October 3, 2022 Monday

മിന്നൽ മുരളിയുടെ സെറ്റ്‌ തകർത്തത്‌ വർഗീയ കോമരങ്ങളാണെങ്കിൽ ഞങ്ങൾക്ക്‌ ഭയം മറ്റൊന്നാണ്‌: സംവിധായകൻ വി സി അഭിലാഷ്‌

Janayugom Webdesk
തിരുവനന്തപുരം
May 25, 2020 7:20 pm

കാലടി മണപ്പുറത്ത്‌ നിർമ്മിച്ച ബേസിൽ ജോസഫ്‌ — ടോവിനോ ചിത്രം മിന്നൽ മുരളിയുടെ ഷൂറ്റിംഗ്‌ സെറ്റ്‌ ഒരു സംഘം വർഗീയ വാദികൾ അടിച്ചു തകർത്തത്‌ വ്യാപക പ്രതിഷേധത്തിന്‌ ഇടയാക്കുകയും ഒരാളെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ സമാനമായി സെറ്റ്‌ നിർമ്മിച്ച്‌ ചിത്രീകരണം ആരംഭിക്കുകയും ലോക്ക്ഡൗണിനെത്തുടർന്ന് നിർത്തിവയ്ക്കുകയും ചെയ്ത മറ്റൊരു ചിത്രമാണ്‌ സബാഷ്‌ ചന്ദ്രബോസ്‌. ദേശീയ അവാർഡ്‌ ജേതാവായ വി സി അഭിലാഷ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ, ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഷൂട്ടിംഗ്‌ സെറ്റും ഭീഷണി നേരിടുന്നുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണ്ണരൂപം ചുവടെ:

സബാഷ് ചന്ദ്രബോസിന് വേണ്ടി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് മൂന്ന് സെറ്റുകൾ നിർമ്മിച്ചിട്ടുണ്ട്. ചിത്രീകരണം തുടങ്ങി 15-ാം ദിവസം കോവിഡ് ബ്രേക്കെടുപ്പിച്ചു. 30 ദിവസത്തെ ഷൂട്ടിംഗ് ഇനി ബാക്കിയുണ്ട്. രണ്ട് മാസത്തിലേറെക്കാലമായി ആ സെറ്റുകളെ കുറിച്ചോർത്ത് ടെൻഷനടിച്ച് വീട്ടിലിരുപ്പാണ്. ബേസിൽ ജോസഫിൻ്റെ Basil Joseph വ്യഥ എനിക്ക് മനസിലാവും. അദ്ദേഹത്തിൻ്റെ സിനിമയെ വർഗീയ കോമരങ്ങളാണ് വേദനിപ്പിച്ചതെങ്കിൽ ഞങ്ങൾക്കത് മഴയുടെ രൂപത്തിൽ കൺമുന്നിൽ നിൽക്കുകയാണ്. ഡമോക്ലീസിന്റെ വാൾ പോലെ!

സിനിമയുടെ പൂർണ്ണതയ്ക്ക് അവ ആവശ്യമുണ്ടെന്ന് പറഞ്ഞപ്പോൾ പൂർണ്ണ പിന്തുണ നൽകി കൂടെ നിന്ന ഒരു നല്ല മനുഷ്യൻ്റെ, നിർമ്മാതാവിൻ്റെ പണമാണ് ആ സെറ്റുകൾ. പ്രൊഡക്ഷൻ ഡിസൈനർ സാബുറാമും സഹപ്രവർത്തകരും ഏറെ നാൾ പ്രയത്നിച്ചാണ് എൻ്റെ ചിന്തയ്ക്കിണങ്ങിയ വിധം അവ സാധ്യമാക്കിയത്. ഓരോ മഴയിലും ചങ്കിടിപ്പ് കൂടുകയാണ്. മെയ്-ജൂൺ മാസത്തെ മഴയെ അതിജീവിക്കാമെന്ന് പ്രതീക്ഷയുണ്ട്. എന്നാൽ അതിന് ശേഷം വരുമെന്ന് പറയപ്പെടുന്ന അധിവർഷം അഥവാ പ്രളയത്തെ എങ്ങനെ ആ സെറ്റുകൾ അതിജീവിക്കും?

സെറ്റിട്ട് ചിത്രീകരണം ആരംഭിച്ച് കോവിഡ് കാരണം ബ്രേക്കെടുക്കേണ്ടി വന്ന സിനിമകൾ അധികമില്ലെന്നാണ് അറിവ്. അവയ്‌ക്കെക്കെങ്കിലും Crew എണ്ണം കുറച്ച് സുരക്ഷാ മുൻകരുതലുകളോടെ നിർമ്മാണം പുനരാരംഭിക്കാൻ സർക്കാർ അനുമതി കിട്ടുമോ? അത്തരം സിനിമകൾക്ക് ഇളവ് നൽകുന്ന കാര്യം പരിഗണിക്കാമെന്ന് ബഹു. മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും പറഞ്ഞിരുന്നു.അത് സാധിച്ചാൽ ജൂൺ ആദ്യവാരം മുതൽ ഷൂട്ടിംഗ് തുടങ്ങി വലിയ അപകടങ്ങൾക്ക് മുമ്പ് പൂർത്തിയാക്കാം.

പ്രിയപ്പെട്ട ബേസിൽ, താങ്കളും സഹപ്രവർത്തകരും ഇപ്പോൾ നേരിടുന്ന ഈ വേദനയിൽ, ഈ നിസഹായാവസ്ഥയിൽ ഞങ്ങളും
ഒപ്പം ചേരുന്നു. ‑വി.സി.അഭിലാഷ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.