സായിപ്പ് കാലാവസ്ഥ പറയും മോഡി അയോധ്യ പറയും

Web Desk
Posted on October 28, 2019, 9:00 am
devika

രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളും 51 സീറ്റുകളിലേക്ക് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും കഴിഞ്ഞതോടെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് ഇന്ത്യയിൽ ബിജെപിയുടെ അന്ത്യോദകം ചൊല്ലാൻ സമയം ആസന്നമായിക്കൊണ്ടിരിക്കുന്നുവെന്നാണ്. മഹാരാഷ്ട്രയിലേയും ഹ­രിയാനയിലേയും നിയമസഭാതെരഞ്ഞെടുപ്പുകളി­ൽ കൊട്ടക്കണക്കിനു സീറ്റുകളാണ് ബിജെപിയ്ക്കു നഷ്ടമായത്. മഹാരാഷ്ട്രയിൽ മാത്രം 39 സീറ്റുകൾ കൈമോശം വന്നു. ഹരിയാനയിൽ ഭരണകക്ഷിയായ ബിജെപിയ്ക്കു ഭൂരിപക്ഷം തന്നെ നഷ്ടപ്പെട്ടു. ഹരിയാനയിലെ മുഴുവൻ അധ്യാപക തസ്തികകളും വിറ്റുകാശാക്കി കീശയിലാക്കിയതിന് 10 വർഷത്തെ ജയിൽ ശിക്ഷയുമായി തിഹാർജയിലിൽ ഗോതമ്പുണ്ട തിന്നുന്ന മുൻമുഖ്യമന്ത്രി അജയ് ചൗട്ടാലയുടെ മകൻ ദുഷ്യന്ത് ചൗട്ടാലയേയും ബലാത്സംഗകേസിൽ പ്രതിയായ ഗോപാൽ കണ്ഡേയേയും കൂട്ടുപിടിച്ച് അവിടെ ബിജെപി ഒരു തട്ടിക്കൂട്ടു മന്ത്രിസഭയുണ്ടാക്കി ജനഹിതത്തെ വെല്ലുവിളിക്കുന്നു. മഹാരാഷ്ട്രയിലാണെങ്കിൽ ശിവസേന കുതറിമാറിയതോടെ മന്ത്രിസഭാ രൂപീകരണം പോലും പ്രതിസന്ധിയിൽ. വിവിധ നിയമസഭകളിലെ 51 സീറ്റുകളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ 51 സീറ്റുകളിൽ 46 എണ്ണവും ജയിച്ചിരുന്നത് ബിജെപി. അവ 20 സീറ്റുകളിലേയ്ക്കു ചുരുങ്ങിയിരിക്കുന്നു. മോഡിയുടേയും അമിത്ഷായുടേയും തട്ടകമായ ഗുജറാത്തിലെ മൂന്നു സീറ്റുകളും ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിയിൽ നിന്ന് പിടിച്ചെടുത്തിരിക്കുന്നു. ഗുജറാത്തിൽ കോൺഗ്രസിൽ നിന്നു ചാക്കിട്ടു പിടിച്ച പട്ടേൽ പ്രക്ഷോഭ നായകൻ അൽപേഷ്താക്കൂർ താൻ ജയിച്ച രാധൻപൂർ അസംബ്ലി മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ ഇത്തവണ തോറ്റു തുന്നം പാടിയത് വലിയൊരു രാഷ്ട്രീയ ദിശാസൂചകമാവുന്നു. ജനത്തിന്റെ കർമ്മരൂക്ഷമായ ഈ പ്രതികാരശക്തിയെക്കുറിച്ച് ബിജെപിയുടെ ഉണർത്തുപാട്ടുകാരായ ഇന്ത്യൻ കുത്തകമാധ്യമങ്ങൾക്കു മിണ്ടാട്ടമില്ല. അതേസമയം വിദേശ മാധ്യമങ്ങളെല്ലാം ബിജെപിയുടെ അന്ത്യനാളുകൾ പ്രവചിച്ചു തുടങ്ങിയിരിക്കുന്നു. ‘ബിജെപിയുടെ ധാർഷ്ട്യ രാഷ്ട്രീയത്തെ ഇന്ത്യൻ വോട്ടർമാർ നിരാകരിക്കുന്നു’ വെന്നാണ് ഒരു വിദേശപത്രത്തിലെ ശീർഷകം. ഒരു പഞ്ചായത്തു തെരഞ്ഞെടുപ്പു ജയിച്ചാൽ പോലും മൻകീബാത്തിലൂടെ പ്രതികരിച്ച് ഊറ്റം കൊള്ളുന്ന 56 ഇഞ്ചു നെഞ്ചളവുകാരൻ മോഡിയാണെങ്കിൽ ‘മിണ്ടാട്ടമില്ല മൃതരോ ഇവരെന്നു തോന്നും’ എന്ന മട്ടിൽ മൗനത്തിന്റെ വാല്മീകത്തിനുള്ളിൽ ഒളിച്ചിരിക്കുന്നു. അവിടെ നിന്നും ഇന്നലെ അയോധ്യ, രാമക്ഷേത്രം, രാമൻ, സീത, കലപ്പച്ചാൽ എന്നിങ്ങനെ പുലമ്പുന്നു. ഒന്നും പറയാനില്ലെങ്കിൽ സായിപ്പ് കാലാവസ്ഥയെക്കുറിച്ചു പറയും. മോഡിയാണെങ്കിൽ അയോധ്യ മാറ്റിപ്പിടിക്കും. ജനാധിപത്യത്തിൽ ആർക്കും മത്സരിക്കാം എന്ന പൂതി ഇനി മേനകതോൽക്കും സൗന്ദര്യധാമങ്ങൾക്കും നിത്യഹരിതനായകൻ പ്രേംനസീറിനെപ്പോലുള്ള സ്ത്രൈണ സൗന്ദര്യനായകർക്കുമായി ചുരുങ്ങും. കീഴ്വരിയിലെ ഒരു പല്ലില്ലാത്തത് മമ്മൂട്ടിക്കും തടിലേശം കൂടിയത് മോഹൻലാലിലും സ്ഥാനാർഥിത്വത്തിനെതിരായ പരുവക്കേടുകളാണ്. അലൻസിയർ, ധർമ്മജൻ, വിനായകൻ, അരിസ്റ്റോസുരേഷ് എന്നിവർക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനേയാവില്ല. അവരാരും സൗന്ദര്യപകിട്ടിന്റെ നാലയലത്തില്ലല്ലോ! മേനിക്കണ്ടപ്പന്മാരും മേനിക്കണ്ടത്തിമാരും മത്സരിച്ചില്ലെങ്കിൽ തോറ്റു തുന്നം പാടിപ്പോകുമെന്നു പറയുന്നത് ബിജെപിയുടെ വയോവൃദ്ധ നേതാവ് ഒ രാജഗോപാൽ. വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥി അഡ്വ. സുരേഷ് തോറ്റമ്പിയതിനു കാരണം സ്ഥാനാർഥിയ്ക്കു പകിട്ടുപോരാത്തതിനാലാണെന്ന് രാജേട്ടൻ കണ്ടെത്തിയിരിക്കുന്നു. വോട്ടിൽ വന്ന കുറവല്ല പകിട്ടിൽ വന്ന കുറവാണു പരാജയകാരണമെന്ന രാജഗോപാലിന്റെ കണ്ടുപിടിത്തത്തിന് പോരട്ടെ ഒരു പട്ടും വളയും. പഞ്ചായത്തു മുതൽ പാർലമെന്റ് വരെ 15 തവണ മത്സരിച്ച് താൻ തോറ്റതിനു കാരണവും പകിട്ടില്ലായ്മ മൂലമാണെന്ന് അദ്ദേഹം ഭംഗ്യന്തരേണ സമ്മതിച്ചിരിക്കുന്നു. പതിനാറാം തവണ സംവിധായകനായ മകൻ ശ്യാമപ്രസാദ് മേക്കപ്പിട്ടുകുട്ടപ്പനാക്കിയതുകൊണ്ടു നേമത്തു ജയിച്ചുകയറുകയും ചെയ്തു. ഇനി മത്സരത്തിന് നേമത്തേയ്ക്കില്ലെന്നും രാജഗോപാൽ പറയുമ്പോൾ താൻ നേമത്തെ കുളിപ്പിച്ചു കിടത്തിയെന്നു കൂടി പറയാതെ പറയുന്നു! ‘ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുത്തുണ്ടം തട്ടണം’ എന്നല്ലേ പ്രമാണം. പക്ഷേ ഈ നാട്ടുനടപ്പനുസരിക്കാതെ ഇത്രയും കാലം പമ്മിക്കഴിഞ്ഞ ഒരു ജഗജില്ലി പിണറായി സർക്കാരിനുള്ളിൽ ഒളിഞ്ഞു കഴിയുന്ന കാര്യം ‘ജനയുഗ’ ത്തിലൂടെയാണ് മാലോകരറിഞ്ഞത്. മലയാളക്കരയിൽ പിറന്നുവീഴുന്ന ഓരോ കുഞ്ഞിന്റേയും ഇളംകയ്യിൽ ഒരു പാസ്പോർട്ടുമുണ്ടാവും. കരയുന്നത് ‘ഗൾഫേ, ഗൾഫേ’ എന്നും! കേരളത്തിൽ പാസ്പോർട്ടില്ലാത്തവരെ വലവീശിയരിച്ചാൽ കാണാനുണ്ടാവില്ല. നമ്മുടെ മന്ത്രിമാരും നേതാക്കളും എത്രയോ കാലമായി ‘കാടാറുമാസം, നാടാറുമാസം’ പോലെ ഗൾഫ് രാജ്യങ്ങളിലും വിദേശത്തും കുടികിടപ്പാണ്. ഈയടുത്ത ദിവസം അബുദാബിയിലെ മലയാളികൾ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ പ്രവാസി സംഗമത്തിനായി ക്ഷണിച്ചു. അതെങ്ങനെ താനിതുവരെ പാസ്പോർട്ട് എടുത്തിട്ടില്ലല്ലോ എന്ന് മന്ത്രി പറഞ്ഞപ്പോൾ അബുദാബിയിലെ സംഘാടകർ ഞെട്ടി. ഇക്കാര്യം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരാഞ്ഞപ്പോൾ മന്ത്രി ചന്ദ്രശേഖരന് ആകെയൊരു നാണം. ഈ പാസ്പോർട്ടൊക്കെയെടുക്കുന്നത് മോശത്തരമല്ലേ എന്നു മന്ത്രി! ഒടുവിൽ കാനം നൽകിയ ഫത്‍വയനുസരിച്ചാണത്രേ മന്ത്രി ചന്ദ്രശേഖരൻ സംസ്ഥാന രാഷ്ട്രീയത്തിലെ ‘ബേബി പാസ്പോർട്ട് ഹോൾഡർ’ ആയത്. മലയാളക്കരയിലെ മാധ്യമങ്ങൾ ഭാഗ്യം ചെയ്തവരാണ്. ഒരിക്കലും വിശപ്പറിയേണ്ടിവരാത്തവർ, ഒന്നുമില്ലാതെ പട്ടിണിയാകുമോ എന്നു കരുതിയിരിക്കേണ്ട. മുന്നിൽ വന്നുവീഴും തേൻവരിക്കപോലെ ഒരു കൂടത്തായി. അതൊന്നു കെട്ടടങ്ങാറായപ്പോൾ ഇതാവരുന്നു കരമന കൂടത്തിൽ ദുരൂഹമരണങ്ങൾ. ഇനി മാധ്യമങ്ങളിൽ അപസർപ്പക കഥാരചനാ മത്സരമഹോത്സവം. ജനം ഈ കഥാസരിത്സാഗരത്തിൽ മുങ്ങിച്ചാകാൻ വിധിക്കപ്പെട്ടവർ. പണ്ട് ഒരു മാലി ചാരക്കേസ് ഉപജീവനമാർഗമാക്കിയ കാലമുണ്ടായിരുന്നു. ഈ കേസ് ആവിയായിപ്പോയി. മുഖ്യപ്രതി