Janayugom Online
vayalar

വയലാര്‍ സമരവും ചില ഓര്‍മ്മകളും

Web Desk
Posted on November 04, 2018, 7:57 am

 സി എസ് സുരേഷ്‌

അമ്മ, ഭൈമി സദാശിവന്‍ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് മുന്നുവര്‍ഷം കഴിഞ്ഞു. അബോധാവസ്ഥയില്‍ ഒരു വര്‍ഷക്കാലത്തോളം യാതനകള്‍ അനുഭവിച്ച ശേഷമാണ് അമ്മ ഈ ലോകത്തുനിന്നും യാത്രയായത്. പൊതുപ്രവര്‍ത്തന രംഗത്തേക്ക് സ്ത്രീകള്‍ കടന്നുവരാന്‍ മടിച്ചിരുന്ന കാലത്താണ് ചേര്‍ത്തല പട്ടണക്കാട് കൈതവേലില്‍ വേലായുധന്റെയും നാരായണിയുടെയും മകളായ ഭൈമി, കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരുന്ന നാല്പതുകളില്‍ അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ തൊഴിലാളികളുടെ വന്‍ മുന്നേറ്റമാണ് നടന്നത്.

baimi sadasivan

ജന്മിത്തത്തിനും നാട്ടുപ്രഭുക്കന്മാരുടെ ഗുണ്ടകള്‍ക്കും അവരെ പിന്‍തുണച്ച ദിവാന്‍ ഭരണത്തിനും എതിരായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പലയിടത്തും ചെറുത്തുനില്പുണ്ടായി. ആ സംഭവവികാസങ്ങളാണ് പുന്നപ്രവയലാര്‍ സമരമായിതീര്‍ന്നത്. ഇന്നും ആസ്ഥാനചരിത്രരേഖകളില്‍ വയലാര്‍-മേനാശ്ശേരി വെടിവെയ്പുകളില്‍ കൃത്യമായി എത്രയാളുകള്‍ മരണമടഞ്ഞുവെന്നോ എത്രപേര്‍ പിന്നീടുനടന്ന പോലീസ് ഗുണ്ടാവിളയാട്ടങ്ങളില്‍ കഷ്ടത അനുഭവിച്ചു ചത്തുജീവിച്ചുവെന്നോ വ്യക്തമായ രേഖകളൊന്നും ലഭ്യമല്ല. പഴയ ആളുകളുടെ ഓര്‍മ്മയില്‍നിന്നോ അപൂര്‍വ്വം ചില പുസ്തകങ്ങളില്‍നിന്നോ മാത്രമാണ് അതിന്റെ അതിദാരുണമായ രക്തമുഖം തെളിഞ്ഞുകാണുന്നത്.

