Web Desk

കോഴിക്കോട്

September 05, 2020, 9:48 pm

സ്വാതന്ത്ര്യസമര പോരാളികളുടെ നിഘണ്ടുവിൽ വാരിയം കുന്നത്ത് ഹാജിയില്ല

Janayugom Online

മലബാർ കലാപത്തെയും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ഹിന്ദു വിരുദ്ധമായി ചിത്രീകരിച്ചുകൊണ്ടുള്ള സംഘപരിവാർ പ്രചാരണങ്ങൾക്ക് പിന്നാലെ സാമ്രാജ്യത്വത്തിനെതിരെ കേരളത്തിൽ നടന്ന പോരാട്ടത്തെയും സ്വാതന്ത്ര്യ സമര പോരാളികളെയും ചരിത്രത്തിൽ നിന്ന് തുടച്ചു മാറ്റാനുള്ള നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. കഴിഞ്ഞ വർഷം കേന്ദ്ര സാംസ്ക്കാരിക മന്ത്രാലയം പുറത്തിറക്കിയ സ്വാതന്ത്ര്യ സമര പോരാളികളുടെ നിഘണ്ടുവിൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ല്യാരും ഇടംപിടിച്ചിരുന്നു. 

ഇതിനെതിരെ ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയതോടെ മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ നിന്ന് ഈ ഭാഗങ്ങൾ അടങ്ങിയ നിഘണ്ടുവിന്റെ അഞ്ചാം വോള്യം പിൻവലിച്ചു. നിഘണ്ടു തയ്യാറാക്കിയ ഇടത്- ഇസ്‌ലാമിസ്റ്റ് ആശയക്കാരുടെ പിന്തുണയോടെയാണ് വാരിയം കുന്നൻ പട്ടികയിൽ ഇടംപിടിച്ചതെന്നും തെറ്റ് മനസ്സിലാക്കി കേന്ദ്ര സർക്കാർ അത് പിൻവലിക്കുകയായിരുന്നുവെന്നുമാണ് ബിജെപി നേതാക്കൾ വ്യക്തമാക്കുന്നത്. 

കഴിഞ്ഞ വർഷമാണ് കേന്ദ്ര സാംസ്ക്കാരിക മന്ത്രാലയവും ഐസിഎച്ച്ആറും സംയുക്തമായി രാജ്യത്തെ സ്വാതന്ത്ര്യ സമര പോരാളികളുടെ പേരുവിവരങ്ങൾ അടങ്ങിയ സമ്പൂർണ്ണ നിഘണ്ടു പുറത്തിറക്കിയത്. ഇതിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ല്യാരുടെയും വിവരങ്ങൾ ചേർത്തിരുന്നത്. ആന്ധ്ര, തെലങ്കാന, കർണ്ണാടക, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ സമര പോരാളികളെക്കുറിച്ചുള്ള വിവരങ്ങളാണ് വോള്യം അഞ്ചിൽ ഉൾപ്പെട്ടിരുന്നത്. ഇതാണ് വെബ് സൈറ്റിൽ നിന്നും പിൻവലിച്ചത്. 

വാരിയം കുന്നനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് അബു പുതിയ സിനിമ പ്രഖ്യാപിച്ചതോടെ ബിജെപി സിനിമക്കെതിരെ രംഗത്തെത്തിയിരുന്നു. മലബാർ കലാപത്തിൽ നടന്നത് ഹിന്ദു കൂട്ടക്കൊലയാണെന്നും വാരിയൻ കുന്നൻ വർഗ്ഗീയവാദിയാണെന്നുമായിരുന്നു ബിജെപിയുടെ പ്രചരണം. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി സിനിമയെടുക്കുമെന്ന് ബിജെപി നേതാവും സംവിധായകനുമായ അലി അക്ബറും പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ ബിജെപി വാരിയം കുന്നത്തിനെതിരെ വ്യാജ പ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് കേന്ദ്ര സാംസ്ക്കാരിക വകുപ്പിന്റെ നിഘണ്ടുവിലെ വിവരങ്ങൾ പുറത്തുവന്നത്. ഇതോടെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ഉൾപ്പെടെ വാരിയം കുന്നത്ത് ഉൾപ്പെട്ട ഭാഗങ്ങൾ നീക്കം ചെയ്യണമെന്നാശ്യപ്പെട്ട് രംഗത്ത് വരികയായിരുന്നു.

ENGLISH SUMMARY:variam kun­nath haji is not in the dic­tio­nary of free­dom fighters
You may also like this video