പണ്ട് ഒരു പള്ളീലച്ചനുണ്ടായിരുന്നു. ആ വികാരിയുടെ ജീവിതകഥകള്‍ കേട്ടാല്‍ തമാശകള്‍ പറഞ്ഞ് അക്കിടി പറ്റിയ ജോസഫ് പുത്തന്‍പുരയ്ക്കല്‍ അച്ചനും അന്തംവിട്ടുപോകും. എല്ലാ മതങ്ങളിലെയും ചില പുരോഹിതന്മാരെപ്പോലെ മതാനുയായികളുടെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും മുതലെടുത്ത് അര്‍മാദിക്കുന്ന ‘ആടുതല്ലി‘യായ കെെക്കാരനാണ് പത്രോസ്. പതിവുപോലെ പള്ളിപ്പങ്കായി പെടപെടയ്ക്കുന്ന മീനുകള്‍ പള്ളിമേടയിലെ അടുക്കളയിലുമെത്തി. അച്ചനാണെങ്കില്‍ പള്ളിയില്‍ കുര്‍ബാന നടത്തുന്നു. പത്രോസ് പള്ളിയിലേയ്ക്ക് ഓടി. അച്ചന് വചനഘോഷണത്തിന്റെ തിരക്കില്‍. വിശ്വാസികളുടെ മുന്‍നിരയില്‍ വന്ന് മുട്ടുകുത്തി നിന്ന പത്രോസ് കുരിശുവരച്ച ശേഷം ഇന്ന് മുഴുത്ത മീനുകളെ പള്ളിപ്പങ്കായി കിട്ടിയതായി അച്ചനോട് ആംഗ്യം കാട്ടി. അച്ചനാണെങ്കില്‍ ‘പച്ചയായ പുല്‍പ്പുറങ്ങളില്‍ നിന്നെ ഞാന്‍ നടത്തിക്കും’ എന്ന് വിശ്വാസികളോട് വച്ചുകീറുന്നതിനിടെയാണ് പത്രോസിന്റെ ആംഗ്യം. അടുത്ത വാചകമായി ഒരു താങ്ങ്! ‘പത്രോസേ പാതി വെപ്പാനും പാതി പൊരിപ്പാനും’… പത്രോസിന് കാര്യം മനസിലായി. പള്ളിപ്പങ്ക് മീനില്‍ പകുതി കറിവയ്ക്കാനും പകുതി പൊരിക്കാനും എന്ന്. വിശ്വാസികള്‍ അന്തിച്ചിരിക്കെ പാതിരി മൊഴിഞ്ഞു. നല്ല മുക്കുവനായ വിശുദ്ധ പത്രോസ് പറഞ്ഞിട്ടുണ്ട് കിട്ടുന്നതില്‍ പാതി നിനക്കും പാതി പള്ളിക്കുമെന്ന്.’ വിശ്വാസികള്‍ക്ക് കാര്യം ക്ലിയര്‍!
ഒരിക്കല്‍ തലസ്ഥാന ജില്ലയിലെ ഏറ്റവും ദരിദ്രമായ അടിമലത്തുറയില്‍ കരിഞ്ചുഴലി കൊടുങ്കാറ്റ് വീശി. ചുഴലി വളഞ്ഞുപുളഞ്ഞു വീശിയ ഭാഗത്തെ മരങ്ങളും കൂരകളുമെല്ലാം തകര്‍ന്ന് കാറ്റിന്റെ വഴി വളവുകള്‍ മാത്രമുള്ള ഒരു എക്സ്പ്രസ് ഹെെവേ പോലെയായി. അന്നത്തെ അടിമലത്തുറ പള്ളിയിലെ വെെദികന് പത്രം ഓഫീസുകളില്‍ (അന്ന് ചാനലുകള്‍ തലനീട്ടിത്തുടങ്ങിയിട്ടേയുള്ളു) വിളിച്ച് ചുഴലിക്കാര്യം അറിയിച്ചു. ചുഴലിക്കാറ്റ് കണ്ട് അമ്പരന്ന് മടങ്ങിയ പത്രലേഖകരെ അച്ചന് ഉച്ചഭക്ഷണത്തിന് മേടയിലേക്ക് ക്ഷണിച്ചു. ചോറ്, ഫ്രെെഡ്റെെസ്, മട്ടന്ഫ്രെെ, ചിക്കന്‍കറി, പിന്നെ പത്തോളം മത്സ്യവിഭവങ്ങളും. പത്രക്കാരല്ലേ നാട്ടുനടപ്പനുസരിച്ച് വിളമ്പിയത് മുന്തിയ റോയല്‍ സ്യൂട്ട് വിദേശ സ്കോച്ച്. എന്തൊരു വിഭവസമൃദ്ധം എന്ന് പത്രക്കാര് അമ്പരന്നപ്പോള്‍ അച്ചന് പറഞ്ഞു; ഇതൊക്കെ പതിവു വിഭവങ്ങളാ. ഈ ദരിദ്രമായ ഇടവകയില്‍ ഇത്രയേറെ വിശിഷ്ടഭോജ്യങ്ങള്‍ എങ്ങനെയെന്ന്, ‘അപ്പം തിന്നാല്‍ പോര, കുഴിയുമെണ്ണണ’മെന്ന് ശാഠ്യമുള്ള ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യം. മീനെല്ലാം പള്ളിപ്പങ്ക്, മറ്റെല്ലാം വിശ്വാസികളുടെ നേര്ച്ചപ്പണം എന്ന് പള്ളീലച്ചന്റെ വിശദീകരണം! ആ അടിമലത്തുറ വീണ്ടും വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നു. ആദ്യം എക്സ്ക്ലൂസീവ് വാര്‍ത്തയായും പിന്നീട് മോഷണ മുതല്‍ വാര്‍ത്തയായും. ചാനലുകളില്‍ അടിമലത്തുറ മിന്നിത്തിളങ്ങി. അന്ന് പള്ളിപ്പങ്ക് എന്ന നാട്ടാചാരവും കുലാചാരവുമായിരുന്നുവെങ്കില് ഇപ്പോള്‍ അത് പൗരോഹിത്യത്തിന്റെ നഗ്നമായ ചൂഷണ വാര്‍ത്തയായി. തങ്ങള്‍ ചൂഷണം ചെയ്യുന്നവരെത്തന്നെ അണിനിരത്തി സര്‍ക്കാരിനെതിരെ കലാപമുയര്‍ത്തുന്ന വിവിധ മതപൗരോഹിത്യങ്ങളുടെ നേര്‍ക്കാഴ്ചയാവുന്നു ഈ തീരദേശഗ്രാമം.
തീരദേശ പരിപാലന നിയമം ലംഘിച്ചു കയ്യേറിയ ഏക്കറുകണക്കിന് ഭൂമി പട്ടിണിപ്പാവങ്ങളായ കടലിന്റെ മക്കള്‍ക്ക് വീട് വയ്ക്കാന്‍ വിറ്റ് പള്ളിമേധാവികള്‍ കോടികള്‍കൊണ്ട് കുംഭ നിറച്ചിരിക്കുന്നു. സര്‍ക്കാര്‍ പുറമ്പോക്കു കയ്യേറി പടുകൂറ്റന്‍ കണ്വന്ഷന് സെന്ററും കല്യാണമണ്ഡപവും പണിതു. കടലോരം തട്ടിയെടുത്ത് വിശാലമായ ചന്തതന്നെ നിര്‍മ്മിച്ച് ലേലത്തിനു നല്കിയിരിക്കുന്നു. പട്ടിണിയും രോഗവും ഇന്നും അന്നത്തെപ്പോലെ അരങ്ങുവാഴുമ്പോള്‍ തലസ്ഥാനജില്ലയിലെ ഏറ്റവും സമ്പന്നമായ ഇടവകയായി അടിമലത്തുറ മാറിയിരിക്കുന്നു. അനധികൃത നിര്‍മ്മാണങ്ങളും കയ്യേറ്റവും ഒഴിക്കണമെന്ന് ഹെെക്കോടതി പറഞ്ഞിട്ടും പൗരോഹിത്യത്തിനു അതെല്ലാം പുല്ലുവില. മാത്രമല്ല കയ്യേറ്റത്തിന്റെ ബിംബമായി വിശുദ്ധ കുരിശിനെ മാറ്റിയെടുത്ത പാപ്പാത്തിച്ചോലയിലെ കള്ളക്കുരിശുപോലെ കടലോരം കയ്യേറാന്‍ കിലോമീറ്ററുകൾ കണക്കിന് പുതിയ കുരിശുകള്‍ സ്ഥാപിച്ചിരിക്കുന്നു. ഭരണവ്യവസ്ഥയെയും ന്യായാസനങ്ങളെയും പള്ളി അധികാരികള്‍ വെല്ലുവിളിക്കരുതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് മുന്നറിയിപ്പ് നല്‍കിയത് ഈ സാഹചര്യത്തിലാണ്. ഇങ്ങനെയാണ് മരടുകളുയരുന്നതും തകരുമ്പോള്‍ വിലാപങ്ങള്‍ ഉയരുന്നതും. അടിമലത്തുറയിലെ ഈ മരടുകളും നിലംപൊത്തുകതന്നെ വേണം. പള്ളിയുടെ ചതിക്കുഴികളില്പ്പെട്ടവര്ക്ക് സര്‍ക്കാര്‍ ഒരു ഭവനപദ്ധതി തുടങ്ങണം. തരികിട പള്ളിഭരണക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും വേണം. അതല്ലാതെ വിശുദ്ധ കുരിശുകള്‍ക്കു പകരം പാപ്പാത്തിച്ചോല ചെകുത്താന് കുരിശുകള്‍ പെരുകരുതെന്ന സമൂഹത്തിന്റെ പോതുബോധമണ്ഡലമാണ് നമ്മെക്കൊണ്ട് അടിമലത്തുറ പിന്നെയും ഓര്‍മ്മിപ്പിക്കുന്നത്. ഇവിടെ നമുക്ക് അടിപതറിയാല്‍ ഈ ഇത്തിരിക്കുഞ്ഞന് കേരളമാകെ മരടുകളും പാപ്പാത്തിച്ചോലകളുമായി മാറും. കാത്തിരിക്കുന്നത് നമ്മെ ശപിക്കാനിരിക്കുന്ന തലമുറകളും.
