ചെറുപ്പത്തിൽ ജനയുഗം ആഴ്ചപ്പതിപ്പു കിട്ടുമ്പോൾ ആദ്യം നോക്കുന്നത് നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനനും ശത്രുവിന്റെ കാർട്ടൂൺ പംക്തിയായ പാച്ചൂവും കോവാലനെയുമായിരുന്നു. പിന്നെ കാണുന്നത് ബിമൽ മിത്രയുടെ വിലയ്ക്കുവാങ്ങാനിലേയും പെരുമ്പടവം ശ്രീധരന്റെ സർപ്പക്കാവിലേയും കഥാപാത്രങ്ങൾക്ക് ചിത്രീകരണം നല്കിയ ഗോപാലന്റെ ജീവൻ തുടിക്കുന്ന വശ്യമനോഹരമായ വരകളേയും ആയിരുന്നു. ജനയുഗം പത്രത്തിലെ യേശുദാസന്റെ കിട്ടുമ്മാവനേയും കണികണ്ടിട്ടാണ് വാർത്താവായനയിലേക്ക് കടന്നിരുന്നത്. ദൈനംദിന രാഷ്ട്രീയ സംഭവങ്ങളുടേയും വാർത്തകളുടേയും ചുരുക്കം യേശുദാസന്റെ മാനസപുത്രനായ കിട്ടുമ്മാവനിലൂടെ മനസിലാക്കുവാൻ സാധിച്ചിരുന്നു. ലേഖകന്മാർ എഴുതിക്കൂട്ടുന്ന വിഷയങ്ങൾ കാർട്ടൂണിസ്റ്റായ യേശുദാസൻ കിട്ടുമ്മാവനിലൂടെ ഒന്നോ രണ്ടോ വാക്കുകളിൽ പരിമിതപ്പെടുത്തി വായനക്കാരെ ബോധ്യപ്പെടുത്തും. ചുരുക്കം വാക്കുകളിലുളള ഈ തുറന്നു പറച്ചിൽ പല രാഷ്ട്രീയ വിവാദങ്ങളും ക്ഷണിച്ചുവരുത്തിയിരുന്നുവെങ്കിലും ഹാസ്യത്തിന്റെ മൗലിക തത്വശാസ്ത്രത്തിൽപ്പെടുത്തി ഒക്കെയും ഒഴുകിപ്പോയിരുന്നു. ചിരിച്ചും ചിന്തിപ്പിച്ചും രാഷ്ട്രീയ വിഷയങ്ങളിൽ പരിഹാരം കാണുകയായിരുന്നു യേശുദാസന്റെ ലക്ഷ്യം. ഏതാണ്ട് ആറു പതിറ്റാണ്ടുകാലം രചനക്കോലുമായി ഈ ഫലിത പ്രതിഭ നടത്തിയ രാഷ്ട്രീയ കാർട്ടൂൺ പ്രവർത്തനത്തിനു ഈ രംഗത്തെ കുലപതി എന്ന സ്ഥാനപ്പട്ടം അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു.
പതിനേഴാം വയസിൽ വിനോദ മാസികയായ അശോകനിൽ വരച്ചു തുടങ്ങിയ യേശുദാസനെ ഒരു കാർട്ടൂണിസ്റ്റായി വളർത്തിയെടുത്ത് പ്രശസ്തനാക്കിയത് ജനയുഗം പത്രവും ആഴ്ചപ്പതിപ്പുമാണ്. എൻജിനീയറിങ്ങിന് അഡ്മിഷൻ ലഭിക്കാതെ നിരാശനായി നടന്ന യേശുദാസൻ ഒരു ദിവസം തന്റെ ചില കാർട്ടൂണുകളുമായി ജനയുഗം ഓഫീസിലേക്ക് കയറിച്ചെന്നു. അന്ന് ജനയുഗം പ്രസിദ്ധീകരണങ്ങളുടെ രാഷ്ട്രീയ സാംസ്കാരിക ധൈഷണിക പ്രതിഭകളായിരുന്ന കാമ്പിശേരി കരുണാകരൻ, തെങ്ങമം ബാലകൃഷ്ണൻ, ഗോപിനാഥൻ നായർ തുടങ്ങിയവർ ഇരുപത്തിരണ്ടുകാരനായ കാർട്ടൂണിസ്റ്റിനെ സഹർഷം സ്വാഗതം ചെയ്തു. പുതിയ എല്ലാ കലാസാഹിത്യ പ്രതിഭകളെയും കണ്ടറിഞ്ഞു പ്രോത്സാഹിപ്പിച്ചിട്ടുള്ള തെങ്ങമവും കാമ്പിശേരിയും യേശുദാസനെക്കൊണ്ട് ജനയുഗം ആഴ്ചപ്പതിപ്പിൽ ചന്തു എന്ന കാർട്ടൂൺ പംക്തി തുടങ്ങിച്ചു. പിന്നീട് കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലയുഗത്തിന്റെ ചുമതലക്കാരനാക്കി മാറ്റി. ഇങ്ങനെ വരയും ചുമതലയുമായി