November 28, 2023 Tuesday

വീണ്ടുമൊരോണക്കാലത്ത്

ഷര്‍മിള സി നായര്‍
August 27, 2023 7:45 am

കുറച്ച് വർഷങ്ങൾക്ക് മുമ്പാണ്. ഒരു പൊതു സുഹൃത്തിന്റെ ഉത്രാട സദ്യയ്ക്കെത്തിയതായിരുന്നു ഞങ്ങൾ നാലഞ്ച് സഹപാഠികൾ. അകത്തെ ബഹളങ്ങളിൽ നിന്ന് മാറി ഉമ്മറക്കോലായിൽ അലസമായിരുന്ന്, പെയ്തുതോർന്നൊരു മഴയുടെ സുഖം നുകർന്ന് ശ്രീകുമാരൻ തമ്പിയുടെ പ്രശസ്തമായ ആ ഓണപ്പാട്ട് കേൾക്കുകയായിരുന്നു ഞാനും അവനും. അവന്റെയുള്ളിൽ ഓർമ്മകൾ പേമാരിയായി പെയ്തിറങ്ങുന്നത് ഞാനറിഞ്ഞു. വെറുതേയൊന്ന് കണ്ണടച്ചാൽ മതി, മനസിന്റെ പടിയിറങ്ങിപ്പോയ ഒരാൾ ഗേറ്റ് കടന്ന് വരുന്നത് കാണാമല്ലേടോ. അവളെ ഞാൻ കാണുന്നു. കസവ് പുടവ ചുറ്റി പൂമുഖവാതിൽക്കൽ നിൽക്കുകയാണവൾ. എന്താ തമ്പിസാറിന്റെ ഭാവനയെന്നവൻ.

“പൂക്കളം കാണുന്ന പൂമരം പോലെ നീ
പൂമുഖത്തിണ്ണയിൽ നിന്നു…
വീതിക്കസവുള്ള വീരാളിപ്പട്ടിൽ നിൻ
പൂമേനി പൊന്നായി മിന്നി
നിന്റെ പൂമേനി പൊന്നായി മിന്നി…” 

പ്രണയവും വിരഹവും ഓണത്തിന്റെ ഗൃഹാതുരത്വവും നിറഞ്ഞ വരികൾ. ഒരു നൊസ്റ്റാൾജിയ തോന്നുമ്പോഴും പ്രണയ ഓർമ്മയായും ഇന്നും മലയാളി കേൾക്കുന്ന ഓണപ്പാട്ട്. തരംഗിണിക്ക് വേണ്ടി ശ്രീകുമാരൻ തമ്പി എഴുതി രവീന്ദ്രൻ സംഗീതം നൽകിയ ഓണപ്പാട്ട്. സിനിമാ ഗാനങ്ങളേക്കാൾ മലയാളിയുടെ ചുണ്ടിൽ സ്ഥാനം പിടിച്ച ഓണപ്പാട്ടുകളുടെ കവിയ്ക്ക് ഓണവും പ്രണയവും ഉത്സവങ്ങളാണ്.
എന്തുകൊണ്ടാവും ഒരു പാട്ട് നമ്മുടെ ഓർമ്മയിൽ കൂടുകൂട്ടുന്നത്. ഓരോരുത്തർക്കും അതിന് ഓരോരോ കാരണങ്ങൾ ഉണ്ടാവാം. ഓണക്കവിതയിലും വിഷുക്കവിതയിലുമെല്ലാം പ്രണയം കലർത്തുന്നുവെന്ന് പറഞ്ഞെന്നെ അവൻ കളിയാക്കാറുണ്ട്. ഏറ്റവുമധികം ഓണപ്പാട്ടുകൾ കൈരളിക്ക് സമ്മാനിച്ചിട്ടുള്ള അവന്റെ പ്രിയഗാനരചയിതാവ്, ശ്രീകുമാരൻ തമ്പിയുടെ, ഓണം പോലെ പ്രണയവും മനസിന്റെ ഉത്സവമാണെന്നും, ഓണത്തിനും പ്രണയത്തിനും കൊടിയേറ്റവും കൊടിയിറക്കവുമുണ്ടെന്ന വിശദീകരണം നിരത്തി ഞാനവന്റെ വാദം ഖണ്ഡിക്കും. തമ്പിസാറിന്റെ ആരാധകനായ അവന് പിന്നീട് മറുപടിയുണ്ടാവാറില്ല.
‘എന്റെ ഏറ്റവും ദുഃഖപൂർണമായ ഓണം ഓർമ്മ പ്രണയവുമായി ബന്ധപ്പെട്ടതാണെന്ന’വൻ പറയുമ്പോൾ എന്റെ കാതിൽ വർഷങ്ങൾക്കപ്പുറമുള്ള ഒരു കല്യാണ മണ്ഢപത്തിൽ നിന്നുയർന്ന നാദ സ്വരമേളത്തിന്റെ പ്രതിധ്വനി. കൃത്യമായി പറഞ്ഞാൽ രണ്ടരപതിറ്റാണ്ടു മുമ്പ് ഒരുത്രാട നാളിലായിരുന്നു അവളുടെ കല്യാണം. അവനൊഴികെ ഞങ്ങൾ സുഹൃത്തുക്കളെല്ലാവരുമുണ്ടായിരുന്നു. അന്നവൾക്ക് വളരെ ഉയർന്ന ജോലിയുണ്ടായിരുന്നു. അവനോ തന്റെ ഫീൽഡിൽ ചുവടുറപ്പിച്ചിട്ടില്ല താനും. വീട്ടിൽ വിവാഹാലോചനകൾ മുറുകിയപ്പോൾ ഒരുമിച്ച് ജീവിക്കാമെന്ന അവളുടെ ആവശ്യം നിരാകരിക്കാനാണ് അവനന്ന് തോന്നിയത്. അവളുടെ ശോഭനമായ ഭാവിയ്ക്ക് തടസമാവണ്ടാന്ന് തോന്നിയിട്ടായിരുന്നു അത്. അക്കാര്യത്തിൽ നിർബന്ധം അവന്റെ അമ്മയ്ക്കായിരുന്നു. അവന്റെ അമ്മയോളം പ്രായോഗികമായി ചിന്തിക്കുന്ന ഒരു സ്ത്രീയെ താൻ കണ്ടിട്ടില്ലായെന്ന് അവളും പറഞ്ഞിട്ടുണ്ട്. അതുവരെയുള്ള കഥ എനിക്കറിയാം. അതിനു ശേഷം ആദ്യമായി കാണുകയായിരുന്നു ഞാനന്നവനെ. രൂപത്തിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ടെങ്കിലും സ്വഭാവത്തിൽ തീരെ മാറ്റമില്ല. പഴയ അതേ വഴക്കാളി.
“പക്ഷേ, അവൾ പോയിക്കഴിഞ്ഞപ്പോഴാണ് ഞാൻ ശരിക്കും ഒറ്റപ്പെട്ടു പോയത്. എനിക്കെന്തും തുറന്നു പറയാവുന്ന ഒരു സുഹൃത്തായിരുന്നു അവൾ. തികച്ചും ഒറ്റപ്പെട്ടു പോയ ആറേഴു വർഷം. അതിനിടയിൽ കരിയറിൽ ചെറുതായി ചുവടുറപ്പിച്ചു. ഇടയ്ക്കെപ്പോഴോ എന്റെ ഏകാന്തതയിലേക്ക് ഒരു പെൺകുട്ടി കടന്നു വന്നു. അന്നവളുടെ സൗഹൃദം എനിക്കനിവാര്യമായിരുന്നു, ബാലൻസ് ചെയ്യാൻ. ഇല്ലേൽ ഞാൻ ഭ്രാന്തനായേനെ. കുറച്ച് നാൾക്കകം അവളും അകന്നു പോയി. കാരണം മറ്റൊന്നുമല്ല, ആദ്യ കാമുകിയോടുള്ള ഒബ്സഷൻ. ഒടുവിൽ അമ്മയെ അർബുദം പൂർണമായും കീഴ്പ്പെടുത്തി തുടങ്ങിയ അവസാന നാളുകളിൽ അമ്മയുടെ അവസാന ആഗ്രഹമെന്നോണമായിരുന്നു എന്റെ കല്യാണം. അതുറപ്പിക്കും മുമ്പ് ഞാനവളുടെ നാട്ടിലെ നമ്പർ തപ്പിയെടുത്ത് വിളിച്ചു. അതൊരോണക്കാലത്തായിരുന്നു. ഒരിയ്ക്കലും ആഗ്രഹിക്കാൻ പാടില്ലാന്നറിയാം. എങ്കിലും അവൾ ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ് നിന്നിരുന്നെങ്കിലെന്ന് ഞാനാഗ്രഹിച്ചു. അത്ര വലിയ ഒബ്സഷനായിരുന്നു, അല്ല ആണ് അവൾ എനിക്ക്.” അവനത് പറഞ്ഞു നിർത്തുമ്പോൾ ഗിരീഷ് പുത്തഞ്ചേരിയുടെ ഒരോണപ്പാട്ടാണ് ഓർമ്മയിൽ തെളിഞ്ഞത്.

“അന്നെന്നാത്മാവിൽ മുട്ടി വിളിച്ചൊരാ
ദിവ്യമാം പ്രേമത്തെ ഓർമ്മിക്കുന്നു
പൂനിലാവിറ്റിയാൽ പൊള്ളുന്ന നെറ്റിയിൽ
ആദ്യത്തെ ചുംബനം സൂക്ഷിക്കുന്നു
വേർപിരിഞ്ഞെങ്കിലും നീയെന്നെ ഏല്പിച്ച
വേദന ഞാനിന്നും സൂക്ഷിക്കുന്നു
എന്റെ വേദന ഞാനിന്നും സൂക്ഷിക്കുന്നു…”

യൂട്യൂബിൽ ഞാനാ ഗാനം തിരയുമ്പോൾ അവൻ തുടർന്നു;
“വിവാഹ ശേഷം ജർമ്മനിയിലേക്ക് പോയ അവൾ നാട്ടിലുണ്ടാവുമെന്ന ഒരുൾവിളി. എന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. അവൾ തന്നെയായിരുന്നു ഫോണെടുത്തത്. ഞാൻ പറഞ്ഞത് കേട്ടതല്ലാതെ, ഒന്നും പറയാതവൾ ഫോൺ കട്ടു ചെയ്തു.
പണ്ടെന്നെ തോൽപിച്ചിരുന്ന അവളുടെ വാക്കുകളേക്കാൾ ആഴമുണ്ടായിരുന്നു അന്നത്തെ അവളുടെ മൗനത്തിന്. എങ്കിലും, ഒരായിരം പരിഭവങ്ങളൊളിപ്പിച്ച മിഴികളാലവൾ മിണ്ടാതെ മിണ്ടിയതുപോലെ തോന്നി എനിക്ക്. ‘പ്രണയത്തേക്കാൾ ആഴമില്ലേ വിരഹത്തിനെന്ന’അവളുടെ ചോദ്യത്തിനു മുന്നിൽ ഫോണിന്റെ ഇങ്ങേത്തലയ്ക്കൽ ഞാൻ മൗനിയായി. അവളൊന്നും മറന്നിട്ടില്ലായെന്ന് എനിക്കു തോന്നി. ”ഒരു പെണ്ണിനും ആദ്യ പ്രണയം മറക്കാനാവില്ലല്ലോ.” ആത്മഗതമെന്നോണം അവൻ പറഞ്ഞു.
”കാലമെത്ര കടന്നുപോയി. പിന്നീട് ഞാനവളെ കണ്ടിട്ടേയില്ലല്ലോ.
കാലത്തിൻ കോലത്താൽ വേർപിരിഞ്ഞ രണ്ടു പേർ വീണ്ടുമൊരോണക്കാലത്ത് കണ്ടുമുട്ടിയാൽ എങ്ങനാവും. വർഷങ്ങൾക്ക് മുന്നേ തമ്പി സർ എനിക്കായി അത് എഴുതിയിരുന്നല്ലോ.” അതു പറയുമ്പോൾ അവന്റെ കണ്ണുകളിൽ കൗമാര പ്രണയത്തിന്റെ നിഴലാട്ടം.

