വരട്ടാര്‍ പുനരുജ്ജീവനത്തിന് അഞ്ഞൂറോളം കോടി ചെലവ് പ്രതീക്ഷിക്കുന്നു: മന്ത്രി ഡോ. തോമസ് ഐസക്

Web Desk
Posted on March 26, 2018, 9:31 pm

പത്തനംതിട്ട: വരട്ടാറുമായി ബന്ധപ്പെട്ട് പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ മൊത്തത്തില്‍ അഞ്ഞൂറോളം കോടി രൂപ ചെലവാകുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ആദിപമ്പ‑വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ചെങ്ങന്നൂര്‍ വഞ്ചിപ്പോട്ടില്‍ കടവില്‍ നടപ്പാത നിര്‍മാണോദ്ഘാടനത്തിനെത്തിയ മന്ത്രി നദി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു.
വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയില്‍ ഇതുവരെ ജനകീയമായി സമാഹരിച്ച പണമാണ് ചെലവഴിച്ചിട്ടുള്ളത്. പിന്നെ ജനങ്ങളുടെ കണക്കു കൂട്ടിയാല്‍ തീരാത്ത അത്രയും സന്നദ്ധ സേവനവും. ഇനി സര്‍ക്കാരായിരിക്കും മുഖ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക. സര്‍ക്കാര്‍ നേരിട്ട് 200 കോടി രൂപയെങ്കിലും വരട്ടാറില്‍ ചെലവഴിക്കേണ്ടി വരും. നടപ്പാത, തോടുകളുടെ സംരക്ഷണ ഭിത്തി നിര്‍മാണം എന്നിവയ്ക്കായി 200 കോടി രൂപ സര്‍ക്കാര്‍ ഇവിടെ നേരിട്ട് ചെലവഴിക്കേണ്ടി വരും. ഇതിനു പുറമേ നീര്‍ത്തട മേഖലയുടെ വികസനത്തിനായി 200 കോടി രൂപ വേണ്ടിവരും. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഇതുള്‍പ്പെടെ അഞ്ഞൂറോളം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു.
നീര്‍ത്തട വികസന പരിപാടി കൂടി എടുക്കുമ്പോള്‍ നാല്, അഞ്ച് വര്‍ഷമെടുക്കും പദ്ധതി പൂര്‍ത്തിയാകാന്‍. പക്ഷേ, അടുത്ത വേനല്‍ക്കാലമാകുമ്പോഴേക്കും നടപ്പാത തീര്‍ന്നിരിക്കും. സര്‍ക്കാര്‍ ചെലവില്‍ ഇവിടെ ശാസ്ത്രീയമായി മണ്ണ് നീക്കി തുടങ്ങും. പ്രഖ്യാപിച്ചിട്ടുള്ള നാല് പാലങ്ങളുടെയും നിര്‍മാണം ആരംഭിച്ചിരിക്കും. വരട്ടാര്‍ പദ്ധതി ജനകീയമായി തുടങ്ങി സര്‍ക്കാരുമായി യോജിച്ചു കൊണ്ട് കേരളത്തില്‍ നടപ്പാക്കപ്പെടുന്ന ഏറ്റവും സമഗ്രമായിട്ടുള്ള നദീതട സംരക്ഷണ പരിപാടിയാണ്. മറ്റ് നദീ തടങ്ങളിലേക്ക് പോകുമ്പോള്‍ വരട്ടാര്‍ നിശ്ചയമായും മാതൃകയായിരിക്കും.
രണ്ടാംഘട്ടത്തിലും ജനകീയ പങ്കാളിത്തം തുടരും. ഉദാഹരണത്തിന് നടപ്പാതയുടെ ഇരുവശവും കേരളത്തിലെ എല്ലാ ഇനം മരങ്ങളുടെയും പ്രദര്‍ശന ശാലയാവണമെന്നാണ് ആഗ്രഹം. അതു മുഴുവന്‍ നട്ടു വളര്‍ത്തുക ഇവിടുത്തെ ജനങ്ങളായിരിക്കും. തൊഴിലുറപ്പിനെ ഇതിനായി ഉപയോഗപ്പെടുത്താന്‍ കഴിയും. ഇതിന്റെ സംരക്ഷണവും ജനകീയമായിരിക്കും. രണ്ടാമത് നീര്‍ത്തട ആസൂത്രണം എന്നു പറയുന്നത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയമായായിരിക്കും നടക്കുക. ജനകീയ പങ്കാളിത്തം ഇനി വര്‍ധിക്കത്തേയുള്ളു. ആദ്യ ഘട്ടത്തില്‍ സര്‍ക്കാരിന്റെ മേല്‍നോട്ടവും ഉപദേശവും മാത്രമേ ഉണ്ടായിരുന്നുള്ളു. രണ്ടാംഘട്ടത്തില്‍ നിര്‍മാണങ്ങളുടെ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. ഈ അര്‍ഥത്തില്‍ സര്‍ക്കാരിന്റെ ഇടപെടലും ജനകീയ പങ്കാളിത്തവും തമ്മിലുള്ള ഏറ്റവും നല്ല സംയോജനം വരട്ടാറില്‍ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വീണാ ജോര്‍ജ് എംഎല്‍എ, കെഎസ് സി ഇ ഡബ്ല്യു ഡബ്ല്യു എഫ് ബി ചെയര്‍മാന്‍ അഡ്വ കെ അനന്തഗോപന്‍, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ പ്രതിനിധി അഡ്വ. എന്‍. രാജീവ്, തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കന്മാര്‍, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.