിന്റെ വംശത്തില്‍ പിറന്നവന്‍ ആയിരുന്നതുകൊണ്ട് ഗലീലിയിലെ നസറേത്തില്‍ നിന്ന് യൂദയായിലെ ബേത്‌ലഹേമിലേക്ക് മറിയത്തോടൊപ്പം എത്തിച്ചേര്‍ന്നു. അവിടെയായിരിക്കുമ്പോള്‍ അവള്‍ക്ക് പ്രസവസമയമടുത്തു. തിരക്കുനിമിത്തം സത്രത്തില്‍ സ്ഥലം ലഭിച്ചില്ല. ഒടുവില്‍ കാലിത്തൊഴുത്തിലെ പുല്‍ത്തൊട്ടിയില്‍ മറിയം പുത്രന് ജന്മം നല്‍കി. വയലുകള്‍ക്കരികേ ആടുകളെ പാലിച്ചുകൊണ്ട് രാപാര്‍ത്തിരുന്ന ഇടയന്മാര്‍ ആകാശത്തില്‍ വലിയ പ്രകാശം ദര്‍ശിച്ചു. ചകിതരായിത്തീര്‍ന്ന അവരുടെ നേര്‍ക്ക് സ്വര്‍ഗത്തിന്റെ സ്വരം ഊര്‍ന്നിറങ്ങി. വാനമേഘങ്ങള്‍ക്കിടയില്‍ നിന്ന് ആശ്വാസവചനം ഒഴുകിവന്നു. “ഭയപ്പെടേണ്ട. സകലജനങ്ങള്‍ക്കും അനുഭവപ്പെടുന്ന വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത നിങ്ങള്‍ അറിഞ്ഞാലും ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ പിറന്നിരിക്കുന്നു. പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ശിശുവിനെ നിങ്ങള്‍ കാണും.” ഒരു സ്തോത്രഗീതവും എങ്ങും മാറ്റൊലിക്കൊണ്ടു: “അത്യുന്നതങ്ങളില്‍ ദൈവത്തിനുസ്തുതി; ഭൂമിയില്‍ സന്മനസുളളവര്‍ക്ക് സമാധാനം!” ആട്ടിടയന്മാര്‍ ശിശുവിനെ സന്ദര്‍ശിച്ച് ആശ്വാസവും സന്തോഷവും ഉള്‍ക്കൊണ്ടു. ആകാശത്തില്‍ പുതിയ നക്ഷത്രം ഉദയംചെയ്തു; ഭൂിയില്‍ അതിന്റെ പ്രകാശം നിറഞ്ഞു. അന്ധകാരം അകന്നു പോവുകയായിരുന്നു. അധികാരത്തിന്റെ പീഡനകാലത്തിന് അവസാനം.

മതവും അധികാരവും ജനങ്ങളുടെമേല്‍ അഴിച്ചുവിട്ട ക്രൂരതകളില്‍ നിന്ന് വിമോചനം; രക്ഷയുടെ കാലിപ്പറവി. സകലമനുഷ്യര്‍ക്കും ശാന്തിയുടെ അനുഭവമാണ് ക്രിസ്തുമസ് സമ്മാനിക്കുന്നത്. പിറന്നു വീഴാന്‍ കാലിത്തൊഴുത്തിലെ പുല്‍ത്തൊട്ടിമാത്രം; ഇരുമ്പഴികള്‍ക്കുള്ളില്‍പ്പിറന്ന കൃഷ്ണനെപ്പോലെ. ലുംബിനിയിലെ മരച്ചുവട്ടില്‍ മായാദേവി ജന്മം നല്‍കിയ സിദ്ധാര്‍ത്ഥനെപ്പോലെ. യേശുവിന്റെ പിറവിത്തിരുനാള്‍ കാലദേശഭേദം കൂടാതെ ആഘോഷിക്കപ്പെടുന്നു. ജന്മസമയത്ത് പ്രത്യക്ഷപ്പെട്ട നക്ഷത്രത്തെ ഓര്‍മപ്പെടുത്തുന്ന വര്‍ണവിളക്കുകള്‍ പ്രകാശം ചൊരിയുന്നു. എങ്ങും മുഴങ്ങുന്ന കരോള്‍ ഗീതിതള്‍; കുട്ടികളുടെ ആനന്ദ നൃത്തം. വംശീയപ്രശ്നങ്ങള്‍ മുറുകുന്ന വര്‍ത്തമാനകാലത്ത്, സ്വാര്‍ത്ഥരായ മനുഷ്യരും അധികാരദുരമൂത്ത സമൂഹങ്ങളും രാഷ്ട്രങ്ങളും രക്തദാഹം പൂണ്ട് ഏറ്റുമുട്ടുമ്പോള്‍, അമ്മമാരും കുഞ്ഞുങ്ങളും ആക്രമിക്കപ്പെടുമ്പോള്‍ പ്രതിരോധത്തിന്റെ പ്രചോദനമായി ക്രിസ്തുമസ് വീണ്ടും കടന്നുവരികയാണ്. പരസ്പരം സ്നേഹിക്കാനും മാനവികതയുടെ സംഗീതത്തില്‍ മനസ് ശാന്തസുരഭിലമാകാനും ഒരു ക്രിസ്തുമസ്! ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം! നക്ഷത്രവിളക്കുകള്‍‍ നന്മയുടെ പ്രകാശം പരത്തട്ടെ. കരോള്‍ ഗീതങ്ങളില്‍ സ്വാര്‍ത്ഥതയും ഭിന്നതയും വെടി‍ഞ്ഞ് നല്ല മനസോടെ, ശിശുസഹജമായ നിഷ്കളങ്കതയോടെ, പാവപ്പെട്ട ആട്ടിടയന്മാരുടെ എളിമയോടെ ക്രിസ്തുമസിനെ വരവേല്‍ക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.