വീരേന്ദ്രകുമാര്‍ എം പി സ്ഥാനം രാജിവയ്ക്കുന്നു

Web Desk
Posted on November 29, 2017, 8:11 pm

കോഴിക്കോട്: രാജ്യസഭാ അംഗത്വം രാജിവയ്ക്കാന്‍ തീരുമാനിച്ചതായി ജെഡിയു നേതാവ് എം.പി വീരേന്ദ്രകുമാര്‍. ജെഡിയു യുഡിഎഫ് വിടുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് എം.പിസ്ഥാനം രാജിവയ്ക്കുന്നതായി വീരേന്ദ്രകുമാര്‍ വാര്‍ത്താസമ്മേനത്തില്‍ അറിയിച്ചത്. എന്‍ഡിഎയുമായി സഖ്യമുണ്ടാക്കിയ നീതീഷ് കുമാറിന്റെ പാര്‍ട്ടിയില്‍ തുടരാനില്ല.

യുഡിഎഫ് വിടുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഞങ്ങള്‍ യുഡിഎഫിലാണ് എന്നും ബാക്കി കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു മറുപടി. എംപി സ്ഥാനം എന്നു രാജിവയ്ക്കും എന്നത് സാങ്കേതികം മാത്രമാണ്. ഞാന്‍ തീരുമാനമെടുത്തു കഴിഞ്ഞു. പാര്‍ട്ടി നിലവില്‍ പ്രതിസന്ധിയിലാണ്. അതില്‍ നിന്നും കരകയറുക എന്നതാണ് ലക്ഷ്യം. മറ്റു ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും വീരേന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടി. ജെഡിഎസിലെ രണ്ട് എംഎല്‍എമാരുമായി സംസാരിച്ചു. തുടര്‍ന്നാണ് എംപിസ്ഥാനം രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

എല്‍ ഡി എഫിലേക്കെന്ന് സൂചന നല്‍കി
ജെഡിയു-ജെഡിഎസ് ലയന നീക്കം

ജെഡിയു ഇടതുമുന്നണിയിലേക്കെന്ന് സൂചന. ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലായെന്നും പുതുവര്‍ഷത്തില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും നേതാക്കള്‍ അനൗദ്യോഗികമായി അറിയിച്ചു. ജെഡിഎസ് എംഎല്‍എമാരായ കെ.കൃഷ്ണന്‍ കുട്ടിയും സികെ നാണുവും ഇതിനോട് അനുകൂലമായി പ്രതികരിച്ചുകഴിഞ്ഞു. അഖിലേന്ത്യാ നേതൃത്വത്തിന്റെ അനുമതി ലഭിച്ചാല്‍ ഇടതുമുന്നണിയിലേക്ക് പോകുന്നതിന് തടസ്സമൊന്നുമില്ല.
അതേസമയം എസ്‌ജെഡി പുനരുജ്ജീവിപ്പിക്കാനും വീരേന്ദ്രകുമാര്‍ എം.പിസ്ഥാനം രാജിവയ്ക്കാനും തത്വത്തില്‍ തീരുമാനിച്ചു കഴിഞ്ഞു. ജെഡിയു-ജെഡിഎസ് ലയനം എത്രയുംപെട്ടെന്ന് നടപ്പിലാക്കി ശക്തിതെളിയിച്ച ശേഷമായിരിക്കും ഇടതുമുന്നണിയിലേക്കുള്ള പ്രവേശനം. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ കോഴിക്കോട്ടു നടന്നു കഴിഞ്ഞു. വീര്രന്ദ്രകുമാറുമായി ചാലപ്പുറത്തെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ഫെബ്രുവരിയിലും കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദിവസങ്ങള്‍ക്ക് മുന്‍പും ചര്‍ച്ച നടത്തിയിരുന്നു. വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തി.

ജെഡിയു വൈസ് പ്രസിഡന്റ് ചാരുപാറ രവിയും ഇടതുമുന്നണിയിലേക്ക് പോകുന്നതിന് അനുകൂലമാണ്. വടകര, കോഴിക്കോട്, വയനാട് ലോക്‌സഭാ മണ്ഡലങ്ങളില്‍ ജെഡിയു മടങ്ങിവരവ് ഇടതുമുന്നണിക്ക് നേട്ടമാകുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ തവണ 12 ജില്ലാ കമ്മിറ്റികളും ഇടതു മുന്നണി പുനപ്രവേശം ആവശ്യപ്പെട്ടിട്ടും ജെഡിയു നേതൃത്വം യുഡിഎഫ് വിടാന്‍ കൂട്ടാക്കിയിരുന്നില്ല. യുഡിഎഫിനൊപ്പം നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ലോക്‌സഭ കാണാന്‍ കഴിയില്ലെന്നും ഇവര്‍ കണക്കുകൂട്ടുന്നു. വിവിധ തെരഞ്ഞെടുപ്പുകളില്‍ ജെഡിയു സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരഞ്ഞ് പിടിച്ച് തോല്‍പിച്ചു എന്ന പരാതിയും ഇവര്‍ക്കുണ്ട്. അതേസമയം കഴിഞ്ഞ അഞ്ചുമാസമായി പാര്‍ട്ടി കമ്മറ്റിയോഗം ചേര്‍ന്നിട്ടില്ല.