കഴിയുമ്പോഴാണ് ജനയുഗം പത്രത്തിൽ ആദ്യത്തെ പോക്കറ്റ് കാർട്ടൂണായി കിട്ടുമ്മാവനു ജന്മം നല്കാൻ യേശുദാസനു അവസരം ലഭിക്കുന്നത്. ഭാരിച്ച ആ ഉത്തരവാദിത്തം യേശുദാസൻ വിടപറയുന്നതുവരെ കിട്ടുമ്മാവൻ ഒരു പോറലുപോലും ഏൽക്കാതെ കാത്തുസൂക്ഷിച്ചു. യഥാർത്ഥത്തിൽ കിട്ടുമ്മാവൻ യേശുദാസൻ തന്നെയാണെന്നു പറയാം. കാരണം കാർട്ടൂണിസ്റ്റിനെ തിരിച്ചുനിർത്തി സെെഡ് ആംഗിൾ വീക്ഷിച്ചാൽ കിട്ടുമ്മാവനുമായി കട്ടക്കട്ടയ്ക്കു ചേരും. ആ മൂക്കും, മുടിയും ചുണ്ടും ചിരിയുമൊക്കെ കണ്ടാൽ യേശുദാസനുമായി കിട്ടുമ്മാവനു നല്ല റിസംബ്ലൻസ് തോന്നിക്കും. തന്നിലെ കാർട്ടൂണിസ്റ്റിനെ കണ്ടെത്തി ലോകത്തിനു കാണിച്ചുകൊടുത്തത് മൂന്നു ഗുരുനാഥന്മാരാണെന്നു അദ്ദേഹം പറയുമായിരുന്നു. ജനയുഗത്തിലെ കാമ്പിശേരി കരുണാകരൻ, മലയാള മനോരമയിലെ കെ എം മാത്യു, ശങ്കേഴ്സ് വീക്കിലിയിലെ ശങ്കർ എന്നിവരായിരുന്നു ആ ത്രിമൂർത്തികൾ. ആ മൂവരെ ഏറെ ആദരവോടെയാണ് ഈ ശിഷ്യൻ കണ്ടിരുന്നത്.
ജനയുഗത്തിലെന്നപോലെ മലയാളത്തിലെ ലീഡിംഗ് പത്രങ്ങളിലും യേശുദാസൻ പ്രവർത്തിച്ചിട്ടുണ്ട്. മലയാള മനോരമ, ദേശാഭിമാനി, ശങ്കേഴ്സ് വീക്കിലി എന്നിവയിൽ വരച്ചു. ആ പ്രസിദ്ധീകരണങ്ങളുടെ പ്രചാരണം വർധിപ്പിക്കുവാൻ അദ്ദേഹം ശ്രമിച്ചിരുന്നു. മിസിസ് നായര്, പൊന്നമ്മ സൂപ്രണ്ട്, ജൂബാച്ചേട്ടൻ എന്നീ കാർട്ടൂൺ കഥാപാത്രങ്ങൾ പ്രസിദ്ധീകരണങ്ങളിലെ ചിരിപ്പിക്കുന്ന താരങ്ങളായിരുന്നു. 1963 മുതലാണ് വരയുടെ കുലപതിയായ ശങ്കറിന്റെ ശങ്കേഴ്സ് വീക്കിലിയിൽ യേശുദാസൻ എത്തിച്ചേരുന്നത്. ശങ്കറോടൊപ്പം ആറു വർഷം ദാസ് എന്ന പേരിൽ പ്രവർത്തിച്ചു. മനോരമയിൽ 1985‑ൽ തുടങ്ങി ഏതാണ്ട് 23 വർഷക്കാലം ജോലി ചെയ്തു. സൗമ്യനും സ്നേഹസമ്പന്നനുമായിരുന്ന യേശുദാസൻ നല്ല വാക്കുകളും സമീപനങ്ങളുംകൊണ്ട് സുഹൃത്തുക്കൾക്കു പ്രിയങ്കരനായിരുന്നു. എങ്കിലും തീക്ഷ്ണമായ വിഷയങ്ങൾക്കു മുന്നിൽ വിട്ടുവീഴ്ചയില്ലായിരുന്നു. തെറ്റുണ്ടെങ്കിൽ തിരുത്തുകയും ശിക്ഷിക്കുകയും ചെയ്യും. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലുള്ള ഒട്ടേറെ പ്രഗൽഭ വ്യക്തികളുമായ സ്നേഹബന്ധങ്ങളുണ്ടായിരിക്കുമ്പോൾ തന്നെ നിശിതമായി ഇവരെ വരകളിലൂടെ വിമർശിച്ചിരുന്നു. അതൊക്കെ ഫലിതത്തിന്റെ വരച്ചരുവിലൂടെ തണുക്കുകയും ചെയ്തു. തന്റെ കീറിയ ഷർട്ടിനെക്കുറിച്ചും ചീകി ഒതുക്കാത്ത മുടിയെക്കുറിച്ചും യേശുദാസൻ സരസമെങ്കിലും തീക്ഷ്ണമായി വരയിലൂടെ വിമർശിച്ചിട്ടുണ്ടെന്നും എന്നാൽ കാർട്ടൂണിസ്ടുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞിട്ടുണ്ട്.
