വസുന്ധരെ രാജെ സിന്ധ്യയെ രാജസ്ഥാനില്‍ നിന്ന് ഒഴിവാക്കുന്നു

Web Desk
Posted on July 03, 2019, 10:34 pm

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബിജെപി രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ നിന്നും മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ വസുന്ധരെ രാജെ സിന്ധ്യയെ പാര്‍ശ്വവല്‍ക്കരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ അപ്രമാദിത്വത്തിന് കുടപിടിക്കാത്തതാണ് ഇപ്പോഴത്തെ അവഗണനയ്ക്കുള്ള കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇതിന്റെ ഭാഗമായാണ് രാജസ്ഥാന്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നും സിന്ധ്യയെ ഒഴിവാക്കി ഗുലാബ് ചന്ദ് കതേരിയയെ മോഡി- അമിത് ഷാ ദ്വയം നിയോഗിച്ചത്.

ഇതിനെ തുടര്‍ന്ന് ബിജെപിയുടെ പല പരിപാടികളിലും വസുന്ധരെ പങ്കെടുക്കുന്നില്ല. കൂടാതെ ബിജെപി ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചതിലൂടെ രാജസ്ഥാനില്‍ നിന്നും വസുന്ധരെയെ ഒഴിവാക്കുകയും ചെയ്തു. ബിജെപി എംപി ആയിരുന്ന എം എല്‍ സെയ്‌നിയുടെ അനുസ്മരണ സമ്മേളനത്തില്‍ വസുന്ധരെ പങ്കെടുത്തിരുന്നു. രണ്ട് തവണ രാജസ്ഥാന്‍ മുഖ്യമന്ത്രിയും അഞ്ച് തവണ എംപിയുമായിരുന്ന വസുന്ധരെയെ ഒഴിവാക്കിയ നടപടിയില്‍ ബിജെപിക്കിടയില്‍ കടുത്ത അസ്വാരസ്യങ്ങള്‍ ശക്തമാകുന്നതായും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണ പരിപാടികളിലും വസുന്ധരെക്ക് വ്യക്തമായ പങ്ക് ഉണ്ടായിരുന്നില്ല. കഴിഞ്ഞ തവണ മുഖ്യമന്ത്രി ആയിരിക്കെ വസുന്ധരെയുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് അല്ലാത്തതാണ് ഇതിനുള്ള മുഖ്യകാരണം. ലോക്‌സഭാ സ്ഥാനാര്‍ഥികളുടെ നിര്‍ണയത്തില്‍ വസുന്ധരെ മുന്നോട്ടുവച്ച പേരുകള്‍ അംഗീകരിക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ തയ്യാറായില്ല. കൂടാതെ സംസ്ഥാന ബിജെപി അധ്യക്ഷനെ നിയമിക്കുന്നതിലും അമിത്ഷായുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് വസുന്ധരെ രാജെ സ്വീകരിച്ചത്.
വസുന്ധരയുടെ എതിര്‍ചേരിയില്‍പ്പെട്ട മദന്‍ലാല്‍ സെയ്‌നിയെ അമിത് ഷാ ബിജെപി അധ്യക്ഷനായി നിയോഗിച്ചു. 2014ല്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ തന്റെ ഇഷ്ടക്കാരെ മന്ത്രിമാരാക്കാന്‍ വസുന്ധരെ ചരടുവലിച്ചു. എന്നാല്‍ മോഡി, വസുന്ധരെ വിരുദ്ധ വിഭാഗത്തില്‍പ്പെട്ടവരെ മന്ത്രിമാരാക്കി. അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ദയനീയമായ പരാജയമാണ് ഉണ്ടായത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളിലും വിജയിച്ചതോടെ വസുന്ധരെയുടെ പ്രാധാന്യം അസ്തമിച്ചു.

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും വസുന്ധരയുടെ എതിര്‍ചേരിയില്‍പ്പെട്ടതാണ്. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന സെയ്‌നിയുടെ മരണത്തെ തുടര്‍ന്ന് ഈ സ്ഥാനത്തേയ്ക്ക് വസുന്ധരെ ചരടുവലികള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് കേവലം ദിവാസ്വപ്നമായി അവസാനിക്കാനാണ് സാധ്യത. കൂടാതെ അപ്രധാനമായ ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഗവര്‍ണറാക്കി വസുന്ധരെയെ ഒതുക്കാനാകും ബിജെപി നേതൃത്വം ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.