R._Sugathan

ആർ സുഗതൻ

1943–44 കാലത്ത് മലയാളം ഹയര്‍ പാസായി വീട്ടില്‍ നില്ക്കുകയായിരുന്ന ഇരുപതുവയസ്സുള്ള പാവാടക്കാരിയെ പ്രസംഗിക്കാന്‍ പഠിപ്പിക്കുന്ന ഒരു സംഘത്തില്‍ ചേര്‍ക്കാമെന്നു പറഞ്ഞാണ് പട്ടണക്കാട്ടുകാരന്‍ എം പി പ്രകാശത്തിന്റെ (ജനയുഗം എറണാകുളം പ്രതിനിധി) അമ്മ ചക്കാലയില്‍ നാരായണി കൈതവേലില്‍ വേലായുധന്റെ സമ്മതംനേടി അമ്മയെ പാര്‍ട്ടിയുമായി ചേര്‍ത്ത് നിര്‍ത്തുന്നത്. ചക്കാലയില്‍ നാരായണിയെ മാക്‌സിം ഗോര്‍ക്കിയുടെ ‘അമ്മ’ എന്ന നോവലിലെ അമ്മയായിട്ടാണ് പ്രായം ചെന്ന കമ്മ്യൂണിസ്റ്റുകാര്‍ ചിത്രീകരിക്കുന്നത്. കത്തുകള്‍ രഹസ്യമായി കൈമാറുക, പാര്‍ട്ടിയിലേക്ക് ആളുകളെ മെരുക്കിയെടുക്കുക തുടങ്ങിയ ജോലികളായിരുന്നു അവരുടേത്. ക്ലാസ്സുകള്‍ നടന്നിരുന്നത് വയലാര്‍ രവിയുടെ അമ്മ ദേവകികൃഷ്ണന്റെ വീട്ടിലായിരുന്നു. അന്ന് ദേവകീകൃഷ്ണന്‍ കമ്യൂണിസ്റ്റ്കാരിയായിരുന്നു. പ്രസംഗിക്കുന്നവരോട് ബഹുമാനം പുലര്‍ത്തിയിരുന്നയാളായിരുന്നു കൈതവേലില്‍ വേലായുധന്‍. സായ്പിനെപോലെ തോന്നിച്ച ആജാനുബാഹുവായ ഒരാളാണ് ക്ലാസ്സുകള്‍ എടുത്തിരുന്നത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അത് എകെജി ആയിരുന്നു എന്ന് അമ്മയ്ക്കു മനസ്സിലാകുന്നത്. അങ്ങനെയാണ് ചക്കാലയില്‍ നാരായണി പ്രസിഡന്റായും അമ്മ സെക്രട്ടറിയായും ദേവകീകൃഷ്ണന്‍ വൈസ്പ്രസിഡന്റായും ചേര്‍ത്തലയിലെ പാര്‍ട്ടിയുടെ ആദ്യത്തെ മഹിളാസംഘം രൂപമെടുക്കുന്നത്.

S.L._Puram_Sadanandan

എസ് എൽ പുരം സദാനന്ദൻ

അക്കാലത്ത് ചേര്‍ത്തലയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന സി ജി സദാശിവനെ അമ്മ കണ്ടുമുട്ടുന്നത് പാര്‍ട്ടിയോഗങ്ങളില്‍വച്ചായിരുന്നു. പില്‍ക്കാലത്ത് 1977ല്‍ ഡല്‍ഹിയില്‍ എംപിയായിരുന്ന സഖാവ് എസ് കുമാരന്റെ ബാരക്കാംബ റോഡിലെ ഔദ്യോഗികവസതിയിലെ ഊണ്‍മേശയില്‍ അച്ഛനും അമ്മയും ഞാനും എസ് കുമാരനും ഉച്ചനേരത്തെ ആഹാരം കഴിക്കുന്നു. എന്റെ സാന്നിധ്യം മറന്ന് ‘അക്കാലത്തെ നിങ്ങളുടെ ഒരു പ്രേമം’ എന്ന എസ് കുമാരന്റെ കമന്റ് ഊണുമേശയില്‍ എസിന്റെ സഹധര്‍മ്മിണിയുള്‍പ്പടെയുള്ളവരില്‍ ചിരി പടര്‍ത്തിയത് ഞാനിപ്പോള്‍ ഓര്‍മ്മിച്ച് പോവുകയാണ്. ഞാനാദ്യമായി അറിയുകയായിരുന്നു പാര്‍ട്ടിപ്രവര്‍ത്തനത്തിനിടയില്‍ പ്രേമിച്ച് കല്യാണം കഴിച്ചവരാണ് എന്റെ അച്ഛനും അമ്മയുമെന്ന്. എന്‍ജിനീയറിംഗ് പഠനത്തിന് മോസ്‌കോവിലേക്ക് പോകാന്‍ യാത്രതിരിച്ച എന്നെ യാത്രയാക്കാനായിരുന്നു അച്ഛനും അമ്മയും എന്റെയൊപ്പം അന്ന് ഡല്‍ഹിയില്‍ വന്നത്.

K.C.George

കെ ജി ജോർജ്

1945 ‑ല്‍ പൊന്നാംവെളിയില്‍ നടന്ന ഒരു പൊതുയോഗത്തില്‍ വളരെ ലളിതമായ ഒരു ചടങ്ങായിട്ടാണത്രേ എന്റെ അച്ഛന്റേയും അമ്മയുടേയും കല്യാണം നടന്നത്. ഒരു അടിയുറച്ച പാര്‍ട്ടിസഖാവായിരുന്ന പിന്നീട് പുന്നപ്ര വയലാര്‍ സമരത്തില്‍ മേനാശ്ശേരി തൊഴിലാളി ക്യാമ്പിലെ ക്യാപ്റ്റനായിത്തീര്‍ന്ന പുന്നശ്ശേരില്‍ കൃഷ്ണനാണ് പൂജയും പൂജാരിയുമില്ലാത്ത വിവാഹചടങ്ങില്‍ വരന് താലിമാല എടുത്ത് കൊടുത്തത്. വധുവിന്റെ വിവാഹ വസ്ത്രം വെള്ള ഖദര്‍ സാരിയും ബ്ലൗസും ആയിരുന്നു. താലിമാലയുടെ ലോക്കറ്റ് അരിവാളും ചുറ്റികയുമായിരുന്നു. കല്യാണംകഴിഞ്ഞ് വരന്റെ നീണ്ട ഒരു പ്രസംഗവുമുണ്ടായിരുന്നു. അക്കാലത്ത് എവിടെ പത്തുപേരെ ഒരുമിച്ചുകിട്ടിയാലും സോഷ്യലിസത്തെക്കുറിച്ച് പ്രസംഗം നടത്താന്‍ അച്ഛന് ഒരു മടിയുമുണ്ടായിരുന്നില്ല. ഒളിവിലിരിക്കുമ്പോഴും ഇക്കാര്യത്തില്‍ അച്ഛനൊരുവിട്ടുവീഴ്ചയും ഉണ്ടായിരുന്നില്ല.അച്ഛന്റെ ഈ സ്വപ്നസഞ്ചാര സ്വഭാവത്തെക്കുറിച്ച് ഗൗരിയമ്മ തന്റെ ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്.

MN

എന്റ ബാല്യകാലത്ത് മറ്റു കുട്ടികള്‍ പഞ്ചതന്ത്രകഥകളും വിക്രമാദിത്യകഥകളും കേട്ട് ഉറങ്ങിയിരുന്നപ്പോള്‍ വയലാര്‍ സമരത്തിന്റെ കഥകള്‍ കേട്ടാണ് ഞാന്‍ ഉറങ്ങിയിരുന്നത്. അമ്മ പട്ടണക്കാട് എസ്‌സിയു ഹൈസ്‌കൂളിലെ അദ്ധ്യാപികയായിരുന്നു. ഇതേസ്‌കൂളില്‍ തൂപ്പുകാരനായി ജോലിനോക്കിയാണ് പുന്നശ്ശേരില്‍ കൃഷ്ണനെന്ന പഴയകമ്യൂണിസ്റ്റുകാരന്‍ (മേനശ്ശേരിയിലെ ക്യാമ്പിലെ ക്യാപ്റ്റന്‍) ഉപജീവനം നടത്തിയിരുന്നത്. ആറടിപൊക്കമുള്ള കൃഷ്ണന്‍ചേട്ടനെ ഞാന്‍ കാണാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹത്തിന് നടുവിലൊരു കൂനുണ്ടായിരുന്നു. എങ്കിലും വിരിഞ്ഞുറച്ച നെഞ്ചും കൈകളിലും കാലുകളിലുമുള്ള ഉരുണ്ട മസിലുകളും വലിഞ്ഞുമുറുകിയ മുഖപേശികളുംകൊണ്ട് ആകാരമൊത്ത മനുഷ്യനും അപ്പോഴും ഒരു ക്യാപ്റ്റന്റെ കരുത്തുമുണ്ടായിരുന്നു. വയലാര്‍ സമരകാലത്ത് പോലീസ് തല്ലിക്കൂട്ടിയതാണ് കൂനിന് കാരണമെന്നാണ് കൃഷ്ണന്‍ചേട്ടന്‍ പറയാറുള്ളത്. സ്‌കൂളില്‍ രാത്രിയില്‍ കാവല്‍ജോലിക്കുവരുന്ന പുന്നശ്ശേരി രണ്ടോമൂന്നോ മണിക്കൂര്‍ ഞങ്ങളുടെ വീട്ടില്‍വന്നിരിക്കും. സ്‌കൂളിന് പറ്റെയാണ് വീട്. വീട്ടില്‍ വരുന്ന പത്രമാസികകള്‍ വായിക്കാനാണ് പുന്നശ്ശേരി വരുന്നത്. ചിലപ്പോള്‍ പുന്നശ്ശേരിയും അമ്മയുമായി വയലാര്‍ സമരകഥകളുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കും. മുറ്റത്ത് നിവര്‍ത്തിയിട്ട ഉണക്കപ്പായയില്‍ അമ്മ കാലുംനീട്ടിയിരിക്കും.

ഞാന്‍ അമ്മയുടെ മടിയില്‍ തലവെച്ച് കിടക്കും. അടുത്തുതന്നെ ഒരു കസേരയിട്ട് പുന്നശ്ശേരിയും ഉണ്ടാകും. വയലാര്‍ സമരത്തിന് മുന്നോടിയായി ആദ്യമായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് സുഗതന്‍സാറിന്റേയും അച്ഛന്റേയും പേരിലായിരുന്നു. ഇക്കാലത്ത് പിടികൊടുക്കാതെ നാട്ടില്‍ ഒളിപ്രവര്‍ത്തനം നടത്തുകയായിരുന്ന അച്ഛന്‍ പുത്തന്‍കാവ് എന്ന ഗ്രാമത്തില്‍ എവിടെയോ ഒളിച്ചിരുപ്പുണ്ട് എന്ന് എങ്ങനെയോ വിവരം ലഭിച്ച പോലീസ് എല്ലാ വീടുകളും തിരയാന്‍ തുടങ്ങി. പോലീസ് ഉടനെ എത്തുമെന്ന് രഹസ്യവിവരം ലഭിച്ചപ്പോള്‍ അവിടെനിന്നും മാറുവാനുള്ള സമയം വൈകിപ്പോയിരുന്നു. പോലീസ് പിടിച്ചാല്‍ ഒളിച്ചിരിക്കുന്ന ആളെ മാത്രമല്ല ഒളിവില്‍ താമസിപ്പിച്ച വീട്ടുകാരനെയും മര്‍ദ്ദിക്കും. പെട്ടെന്നാണ് വീട്ടുകാരന് ഒരു ബുദ്ധിതോന്നിയത്. ഓലമേഞ്ഞ പുരയാണ്. അക്കാലത്ത് കൂടുതല്‍ വീടുകളും ഓലപ്പുരകളായിരുന്നു. ഓരോവര്‍ഷവും പുതിയ ഓലകൊണ്ട് കെട്ടിമേയുന്ന ഒരു പുരകെട്ട് ആഘോഷപൂര്‍വ്വം നടത്തും. പുരയുടെ തട്ടിന്റെ മുകളില്‍ സി ജി സദാശിവന്‍ ഒളിച്ചിരിക്കുകയാണ്. വീട്ടുകാരന്‍ അയല്‍വാസികളായ രണ്ടാളുകളേയും കൂട്ടി പുര പൊളിച്ച് ഓലമേയുവാന്‍ തുടങ്ങി. പോലീസുകാര്‍ വന്നപ്പോള്‍ ധൃതിയില്‍ പുരകെട്ട് നടക്കുകയാണ്. മേല്‍ക്കൂര ഓലമേഞ്ഞുകൊണ്ടിരിക്കുന്ന വീട്ടില്‍ ഒരാള്‍ക്ക് ഒളിവില്‍ കഴിയാന്‍ പറ്റില്ല എന്ന തോന്നലില്‍ പോലീസുകാര്‍ വീടിന്റെ തട്ടിന്‍പുറം പരിശോധിച്ചില്ല. എന്തിന് പരിശോധിക്കണം. പുര പൊളിച്ചിട്ടിരിക്കുകയല്ലേ.അച്ഛന്‍ തലനാരിഴയ്ക്ക് രക്ഷപെട്ടു! പാര്‍ട്ടിയോട് നാട്ടുകാര്‍ക്ക് അന്നുണ്ടായിരുന്ന കൂറും ഈ സംഭവം വ്യക്തമാക്കുന്നുണ്ട്.
വയലാര്‍ ക്യാമ്പും മേനാശ്ശേരി ക്യാമ്പും ഒളതല ക്യാമ്പും സജീവമായിരുന്ന വയലാര്‍ വെടിവെയ്പിനു മുമ്പുള്ള കന്നിമാസത്തിലെ ഒരു രാത്രി. ചീവീടുകള്‍ ഇരമ്പുന്ന അര്‍ദ്ധനിലാവുള്ള കന്നിമുണ്ടന്‍ തോര്‍ന്നുനില്‍ക്കുന്ന രാത്രി. എന്റെ മൂത്ത ചേച്ചി സോയയെ ഉദരത്തില്‍പേറി