ചലച്ചിത്ര രംഗത്തെ ഒട്ടനവധി സംഭാവനകൾ നല്കിയ കാർട്ടൂണിസ്റ്റായിരുന്നു യേശുദാസൻ. സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ചിട്ടുള്ള കലാകാരന്മാരുടെ കഴിവുകളെ ക്രിയാത്മകമായി പ്രോൽസാഹിപ്പിച്ച പല പ്രസിദ്ധീകരണങ്ങളുടെയും പത്രാധിപരായിരുന്നു യേശുദാസൻ. ഇതിനുവേണ്ടി കട്ട് കട്ട്, അസാധു, ടിക് ടിക് എന്നീ ഹാസ്യമാസിക പ്രസിദ്ധീകരിച്ചു. സിനിമകളിലെ തെറ്റുകൾ തിരുത്തുക മാത്രമല്ല ഭാഗ്യന്വേഷികളായ കലാകാരന്മാരെ മാസികകളിലൂടെ പരിചയപ്പെടുത്തി അവർക്ക് അവസരങ്ങൾ ഉണ്ടാക്കിക്കൊടുക്കുവാനും ഈ കാരുണ്യവാനായ പത്രാധിപർ ശ്രമിച്ചിരുന്നു.
ഏതാനും സിനിമകളിൽ നേരിട്ടു ഇടപെടാനും യേശുദാസന് അവസരം ലഭിച്ചിട്ടുണ്ട്. എ ടി അബുവിന്റെ എന്റെ പൊന്നുതമ്പുരാൻ എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് യേശുദാസനായിരുന്നു. അതുപോലെ ഹാസ്യസാഹിത്യകാരനായിരുന്ന വേളൂർ കൃഷ്ണൻ കുട്ടിയുടെ പഞ്ചവടിപ്പാലം കെ ജി ജോർജ് സംവിധാനം ചെയ്തപ്പോൾ സംഭാഷണമെഴുതിയത് യേശുദാസായിരുന്നു. അഴിമതിയും കെടുകാര്യസ്ഥതയുമായി ഒരു പഞ്ചായത്തു ഭരിച്ച പ്രസിഡന്റിന്റേയും ഭാര്യയുടെയും കൂട്ടാളികളുടെയും കഥ മുഴുനീള സറ്റയറാക്കുന്ന യേശുദാസന്റെ സംഭാഷണ മികവ് ചിരിയുടെ വിശാലമായ ലോകത്തിലേക്കാണ് വഴിതുറക്കുന്നത്. നെടുമുടി വേണുവും സുകുമാരിയും ശ്രീനിവാസനുമൊക്കെ കഥാപാത്രമായി വരുന്ന പഞ്ചവടിപ്പാലത്തിൽ സന്ദർഭോചിതം അവർക്കിണങ്ങുന്ന ഡയലോഗിലൂടെ മികച്ച താരങ്ങളാക്കി മാറ്റാൻ യേശുദാസനു കഴിഞ്ഞിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട രാഷ്ട്രിയ കാർട്ടൂണിസ്റ്റായ യേശുദാസൻ ചിരിയുടെ വരദാനമായി എന്നും നമുക്കിടയിൽ ജീവിക്കും.
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.