മറിയം റഷീദ മാലിയിലെങ്ങാണ്ടു കുഞ്ഞുകുട്ടിപരാതീനങ്ങളുമായി കഴിയുന്നു. മറ്റൊരു പ്രതിയായ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞൻ നമ്പിനാരായണൻ അരക്കോടിരൂപ മാനനഷ്ടത്തിന് പരിഹാരം വാങ്ങി ശ്രീപത്മനാഭന്റെ ചാരേ സസുഖം വാഴുന്നു. പാവം കെ കരുണാകരന്റെ മുഖ്യമന്ത്രിസ്ഥാനം പോയതുമാത്രം മിച്ചം. കരുണാകരനു വേണ്ടി മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ മക്കൾ മുരളീധരനുമില്ല, പത്മജയുമില്ല. മാനനഷ്ടകേസുകൊടുക്കാൻ ഇവിടെവരാനുള്ള വണ്ടിക്കൂലിയില്ലാത്തതിനാൽ മറിയം റഷീദയും മാലിയിലെവിടെയോ കാണാമറയത്ത്. ഈ പഴയ മാലിനാണക്കേട് മറന്ന് മാധ്യമങ്ങൾ പിന്നെയും കൂടത്തായിൽ‑കൂടത്തിൽ കഥകൾമെനഞ്ഞു അർമാദിച്ച് പ്രേക്ഷകരെയും വായനക്കാരെയും വശംകെടുത്തുന്നു! കുഞ്ഞുങ്ങളെ കബളിപ്പിച്ച് ചോറൂട്ടുന്ന അമ്മമാരെപ്പോലെയാണ് കെപിസിസി നേതാക്കൾ. കുഞ്ഞിനെ ഒക്കത്തിരുത്തി അമ്മ ആകാശത്തേയ്ക്കു ചൂണ്ടിപറയും; ദേ അമ്പിളിഅമ്മാവൻ, കുഞ്ഞ് ആകാശത്തു നോക്കി വായപൊളിക്കുമ്പോൾ ഒരുരുളച്ചോറ് വായ്ക്കകത്ത് കുത്തിക്കയറ്റും, കുഞ്ഞറിയാതെ തന്നെ അതകത്താക്കുമ്പോൾ ദേ സൂര്യൻ, ദേ നക്ഷത്രം എന്നൊക്കെ പറഞ്ഞ് കുട്ടിയെ കബളിപ്പിച്ച് ഊട്ടിത്തീർക്കും. അതുപോലെയാണ് കെപിസിസി നേതൃത്വത്തിലെ കാര്യവും. രണ്ടു വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷും കെ സുധാകരനും സംസ്ഥാന പ്രചാരണ വിഭാഗം തലവൻ കെ മുരളീധരനും യുഡിഎഫ് കൺവീനർ ബെന്നി ബഹനാനും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ജയിച്ചാൽ തങ്ങൾ കെപിസിസിയിലെ പദവികൾ ഉപേക്ഷിക്കുമെന്നു പറഞ്ഞിരുന്നു. ജയിച്ചു കഴിഞ്ഞപ്പോൾ രാജിവയ്ക്കാതിരിക്കാൻ ഓരോരുത്തരും ഓരോ കാരണങ്ങൾ വിളമ്പുന്നു, ഊട്ടാൻ കുഞ്ഞിനെ പറ്റിക്കുന്ന അമ്മയെപ്പോലെ. തന്നെ മാറ്റണമെങ്കിൽ ഹൈക്കമാൻഡാണു തീരുമാനമെടുക്കേണ്ടതെന്ന് കൊടിക്കുന്നിൽ മണിയൻ. രണ്ടു പദവിയെന്താ കടിക്കുമോ എന്ന് മറ്റുള്ളവർ. ഈ നേതാക്കളുടെ ഒഴിവിൽ മൂന്നു സീറ്റുകൾ ഭരണപക്ഷത്തിന് അടിയറവച്ചതോടെ തങ്ങളുടെ പകിട്ടു കൂടിയില്ലേ എന്നും ഇരട്ടപ്പദവിമല്ലന്മാർ!