വഴിവിളക്കുകള്‍ ജ്വലിക്കട്ടെ

Web Desk
Posted on June 02, 2019, 11:06 am

കലഞ്ഞൂര്‍ ഭാസ്‌ക്കരന്‍

ചരിത്രത്താളുകള്‍
മറിച്ചുനോക്കവെ
കഴിഞ്ഞകാലത്തി-
ന്നിരുണ്ട നാളുകള്‍
സവര്‍ണര്‍ സൃഷ്ടിച്ച
മൃഗീയ നീതികള്‍

പാവം ജനങ്ങളെ
നീചഗണങ്ങളായ്
നികൃഷ്ടജീവിയായ്
വിദ്യാലയങ്ങളില്‍
ക്ഷേത്രനടകളില്‍
ആട്ടിയോടിച്ചതും,

മാറുമയ്ക്കാന-
നുവദിക്കാതന്നു
കീഴാള സ്ത്രീകളെ-
യാസ്വാദ്യവസ്തുവായ്
ക്രൂരവിനോദമായ്
നോക്കിരസിച്ചതും,

പ്രാകൃതമായമു-
ലക്കരമേകുവാന്‍
പണ്ടൊരു നങ്ങേലി
സങ്കോചമെന്നിയെ
മുലയറുത്തേകി
ജീവന്‍വെടിഞ്ഞതും
ചരിത്രസത്യമായ്
ജ്വലിച്ചു നില്‍ക്കവെ;

പുതിയ രൂപത്തില്‍
പുതിയ ഭാവത്തില്‍
ഇരുട്ടിനെ വാരി-
പ്പുണരുവാന്‍ വീണ്ടും
വിഫലമാംശ്രമം
തുടരുന്നിപ്പോഴും