“പൂവണി പൂവണിയോരോന്നും പിന്നെ നിൻ
തൂമുഖഭാവവും കണ്ടും…
നിന്റെ കയ്യിൽനിന്നും പണ്ടു ഞാൻ നേടിയ
പൂവടതൻ രുചിയോർത്തും
മുറ്റത്തു നിന്നു ഞാൻ തമ്പുരാട്ടീ,
മുഗ്ദ്ധമീക്കാഴ്ച തന്നേയൊരോണം
കാലത്തിൻ കോലത്താൽ
വേർപിരിഞ്ഞോർ നമ്മൾ
കാണുകയായിതാ വീണ്ടും… ”

ഓണപ്പാട്ടുകൾക്ക് വികാരങ്ങളുടെ കുത്തൊഴുക്ക് പകർന്ന കവി ഭാവന പീലി നിവർത്തിയാടുകയാണ്.

“ഒന്നും മറന്നിട്ടില്ലിന്നോളം നീയെന്നാ
കണ്ണീർപ്പൊടിപ്പുകൾ ചൊല്ലി
ആദ്യത്തെ ചുംബനം പൂശിയ നാണമൊ-
ന്നാമുഖത്താളിമറഞ്ഞു… ”

ഗാനഗന്ധർവന്റെ മനോഹര ശബ്ദവും രവീന്ദ്ര സംഗീതവും കൂടിയായപ്പോൾ സിനിമാഗാനങ്ങളെ പിന്തള്ളി ഒരോണപ്പാട്ട് മലയാളിയുടെ ഹരമായി മാറി. ഓണത്തെ പ്രണയവുമായി ഇത്രയേറെ അടുപ്പിച്ച മറ്റൊരു ഗാനരചയിതാവില്ലന്നവൻ. ഉത്സവഗാനങ്ങളിലെ, ഈ സന്ദർഭത്തിനിണങ്ങുന്ന മറ്റൊരു പാട്ടിലൂടെ ആ രംഗം മനസിൽ ദൃശ്യവൽക്കരിക്കുകയായിരുന്നു ഞാൻ.

ഉണ്ണിക്കരങ്ങളാൽ പൂക്കളം നെയ്യും നിൻ
ഉണ്ണിയെ ഞാനിന്നു കണ്ടൂ
കണ്ണെടുക്കാതെ ഞാൻ നോക്കി നിന്നു
മാഞ്ഞ വർണ്ണങ്ങൾ വീണ്ടും തെളിഞ്ഞു
.….….….….….….….….….….……
നിർമ്മിച്ച കൈകളാൽ തന്നെ
നിൻ പൊന്മകൻ
പിന്നെയാ പൂക്കളം മായ്ച്ചു
ഉണ്ണി തൻ സ്ഥാനത്തു നീയായി
പൂക്കളം എൻ നഷ്ട യൗവനമായി -

ഒരു പ്രണയ കഥ ഇതിലും മനോഹരമായി നാലുവരികളിൽ എങ്ങനെ വരച്ചിടാനാവും!
അന്നേരമാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ”ഓർമ്മകളുടെ ഓണം’ കാണാതെ പോവാനാവില്ലെന്ന് പറഞ്ഞ് മറ്റൊരുവൻ രംഗപ്രവേശം ചെയ്തത്. പണ്ടേ കവിത ചൊല്ലൽ ഹോബിയായിരുന്ന അവനത് ചൊല്ലുമ്പോൾ തെല്ലിട എനിക്കും സന്ദേഹമായി, ആ വരികൾക്കാണോ ഫീലെന്ന്.

