വാഴക്കൂമ്പുതോരന് ദുബായില്‍ വിലക്ക്

Web Desk
Posted on July 23, 2019, 3:14 pm

കെ രംഗനാഥ്

ദുബായ്: പൂക്കള്‍ കൊണ്ടുള്ള ഭക്ഷണവിഭവങ്ങള്‍ ദുബായ് ഹോട്ടലുകളില്‍ വിളമ്പുന്നതിന് നിരോധനം വന്നതോടെ മലയാളിയുടെ തനതു വിഭവങ്ങളില്‍ പലതും മലയാളി റസ്റ്റോറന്റുകളില്‍ നിന്ന് അപ്രത്യക്ഷമാകും.
സ്വപ്‌ന നക്ഷത്രഹോട്ടലുകളിലടക്കം ലോകമെമ്പാടും വിളമ്പുന്ന കോളിഫഌവര്‍ (ഹിന്ദിയില്‍ ഫൂല്‍ഗോബി) കൊണ്ടുണ്ടാക്കുന്ന ഗോബി മഞ്ചൂരിയന്‍ ഇനി ദുബായ് ഭക്ഷണശാലകളില്‍ ലഭിക്കാതാകും. മലയാളി ഹോട്ടലുകളില്‍ പരക്കെ ലഭ്യമാകുന്ന വാഴക്കൂമ്പുതോരനും വിലക്കു വീഴും. വാഴക്കൂമ്പ്, മുരിങ്ങപ്പൂ, അഗസ്ത്യ ചീരപ്പൂ എന്നിവകൊണ്ട് ഉണ്ടാക്കുന്ന തോരന്‍ മലയാളികളടക്കമുള്ളവരുടെ ദക്ഷിണേന്ത്യന്‍ ഹോട്ടലുകളില്‍ ജനപ്രിയ കറികളാണ്. ഇവയെല്ലാം പൂക്കള്‍ കൊണ്ടുണ്ടാക്കുന്നതിനാലാണ് നിരോധനം. ചെമ്പരത്തിപ്പൂവുകൊണ്ട് ഉണ്ടാക്കുന്ന രസം, കോളിഫഌവര്‍ വിഭവങ്ങള്‍ എന്നിവയും ലഭ്യമല്ലാതാകും.
ദേശീയ ഭക്ഷ്യസുരക്ഷാ സമിതിയുടെ ശുപാര്‍ശകളനുസരിച്ചാണ് പുഷ്പഭക്ഷ്യവിഭവങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഔദ്യോഗികമായ അറിയിപ്പുണ്ടായി. ഭക്ഷ്യവിഭവങ്ങള്‍ക്ക് മാത്രമല്ല, പൂക്കള്‍ അടങ്ങുന്ന പാനീയങ്ങള്‍ക്കും വിലക്ക് ബാധകമാണ്. റോസാദലങ്ങള്‍ മുഖ്യ ഘടകമായ ഇന്ത്യയുടെ ഗുലാബ്ജാമുന്‍ ആഗോളതലത്തില്‍ത്തന്നെ താരമാണ്. ഹോട്ടലുകളിലും ഭക്ഷണവിഭവങ്ങള്‍ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകളില്‍ നിന്നും ഇനി ഇന്ത്യയുടെ മധുരമായ ഗൃഹാതുരത്വമൂറുന്ന ഗുലാബ് ജാമുനും വിടപറയുന്നു. വിവിധ രാജ്യക്കാര്‍ പപ്പായപ്പൂക്കള്‍ കൊണ്ടുള്ള നിരവധി സാധനങ്ങള്‍ ഉണ്ടാക്കാറുണ്ട്. ടൂത്ത് ഏക്ക് പ്ലാന്റ് എന്ന പല്ലുവേദന സംഹാരിച്ചെടിയുടെ പൂക്കള്‍കൂടി ഘടകമാക്കി നിര്‍മ്മിക്കുന്ന കറികളും ലോക പ്രശസ്തമായ ഡാബര്‍ ടൂത്ത് പേസ്റ്റുമുണ്ട്. ഇവയില്‍ പേസ്റ്റിനും വിലക്കുണ്ടാകുമോ എന്ന് വ്യക്തമല്ല. എന്തായാലും ജമന്തിപ്പൂവ് ഉപയോഗിച്ചുള്ള വിനാഗിരിക്ക് നിരോധനമുണ്ട്. ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് പുഷ്പം കൊണ്ടുള്ള ഭക്ഷ്യ‑പാനീയങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് മാത്രമേ ഔദ്യോഗിക വിശദീകരണമുള്ളു. തദ്ദേശീയരും പ്രവാസികളും ഈ ഭക്ഷ്യ‑പാനീയങ്ങള്‍ വീടുകളിലുണ്ടാക്കി കഴിക്കാതിരിക്കാന്‍ ഇത്തരം പൂക്കള്‍തന്നെ നിരോധിക്കുമോ എന്ന ആശങ്ക വേറെ.