Web Desk

തിരുവനന്തപുരം

July 17, 2021, 4:10 pm

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ; ലീഗിന്റെ വിരട്ടലില്‍ സതീശന്‍ നിലപാട് മാറ്റി

Janayugom Online

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് നേരത്തെയുണ്ടായിരുന്ന അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിലാക്കിയ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സര്‍ക്കാര്‍ തീരുമാനത്തെ ഭാഗികമായി ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് സതീശന്‍ പറഞ്ഞു. യുഡിഎഫ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ ഭൂരിപക്ഷവും അംഗീകരിക്കപ്പെട്ടു. യുഡിഎഫ് ഒറ്റക്കെട്ടയാണ് നിലപാടടെടുത്തതെന്നും അദ്ദേഹം വ്യക്മതാക്കി. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ ലീഗ് നേതാക്കൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇത് മുമ്പ് അഞ്ചാം മന്ത്രി വിവാദത്തിൽ ഉണ്ടാക്കിയ വിവാദം കണക്കെ തിരിച്ചടിയാകുമെന്ന ആശങ്കയ്ക്ക് ഇട നൽകുന്നുണ്ട്. കോൺഗ്രസിന് കയ്ച്ചിട് തുപ്പാനും, മധുരിച്ചിച്ച് ഇറക്കാനും പറ്റാത്ത അവസ്ഥയിലായിരിക്കുകയാണ്. ലീഗിന്‍റെ ശക്തമായ വിരട്ടിനെ തുടര്‍ന്ന് സതീശന് മാറ്റി പറയേണ്ട ഗതികേടുണ്ടായിരിക്കുകയാണ്. മുസ്ലിം ലീഗിന്റെ പരാതി സര്‍ക്കാര്‍ കേള്‍ക്കണമെന്ന് പറഞ്ഞ സതീശന്‍ ഇക്കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും പറഞ്ഞു. വളരെ സങ്കീര്‍ണ്ണമായ വിഷയമാണിത്. ഇത് സംബന്ധിച്ച് താന്‍ ഇക്കാര്യം പഠിച്ചിട്ടുണ്ട്. പി.കെ.കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ച ശേഷമാണ് നിലപാട് പറഞ്ഞത് എന്നും സതീശന്‍ പറയുന്നു.  എന്നാല്‍ സര്‍ക്കാര്‍ നടപടിക്കെതിരെ സമരപ്രഖ്യാപനവുമായി ഇറങ്ങിയ മുസ്ലിംലീഗ് സതീശന്റെ പ്രസ്താവനയോടെ വെട്ടിലായി.

ഒരു സമുദായത്തിനും നഷ്ടമുണ്ടായിട്ടില്ലെന്ന് സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞതാണ് ലീഗിനെ ചൊടിപ്പിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. യുഡിഎഫ് കൂട്ടായി ആലോചിച്ചെടുത്ത നിലപാടാണിതെന്ന് കൂടി സതീശന്‍ പറഞ്ഞതോടെ ലീഗ് കൂടുതല്‍ പ്രതിരോധത്തിലായി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ് സംബന്ധിച്ച് കേരള സര്‍ക്കാര്‍ തീരുമാനം തികച്ചും വഞ്ചനപരവും യോജിക്കാന്‍ കഴിയാത്തതുമാണെന്നാണ് മുസ്ലിം ലീഗ് നേതാവും എംപിമായ ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞത്. കോടതിവിധി അംഗീകരിച്ച് മുന്നോട്ടുപോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ന്യൂനപക്ഷ വിദ്യാർത്ഥി സ്‌കോളർഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തിൽ പുനഃക്രമീകരിക്കാൻ മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തിൽ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ സ്‌കോളർഷിപ്പ് അനുവദിക്കും. ക്രിസ്ത്യൻ 18.38%, മുസ്ലിം 26.56%, ബുദ്ധർ 0.01%, ജൈൻ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. മേൽപ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളിൽ അപേക്ഷകർ ഉള്ളപ്പോൾ നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്‌കോളർഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതിൽ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതി വിധിയെ തുടർന്ന് ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിതരണത്തിലെ അനുപാതം നിശ്ചയിക്കുന്നതിനു വേണ്ടി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ആദ്യം മുസ്ലിം വിഭാഗങ്ങൾക്ക് മാത്രമായിരുന്നു ഈ സ്‌കോളർഷിപ്പ് അനുവദിച്ചത്. പിന്നീട് ലത്തീൻ കത്തോലിക്ക വിഭാഗത്തെയും മറ്റു പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങളെയും ഉൾപ്പെടുത്തി 80:20 എന്ന അനുപാതം സ്വീകരിക്കുകയായിരുന്നു.

