സവാള വില കുതിച്ചുയരുന്നു; കിടിലം ഓഫറുമായി പച്ചക്കറി കച്ചവടക്കാരൻ

Web Desk
Posted on November 08, 2019, 9:34 pm

കൊല്ലം: സവാള വില ദിനംപ്രതി കുതിച്ചുയരുന്ന വാർത്തകൾ നമ്മൾ കാണാറുണ്ട്. എന്നാൽ ഇപ്പോൾ സവാളയ്ക്ക് വൻ ഓഫർ വെച്ചിരിക്കുകയാണ് പച്ചക്കറി കച്ചവടക്കാരൻ പ്രകാശ്. ‘നാലു കിലോ സവാള വാങ്ങൂ, ഒരു ഷര്‍ട്ട് തികച്ചും സൗജന്യം’ ഇതാണ് പ്രകാശ് എന്ന കച്ചവടക്കാരന്‍ നല്‍കുന്ന ഓഫർ.

നാലു കിലോയ്ക്ക് മുന്നൂറ് രൂപയാണ് വില. വിലക്കയറ്റം ആയതിനാല്‍ ആളുകളെ ആകര്‍ഷിക്കാനാണ് ഇത്തരമൊരു ഓഫറെന്ന് ഉടമ പ്രകാശ് പറയുന്നു. 300 രൂപയുടെ സാധനത്തിന് ഷര്‍ട്ട് സൗജന്യമായി നല്‍കിയാല്‍ കൈനഷ്ടം തന്നെയെന്നാണ് പ്രകാശിന്റെ മറുപടി. എങ്കിലും ആകെ ലാഭത്തിന്റെ ഒരു വിഹിതം ഓഫറുകള്‍ക്കായി മാറ്റി വയ്ക്കുന്നു. കടയിലെത്തുന്നവര്‍ സന്തോഷത്തോടെ മടങ്ങുമ്പോള്‍ മനസ്സിന് സന്തോഷമുണ്ട്.

ബംഗളൂരുവില്‍ നിന്ന് സുഹൃത്ത് വഴി എത്തിച്ച 50 ഷര്‍ട്ടുകളില്‍ 45 എണ്ണവും ഒറ്റ ദിവസം കൊണ്ട് തീര്‍ന്നു പോവുകയും ചെയ്തു. പച്ചക്കറി വാങ്ങുന്നവര്‍ക്ക് ഇടയ്ക്കിടെ പച്ചക്കറി തന്നെ ഓഫറായി നല്‍കും. ഇതിനു മുന്‍പ് ലോട്ടറിയും ഓഫറായി നല്‍കിയിരുന്നു. 10 പേര്‍ക്ക് ലോട്ടറിയടിക്കുകയും ചെയ്തു. ഓഫറുകള്‍ അവസാനിച്ചിട്ടില്ലെന്നും, ഞെട്ടിക്കുന്ന ഓഫറുകള്‍ ഇനിയും മനസിലുണ്ടെന്ന് പ്രകാശ് പറയുന്നു.