Web Desk

മുംബൈ

November 18, 2020, 2:24 pm

വരവരറാവുവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി ഉത്തവ്

Janayugom Online

ഭീമ കൊറേഗാവ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. മുംബൈയിലെ തലോജ ജയിലിൽ അവശനിലയിൽ കഴിയുന്ന 81 വയസുള്ള റാവുവിനെ നാനാവതി ആശുപത്രിയിലേയ്ക്ക് മാറ്റാനാണ് നിർദ്ദേശം. വരവരറാവു മരണകിടക്കയിലാണെന്നും ചികിത്സ അത്യാവശ്യമാണെന്നും ജസ്റ്റിസുമാരായ എസ് എസ് ഷിൻഡെ, മാധവ് ജാംധാർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പതിനഞ്ച് ദിവസത്തിനകം മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കണം. ചികിത്സാച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം. ബന്ധുക്കള്‍ക്ക് ആശുപത്രി മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് അദ്ദേഹത്തെ സന്ദര്‍ശിക്കാം. കോടതിയുടെ അനുമതിയില്ലാതെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭാര്യ പി ഹേമലത നല്‍കിയ ഹര്‍ജിയിൽ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങാണ് ഹാജരായത്.

റാവുവിനെ ക്രൂരമായാണ് തടവിലാക്കിയിരിക്കുന്നതെന്ന് അവർ പറഞ്ഞു. അദ്ദേഹം മരിച്ചതിനുശേഷം കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ എന്ത് വില നൽകാൻ കഴിയും? മരണം ആർക്കും തടയാൻ കഴിയില്ല. എന്നാൽ എല്ലാവരും മാന്യമായി മരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. സർക്കാർ ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന് എൻഐഎ നിലപാടെടുത്തപ്പോൾ, നാനാവതി ആശുപത്രിയിലേക്ക് മാറ്റുന്നതിനെ മഹാരാഷ്ട്ര സർക്കാർ എതിർത്തില്ല. ഭീമ കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ 2018 ഓഗസ്റ്റിലാണ് വരവരറാവു അറസ്റ്റിലായത്. മെയ് മാസത്തില്‍ അബോധാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ജെ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ അലംഭാവം കാട്ടുന്നതായി ജയില്‍ അധികൃതര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. അഭിഭാഷക സുധ ഭരദ്വാജ്, വെര്‍നന്‍ ഗോണ്‍സാല്‍വസ്, ആനന്ദ് തെല്‍തുംബ്ദെ തുടങ്ങി നിരവധി മനുഷ്യാവകാശ പ്രവർത്തകരും വർഷങ്ങളായി തടവിൽ കഴിയുകയാണ്.ഭീമ കൊറേഗാവ് കേസിൽ 2018 ഓഗസ്റ്റിലാണ് വരവര റാവു അറസ്റ്റിലായത്.

Eng­lish sum­ma­ry: Var­avara Rao to be shift­ed Hospital

You may also like this video: