‘വായു’ ഗുജറാത്ത് തീരത്തേക്ക്; കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും കാറ്റിനും സാധ്യത

Web Desk
Posted on June 12, 2019, 8:17 am

തിരുവനന്തപുരം: കേരളതീരത്ത് ഇന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. അറബിക്കടലില്‍ രൂപംകൊണ്ട വായു ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് തുടരുന്നു. 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വായു ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ഗുജറാത്ത് തീരത്തെത്തുന്നതോടെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍, കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരത്തും അറബികടലിന്റെ തെക്ക് കിഴക്ക് ഭാഗത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ തീരപ്രദേശത്ത് കടല്‍പ്രക്ഷുബ്ധമായതിനാല്‍ കടലാക്രമണ ഭീഷണി നിലനില്‍ക്കുന്നു.

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലയോര പ്രദേശത്ത് ഒറ്റപ്പെട്ട ശക്തമായ മഴലഭിക്കുന്നതിനാല്‍ നദികളിലെ നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. കാലവര്‍ഷമെത്തിയെങ്കിലും ചുഴലിക്കാറ്റിന്റെ ഫലമായി മഴ ശക്തിപ്പെടില്ലെന്ന സൂചനയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്.

You May Also Like This: