Janayugom Online
http://janayugomonline.com/wp-content/uploads/2018/04/sreejith-murder.jpg

വരാപ്പുഴ കസ്റ്റഡി മരണം : എസ് ഐ ജി എസ് ദീപക് അറസ്റ്റിൽ

Web Desk
Posted on April 20, 2018, 8:39 pm

കൊച്ചി : വരാപ്പുഴയിൽ ശ്രീജിത്തിന്റെ  കസ്റ്റഡി മരണത്തിൽ വരാപ്പുഴ എസ് ഐ ജി എസ് ദീപക് അറസ്റ്റിൽ. ഇന്നലെ  ആലുവ പോലീസ് ക്ലബ്ബിൽ എട്ടു മണിക്കൂറിലേറെ നേരം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഐ ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം എസ് ഐ യെ  പ്രതിപട്ടികയിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്തത്.

ശ്രീജിത്തിന്റെ അടിവയറ്റിലേറ്റ മാരകമായ മർദ്ദനമാണ് മരണകാരണമെന്ന  പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും മെഡിക്കൽ ബോർഡിന്റെയും നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ഇതേക്കുറിച്ചു അറിയുന്നതിനായിട്ടാണ് എസ് ഐ യെ ഇന്നലെ വിളിച്ചു വരുത്തിയത്. കഴിഞ്ഞ ദിവസം ഈ കേസിൽ അറസ്റ്റ് ചെയ്ത ആർ ടി എഫ്  കാരുടെ മൊഴിയിൽ  ഇവർ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിൽ എത്തിക്കുകയായിരുന്നുവെന്നും  ആ സമയത്ത് ഇത്തരത്തിൽ മാരകമായ മർദ്ദനം ശ്രീജിത്തിനെതിരെ നടത്തിയിട്ടില്ലന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്. അതിനാൽ  കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ ക്രൂരമായി എസ് ഐ  ദീപക്ക് മർദിച്ചതായുള്ള  ആരോപണം  സ്ഥിരീകരിച്ചതിനു ശേഷമാണ് അറസ്റ്റുണ്ടായത്.

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത സമയം മുതൽ എസ് ഐ ക്കെതിരെ ഗുരുതരമായ ആക്ഷേപണങ്ങളാണ് ശ്രീജിത്തിന്റെ കുടുംബം ഉന്നയിച്ചിരുന്നത്. സ്റ്റേഷനിൽ കാണാൻ ചെന്നിട്ട് ഒരു തുള്ളിവെള്ളം പോലും കൊടുക്കാൻ എസ് ഐ അനുവദിച്ചില്ലെന്നും ശ്രീജിത്തിന്റെ അമ്മ പറഞ്ഞിരുന്നു. ഈ കേസിൽ  കഴിഞ്ഞ ദിവസം അറസ്റ്റിലായ   മൂന്നു പോലീസുകാരും 14  ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ് .