മറവിക്കെതിരെയുള്ള ധൈഷണിക പ്രതിരോധം

Web Desk
Posted on August 04, 2019, 8:51 am

പി കെ സബിത്ത്

ഇടത് പ്രത്യയശാസ്ത്രം ഒരിക്കലും കേവലംനിഴല്‍ യുദ്ധത്തിന് പ്രാധാന്യം കൊടുക്കുന്ന സമീപന രീതിയല്ല മുന്നോട്ട് വെക്കുന്നത്. വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളും വെച്ചു കൊണ്ടുള്ള വിശകലനമാണ് അത് നടത്തുന്നത്. ഇതെല്ലാം അതിന്റെ ആന്തരിക സത്തയുമാണ്. ഇങ്ങനെയുള്ള വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന നവീന ചിന്തകളാണ് ഇടത് പ്രത്യയശാസ്ത്രത്തിന്റെ എക്കാലത്തെയും ഊര്‍ജ്ജം. അത് മുന്നോട്ട് വെക്കുന്ന ചിന്തകള്‍ എന്നും സമൂഹത്തിന്റെ ദിശാ സൂചകങ്ങള്‍ ആണ്. ഇന്ത്യന്‍ ഭരണകൂട രാഷ്ട്രീയത്തെ സമഗ്രമായി ദര്‍ശിക്കുന്ന ദിശാ സൂചകം എന്നു തന്നെ പറയാവുന്ന മഹേഷ് കക്കത്ത് എഴുതിയ ഗ്രന്ഥം ‘വീണ്ടും ചിരിക്കുന്ന ഗോഡ്‌സെമാര്‍ ”കാലത്തിനു അഭിമുഖമായി നിര്‍ത്തിയ ദര്‍പ്പണമാണ്.
നമ്മുടെ രാഷ്ട്രീയ നേതൃപദവിയിലുള്ളവര്‍ ഒരു തികഞ്ഞ വിദ്യാര്‍ത്ഥികൂടിയായിരിക്കണം എന്ന കാര്യത്തില്‍ സംശയമില്ല. രാഷ്ടീയമായി സംഭവിക്കുന്ന സാമൂഹിക പരിവര്‍ത്തനങ്ങളെ അവര്‍ അവധാനതയോടെ സമീപിക്കണം. അടിസ്ഥാനപരവും സ്ഥായിയായതുമായ സാമൂഹിക വികസനത്തിന് ഇത്തരമൊരു കാഴ്ചപ്പാട് അനിവാര്യമാണ്. ദീര്‍ഘവീക്ഷണത്തോടെ വിഷയങ്ങളെ പഠിച്ച് അവതരിപ്പിക്കുന്നവര്‍ ഇന്ന് എണ്ണപ്പെട്ട് വരികയാണ്. എ ഐ വൈ എഫിന്റെ സംസ്ഥാന സെക്രട്ടറിമഹേഷ് കക്കത്ത് തന്റെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തന കാലം മുതല്‍ രചനാ നിര്‍ഭരമായ ലോകത്ത് സജീവമായുണ്ട്. മഹേഷ് കക്കത്ത് എഴുതിയ രാഷ്ട്രീയ ലേഖനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഒരു പുതിയ സമാഹാരമാണ് ‘വീണ്ടും ചിരിക്കുന്ന ഗോഡ്‌സെ മാര്‍’ എന്ന ഗ്രന്ഥം. പുസ്തകത്തിന്റെ നാമധേയം അതിന്റെ ഉള്ളടക്കത്തിന്റെ ഗൗരവത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. സമകാലീന ഇന്ത്യ അഭിമുഖീകരിക്കുന്ന കാതലായ പ്രശ്‌നത്തെ സ്ഥിതിവിവര കണക്കുകളെ അടക്കം ഉപയോഗപ്പെടുത്തി ഇവിടെവിമര്‍ശന വിധേയമാക്കുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭൂതവര്‍ത്തമാനങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ഗ്രന്ഥം രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്‌സിയന്‍ ദര്‍ശനത്തിലൂന്നിയ ഒരു പാഠപുസ്തകം തന്നെയാണ്.ജനാധിപത്യ സംവിധാനത്തില്‍ വിശ്വസിക്കുന്ന എല്ലാവരും അനിവാര്യമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ‘വീണ്ടും ചിരിക്കുന്ന ഗോഡ്‌സെ മാര്‍.’ സമകാലീന ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളും വിദൂര ഭൂതകാലും ഒരു പോലെ പരാമര്‍ശിക്കുന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കം അനുവാചകരില്‍ ഒട്ടും നീരസം സൃഷ്ടിക്കാതെയാണ് രൂപ കല്പന ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെ കവര്‍ ചിത്രം കാഴ്ചയില്‍ നേരിയ വിരസത സൃഷ്ടിക്കുന്നുണ്ട്. അമൂര്‍ത്തമായ ശൈലിയില്‍ അല്പം കൂടി മികവു പുലര്‍ത്താമായിരുന്നു.എങ്കിലും ഉള്ളടക്കം രാഷ്ട്രീയ വായന ആഗ്രഹിക്കുന്നവരെ വശീകരിക്കുന്നു.ഏറെ ശ്രദ്ധേയമായ വസ്തുത പുസ്തകത്തിലെ മുപ്പത് ലേഖനങ്ങളുടെ ശൈലിയാണ്. ഓരോ ലേഖനങ്ങളും സമഗ്രതയും സംക്ഷിപ്തതയും വളരെ കൃത്യമായി പാലിച്ചുകൊണ്ടാണ് എഴുതിയിരിക്കുന്നത്. ഏതൊരു വായനക്കാരന്റെയും ഇച്ഛയ്ക്ക് അനുസരിച്ച് ക്രമീകരിച്ചതും അനായാസം വായിച്ചു പോകാന്‍ കഴിയുന്ന ലേഖനങ്ങളാണ് എല്ലാം. വലിച്ചു നീട്ടലുകള്‍ ഒഴിവാക്കി ആദ്യന്തം സൂഷ്മത പാലിക്കാന്‍ ഗ്രന്ഥകര്‍ത്താവിന് കഴിഞ്ഞിട്ടുണ്ട്. മറവിക്കെതിരെ ഓര്‍മ്മയെ ഉപയോഗിച്ചുള്ള സമരമാണ് ഗ്രന്ഥത്തിന്റെ അന്തസത്ത എന്നു തന്നെ പറയാം. ‘വീണ്ടു ചിരിക്കുന്ന ഗോഡ്‌സെമാര്‍’ എന്ന പുസ്തകത്തിന്റെ ശീര്‍ഷകം ഉള്‍ക്കൊള്ളുന്ന ലേഖനം ഒരു ദൃഷ്ടാന്തമാണ്. ആസുരമായ കാലത്തിന്റെ സൂചനകളായി വരുന്ന സമകാലീന ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ് ഈ ലേഖനം.1956 മുതല്‍ പാര്‍ലിമെന്റില്‍ വിലക്കിയ വാക്കാണ് ഗോഡ്‌സെ എന്ന കാര്യം കാലയവനികള്‍ക്കുള്ളില്‍ മറഞ്ഞു പോയെങ്കിലും അത് ഇന്നും അതൊരു യാഥാര്‍ഥ്യമായി നില്‍ക്കുന്നു. 2014ല്‍ ഈ വിഷയം നമ്മുടെ പാര്‍ലിമെന്റില്‍ വീണ്ടും ചര്‍ച്ചയായി. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള ശിവസേന എംപി ഹേമന്ത് തുക്കാറാം ഗോഡ്‌സെയുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കാന്‍ മാത്രം താല്കാലികമായി വിലക്ക് ഇപ്പോള്‍ നീക്കിയിട്ടുണ്ട്. ഓര്‍മ്മകള്‍ ഒളിച്ചുവെക്കാനുള്ളതല്ല എന്ന ശീര്‍ഷകത്തിലുള്ള മറ്റൊരു ലേഖനം ഉന്നത വിദ്യാഭ്യാസ രംഗത്ത് സംഭവിച്ച അപചയങ്ങളെപ്പറ്റി ഓര്‍മ്മപ്പെടുത്തുന്നു. ഭാസുരമായ സ്വപ്‌നങ്ങള്‍ പൂവണിയാതെ വ്യവസ്ഥയില്‍ മനംനൊന്ത് സ്വയം തീരുമാനിച്ചുറപ്പിച്ച് ഈ ലോകത്തോട് വിട പറഞ്ഞ രോഹിത് വെമുലെയെ പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുന്നു. ഒരു ഉത്തരവാദപ്പെട്ട ഭരണകൂടത്തിന് ഇത്തരം തിക്ത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒരിക്കലും ഒളിച്ചോടാന്‍ കഴിയില്ല എന്നു തന്നെയാണ് ഗ്രന്ഥകാരന്‍ സ്ഥാപിക്കുന്നത്. ജെഎന്‍യുവില്‍ നടന്ന സംഭവത്തെ പുസ്തകം ഗഹനമായിവിശകലനം ചെയ്യുന്നുണ്ട്. നമ്മുടെ മികച്ച കലാലയങ്ങളെല്ലാം ആശയസംവേദനത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും