September 28, 2022 Wednesday

സർക്കാർ കൈത്താങ്ങു നൽകിയിട്ടും വാഴക്കുളം പൈനാപ്പിൾ വന്‍ പ്രതിസന്ധിയില്‍

സ്വന്തം ലേഖകൻ
കൊച്ചി
May 21, 2020 4:22 pm

സംസ്ഥാന സർക്കാർ കൈത്താങ്ങു നൽകിയിട്ടും ഭൂസൂചികാ പദവി ലഭിച്ചതിലൂടെ കേരളത്തിന്റെ കാര്‍ഷികപ്പെരുമ ആഗോളതലത്തിലെത്തിച്ച വാഴക്കുളം പൈനാപ്പിൾ വന്‍ പ്രതിസന്ധിയില്‍. നിത്യജീവിതത്തെയും സമ്പദ് വ്യവസ്ഥയേയും ഒരുപോലെ നിശ്ചലമാക്കിയ കോവിഡ് ഭീഷണിയാണ് പൈനാപ്പിൾ കര്‍ഷകരേയും ആയിരക്കണക്കിനു വരുന്ന തൊഴിലാളികളേയും ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്. ഉല്‍പ്പന്നം വിപണിയിലെത്തിക്കാനാവാതെ നശിക്കുന്നതു മൂലം ദിവസം തോറും ശരാശരി അഞ്ച് കോടി രൂപയുടെ നഷ്ടം വന്നിട്ടുണ്ട്. മാര്‍ച്ച് മുതല്‍ ഇതുവരെ 300 കോടിയുടെ നഷ്ടം വരുന്നതായി കേരളാ പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പറയുന്നു.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലാണ് ഇന്ത്യയിലെ തന്നെ പൈനാപ്പിൾ കൃഷി കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും കേരളത്തില്‍ ആലപ്പുഴ, വയനാട് ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും വാഴക്കുളം പൈനാപ്പിൾ കൃഷി ചെയ്യപ്പെടുന്നുണ്ട്. വാഴക്കുളത്തു നിന്നുള്ള കര്‍ഷകര്‍ തന്നെയാണ് മറ്റു ജില്ലകളിലും കൃഷി ചെയ്യുന്നതെന്ന സവിശേഷതയും പൈനാപ്പിൾ കൃഷിക്കു മാത്രമുള്ളതാണ്. ഇങ്ങനെ പ്രധാനമായും വാഴക്കുളത്തും സമീപപ്രദേശങ്ങളിലും മറ്റിടങ്ങളിലുമായി ഏകദേശം 18,000 ഹെക്ടര്‍ പ്രദേശത്താണ് ഇന്ന് പൈനാപ്പിൾ കൃഷി ചെയ്യുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാണിച്ചു. ഒരു ഹെക്ടറില്‍ കൃഷിയിറക്കുന്നതിന് 6.25 ലക്ഷം രൂപയാണ് ചെലവു വരുന്നത്. വര്‍ഷം തോറും ഉദ്ദേശം 1250 കോടി രൂപ മതിക്കുന്ന അഞ്ച് ലക്ഷം ടണ്‍ പൈനാപ്പിളാണ് ഈ മേഖല ഉല്‍പ്പാദിപ്പിക്കുന്നത്.

കേരളത്തിലെ ഭൂരിപക്ഷം തോട്ടവിളകളും നാണ്യവിളകളും വിലയിടിച്ചിലിന്റെ വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് റബര്‍ കൃഷിയുടേയും മറ്റും ഇടവിളയായി കൃഷി ചെയ്യപ്പെടുന്നതിലൂടെ സ്ഥലം പാട്ടത്തിനു നല്‍കുന്നവര്‍ക്കും വലിയ ആശ്വാസമായിത്തീര്‍ന്നിരിക്കയാണ് പൈനാപ്പിള്‍ കൃഷി. ഇക്കാരണത്താല്‍  പൈനാപ്പിൾ മേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധി ഈ മേഖലയിലെ തൊഴില്‍ രംഗത്തും മുന്‍പേ തന്നെ പ്രതിസന്ധിയിലായ മറ്റ് കാര്‍ഷികമേഖലകളിലും കൂടുതല്‍ ആഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഇവര്‍ പറഞ്ഞു. ഒരു കൈതയില്‍ നിന്ന് മൂന്നു തവണ വിളവെടുക്കാമെങ്കിലും ആദ്യത്തെ രണ്ട് വിളവെടുപ്പാണ്  പൈനാപ്പിൾക്കൃഷിയിലെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കുന്നത്. 2019‑ല്‍ കൃഷി ചെയ്യാന്‍ കൂടുതല്‍ സ്ഥലം ലഭ്യമായതിന്റേയും 2019 മാര്‍ച്ച്-ഏപ്രിലില്‍ പൈനാപ്പി‌ളിന് 39–45 രൂപ എന്ന മെച്ചപ്പെട്ട വില ലഭിച്ചതിന്റേയും പശ്ചാത്തലത്തില്‍ ഈ വര്‍ഷം മുന്‍വര്‍ഷങ്ങളിലെ നഷ്ടങ്ങള്‍ നികത്താമെന്ന കണക്കുകൂട്ടലില്‍ കൂടുതല്‍ വായ്പകളും മറ്റുമെടുത്ത് വിളവ് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കര്‍ഷകര്‍.

you may also like this video;

