Tuesday
12 Nov 2019

സംസ്ഥാനത്ത് പച്ചക്കറി ഉല്പാദനത്തിൽ 50 ശതമാനത്തിലേറെ വർധനവ്

By: Web Desk | Friday 8 November 2019 9:56 PM IST


തിരുവനന്തപുരം: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് പച്ചക്കറി ഉൽപാദനത്തിൽ 50 ശതമാനത്തിലേറെ വർധനവുണ്ടായതായി മന്ത്രി വി എസ് സുനിൽകുമാർ നിയമസഭയിൽ അറിയിച്ചു. 2015-16 സാമ്പത്തിക വർഷം 6.28 ലക്ഷം മെട്രിക് ടൺ ആയിരുന്ന പച്ചക്കറിയുടെ ഉൽപാദനം 2018-19 വർഷത്തിൽ 12.12 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു. നടപ്പ് സാമ്പത്തിക വർഷം 92,000 ഹെക്ടർ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നതിനും പച്ചക്കറി ഉൽപാദനം 14.70 ലക്ഷം മെട്രിക് ടണ്ണായി ഉയർത്തുവാനും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതിയിലൂടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന വിഷലിപ്തമായ പച്ചക്കറിയെ പ്രതിരോധിക്കുന്നതിന് ഒരു പരിധി വരെ സഹായിച്ചിട്ടുണ്ടെന്നും പി മുഹമ്മദ് മുഹ്സിൻ, സി ദിവാകരൻ, ഇ എസ് ബിജിമോൾ, ഇ ടി ടൈസൺ മാസ്റ്റർ തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ പച്ചക്കറികളുടെ പരിശോധനയിൽ കറിവേപ്പിലയിലും കാരറ്റിലും കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതായി രാജു എബ്രഹാമിനെ മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം 258 പച്ചക്കറി സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. അമിത കീടനാശിനി ചേർത്തതിന് ഒരു കേസ് എടുത്തിട്ടുണ്ട്. സംസ്ഥാനത്ത് നീര ഉൽപാദിപ്പിക്കുന്ന പല നാളികേര കമ്പനികളും പലകാരണങ്ങളാൽ അടച്ചപൂട്ടലിന്റെ വക്കിലാണെന്ന് മന്ത്രി പറഞ്ഞു. ഈ കമ്പനികളെ പുനരുദ്ധരിക്കുന്നതിനും പ്രവർത്തന സജ്ജമാക്കുന്നതിനും സർക്കാർ നടപടി സ്വീകരിച്ചുവരികയാണ്.

റബർ പ്രൊഡക്ഷൻ ഇൻസെന്റീവ് പദ്ധതിക്ക് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് പദ്ധതി സമർപ്പിച്ചതായും മന്ത്രി പറഞ്ഞു. പദ്ധതിയിൽ 150 രൂപയാണ് നിലവിൽ നൽകുന്നത്. ഇത് 200 രൂപയായി വർധിപ്പിക്കണമെന്ന കർഷകരുടെ ആവശ്യത്തെ തുടർന്നാണ് സഹായത്തിനായി കേന്ദ്രത്തെ സമീപിച്ചതെന്ന് മന്ത്രി അറിയിച്ചു.

ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക് വകുപ്പിന്റെ കണക്കു പ്രകാരം സംസ്ഥാനത്ത് 57,522 ഹെക്ടർ തരിശു ഭൂമി ഉണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ തരിശ് ഭൂമിയുള്ളത്, 8365 ഹെക്ടർ. മറ്റ് ജില്ലകളിലെ കണക്ക് ചുവടെ. തിരുവനന്തപുരം- 2861 ഹെക്ടർ, കൊല്ലം-2436,പത്തനംതിട്ട-3644,ആലപ്പുഴ-1820, കോട്ടയം-4177,ഇടുക്കി-1667,എറണാകുളം-7999,തൃശൂർ-8341,മലപ്പുറം-6304,കോഴിക്കോട്-1878,വയനാട്-2437,കണ്ണൂർ-3718,കാസർകോട്-1875.സംസ്ഥാനത്ത് കൃഷി ഓഫീസർ തസ്തികയിൽ 76 ഒഴിവുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതിൽ വകുപ്പുതല പ്രമോഷൻ വഴി നികത്തേണ്ട 44 ഒഴിവുകളും പിഎസ്‌സി വഴി നികത്തേണ്ട 32 ഒഴിവുമുണ്ട്. പ്രളയത്തെ തുടർന്നുണ്ടായ കൃഷിനാശങ്ങൾ കാരണം സംസ്ഥാനത്ത് 21 കർഷകർ ആത്മഹത്യ ചെയ്തതായി മന്ത്രി പറഞ്ഞു. ഇടുക്കി, വയനാട് ജില്ലകളിൽ ഒമ്പത് കർഷകർ വീതവും കണ്ണൂർ ജില്ലയിൽ രണ്ടും കാസർകോട് ജില്ലയിൽ ഒരു കർഷകനും ആത്മഹത്യ ചെയ്തുവെന്ന് മന്ത്രി പറഞ്ഞു. ആത്മഹത്യ ചെയ്തുവരുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 29 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

Related News