ടി കെ അനിൽകുമാർ

ആലപ്പുഴ:

October 27, 2020, 10:43 pm

ആയിരങ്ങൾ പോരാട്ട പ്രതിജ്ഞ പുതുക്കി; വയലാർ വീണ്ടും ഗർജ്ജിച്ചു

പുന്നപ്ര-വയലാർ വാർഷിക വാരാചരണത്തിന് കൊടിയിറങ്ങി
Janayugom Online

ടി കെ അനിൽകുമാർ

തിരുവിതാംകൂറിന്റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തിന് ദിശാബോധം നല്‍കാന്‍ ജീവൻ ബലിയർപ്പിച്ച വയലാറിലെ രക്തനക്ഷത്രങ്ങൾക്ക് പ്രണാമം. 74 ആണ്ടുകൾക്ക് മുൻപ് അമരത്വം നേടിയ ധീരയോദ്ധാക്കളുടെ സ്മരണ പുതുക്കുവാൻ ഇന്നലെ പുലർച്ചെ മുതൽ നാടും നഗരവും വയലാറിലെ ബലിത്തറയിലേയ്ക്ക് ഒഴുകിയെത്തി.

വാരിക്കുന്തമേന്തിയ പോരാളിയുടെ പ്രതിമയ്ക്ക് മുന്നിൽ ഇൻക്വിലാബ് മുഴക്കിയും പുഷ്പങ്ങൾ അർപ്പിച്ചും അവർ പ്രതിജ്ഞ പുതുക്കി. ഇന്ത്യൻ സ്വാതന്ത്യ്ര സമര ചരിത്രത്തിൽ രണശോഭ പകർന്ന വീരന്മാരെ സ്മരിക്കാനായി കർഷകരും തൊഴിലാളികളും വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമെല്ലാം കുടുംബസമേതമാണ് എത്തിയത്. വാർദ്ധക്യത്തിന്റെ അവശതകളെ മാറ്റിനിർത്തി സമരാനുഭവങ്ങൾ പങ്കുവച്ചെത്തിയ സേനാനികളും പുതുതലമുറയ്ക്ക് ആവേശം പകർന്നു. ജന്മിത്വത്തിന്റെ കരാളതയ്ക്കും ദിവാൻഭരണത്തിന്റെ ക്രൂരതകൾക്കുമെതിരെ ജീവൻകൊടുത്തും പോരാടിയ രക്തസാക്ഷികൾക്ക് മരണമില്ലെന്ന് ജനസഞ്ചയം പ്രഖ്യാപിച്ചപ്പോൾ വീരവയലാർ വീണ്ടും ഗർജ്ജിച്ചു. ഇതോടെ പുന്നപ്ര‑വയലാർ വാർഷിക വാരാചരണത്തിന് ഇന്നലെ കൊടിയിറങ്ങി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഇത്തവണത്തെ വാരാചരണം. പുന്നപ്ര രക്തസാക്ഷികളും പി കൃഷ്ണപിള്ള ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടിൽനിന്നും മന്ത്രി ജി സുധാകരനും മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സമരസേനാനി കെ കെ ഗംഗാധരനും തെളിയിച്ച് നൽകിയ ദീപശിഖകൾ അത്‌ലറ്റുകൾക്ക് കൈമാറി പ്രയാണം ആരംഭിച്ചു. പുഷ്പചക്രങ്ങൾ അർപ്പിച്ചും കതിനാവെടികൾ മുഴക്കിയും പതിനായിരങ്ങൾ വഴിനീളെ ദീപശിഖാ റിലേയെ സ്വീകരിച്ചു. കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് അത്‌ലറ്റുകളിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചു.

പുഷ്പാർച്ചനയ്ക്ക് മന്ത്രിമാരായ പി തിലോത്തമൻ, ജി സുധാകരൻ, സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ എ ശിവരാജൻ, പി വി സത്യനേശൻ, എം കെ ഉത്തമൻ, എ എം ആരിഫ് എം പി, സമരസേനാനി പി കെ മേദിനി തുടങ്ങിയവർ നേതൃത്വം നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ ഓൺലൈനായി അനുസ്മരണ പ്രസംഗം നടത്തി.

ENGLISH SUMMARY: vay­alar remem­brance day

YOU MAY ALSO LIKE THIS VIDEO