ഈയിടെ ചാനലില്‍ ഒരു ഹാസ്യപരിപാടി കാണാനിടയായി. ഇരുപത്തിയൊന്നാം പാഠം കാക്കയാണ് അധ്യാപകന് കുട്ടിയെ പഠിപ്പിക്കുന്നത്. കാക്കയ്ക്ക് എന്തൊക്കെയുണ്ടെന്ന് അധ്യാപകന്റെ ചോദ്യം. കുട്ടി മണിമണിയായി പറയുന്നു; ‘ഒരു എടിഎം കാര്‍ഡ്, ഒരു പാന്‍കാര്‍ഡ്, ഒരു തിരിച്ചറിയല്‍ കാര്‍ഡ്’ എന്ന്! ഏത് കാക്കയ്ക്കാ ഇതൊക്കെയുള്ളതെന്ന് വാധ്യാര്. സുലെെമാന്‍ കാക്കയ്ക്ക് എന്ന് കുട്ടിയുടെ മറുപടി. ഇതുപോലെയാണ് ചില ഔദ്യോഗിക ഭീകരതകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള ഔദ്യോഗിക മറുപടികളും. കുറേക്കാലം മുമ്പ് ബിഹാറില്‍ എട്ട് ലക്ഷം ലിറ്റര്‍ മദ്യം എക്സെെസുകാര് പിടികൂടി. പിന്നീട് ഈ മദ്യത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ മുഴുവന്‍ മദ്യവും എലികള്‍ കുടിച്ചുവറ്റിച്ചെന്ന് നിതീഷ്-ബിജെപി സഖ്യ സര്‍ക്കാരിന്റെ മറുപടി. പാലാരിവട്ടം പാലം ഉദ്ഘാടനത്തിനു പിന്നാലെ തകര്‍ന്നതെങ്ങനെയെന്ന് ചോദിച്ചാല്‍ അന്നത്തെ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് മറുപടിയുണ്ടാകും, എലി കരണ്ടുതിന്ന് പാലം തകര്‍ത്തെന്ന്. ഏത് എലികള്‍ എന്ന് ചോദിച്ചാല്‍ കരാറുകാരന് എലിയും ടി ഒ സൂരജ് എലിയും പി എം മുഹമ്മദ് ഹനീഷ് എലിയുമെല്ലാം ചേര്‍ന്നെന്ന് കൃത്യമായ മറുപടിയുണ്ടാകും.
