കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എസ്ഐ ജി.എസ് ദീപക് ഉൾപ്പടെ നാലു പേർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികള്‍. ആരോപണവിധേയനായ ഡിഐജി എ.വി.ജോർജിനെ കേസിൽ സാക്ഷിയാക്കി. പറവൂർ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. വരാപ്പുഴയിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ശ്രീജിത്ത് എന്ന യുവാവിനെ ആളുമാറി പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്.
കസ്റ്റഡിമരണത്തിന് പിന്നാലെ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തപ്പോള്‍ ആളുമാറിയാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് എന്നായിരുന്നു കണ്ടെത്തൽ. അത് മറയ്ക്കാന്‍ വ്യാജരേഖ ചമയ്ക്കാനും പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ശ്രമമമുണ്ടായി. ഇതും പൊളിഞ്ഞതോടെയാണ് ഒന്‍പത് പൊലീസുകാര്‍ പ്രതിസ്ഥാനത്ത് വന്നത്. അറസ്റ്റിന് പിന്നാലെ ശ്രീജിത്തിനെ കേസില്‍ നിന്നൊഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ പ്രദീപ് കുമാറിന്റെ പങ്കും പുറത്തു വന്നതോടെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തു. ഡിവൈഎസ്പി ജോര്‍ജ് ചെറിയാന്‍ അന്വേഷണ ഉദ്യോഗസ്ഥനായി ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് അന്വേഷണങ്ങൾക്ക് നേതൃത്വം നൽകി
you may also like this video
2018 ഏപ്രിൽ 9ന് രാത്രിയാണ് വരാപ്പുഴ ദേവസ്വംപാടത്തെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ശ്രീജിത്തിനെ എറണാകുളം റൂറല്‍ എസ്പിയുടെ സ്ക്വാഡ് കസ്റ്റഡിയില്‍ എടുക്കുന്നത്. അവിടം മുതല്‍ തുടങ്ങിയ മര്‍ദനത്തിന്റെ പേരിലാണ് പൊലീസുകാരായ സന്തോഷ് കുമാർ, സുമേഷ്, ജിതിൻ രാജ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. സ്റ്റേഷനിലെത്തിച്ച ശേഷം എസ്ഐ ജിഎസ് ദീപക്ക് ഉൾപ്പെയുള്ളവർ ക്രൂരമായി മർദിച്ചു. ഈ മര്‍ദനമാണ് മരണകാരണമായതെന്നാണ് കുറ്റപത്രം പറയുന്നത്. ശ്രീജിത്തിന്റെ അടിവയറ്റിലേറ്റ ശക്തമായ ആഘാതത്തില്‍ ചെറുകുടല്‍ ഏറെക്കുറെ അറ്റുപോയി.
ഇതടക്കം ആന്തരിക ക്ഷതങ്ങളുടെ ശാസ്ത്രിയ തെളിവുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. അപകടം വ്യക്തമായിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിച്ചത് തിരുത്താനാകാത്ത വീഴ്ചയായെന്ന് കുറ്റപത്രം പറയുന്നു.മരണം സംഭവിച്ചതോടെ രേഖകളില്‍ കൃത്രിമം നടത്തി രക്ഷപെടാന്‍ ശ്രമിച്ച പ്രതികള്‍ക്ക് കൂട്ടുനിന്നതിനാണ് വരാപ്പുഴ സിഐയായിരുന്ന ക്രിസ്പിന്‍ സാം പ്രതിയായത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്യുന്നതിന് റൂറല്‍ ടൈഗര്‍ ഫോഴ്സ് എന്ന സ്ക്വാഡിനെ നിയോഗിച്ച അന്നത്തെ എസ്പി എ.വി.ജോര്‍ജ് ആരോപണവിധേയനായിരുന്നു. എന്നാൽ കേസില്‍ പ്രതിയാക്കാതെ ക്രൈംബ്രാഞ്ച് ഇദ്ദേഹത്തെ സാക്ഷിയാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.