കെ ഒ ജോസ്

പാവറട്ടി

February 23, 2020, 10:18 pm

‘അൻസാരി കാപ്പിക്കട’യിൽ കപ്പലണ്ടിയാണ് താരം

Janayugom Online

കാപ്പിയോടൊപ്പം എണ്ണപ്പലഹാരങ്ങൾ എന്ന ശീലം മാറ്റുകയാണ് ചേറ്റുവായിലെ ‘അൻസാരി കാപ്പിക്കട’. ഇവിടെ ചുക്കുകാപ്പിയും കപ്പലണ്ടിയുമാണ് താരങ്ങൾ. രണ്ടും കലർപ്പില്ലാത്തതും ശരീരത്തിന് ദോഷം ചെയ്യാത്തതുമാണെന്നത് കടയുടമ മുഹമ്മദും ഗുണഭോക്താക്കളും സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ചു വർഷമായി ദേശീയ പാതയോരത്ത് ഗവ. യു പി സ്ക്കൂളിന് എതിർവശത്ത് പുതുവീട്ടിൽ മുഹമ്മദും അദ്ദേഹത്തിന്റെ സഹധർമിണി കദീജയും കൂടിയാണ് ഈ കട നടത്തുന്നത്. വൈകീട്ട് 6 മണി മുതൽ തുടങ്ങുന്ന ‘കാപ്പി-കപ്പലണ്ടി’ സൽക്കാരം അർദ്ധരാത്രി വരെ നീണ്ട് നിൽക്കും.

പ്രത്യേക കൂട്ടാണ് ഇവിടത്തെ ചുക്ക് കാപ്പിക്ക്. ചുക്കിന് പുറമേ കൽക്കണ്ടം, ശർക്കര, ഗ്രാമ്പൂ, ഏലക്കായ എന്നിവ ചേർത്താണ് കാപ്പിപ്പൊടി തയ്യാറാക്കുന്നത്. 150 ഗ്ലാസ് കാപ്പിയും 15 കിലോ വറുത്ത കപ്പലണ്ടിയും ദിവസവും വിറ്റ് പോകുമെന്ന് മുഹമ്മദ് പറഞ്ഞു. ഒരു പാത്രം കാപ്പിക്കും കപ്പലണ്ടിക്കും കൂടി 20 രൂപയാണ് വില. ദേശീയപാതയോരത്തായതിനാൽ എല്ലാ വാഹനയാത്രക്കാരും ഈ കടയിൽ ചുടു ചുക്കുകാപ്പിയും കപ്പലണ്ടിയും കഴിക്കാനെത്തും. ഒരു തവണ ചുക്ക് കാപ്പി കുടിച്ചയാൾ വീണ്ടും ഇതുവഴി വന്നാൽ കാപ്പി കുടിക്കാതെ പോകാറില്ല. കാരണം ഈ രുചിക്കൂട്ടിൽ അറുപത്തിരണ്ടുകാരനായ മുഹമ്മദിന്റെ സ്നേഹം കൂടി ചാലിച്ച് ചേർത്തിട്ടുണ്ട്. ഉന്തുവണ്ടിയിലാണ് മുഹമ്മദ് ആദ്യം കാപ്പി വിറ്റിരുന്നത്. ആരോഗ്യം ക്ഷയിച്ചതോടെ വാടകക്കെടുത്ത സ്ഥലത്ത് സ്ഥിരമായി കാപ്പിക്കട തുടങ്ങി. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ നാല് മക്കളെ വളർത്തിയത് ഇതിൽ നിന്നുള്ള വരുമാനം കൊണ്ടാണ്. ഇപ്പോൾ പെൺമക്കളെ വിവാഹം കഴിച്ച് അയപ്പിക്കുക എന്ന ദൗത്യത്തിലാണ് മുഹമ്മദ്. ആരോഗ്യം ക്ഷയിക്കുന്നത് വരെ ആരോഗ്യപാനീയവുമായി ചേറ്റുവായിലുണ്ടാകുമെന്ന് മുഹമ്മദ് പറയുന്നു.

ENGLISH SUMMARY: Vari­ety tea stall

YOU MAY ALSO LIKE THIS VIDEO