വേദികളായിരുന്നു. എന്നാല്‍ അതെല്ലാം ഇന്ന് വെറും ചരിത്രപഥങ്ങളായി മാറുന്ന കാഴ്ചയാണ് ജെഎന്‍യു സംഭവം ഓര്‍മ്മിപ്പിക്കുന്നത്. കനയ്യകുമാര്‍ ഉയര്‍ത്തിയ സംവാദങ്ങളെ ഭരണകൂടം എന്നും ഭയപ്പെട്ടിരുന്നു എന്ന കാര്യം വ്യക്തമായ തെളിവുകള്‍ നിരത്തിയാണ് അവതരിപ്പിക്കുന്നത്. എല്ലാ പ്രശനങ്ങളെയും സ്വേച്ഛാധിപത്യ ശൈലിയില്‍ ആയിരുന്നു കൈകാര്യം ചെയ്തിരുന്നത്. അധികാരം ആധിപത്യമായി മാറുന്ന കാഴ്ച എവിടെയും പ്രകടമായിരുന്നു. മുമ്പ് ഒരിക്കലും ഇല്ലാത്ത വിധം നാം കഴിക്കുന്ന ഭക്ഷണത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നത് സമീപകാല ചരിത്രമാകുന്നത് അതുകൊണ്ടാണ്. ബീഫ് കൈയ്യില്‍ വെച്ചതിന്റെ പേരിലുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും ഇന്ത്യയുടെ പല ഭാഗത്തും ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. സ്ത്രീ സമത്വത്തെ പറ്റിയും സ്വാതന്ത്ര്യത്തെക്കുറിച്ചും നാം പുരോഗമന പരമായ ചര്‍ച്ച ഒരു ഭാഗത്ത് നടത്തുമ്പോഴും;ലോകത്ത് സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടകരമായ രാജ്യമാണ് ഇന്ത്യ എന്ന ആഗോള വാര്‍ത്ത ഏജന്‍സിയുടെ അഭിപ്രായത്തെ പുസ്തകത്തിന്‍ ഗഹനമായ ചര്‍ച്ചയ്ക്കു വിധേയമാക്കുന്നു. സാംസ്‌കാരിക സംഘടന എന്ന പേരിലാണ് ആര്‍എസ്എസ് അറിയപ്പെടുന്നതെങ്കിലും വളരെ ബോധപൂര്‍വം വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുന്ന അതിന്റെ വികൃതമായ മുഖത്തെ ഗ്രന്ഥകര്‍ത്താവ് തുറന്നു കാണിക്കുന്നു.
നോട്ട് നിരോധനം സൃഷ്ടിച്ച സാമൂഹിക പ്രശ്‌നത്തെയും പ്രതിസന്ധിയും പറ്റി ഗഹനമായ വിശകലനം ഇവിടെ നടത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് സാധാരണക്കാരായ ജനങ്ങള്‍ക്കുണ്ടായ അരക്ഷിതാവസ്ഥയെ ആണ് കാര്യകാരണങ്ങള്‍ നിരത്തി അപഗ്രഥിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തെ പരാമര്‍ശിക്കുന്ന ഭാഗത്ത് വിമര്‍ശനാത്മകമായ വിശകലനമാണ് നടത്തുന്നത്.സംഘ പരിവാര ശക്തികള്‍ എന്നന്നേക്കുമായി നിഷ്‌കാസനം ചെയ്ത ചിന്തകരെ ആര്‍ക്കും മറക്കാന്‍ കഴിയില്ല. ധാബോല്‍ക്കറും ഗോവിന്ദപന്‍സാരെയും, കല്‍ ബുര്‍ഗിയും, ഗൗരി ലങ്കേഷുമെല്ലാം വിവിധതാളുകളില്‍ നിറഞ്ഞുനില്ക്കുകയാണ്. ഇതൊക്കെയാണെങ്കിലും ഭാരതീയ സാംസ്‌കാരിക സ്വത്വത്തെ ഓര്‍മപ്പെടുത്തുന്ന ചിന്തകളും പുസ്തകം ചര്‍ച്ച ചെയ്യുന്നു.വര്‍ത്തമാനകാലത്ത് പ്രസക്തമാകുന്ന വിവേകാനന്ദ ദര്‍ശനത്തെ പറ്റി പറയുന്നത് അത്തരത്തിലുള്ള ഒന്നാണ്. എല്ലാ അര്‍ത്ഥത്തിലും സമഗ്രത അവകാശപ്പെടാന്‍ കഴിയുന്ന ഒന്നാണ് ഈ ഗ്രന്ഥം. ഇടതുപക്ഷത്തെ ഹൃദയപക്ഷമായി കരുതുന്ന ഓരോ പൊതുപ്രവര്‍ത്തകനുംതീര്‍ച്ചയായുംഒരിക്കലെങ്കിലും ഈപുസ്തകത്തിലൂടെ കടന്നുപോയിരിക്കണം.