ഗര്‍ഭിണിയായ അമ്മയും അമ്മയുടെ അമ്മാവന്റെ മക്കളായ രണ്ടുസഹോദരികളും ഒരു വള്ളക്കാരനുംകൂടി രാത്രിയുടെ മറപറ്റി വള്ളക്കടവിലേക്ക് നടന്നു. കങ്കനുള്ളിചെടികള്‍ പടര്‍ന്നുനില്‍ക്കുന്ന ചിറയിലൂടെയാണ് നടക്കുന്നത്. പെട്ടെന്നാണ് കങ്കനുള്ളി (കണ്‍കദളി) പടര്‍പ്പുകളുടെ ഇടയില്‍നിന്നും വാരിക്കുന്തങ്ങളും പിടിച്ചുകൊണ്ട് രണ്ടുപേര്‍ മുന്നിലേക്ക് ചാടിവീണത്. പേടിച്ചരണ്ട അമ്മയുടെയും മറ്റുള്ളവരുടെയും നാവുകള്‍ വറ്റിവരണ്ടു. വളരെ ബദ്ധപ്പെട്ട് ചിലമ്പുന്ന ശബ്ദത്തില്‍ അമ്മ വിളിച്ചു. ‘സഖാവെ.’ ഒരു നിമിഷത്തെ മൂകതയ്ക്കുശേഷം പ്രത്യുത്തരമുണ്ടായി. ‘ഓ സഖാവായിരുന്നോ?’. അമ്മയെ തിരിച്ചറിഞ്ഞുകഴിഞ്ഞപ്പോള്‍ ശത്രുഭാവത്തില്‍ വന്നവര്‍ ബന്ധുക്കളെപ്പോലെയായി. ഒളതലയിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ക്യാമ്പിലേക്ക് വരുന്ന ഒറ്റുകാരെ പിടിക്കാനായി നിയോഗിച്ചിരുന്ന പാര്‍ട്ടിസഖാക്കളായിരുന്നു അവര്‍. പിന്നെ വള്ളക്കടവുവരെ അവരും അമ്മയെ അനുഗമിച്ചു. നടക്കുന്നതിനിടയില്‍ ശ്വാസം നേരെവീണ വള്ളക്കാരന്‍ പപ്പന്‍ചേട്ടന്‍ പറഞ്ഞു. ‘ഒരു തലേണയും പായും എടുത്തിരുന്നേല്‍ ചേച്ചിക്ക് വള്ളത്തില്‍ കിടക്കായിരുന്നു.’ ഇതുകേട്ട സഖാക്കള്‍ അടുത്തുകണ്ട വീടിന്റെ വേലിക്കുപുറത്തുനിന്ന് വീട്ടുകാരെ വിളിച്ചുണര്‍ത്തി. ‘ഒരു പായും തലേണെയുംവേണം‘എന്നുമാത്രം പറഞ്ഞു. മറുചോദ്യമൊ ആരാണ് എന്തിനാണ് എന്നൊന്നും ചോദിക്കാതെ നിമിഷങ്ങള്‍ക്കകം ഒരു പായും തലയിണയും വേലിക്കുമുകളിലൂടെ വെളിയില്‍വന്നു.
നാട്ടിലാകെ ഭീതി പടര്‍ന്നിരുന്ന കാലമായിരുന്നു അത്. വയലാര്‍ മേനാശ്ശേരി ഗ്രാമങ്ങളെ കൂട്ടിയിണക്കുന്ന പട്ടണക്കാട് ഗ്രാമത്തില്‍ താമസിക്കുകയായിരുന്ന അമ്മയ്ക്ക് ഒരു നിര്‍ദ്ദേശം പാര്‍ട്ടിതലത്തില്‍നിന്നും എത്തി. വയലാറിലെയും മേനാശ്ശേരിയിലേയും സ്ഥിതി വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്. സഖാവ് എത്രയു വേഗം കൊച്ചിരാജ്യത്തുള്ള ഏരൂര്‍ഭാഗത്ത് സിജിയുടെ ബന്ധുവീട്ടിലേക്ക് മാറണം. തിരുവിതാംകൂറിന്റെ അതിര്‍ത്തി അരൂര്‍ ചുങ്കംകൊണ്ട് അവസാനിച്ചിരുന്നു. സിപിയുടെ പോലീസിന് കൊച്ചിയിലും മലബാറിലും അധികാരമുണ്ടായിരുന്നില്ല. ഇക്കാരണത്താല്‍ കൊച്ചി മലബാര്‍ പ്രദേശങ്ങളിലേക്കാണ് വയലാര്‍ വെടിവെയ്പിനുശേഷം സി കെ കുമാരപ്പണിക്കര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒളിച്ചിരിക്കാന്‍ തെരഞ്ഞെടുത്തിരുന്നത്. വയലാര്‍ സമരം കഴിഞ്ഞ് നാട്ടിലെ സ്ഥിതിഗതികള്‍ ശാന്തമാകാന്‍ മാസങ്ങള്‍ വേണ്ടിവന്നു. അച്ഛന്‍ എവിടെയാണെന്നോ ജീവിച്ചിരിപ്പുണ്ടെന്നോ അറിയാതെ അമ്മ വേദനതിന്ന് ഏരൂരുള്ള അച്ഛന്റെ മാതൃസഹോദരിയുടെ വീട്ടില്‍ ടി കെ രാമകൃഷ്ണന്റെ വീടിനടുത്ത് താമസിച്ചു. തിരിച്ച് പാണാവള്ളിയിലുള്ള അച്ഛന്റെ കുടുംബവീടായ ചിറ്റയില്‍ തറവാട്ടിലെത്തിയാണ് അമ്മ ഞങ്ങളുടെ മൂത്ത സഹോദരിക്ക് ജന്മം നല്‍കിയത്. പിന്നീട് പട്ടണക്കാടുള്ള അമ്മയുടെ കുടുബവീട്ടില്‍ തിരിച്ചെത്തുന്നതിനുമുന്‍പ് ഒരിക്കല്‍ രാത്രിയില്‍ ചിറ്റയില്‍ തറവാട്ടില്‍ ഒളിച്ചുവന്ന് അച്ഛന്‍ അമ്മയേയും ചേച്ചിയെയും കണ്ടിരുന്നു. ആ കഥകളൊക്കെ അമ്മ വേദനയോടെ വിവരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അമ്മയുടെ പട്ടണക്കാട്ടുള്ള വീട്ടില്‍ കെസി ജോര്‍ജ്ജ് ഒളിവില്‍ താമസിച്ചിരുന്നു. അദ്ദേഹമാണ് സിജിയുടെ മൂത്ത കുട്ടിക്ക് സോയ എന്നുപേരിട്ടത്. നീണ്ട അഞ്ചരവര്‍ഷക്കാലങ്ങള്‍ ഒളിവിലും ജയിലിലുമായി കഴിഞ്ഞിരുന്ന അച്ഛന്‍ സ്വന്തം മകളെ സൂര്യവെളിച്ചത്തില്‍ ആദ്യമായി കാണുന്നത് ചേച്ചിക്ക് അഞ്ചുവയസ്സ് കഴിഞ്ഞപ്പോഴാണ്. 1952 ‑ല്‍ തിരുകൊച്ചി നിയമസഭയിലേക്ക് തണ്ണീര്‍മുക്കം മണ്ഡലത്തില്‍നിന്നും അച്ഛന്‍ തിരഞ്ഞെടുക്കപ്പെട്ടു. ജയിലിലായിരുന്ന അച്ഛനുവേണ്ടി മത്സരത്തിന്റെ ചുക്കാന്‍ പിടിച്ചത് എസ്എല്‍ പുരം സദാനന്ദനായിരുന്നു. പിന്നീട് സിജിയല്ല താനാണ് മത്സരിച്ചത് എന്ന് എസ്എല്‍ പുരം തമാശയായി പറയുമായിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ചതിനെ തുടര്‍ന്ന് ‘രാഷ്ട്രീയ എകാന്ത തടവുകാരനായിരുന്ന’ അച്ഛന്റെ ശിക്ഷ റദ്ദുചെയ്യപ്പെട്ടു.
