ലോകപൈതൃക പട്ടികയിൽ ഇടംപിടിച്ച പശ്ചിമഘട്ടത്തിലെ വിസ്മയങ്ങൾ അവസാനിക്കുന്നില്ല. നീലഗിരി ജൈവ മണ്ഡലത്തിന്റെ ഭാഗമായ വയനാട് ജില്ലയിലെ കാട്ടിമട്ടം ചോലവനത്തോട് ചേർന്ന് കിടക്കുന്ന തൊള്ളായിരം മേഖലയിൽ നിന്നും ശാസ്ത്രലോകത്തിന് ഇതുവരെ അജ്ഞാതമായിരുന്നതും, അതീവ സുന്ദരമായ പൂക്കൾ വിരിയുന്നതുമായ സൊണറില്ല ജനുസ്സിൽപ്പെടുന്ന പുതിയയിനം സസ്യത്തെ കണ്ടെത്തി.
കഴിഞ്ഞ അഞ്ച് വർഷത്തെ നീരീക്ഷണത്തിലൂടെ ഗവേഷകർ കണ്ടെത്തിയ ചെടിക്ക് സൊണറില്ല സുൽഫി എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. സ്വർണ്ണയില എന്നറിയപ്പെടുന്ന ഈ ജനുസ്സിലെ സസ്യങ്ങളുടെ ഉത്ഭവസ്ഥാനമായി പശ്ചിമഘട്ടത്തെ കണക്കാക്കുന്നു. ലോകത്താകെ ഈയിനത്തിൽ 183 ൽ പരം സസ്യങ്ങളാണുള്ളത്. ഈ വിഭാഗത്തിൽപ്പെടുന്ന ഇതര സസ്യങ്ങളിൽ നിന്നും വിഭിന്നമായി ശാഖകളായി പിരിയുന്ന പൂങ്കുല ഇവയെ വ്യത്യസ്തമാക്കുന്നു. ഈ മേഖലയിലാകെ 55 സസ്യങ്ങളെ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്നതിനാൽ അതീവ സംരക്ഷണ പ്രാധാന്യമുള്ള സസ്യങ്ങളുടെ ഗണത്തിൽ ഇവയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണ പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സൗദ്യ അറേബ്യയിലേ പ്രിൻസ് സത്തം ബിൻ അബ്ദുൽ അസിസ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. എം എം സുൽഫിയോടുള്ള ആദരവായാണ് ഈ സസ്യത്തിന് സൊണറില്ലാ സുൽഫിയ് എന്ന് നാമകരണം നൽകിയിട്ടുള്ളത്. ഈ ശാസ്ത്ര കണ്ടെത്തലിനു പിന്നിൽ വയനാട്ടിലെ പരിസ്ഥിതി പ്രവർത്തകനായ എം. എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ പിച്ചൻ എം സലിം, ആലപ്പുഴ സനാതന ധർമ്മ കോളജിലെ സസ്യശാസ്ത്ര അധ്യാപകനായ ഡോ. ജോസ് മാത്യു, തൃശ്ശൂർ കേരള ഫോറസ്റ്റ് റിസർച്ച് സെന്ററിലെ ഡോ. ഹൃതിക് തുടങ്ങിയവരാണ്. കണ്ടെത്തൽ സംബന്ധിച്ച ശാസ്ത്ര പ്രബന്ധം അന്താരാഷ്ട്ര സയന്റിഫിക് ജേർണലായ ഫൈറ്റോ ടാക്സയുടെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ENGLISH SUMMARY: Variety plant in western ghat
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.