“ആദ്യാനുരാഗപരവശനായി ഞാനെന്റെ
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകൾ
ചുറ്റുമിരിക്കും സഖികളെക്കാണിച്ചു
പൊട്ടിച്ചിരിച്ചുരസിച്ച പെൺകുട്ടിയെ,
ഉള്ളിൽക്കലിയും കവിതയും ബാധിച്ചു
കൊല്ലപ്പരീക്ഷക്കു തോറ്റുനടക്കവേ
ബാധയൊഴിക്കാൻ തിളച്ച നെയ്യാലെന്റെ
നാവു പൊള്ളിച്ചൊരാ ദുർമന്ത്രവാദിയെ,
പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ
നാട്ടിൽനിന്നാട്ടിക്കളഞ്ഞ ബന്ധുക്കളെ,
അന്നു ത്രിസന്ധ്യയ്ക്കുതൻനടയിൽ നിന്നു
വിങ്ങിക്കരഞ്ഞുകൊ ണ്ടെന്നെ രക്ഷിക്കണേ-
യെന്നു തൊഴുകൈയുമായിരന്നെങ്കിലും
കണ്ണുതുറക്കാഞ്ഞൊരാപ്പെരുങ്കാളിയെ,
എന്നും മറക്കാതിരിക്കുവനല്ലി ഞാൻ
വന്നു പോകുന്നതിങ്ങോണദിനങ്ങളിൽ

ജന്മനാട്ടിൽ ഓണക്കാലത്ത് വണ്ടിയിറങ്ങിയ കവിയുടെ ഭാവസാന്ദ്രമായ ഓർമ്മപെയ്ത്ത് എവിടെയോ കുത്തി നോവിച്ചു.
എനിക്കെന്നും ഓണം നഷ്ടസ്മൃതികളുടെ ഓർമ്മപ്പെടുത്തലാണല്ലോ. ഓലപ്പന്തിന്റെ പിന്നാലെ പാഞ്ഞ കുഞ്ഞു മനസിന്റെ, തുമ്പപ്പൂ തേടിയുള്ള പാച്ചിലിന്റെ, പാറി തളർന്ന കൊച്ചു തുമ്പിയെ കൊണ്ട് വെള്ളാരം കല്ലെടുപ്പിച്ച് ആർത്തുചിരിച്ച അറിവില്ലാക്കാലത്തിന്റെ, തോലുമാടനെ കണ്ടു പേടിച്ചോടിയ നിഷ്ക്കളങ്ക ബാല്യത്തിന്റെ, നാടൻ പാട്ടിനൊപ്പം വച്ച ചുവടുകളുടെ, ആരോ ആട്ടിവിട്ട കളിയൂഞ്ഞാലിൽ മാനം തൊടാമെന്ന് മോഹിച്ച പൊട്ടത്തരത്തിന്റെ, ഓണപ്പാട്ടുകളുടെ കാസറ്റിനായി കണ്ണും നട്ടിരുന്ന കാത്തിരിപ്പിന്റെ, പിന്നെയും പിന്നെയും എന്തിന്റെയൊക്കൊയോ… എങ്കിലും ഏതോ ഒരോണക്കാലത്ത് മനസിൽ നിന്നിറങ്ങിപ്പോയൊരാൾ ഒരിയ്ക്കൽ പടി കടന്നുവന്നെങ്കിൽ, വീണ്ടുമാ പഴയ കുട്ടികളായി പാതയോരത്തൊക്കെ പൂവിറുത്തു നടക്കാനായെങ്കിലെന്നൊക്കെ ‘ഞാനിന്നും വെറുതേ മോഹിക്കാറുണ്ടല്ലോ…’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.