സഖാവ് ആര്‍ സുഗതന്‍ എന്ന സുഗതന്‍സാര്‍ ഞങ്ങളുടെ വീട്ടിലെ ഒരു കുടുംബാംഗം പോലെയായിരുന്നു. എന്റെ ബാല്യകാലത്ത് സുഗതന്‍സാര്‍ അച്ഛന്റെ അടുത്ത ബന്ധുവാണെന്ന ധാരണയായിരുന്നു എനിക്കുണ്ടായിരുന്നത്. വീട്ടിലെ ഏറ്റവും ഇളയകുട്ടിയായ എന്നെ സുഗതന്‍സാര്‍ കൈയ്യിലെടുത്ത് ലാളിച്ചിരുന്നു. അദ്ദേഹത്തിന്റെ കവിളിലെ കുറ്റിരോമങ്ങള്‍ എന്റെ കവിളില്‍ ഉരസിയായിരുന്നു വാത്സല്യം കാണിച്ചിരുന്നത്. അല്പം വേദനിക്കുന്ന ലാളിക്കലായതുകൊണ്ട് സുഗതന്‍സാറിനെ കാണുമ്പോള്‍ ഞാന്‍ അമ്മയുടെ പുറകിലൊളിക്കുമായിരുന്നു. ‘എടാ കൊച്ചുകഴുവേറി ഇവിടെവാ’ എന്നാണ് പാറയില്‍ ചിരട്ടയുരയ്ക്കുന്ന ശബ്ദത്തില്‍ ഉണ്ടക്കണ്ണുള്ള സുഗതന്‍സാര്‍ എന്നെയും എന്റെ നേരെമൂത്ത ചേട്ടന്‍ ശരത്തിനെയും സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്നത്. സാറ് വന്നാല്‍ അച്ഛന്‍ തേച്ചുകുളിക്കാന്‍ കുഴമ്പുമേടിച്ചുവരും. ഇട്ടുകൊണ്ട്‌വന്ന ഉടുപ്പും മുണ്ടും അലക്കിവെളുപ്പിച്ചുകൊടുക്കും. ഒരുദിവസം വന്നപ്പോള്‍ കുന്നംകുളത്തെ ഏതോ പ്രസ്സില്‍നിന്നു ലഭിച്ച ഒരു ഇംഗ്ലീഷ് മലയാളം ഡിക്ഷ്ണറി എന്റെ ചേച്ചിക്ക് കൊടുത്തു.അച്ഛനെ ഉപദേശിക്കാനും വഴക്കിടാനും അധികാരമുള്ള ഒരാളായിട്ടാണ് സുഗതന്‍സാര്‍ എന്റെ കുട്ടിമനസ്സില്‍ സ്ഥാനം പിടിച്ചിരുന്നത്. അമ്മയെ സുഗതന്‍സാര്‍ ‘വാദ്ധ്യാര്‍ ‘എന്നാണ് വിളിച്ചിരുന്നത്. ഒരിക്കല്‍ വീട്ടില്‍വന്ന സുഗതന്‍സാര്‍ എന്റെ മൂത്തസഹോദരന്‍ സചിത്തിനോട് (ഫാമിംഗ് കോര്‍പ്പറേഷന്‍ എംഡിയായി റിട്ടയര്‍ ചെയ്തു.) പറഞ്ഞു, ‘മുറ്റത്ത് എന്തിനാടാ ഉപയോഗമില്ലാത്ത റോസാചെടികള്‍ നട്ടുപിടിപ്പിക്കുന്നത്? പറിച്ചുകളഞ്ഞിട്ട് വല്ല കണ്ടിച്ചേമ്പും നട്ടുപിടിപ്പിക്കരുതോ? ’
