16 April 2024, Tuesday

ഞെട്ടുള്ളാ വട്ടയില…

റെജി മലയാലപ്പുഴ
August 8, 2022 6:00 am

വട്ടത്തിലാണെങ്കിലും ആരെയും വട്ടം ചുറ്റിക്കില്ല. പോകും വഴിയിലും സ്വന്തം പുരയിടത്തിലും ആള് കേമനായി അല്പം തലയുയർത്തി നിൽക്കും. ഞാൻ ആദ്യമായി ഇദ്ദേഹത്തെ അടുത്ത് പരിചയപ്പെടുന്നത് നാലാം ക്ലാസിലാണെന്നു തോന്നുന്നു. സ്കൂളിൽ വച്ച് കണക്ക് ബുക്കിന്റെ താള് കീറിയപ്പോൾ ഒന്ന് പകച്ചു നിന്നു. കൂട്ടുകാരൻ ഒട്ടും അമാന്തിച്ചില്ല… വെളിക്കു വിട്ടപ്പോൾ അടുത്തുള്ള പറമ്പിലേക്ക് എന്നെയും കൂട്ടിപ്പോയി. അവിടെ നിന്ന മരത്തിൽ നിന്ന് ഒരു ഇല ഒടിച്ചു. ദാ അതിന്റെ തണ്ടിൽ നിന്നും എന്തോ ഊറി വരുന്നു. ചങ്ങാതി പറഞ്ഞു. ഇത് വട്ടയില. ഈ ഊറി വരുന്നത് പശയാണ്… വാ നമുക്ക് കീറിയ ബുക്ക് ഒട്ടിക്കാം.. ഞങ്ങൾ ക്ലാസിലേക്കോടി.. ദാ എന്റെ കൂട്ടുകാരൻ ഭംഗിയായി ആ താൾ ഒട്ടിച്ചു തന്നു. ഞാൻ ആശ്ചര്യം കൊണ്ട് അങ്ങനിരുന്നു. പിന്നീട് എന്ത് ഒട്ടിക്കണമെന്ന് തോന്നുമ്പോഴും വട്ടമരം അന്വേഷിച്ച് പറമ്പ് തോറും നടക്കും.. ഒട്ടിപ്പോ നെയിംസ്ലിപ്പ് വരും മുന്നേ വട്ടപ്പശ തേച്ച് ഒട്ടിച്ച നെയിംസ്ലിപ്പുകളും ഓർമ്മയിൽ തെളിയുന്നു.. ഒരു പക്ഷേ ഈ ഇലകൾ കൂട്ടമായ് പിന്നീട് കണ്ടത് മീൻകാരന്റെ കുട്ടയിലാണ്. മത്തിയും മറ്റും പൊതിഞ്ഞെടുത്ത് ചട്ടിയിലേക്ക് എതിരേല്ക്കാൻ വട്ടയിലയായിരുന്നു മുന്നിൽ നിന്നത്. പലപ്പോഴും ഒരു കൈ അകലെ പച്ചിച്ച് നിൽക്കുന്നത് കാണുമ്പോൾ എന്ത് സന്തോഷമാണെന്നോ.. ഒരു പൊതിക്കുള്ള കൂട്ടുകാരൻ ഉണ്ടല്ലോ എന്ന ആശ്വാസം.. തൊടിയിൽ നിൽക്കുന്ന പൂക്കൾ ഇറുത്തെടുക്കാൻ പോകുമ്പോഴും കൈയിൽ ഒരു വട്ടയില ഉണ്ടാകും.. സുന്ദരങ്ങളായ പൂക്കൾ വട്ടയില കുമ്പിളിൽ അനുസരണ ശീലമുള്ളവരായി ഒതുങ്ങിയിരിക്കും.. കൂട്ടുകാർ പൂക്കൾ ശേഖരിക്കാൻ പോകുമ്പൊ വട്ടയില കരുതിക്കോ… മറ്റൊന്ന് വട്ടയില വെട്ടിയൊരുക്കിയാൽ മുഖം മൂടിയായും ഉപയോഗിക്കാം.. നഴ്സറി ക്ലാസുകളിലെ ഉപ്പു മാവിന്റെ ഇരിപ്പിടവും ഈ വട്ടയിലയായിരുന്നു.. ശരിക്കും ഒരു കാലത്ത് മനുഷ്യന് സഹായിയായി വട്ടയില ഒപ്പമുണ്ടായിരുന്നു. അമ്പലങ്ങളിലെ നേർച്ച പായസങ്ങൾക്ക് ഇടമേകിയിരുന്നത് ഈ വട്ടയിലകളായിരുന്നു. വട്ടയില പറിക്കാൻ വന്ന പലരേയും ഓർമ്മയുണ്ട്.. കാലം മാറിയപ്പോൾ പ്ലാസ്റ്റിക് കടന്നു വന്നു. പ്രകൃതിയിൽ നിന്ന് നമ്മൾ ഒന്ന് അകന്ന് നിന്നു.. തിരിഞ്ഞു നോക്കുമ്പോൾ നാം കൈകാര്യം ചെയ്ത എത്രയോ പ്രകൃതിജന്യ വസ്തുക്കൾ ഓർമ്മയിൽ ഓടിയെത്തും.. പലതും നമ്മുടെ മനസിനെ സ്വാധീനിച്ചവയും ആയിരിക്കും.. വട്ടയില ഓർമ്മവട്ടത്തിലെ ചെറു പൊട്ടായി എന്നും കൂടുണ്ട്..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.