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് അനുസരിച്ച് ന്യൂനപക്ഷ സമുദായങ്ങൾക്ക് മെറിറ്റ് സ്‌കോളർഷിപ്പ് തുല്യമായി വിതരണം ചെയ്യാൻ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ന്യൂനപക്ഷ കമ്മിഷനുകൾ ഒരു സമുദായത്തിന് മാത്രം വേണ്ടിയുള്ളതല്ല. 2011‑ലെ സെൻസസ് അനുസരിച്ച് നോക്കുമ്പോൾ കേരളത്തിലെ ന്യൂനപക്ഷങ്ങൾ 45.27 ശതമാനമാണ്. ഇതിൽ മുസ്ലിങ്ങൾ 58.67 ശതമാനം വരും. 40.6 ശതമാനമാണ് ക്രിസ്ത്യാനികൾ. മറ്റുള്ളവർ 0.73 ശതമാനവും. സ്‌കോളർഷിപ്പ് നൽകുന്നതിൽ വിവേചനമുണ്ടെന്നാരോപിച്ച് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ സർക്കാരിനും സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും പരാതിനൽകിയിരുന്നു. ഇതിൽ ഒരു നടപടിയുമുണ്ടായില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ച് ആശയവിനിമയം നടത്തി എടുത്തതാണ്. ഒരാളുടെ ആനുകൂല്യവും നഷ്ടപ്പെടുന്നില്ല. എത്ര സ്‌കോളര്‍ഷിപ്പുകളാണോ കൊടുത്തുവരുന്നത് ആ സ്‌കോളര്‍ഷിപ്പ് കൊടുക്കുകയാണ്. പുതുതായി കൊടുക്കേണ്ടി വരുന്നതിനാണ് സര്‍ക്കാര്‍ പുതുതായി വിഭവം കണ്ടെത്തി അത് കൊടുക്കാന്‍ സന്നദ്ധമാകുന്നത്. കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യം ആര്‍ക്കും നഷ്ടപ്പെടുന്നില്ല എന്ന കാര്യത്തിലും സര്‍ക്കാരിന് കാഴ്ചപ്പാടുണ്ട്.നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന ഒരു ആനുകൂല്യവും നഷ്ടപ്പെടാത്ത വിധത്തിലാണ് പ്രശ്‌ന പരിഹാരം കണ്ടിട്ടുള്ളത്. നിലവില്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം ഒരു സമുദായത്തിനും കുറയുന്നില്ല. അധികമായി വരുന്ന ചെലവ് സര്‍ക്കാര്‍ വഹിക്കുന്ന വിധത്തില്‍ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. ഇന്നത്തെ നിലയില്‍ കാര്യങ്ങള്‍ വളരെ ശരിയായ നിലയില്‍ ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ ഒരു തീരുമാനം എടുത്തിരിക്കുകയാണ്. എല്ലാ വിഭാഗം ആളുകളും അതിനെ സ്വാഗതം ചെയ്തിരിക്കുകയാണ്. സര്‍ക്കാര്‍ തീരുമാനത്തിന് പൊതുസമൂഹത്തില്‍ സ്വീകാര്യതയാണുള്ളത്. ആ സ്വീകാര്യത ലഭ്യമാകുന്നത് അത്തരമൊരു തീരുമാനത്തിലെത്താന്‍ സര്‍ക്കാര്‍ സ്വീകരിച്ച ജനാധിപത്യ സമീപനത്തിന്റെ ഭാഗമായിട്ടാണ്.

Eng­lish Sum­ma­ry: VD Satheesan Sab­o­tage his state­ment over League’s threat­en­ing in minor­i­ty scholarship

You may like this video also