ഓക്‌സിജന്‍

Web Desk
Posted on October 08, 2017, 12:05 am

കവിത :  ഇ ജി വസന്തന്‍

മസ്തിഷ്‌കം

ജ്വരം

ഓക്‌സിജന്‍

ഇവയൊന്നും

കുഞ്ഞുങ്ങള്‍ക്കറിയില്ലല്ലോ.

ചിലതെല്ലാം അറിയാം

വിശന്നാല്‍ കരയാന്‍

താരാട്ടിയാല്‍ ഉറങ്ങാന്‍

സ്‌നേഹിച്ചാല്‍ ചിരിക്കാന്‍

പക്ഷേ,

ആത്മാക്കള്‍ക്കെല്ലാം അറിയാം

കാണാന്‍,

കേള്‍ക്കാന്‍,

പറയാന്‍.

ഒരു കൂട്ടം കുഞ്ഞാത്മാക്കള്‍

അതാ സ്വര്‍ഗത്തില്‍.

അവര്‍ എത്ര പേരുണ്ട്?

അറുപതോ

എഴുപതോ

അതോ നൂറോ?

അറിയില്ല.

തങ്ങള്‍ക്കിത്തിരി പ്രാണവായു

തരാര്‍ന്നില്ലേ എന്ന ചോദ്യവുമായ്

അവര്‍ ദൈവത്തെ തിരയുന്നു.

ദൈവം അവിടെയെങ്ങുമില്ല

ശാഠ്യം പിടിച്ചു കരഞ്ഞപ്പോള്‍

ദൈവത്തിന്റെ ഓഫീസിലെ

കംപ്യുട്ടറില്‍ ലൈവായി

അതാ ദൈവം

ഭൂമിയില്‍ പശുക്കുട്ടികള്‍ക്കൊപ്പം

കളിച്ചുല്ലസിക്കുന്നു.

ഓക്‌സിജന്‍

ഗുമു ഗുമാ പുറത്തുവിട്ട്

മുതിര്‍ന്ന പശുക്കളു-

മുണ്ടായിരുന്നു ചുറ്റിലും!