വരാപ്പുഴ കേസ്: ടൈഗര്‍ ഫോഴ്‌സിനെ വിട്ടതാരെന്ന് ഹൈക്കോടതി

Web Desk
Posted on June 21, 2018, 11:07 pm

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ റൂറല്‍ എസ്പി എ വി ജോര്‍ജിനെതിരെ ഹൈക്കോടതി. ജോര്‍ജിനെതിരെ കേസില്‍ തെളിവിന്റെ കണികപോലും ഇല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹൈക്കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്.
പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് റൂറല്‍ ടൈഗര്‍ ഫോഴ്സ് (ആര്‍ടിഎഫ്) കസ്റ്റഡിയിലെടുത്തതെന്ന് ഹൈക്കോടതി ചോദിച്ചു. സ്വന്തം ഇഷ്ടപ്രകാരം ആര്‍ടിഎഫ് പ്രവര്‍ത്തിക്കുമോ ? ആരുടെയും നിര്‍ദ്ദേശമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ആര്‍ടിഎഫ് പ്രവര്‍ത്തിക്കാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ എന്നും കോടതി ആരാഞ്ഞു.

റൂറല്‍ എസ്പിയുടെ നിയന്ത്രണത്തിലുള്ള ആര്‍ടിഎഫ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശമില്ലാതെ ആരെയെങ്കിലും കസ്റ്റഡിയിലെടുക്കുമോ എന്ന സംശയമാണ് കോടതി ഉന്നയിച്ചത്. എന്നാല്‍ ആരെയും കസ്റ്റഡിയിലെടുക്കാന്‍ റൂറല്‍ എസ്പി നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും പൊലീസ് സംഘത്തെ സ്ഥലത്തേക്ക് അയയ്ക്കുക മാത്രമാണ് ചെയ്തതെന്നും സര്‍ക്കാരിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ എ വി ജോര്‍ജിനെ കേസില്‍ പ്രതിചേര്‍ക്കാനാകില്ലെന്നും അദ്ദേഹത്തെ സംരക്ഷിക്കേണ്ടകാര്യം സര്‍ക്കാരിനില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ആര്‍ടിഎഫ് രൂപവത്കരണവുമായി ബന്ധപ്പെട്ട് റൂറല്‍ എസ്പിക്കെതിരെ അച്ചടക്ക നടപടി തുടരുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.