പത്തനംതിട്ടയുടെ മണ്ണും മനസ്സും ചുവപ്പിച്ച് വീണാ ജോര്‍ജ്ജിന്റെ അശ്വമേധം

Web Desk
Posted on April 13, 2019, 11:06 pm

എ ബിജു

പത്തനംതിട്ട: നട്ടുച്ച നേരത്തും കത്തുന്ന സൂര്യന്റെ തീക്ഷ്ണത വകവയ്ക്കാതെ ഒക്കത്ത് കൈക്കുഞ്ഞുങ്ങളെ ഏന്തിയ അമ്മമാരുള്‍പ്പെടെയുള്ളവര്‍ വരവേല്‍ക്കാന്‍ കാത്തുനില്‍ക്കുമ്പോള്‍ ഒരുകാര്യം ഉറപ്പ്. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ്ജിന്റെ വിജയം. ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അനുകൂലമായി വീശുന്ന തരംഗത്തില്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പര്യടനം ആവേശകരമായി തുടരുകയാണ്. ചെങ്കൊടികളും തോരണങ്ങളും ബലൂണുകളും പൂക്കളുംകൊണ്ട് അണിയിച്ചൊരുക്കിയ സ്വീകരണ കേന്ദ്രങ്ങള്‍ മണ്ഡലത്തെ ചുവപ്പ് കോട്ടയാക്കി മാറ്റിക്കഴിഞ്ഞു.
ചുവപ്പുകടലായി മാറുന്ന സ്വീകരണ കേന്ദ്രങ്ങളിലെ ജനക്കൂട്ടം വീണാ ജോര്‍ജ്ജിനെ ഹൃദയത്തിനൊപ്പം ചേര്‍ത്തുനിര്‍ത്തുന്ന കാഴ്ചയാണെവിടെയും. ഹസ്തദാനം നല്‍കിയും ഹാരമണിയിച്ചും ഒപ്പംനിന്ന് സെല്‍ഫിയെടുത്തും ഓലത്തൊപ്പിയണിയിച്ചും പൂക്കള്‍ നല്‍കിയും വീണയെ മണ്ഡലത്തിലെ ജനങ്ങള്‍ തങ്ങളുടെ പ്രതിനിധിയായി സ്വീകരിച്ചു കഴിഞ്ഞു. ഒാരോ സ്വീകരണ കേന്ദ്രങ്ങളിലും എത്തുന്ന സ്ത്രീകളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം ശ്രദ്ധേയമാകുകയാണ്. കലാലയങ്ങളില്‍ ചെല്ലുമ്പോള്‍ വിദ്യാര്‍ഥികള്‍ നല്‍കുന്ന സ്‌നേഹവായ്പ് ഒന്നുറപ്പിക്കുന്നു.

യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും കലവറയില്ലാത്ത പിന്തുണ ഇത്തവണ വീണാ ജോര്‍ജ്ജിനുതന്നെ. തൊഴിലുറപ്പ് തൊഴിലാളികളും ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്ന വൃദ്ധജനങ്ങളുമടക്കം വീണയെ വരവേല്‍ക്കാന്‍ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ആവേശത്തോടെയാണ് എത്തുന്നത്. സ്ഥാനാര്‍ഥി ചെല്ലുന്ന വഴിയോരങ്ങളില്‍ കൂട്ടംകൂട്ടമായി കാത്തുനിന്നവര്‍ വീണാജോര്‍ജിനെ അഭിവാദ്യം ചെയ്ത് വിജയാശംസകള്‍ നേരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷം മണ്ഡലത്തിലെ വികസനമില്ലായ്മയുടെ കണക്കുകള്‍ പറഞ്ഞ് വോട്ടര്‍മാര്‍ അനുഭവം പങ്കുവയ്ക്കുമ്പോള്‍ താന്‍ പാര്‍ലമെന്റില്‍ കാഴ്ചക്കാരിയാകില്ലെന്ന് വീണാ ജോര്‍ജ്ജിന്റെ ഉറപ്പ്.

റബ്ബര്‍ തകര്‍ച്ചയും മറ്റ് കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും പത്തനംതിട്ട മണ്ഡലത്തിലെ സജീവ ചര്‍ച്ചാ വിഷയങ്ങളാണ്. തുടക്കത്തില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയതും സ്വീകരണ പര്യടനവും മണ്ഡലത്തിലുടനീളം സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന സ്വീകാര്യതയും പത്തനംതിട്ടയുടെ മണ്ണും മനസ്സും ചുവപ്പണിയുമെന്ന സൂചനയാണ് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിവസങ്ങളിലെ ഭരണനേട്ടവും പത്തനംതിട്ട മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥയും ശക്തമായ പ്രചാരണായുധങ്ങളാക്കി എല്‍ഡിഎഫ് കുതിക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇവിടെ പ്രതീക്ഷിക്കുന്നില്ല. ഇന്നലെ സ്വന്തം നിയോജക മണ്ഡലമായ ആറന്മുളയിലായിരുന്നു സ്വീകരണം. എംഎല്‍എയുടെ പത്രാസ് ഒന്നുമില്ലാതെ വീണാ ജോര്‍ജ്ജ് സാധാരണക്കാരിലൊരാളായി. രാവിലെ എട്ടിന് ഇരവിപേരൂര്‍ വൈഎംഎ ജംഗ്ഷനില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. ആണര്‍കോട്ട് സമാപിച്ചു. എല്‍ഡിഎഫ് നേതാക്കളായ കെ അനന്തഗോപന്‍, പ്രഫ. ടി കെ ജി നായര്‍, ജിജി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.