Web Desk

December 17, 2019, 9:59 am

കേരളത്തിന്റെ ആരോഗ്യത്തിന് ‘വെജിറ്റബിൾ മിഷൻ’

Janayugom Online

തൃശൂർ: കാർഷിക രംഗത്ത് മൂന്ന് വർഷത്തെ ചരിത്രപരമായ നേട്ടങ്ങളുമായി കുതിക്കുന്ന ഇടതുപക്ഷ സർക്കാരും കൃഷിവകുപ്പും കേരളത്തിന്റെ ആരോഗ്യത്തിനും പദ്ധതിയിടുന്നു. ‘എന്റെ കൃഷി എന്റെ ആരോഗ്യം’ എന്ന ആശയവുമായി വെജിറ്റബിൾ മിഷൻ പദ്ധതിക്ക് ഉടൻ തുടക്കമാകും. 2020 ജനുവരി ആദ്യം മുതൽ 2021 ഏപ്രിൽ വരെ450 ദിവസത്തെ കർമ്മപരിപാടികളോടെയാണ് സംസ്ഥാനം മുഴുവൻ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ വെജിറ്റബിൾ മിഷൻ പദ്ധതി നടപ്പിലാക്കുക. കാർഷിക മേഖല സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ജനകീയ മുന്നേറ്റമായിരിക്കും പദ്ധതി. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയാണ് മിഷൻ പ്രാവർത്തികമാക്കുന്നത്.

ഓരോ വീട്ടിലും ആവശ്യമായി വരുന്ന പച്ചക്കറിയുടെയും കിഴങ്ങുവർഗങ്ങളുടെയും പട്ടിക തയ്യാറാക്കുകയും ഇവ അതത് വീടുകളിൽ തന്നെ കൃഷി ചെയ്യാൻ പ്രാപ്തരാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ആരോഗ്യപ്രദമായ പച്ചക്കറികൾ തെരഞ്ഞെടുക്കുകയും കൃഷിവകുപ്പിൽ നിന്ന് അവ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും. കർഷക ഉന്നമനത്തിനായുളള ധാരാളം പ്രവർത്തനങ്ങൾ കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ നടപ്പിലാക്കാൻ കൃഷിവകുപ്പിന് കഴിഞ്ഞു. രാജ്യത്തു തന്നെ ആദ്യമായി സംസ്ഥാനത്ത് കർഷക ക്ഷേമനിധി ബോർഡ് രൂപീകൃതമായി. കർഷക ക്ഷേമനിധി ബോർഡിൽ അംഗമായ 60 വയസ്സ് പൂർത്തിയായ കർഷകർക്ക് അടയ്ക്കുന്ന അംശദായത്തിന് അനുസരിച്ച് സ്ളാബ് അടിസ്ഥാനത്തിൽ പെൻഷൻ ലഭിക്കും. ചുരുങ്ങിയത് 3000 രൂപയായിരിക്കും ലഭിക്കുക. പരമാവധി പതിനായിരം രൂപ നൽകും.

ബോർഡ് നിയമത്തിന്റെ 9-ാം വകുപ്പു പ്രകാരം മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ലാഭത്തിന്റെ ഒരു വിഹിതം അവകാശലാഭമായി കർഷകനുലഭിക്കുമെന്നതാണ് സവിശേഷത. കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ വിൽക്കുന്ന വ്യാപാരികൾ അവരുടെ വാർഷിക ലാഭത്തിൽനിന്ന് ഒരുശതമാനം തുക കർഷക ബോർഡിന് നൽകണം. പ്രത്യേകം ഇൻസെന്റീവ് എന്ന നിലയിലാണ് തുക പിരിക്കുക. മൂന്ന് വർഷം മുമ്പ് ഏഴ് ലക്ഷം ടൺ പച്ചക്കറി ഉത്പാദിപ്പിച്ച കേരളം ഇന്ന് 12 ടൺ പച്ചക്കറി ഉദ്പാദിപ്പിക്കുന്നു. ഇത് 16 ടൺ എത്തിയാൽ കേരളം പച്ചക്കറി കൃഷിയിൽ സമ്പൂർണസ്വയം പര്യാപ്തത കൈവരിക്കുന്നു. അടിസ്ഥാനപരമായ വികസനം എന്നത് വരുംതലമുറയെ ലക്ഷ്യം വച്ച് നടത്തുന്ന കൃഷി, ജല, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളാണെന്നും ഈ വികസനമാണ് കൃഷിവകുപ്പും ഹരിത കേരള മിഷനും ചേർന്ന് നടപ്പാക്കുന്നതെന്നും കൃഷി മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു.

you may also like this video