അത് പിഴുതുകളയാന്‍ തുനിഞ്ഞ ചേട്ടനോട് ചെറുചിരിയോടെ അദ്ദേഹം പറഞ്ഞു. ‘വേണ്ടടാ വാദ്ധ്യാര്‍ വളരെ കാര്യമായി വളര്‍ത്തുന്നതല്ലെ? ’ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി കേരളത്തില്‍ മുളച്ചുപൊന്തിയപ്പോള്‍മുതല്‍ അതിനെ അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ വളര്‍ത്തിയെടുക്കാന്‍ വെള്ളം കോരിയവരില്‍ പ്രമുഖനായിരുന്നു എന്റെ അച്ഛന്‍ സി ജി സദാശിവന്‍. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ്, വയലാര്‍ സമരത്തിനുമുന്‍പ് 1945മുതല്‍ ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് അച്ഛന്‍ എത്തിയിരുന്നു. മൂത്ത ചേച്ചി സോയയുടെ വിവാഹം കഴിഞ്ഞപ്പോള്‍ പിന്നെ ഞങ്ങളുടെ വീട്ടിലെ ഏകവനിതാ അംഗം അമ്മ മാത്രമായിരുന്നു. ഞങ്ങള്‍ മൂന്ന് ആണ്‍മക്കളും അകാലത്തില്‍ മരിച്ചുപോയ അമ്മയുടെ ചേച്ചിയുടെ രണ്ട് ആണ്‍മക്കളും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അമ്മ സ്‌കൂള്‍ വിട്ടുകഴിഞ്ഞാല്‍ പാര്‍ട്ടിപ്രവര്‍ത്തനങ്ങള്‍ക്കുപോകുമായിരുന്നു.അച്ഛനുംഅമ്മയും ഒരേസമയം പാര്‍ട്ടിയുടെ സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളായിരുന്ന സമയത്ത് അവരെ വീട്ടിലെ ‘അതിഥികള്‍‘എന്നാണ് ഞങ്ങളുടെ കൂട്ടുകാര്‍ വിളിച്ചിരുന്നത്. പാര്‍ട്ടിയുടെ മണ്ഡലം, ജില്ലാകമ്മിറ്റികളുള്ളപ്പോള്‍ അച്ഛനും അമ്മയും വളരെ വൈകിയാണ് വീട്ടില്‍ വന്നിരുന്നത്. പല ദിവസങ്ങളിലും രാത്രി ഒന്‍പതുമണി ആയാലും അത്താഴം കഴിക്കാതെ വിശന്നിരിക്കുന്ന ഞങ്ങള്‍ക്ക് അമ്മ വന്നതിനുശേഷമാണ് കഞ്ഞിയും പയറും ഉണ്ടാക്കിത്തരുന്നത്. എത്ര വൈകിയാലും കഞ്ഞി അടുപ്പത്തിട്ടുകഴിയുമ്പോള്‍ അച്ഛനും അമ്മയും പാര്‍ട്ടിക്കാര്യങ്ങളുടെ കമ്മിറ്റികളിലെ ചര്‍ച്ച തുടരും. വിശന്നിരുന്നു കഞ്ഞിക്കു തീവെയ്ക്കുന്ന ഞാന്‍ പലപ്പോഴും ദേഷ്യത്തോടെയായിരുന്നു ഇത്തരം പാര്‍ട്ടി സംഭാഷണങ്ങള്‍ക്ക് സാക്ഷിയാകുന്നത്. ഈ നാട്ടില്‍ ഒരു സോഷ്യലിസ്റ്റ് വിപ്ലവം നടക്കുമെന്ന് സ്വപ്നംകണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തം ജീവിതം തന്നെ സമര്‍പ്പിച്ചവരായിരുന്നു എന്റെ അച്ഛനും അമ്മയും.1985 ഫെബ്രുവരി 26 ന് അച്ഛനും 2015 ഒക്‌ടോബര്‍ 12ന് അമ്മയും മരണമടഞ്ഞു.