കഴിഞ്ഞ ദിവസം കല്പറ്റയിലെ താലൂക്ക് ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡിന്റെ മേല്‍ക്കൂര ഒന്നായി തകര്‍ന്നു വീണു. ആരോഗ്യമന്ത്രി ശെെലജ ഉദ്ഘാടനം നടത്തിയതിന്റെ രണ്ടാമത്തെ ആഴ്ചയിലായിരുന്നു മേല്‍ക്കൂര തകര്‍ന്നടിഞ്ഞത്. കാരണം അന്വേഷിച്ചപ്പോള്‍ ഔദ്യോഗികമായ റെഡിമെയ്ഡ് മറുപടി. കുരങ്ങന്മാരണത്രേ മേല്‍ക്കൂര തകര്‍ത്തത്. കൂരയ്ക്ക് മുകളില്‍ വാനരദമ്പതികള് ചാടിക്കളിച്ച ആഘാതത്തില്‍ ജനറൽ ആശുപത്രിയുടെ സിമന്റ് പാളികളും ഇഷ്ടികകളും സഹിതം നിലത്തുകിടക്കുന്നു. ഔദ്യോഗിക ലോബികളും കരാര്‍ മാഫിയകളും തമ്മില്‍ നാട്ടില്‍ നിലവിലിരിക്കുന്ന അവിശുദ്ധ അച്ചുതണ്ടിന്റെ നേര്‍ചിത്രമായിരുന്നു പാവം കുരങ്ങന്മാരെ പ്രതിക്കൂട്ടിലാക്കിയ ഔദ്യോഗിക വിശദീകരണം. ഊരാക്കുടുക്ക് സൊസെെറ്റിയാണ് ഈ അച്ചുതണ്ടെന്നു മൊഴിനല്‍കാന്‍ ഇനി കുരങ്ങന്മാര്ക്കു നോട്ടീസയക്കുന്നതിനു നാം കാത്തിരിക്കാം. ആശുപത്രിയിലെ ഈ അപകടത്തെ നാം എത്ര ലഘുവായാണ് കെെകാര്യം ചെയ്തത്. പൊളിഞ്ഞ മേല്‍ക്കൂരയ്ക്ക് താഴെ തൊട്ടടുത്ത കുട്ടികളുണ്ടായിരുന്നു. ആ ഇളം കുരുന്നുകള്‍ക്കു ജീവഹാനി സംഭവിച്ചിരുന്നുവെങ്കില്‍ കുടുംബത്തിന് പത്തോ ഇരുപതോ ലക്ഷം നഷ്ടപരിഹാരം നല്കിയാല് തീരുന്നതാണോ ഈ ദുരന്തം. ഇത്തരം പ്രശ്നങ്ങളില്‍ ഹരിശ്രീ തൊട്ടുകുറിക്കാന് ഇനിയും നമുക്കാകാത്ത് അതിലേറെ ദുരന്തം.
ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ആവിയാകുന്ന ചരിത്രവും നമുക്ക് സ്വന്തം. ഭാരതീയരുടെ പൗരത്വം ചികയുന്ന പ്രധാനമന്ത്രി മോഡിയുടെ വിദ്യാഭ്യാസ യോഗ്യതയെന്തെന്ന് ചോദിച്ചുകൊണ്ടുള്ള ഹര്‍ജി കോടതിയിലിട്ട് തട്ടിക്കളി തുടങ്ങിയിട്ട് അഞ്ച് വര്‍ഷമാകാന്‍ പോകുന്നു. മോഡി എംഎക്കാരനാണെന്നാണ് അവകാശവാദം. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ യോഗ്യത സിക്സ്തും ഗുസ്തിയും അല്ലറചില്ലറ സീരിയല്‍ നടനവും മാത്രം. മോഡിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ എന്തെന്ന വിവരം നല്കാന് കേന്ദ്ര വിവരാവകാശ കമ്മിഷന് നിര്‍ദേശിച്ചതിനെതിരെ ഡല്‍ഹി സര്‍വകലാശാല കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങിയിരിക്കുന്നു. ഇതു സംബന്ധിച്ച കേസ് ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ച് തവണ മാറ്റിവച്ചു. മോഡിയുടെ യോഗ്യത മൂടിവയ്ക്കാന്‍ എന്താണിത്ര ആക്രാന്തം. അതു വെളിപ്പെട്ടാല്‍ ഇന്ത്യയുടെ സുരക്ഷിതത്വത്തിന്റെ ആകാശം ഇടിഞ്ഞുവിഴുമോ! പത്താം ക്ലാസുകാരനാണ് താനെന്ന് മോഡി തുറന്നുപറഞ്ഞാല്‍ മേല്‍പ്പടിയാന്റെ പ്രധാനമന്ത്രിക്കസേര തെറിക്കുകയൊന്നുമില്ലല്ലോ. നാലാം ക്ലാസും കാവിയും ബലാല്‍സംഗവും മാത്രം യോഗ്യതയുള്ള ബിജെപിയുടെ മുന്‍ കേന്ദ്രമന്ത്രി സ്വാമി നിത്യാനന്ദ ഇപ്പോഴും നിന്നു പിഴയ്ക്കുന്നില്ലേ. അത്യുന്നതങ്ങളിലെ അഴിമതിക്കും കള്ളക്കളികളും മറച്ചുവയ്ക്കാന്‍ പിന്നാമ്പുറങ്ങളില്‍ നടക്കുന്ന ഗൂഢാലോചനകള്‍ക്കു വേണ്ടി എലിയേയും കുരങ്ങിനെയും മറയാക്കുന്ന മഹാദുരന്തകാലം.
കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ മഹാരഥന്മാരില് ഏറ്റവും അവസാനത്തെ കണ്ണിയായി ഇന്നലെ വിടചൊല്ലിയ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന് എന്ന പരമേശ്വര്‍ജി. താന്‍ വിശ്വസിച്ച സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിനുവേണ്ടി തലസ്ഥാനത്ത് സ്റ്റാച്യുവില്‍ കല്ലമ്മല്കോവില് റോഡിലുള്ള തന്റെ ഓഫീസ് മുറിയിലിരുന്ന് ഒരു ഏകാകിയായി പടവെട്ടുമ്പോഴും സംഘപരിവാറിലെയും ബിജെപിയിലെയും സാംസ്കാരിക അപചയങ്ങളെക്കുറിച്ച് അദ്ദേഹം പരസ്യമായി ശബ്ദമുയര്‍ത്തിയിരുന്നു. പെണ്‍വിഷയത്തില്‍ പാര്‍ട്ടിയുടെ ഒരു ദേശീയ നേതാവിനെതിരെ അദ്ദേഹം ഉയര്‍ത്തിയത് വെറുമൊരു ശബ്ദകലാപമായിരുന്നില്ല. പ്രത്യയശാസ്ത്ര കലാപം ആയിരുന്നു. ഇഎംഎസും എന്‍ ഇ ബലറാമും പി ഗോവിന്ദപ്പിള്ളയും എം എസ് ദേവദാസും സി ഉണ്ണിരാജയുമായും അദ്ദേഹം നടത്തിയ പ്രത്യയശാസ്ത്ര പോരാട്ടം കമ്മ്യൂണിസത്തിന്റെയും സംഘപരിവാറിന്റെയും സെെദ്ധാന്തികവിഹായത്തില് പരത്തിയ വെട്ടം അനുപമമായിരുന്നു. സമകാലീന രാഷ്ട്രീയത്തില്‍ ചാനലുകളിലെ അന്തിചര്‍ച്ചകള്‍ നടത്തുന്ന വാടാപോടാ പ്രയോഗങ്ങളും ഗ്വാ ഗ്വാ വിളികളും കേള്‍ക്കുമ്പോള്‍ അന്ന് സിപിഐ‑സിപിഎം സെെദ്ധാന്തികരുമായി പരമേശ്വര്‍ജി കാത്തുസൂക്ഷിച്ച ഊഷ്മളബന്ധം ഓര്‍ത്തുപോവുന്നു. മിക്കവാറും വെെകുന്നേരങ്ങളില്‍ ബലറാമും ഗോവിന്ദപ്പിള്ളയും സ്റ്റാച്യുവിലെത്തുമ്പോള് പരമേശ്വര്‍ജി അവിടെ റെഡിയായി ഹാജരുണ്ടാവും. പിന്നെ അരുള്‍ ജ്യോതിയില്‍ നിന്ന് ഓരോ ചായയും ഓരോ വടയും. ചായ കഴിക്കുന്നതുവരെ തികച്ചും സൗഹൃദസംഭാഷണം. പുറത്തിറങ്ങി ഒരു മണിക്കൂറോളം സായാഹ്നസവാരി. അപ്പോഴും നാട്ടുകാര്യവും വീട്ടുകാര്യവും മാത്രം ചര്‍ച്ചാവിഷയങ്ങള്‍. പ്രത്യയശാസ്ത്ര വിവാദത്തിന്റെ ചൊരുക്കുകള്‍ മനസിന്റെ പടിക്കുപുറത്തുനിര്ത്തുന്നവര്. ഇന്നാണ് സന്ധ്യാവേളയിലെ ഈ ത്രിമൂര്‍ത്തിസംഗമം മാധ്യമശിങ്കിടിമങ്കന്മാരുടെ ശ്രദ്ധയില്പ്പെട്ടതെങ്കിലോ! ഉടന്‍ ചാനലുകളില്‍ തലക്കെട്ടുകള്‍ നിറഞ്ഞാടില്ലേ, ‘ബലറാം പി ജി, പരമേശ്വര്‍ജി രഹസ്യചര്‍ച്ചകള്‍. പുതിയ രാഷ്ട്രീയ സഖ്യത്തിന് അണിയറനീക്കം.’ എന്നെല്ലാം പരമേശ്വര്‍ജിക്ക് മനസുനിറഞ്ഞ ആദരാജ്ഞലികള്‍.