വസുധേ നന്ദി

Web Desk
Posted on May 05, 2019, 8:57 am

പെരുമ്പുഴ ഗോപാലകൃഷ്ണന്‍

ഒട്ടുനരച്ച നീളന്‍മുടി പിന്നില്‍
വട്ടത്തില്‍ തുമ്പുകെട്ടി, ഒരു വെണ്‍പൂവിതള്‍ ചൂടി
കസവില്ലാച്ചെറുകരയന്‍ വേഷ്ടിയുടുത്ത്
സൗവര്‍ണസന്ധ്യാ രാഗഛായപുരണ്ട
മേല്‍മുണ്ട് ചുറ്റി, രണ്ട് കൊടമുല്ലപ്പൂക്കള്‍
കാതരികിലെ മുടിയിഴകളില്‍ തിരുകി
പച്ചിലത്തുടിപ്പിനു കിരീടം ചൂടിയ പുഞ്ചിരിയും
പുതു സങ്കല്‍പങ്ങളുടെ സിന്ദൂരപ്പൊട്ടുമണിഞ്ഞ്
കൈകോര്‍ത്തും കൗതുകം പകര്‍ന്നും
നഗരത്തിലെ നടപ്പാതയിലൂടെ
വര്‍ത്തമാനത്തിലെ അക്ഷരാനുഭൂതികള്‍ നുണഞ്ഞും
ആത്മരസത്തിന്‍ പവിഴങ്ങള്‍ പെറുക്കിയെടുത്തും
കൈകോര്‍ത്തും കഥ പറഞ്ഞും. സഖീ, നീ
എത്ര നാളെന്നോടൊപ്പം നടന്നീ വഴിയേ
ഹൃദയേശ്വരി നിന്‍ ഹൃദയതന്ത്രിയിലുണര്‍ന്ന
മൗലിക സംഗീതമായിരുന്നെനിക്കു ജീവിതം
പ്രണയാര്‍ദ്ര പ്രപഞ്ചമതില്‍ താളവട്ടപൂരകവും
ഇരു സൗഭഗങ്ങളെ നീ വളര്‍ത്തി സഖീ,
അതില്‍ താരാട്ടുതൊട്ടിലില്‍ കോര്‍ത്തിട്ട
പവിഴവളയങ്ങളിലെന്‍ ഏകാന്തമൗനമാം
ചിന്തകളുടക്കുമ്പോള്‍
കാലത്തിന്‍ കാഞ്ചനക്കണ്ണികള്‍ കാണ്‍മു ഞാന്‍
നന്മതന്‍ പല്ലവിപാടിപ്പഠിച്ചവര്‍
മാതൃസ്‌നേഹത്തിന്‍ പാഠം ചൊല്ലിയവരെന്‍ മക്കള്‍
അവര്‍ ചൊരിയുന്ന സ്‌നേഹാദ്രത വാരി-
വാരിപ്പുണരുന്നു ഞാന്‍ സഖീ, നിനക്കുവേണ്ടിയുംകൂടി
ഇന്നു നീ എവിടേയ്‌ക്കോ വിട ചൊല്ലി?
അപാരതയുടെ അങ്ങേകരയിലേക്കോ
പ്രപഞ്ചത്തിലെ വെണ്‍പൂമുഖം തേടിനടപ്പൂ ഞാന്‍
സാഗരക്കുതിപ്പിന്റെതിരമാലകള്‍ക്കിടയിലെ
ജലപരാഗമീജീവിതം
നാമതിന്റെരേണുക്കള്‍ മാത്രമായിരുന്നല്ലോ
സംഗീതവും അനുബന്ധ ചലനങ്ങളും
അവയെ പോറ്റിവളര്‍ത്തിയ രാഗതാളങ്ങള്‍
ഭദ്രേ!
വസുധയുടെ തിരുമുറ്റത്തുനിന്നും
അനന്തതയിലേക്കുള്ള യാനം എത്ര ശീഘ്രം!
ഇത്രയും നാള്‍ നമ്മെ വളര്‍ത്തിയ
വസുധയാം അമ്മേ
നിനക്കു നന്ദി!!