പരിശ്രമിച്ചതും പ്രതീക്ഷിതും പോലെ കൂടുതല്‍ വിളവെടുപ്പും ലഭിച്ചു. ഇതിനിടയില്‍ തദ്ദേശീയ വിപണിയില്‍ വന്‍ഡിമാന്‍ഡുണ്ടാക്കുന്ന റംസാന്‍ മാസവും വന്നു. ഒരു ദിവസം 2000 ടണ്‍ വരെയാണ് റംസാനില്‍ വിളവെടുക്കുന്നത്. ഇങ്ങനെ കൂടുതല്‍ വിളവുണ്ടായിട്ടും ലോക്ഡൗണ്‍ മൂലം റംസാന്‍ ഡിമാന്‍ഡുണ്ടാകാഞ്ഞതും കേരളത്തിനു പുറത്തേയ്ക്ക് ഉല്‍പ്പന്നമെത്തിക്കാന്‍ സാധിക്കാത്തതുമാണ് ഈ സീസണില്‍ പൈനാപ്പ്ള്‍ കര്‍ഷകര്‍ക്ക് ഏറ്റവും വലിയ തിരിച്ചടിയായത്. വന്‍തോതില്‍  പൈനാപ്പിൾ കയറ്റിപ്പോയിരുന്ന ഡെല്‍ഹി, മുംബൈ, അഹമ്മദാബാദ്, ചെന്നൈ വിപണികള്‍ അടയുകയും നാമമാത്രമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഡിമാന്‍ഡുണ്ടായിട്ടും ഉല്‍പ്പന്നമെത്തിക്കാന്‍ സാധിക്കാത്തതുമൂലമുള്ള ഈ അവസ്ഥ മൂലം കിലോഗ്രാമിന് 25 രൂപ വരെ ഉല്‍പ്പാദനച്ചെലവുള്ള  പൈനാപ്പിളിന്‌ ലോക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് രണ്ടാം വാരം മുതല്‍ ഇതുവരെ ലഭിച്ചു വരുന്ന ശരാശരി വില 10 രൂപയ്ക്കടുത്തു മാത്രമാണ്.

അങ്ങനെ തുടര്‍ച്ചയായ മൂന്നാംവര്‍ഷവും പ്രകൃതിദുരന്തങ്ങള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്  പൈനാപ്പിൾ കര്‍ഷകരെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. വിളവെടുക്കാതെ നശിച്ചു പോകുന്നതും വിലയിടിച്ചിലും മൂലം ഈ സീസണില്‍ ഇങ്ങനെ ദിവസം തോറും അഞ്ച് കോടി രൂപയ്ക്കടുത്ത് നഷ്ടം സംഭവിക്കുന്നുവെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ നിരക്കില്‍ പൈനാപ്പള്‍ മേഖലയ്ക്ക് ഈ സീസണില്‍ മൊത്തം 300 കോടി രൂപയൂടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതു കണക്കിലെടുത്ത് സര്‍ക്കാര്‍ ഇടപെട്ട് സ്ഥലത്തിന്റെ പാട്ടത്തില്‍ ഇളവുകളും സാവകാശവും കര്‍ഷകര്‍ക്ക് നല്‍കണമെന്ന് ഭൂവുടമകളോട് അഭ്യര്‍ത്ഥ്യക്കണമെന്നും ഈ മേഖലയിലെ കാര്‍ഷിക വായ്പകളുടെ പലിശ എഴുതിത്തള്ളുകയുംരണ്ട് വര്‍ഷത്തേയ്ക്ക് എല്ലാ  പൈനാപ്പിൾക്കൃഷി വായ്പകളും പലിശരഹിത വായ്പകളായി ക്രമീകരിച്ചു നല്‍കണമെന്നുമാണ് സംഘടനയുടെ ആവശ്യം.

പൈനാപ്പിൾ കൃഷിക്കാരുടെ അവസ്ഥ പരിഗണിച്ച ഈ മേഖലയിലെ മഞ്ഞള്ളൂര്‍, ആയവന, ആവോലി, ആരക്കുഴ, കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തുകള്‍ കര്‍ഷകര്‍ക്ക പാട്ടം ഇളവും വായ്പാസാവകാശവും നല്‍കണമെന്നഭ്യര്‍ത്ഥിച്ച് പ്രമേയം പാസ്സാക്കിയ കാര്യവും സംഘടനാ ഭാരവാഹികള്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ 15 രൂപയാണ്  പൈനാപ്പിളി ന്റെ സംഭരണവില. ഇത് ഉല്‍പ്പാദനച്ചെലവിന് ആനുപാതികമായി വര്‍ധിപ്പിച്ച് 25 രൂപയെങ്കിലുമായി പുനര്‍നിര്‍ണയിക്കണം. ലോക്ഡൗണ്‍ കാലത്ത് നശിച്ചതും വിളവെടുത്തതുമായ മുഴുവന്‍ പൈനാപ്പി‌ളിനും കിലോഗ്രാമിന് 10 രൂപവെച്ച് സഹായധനം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു. നടുക്കരയിലുള്ള വാഴക്കുളം അഗ്രോ ആന്‍ഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനി അടിയന്തരമായമായി പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കണം . ചെറുകിടസംരംഭകര്‍ക്ക് വൈനും വീര്യം കുറഞ്ഞ മദ്യവും  പൈനാപ്പിളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ലൈസന്‍സിംഗ് സമ്പ്രദായവും ഉടന്‍ ആരംഭിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.