കെവിന്‍ കേസില്‍ വിധി നാളെ

Web Desk
Posted on August 21, 2019, 10:23 pm

കോട്ടയം: കെവിന്‍ കേസില്‍ വിധി നാളെ. ഈ മാസം 14ന് വിധി പറയാനിരുന്ന കേസ് ദുരഭിമാന കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത തേടുന്നതിനായാണ് മാറ്റി വച്ചത്. ഇക്കാര്യത്തില്‍ 14ന് കോടതി പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടിരുന്നു. തുടര്‍ന്നാണ് 22 ന് വിധി പറയാന്‍ മാറ്റിയത്.

നീനുവിന്റെയും മുഖ്യസാക്ഷി ലിജോയുടേയും മൊഴികള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ദുരഭിമാനകൊല തന്നെയാണെന്ന് ആവര്‍ത്തിച്ചത്. മുഖ്യസാക്ഷി ലിജോയോട് ഒന്നാം പ്രതി ഷാനു ചാക്കോ നടത്തിയ ഫോണ്‍ സംഭാഷണം ഇത് ദുരഭിമാനക്കൊലയാണെന്നതിന് തെളിവാണ്. കെവിന്‍ താഴ്ന്ന ജാതിയില്‍പ്പെട്ടയാളാണെന്ന് ചാക്കോയോടും ലിജോയോടും പ്രതി ഷാനു ചാക്കോ പറഞ്ഞിരുന്നു എന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍, നടന്നത് ദുരഭിമാന കൊല അല്ലെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ പറഞ്ഞത്. ഒരു മാസത്തിനകം വിവാഹം നടത്താമെന്ന് നീനുവിന്റെ അച്ഛന്‍ ചാക്കോ പൊലീസ് സ്‌റ്റേഷനില്‍ പറഞ്ഞിരുന്നു. ക്രിസ്ത്യന്‍ വിഭാഗത്തില്‍ താഴ്ന്ന ജാതി മേല്‍ ജാതി എന്നത് നിലനില്‍ക്കില്ല. രണ്ട് കൂട്ടരും ക്രിസ്ത്യാനികളാണെന്ന് അനീഷ് മൊഴി നല്കിയിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു.
കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍, സഹോദരന്‍ ഷാനു ചാക്കോ എന്നിവരുള്‍പ്പടെ 14 പ്രതികളാണ് കേസില്‍ ഉള്ളത്.