കൃഷി നശിപ്പിച്ച വെട്ടുകിളികളെ അങ്ങനെ വിടില്ല, വെട്ടുകിളി റോസ്റ്റ് മുതല്‍ ബിരിയാണി വരെ; പുതിയ ഭക്ഷണം വൈറല്‍

Web Desk

ന്യൂഡല്‍ഹി

Posted on June 02, 2020, 6:51 pm

രാജ്യത്ത് വെട്ടുകിളി ശല്യം രൂക്ഷമായത് കര്‍ഷകര്‍ക്ക് കണ്ണീരിന്റെ ദിനങ്ങളാണ് സമ്മാനിച്ചത്. വന്‍ കൃഷിനാശമാണ് ഇവ ഉണ്ടാക്കുന്നത്. ലക്ഷകണക്കിന് വരുന്ന വെട്ടുകിളികള്‍ ഇരുപത്തിനാല് മണിക്കൂറില്‍ 35000 ആളുകള്‍ക്ക് ഉള്ള ഭക്ഷണമാണ് കഴിക്കുന്നത്. കോവിഡിന് പിന്നാലെ രാജ്യം ഭക്ഷ്യക്ഷാമത്തിലേക്കും പോകുമെന്ന് പ്രവചനങ്ങള്‍ നമ്മളെ ഭയപ്പെടുത്തിയിരുന്നു. ഇവയെ തുരത്താന്‍ തീയും പാത്രം കൊട്ടലുമായി ജനങ്ങള്‍ പഠിച്ച പണികള്‍ പതിനെട്ടും നോക്കുകയാണ്.

എന്നാല്‍ വെട്ടുകിളികളെ വെറുതെ വിടാന്‍ ഒരുക്കമല്ല ചിലര്‍. മനുഷ്യരുടെ ഭക്ഷണം കഴിക്കുന്ന വെട്ടുകിളികളെ തന്നെ വെറൈറ്റി ഡിഷാക്കി മാറ്റുകയാണ് ചിലര്‍. വിചിത്രമായ ഈ വെട്ടുകിളി ഭക്ഷണം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്‍ ചര്‍ച്ചയാവുകയാണ്. വെട്ടുകിളി കറികള്‍ ആക്കിയതും, പൊരിച്ചതും കൂടാതെ ബിരിയാണിയും   ഗ്രാമങ്ങളില്‍ പരീക്ഷിക്കുകയാണ്. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു.

വെട്ടുകിളികളെ ജീവനോടെ പിടിച്ച് വില്‍പന നടത്തുന്നവരുമുണ്ട്.  ഹോട്ടലുകളില്‍ ബിരിയാണികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത കൂടാതെ വെട്ടുകിളികളെ എങ്ങനെ പാചകം ചെയ്യാന്‍ കഴിയുമെന്ന് ഓണ്‍ലൈനില്‍ തിരയുന്നവരും കുറവല്ല. സര്‍ക്കാര്‍ വെട്ടുകിളികളെ തുരത്താന്‍ പരിശ്രമിക്കുമ്‌പോള്‍ ഈ പുതിയ പരീക്ഷണം ഇനി എന്ത് തരം രോഗം കൊണ്ടു വരുമെന്ന് കണ്ടറിയേണ്ടതുണ്ട്. നിലവില്‍ തമിഴ്‌നാട്ടിലെ കൃഷ്ണഗിരി, നീലഗിരി ജില്ലകളില്‍ വെട്ടുകിളികള്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ENGLISH SUMMARY:variety locust dish­es
You may also like this video