19 April 2024, Friday

രാജ്യത്ത് രണ്ട് വര്‍ഷത്തിനിടെ പച്ചക്കറി വില 50 ശതമാനം കൂടി

Janayugom Webdesk
ന്യൂഡല്‍ഹി
November 2, 2022 10:11 pm

രാജ്യത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ പച്ചക്കറിവിലയിലുണ്ടായത് വന്‍ വിലവര്‍ധനവ്. 2020ല്‍ ഭൂരിപക്ഷം കുടുംബങ്ങളും ചെലവഴിച്ചതിനേക്കാള്‍ തുകയാണ് ഇപ്പോള്‍ പച്ചക്കറികള്‍ക്ക് നല്‍കേണ്ടിവരുന്നത്. പണപ്പെരുപ്പം കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചുവെന്നും ലോക്കല്‍സര്‍ക്കിളിന്റെ സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2020ല്‍ പച്ചക്കറിക്ക് ചെലവഴിച്ച തുകയുടെ 25 ശതമാനം അധികമാണ് ഇപ്പോള്‍ ചെലവഴിക്കുന്നതെന്നാണ് സര്‍വേയില്‍ പങ്കെടുത്ത നാലില്‍ മൂന്നുഭാഗവും അഭിപ്രായപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പച്ചക്കറികൾക്കുള്ള പ്രതിമാസ ചെലവ് 50 ശതമാനത്തിലേറെ ഉയർന്നതായി ഇവരില്‍ 40 ശതമാനം പേരും പറയുന്നു.
സെപ്റ്റംബറില്‍ രാജ്യത്തിന്റെ ചില്ലറവില്പന പണപ്പെരുപ്പം അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്നനിരക്കായ 7.41 ശതമാനത്തിലെത്തിയിരുന്നു. ചില്ലറ വില്പന പണപ്പെരുപ്പത്തിന്റെ 50 ശതമാനം പങ്കുവഹിക്കുന്ന ഭക്ഷ്യപ്പണപ്പെരുപ്പം ഓഗസ്റ്റിലെ 7.6ല്‍ നിന്നും സെപ്റ്റംബറില്‍ 8.60 ശതമാനമായി വര്‍ധിച്ചിരുന്നു.
ഈ കുതിപ്പ് ഒക്ടോബറിലും തുടർന്നു, തൊട്ടുമുമ്പുള്ള മാസത്തെ അപേക്ഷിച്ച് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ തിരഞ്ഞെടുത്ത പച്ചക്കറികൾക്ക് മാത്രമാണ് വില കുറഞ്ഞത്. പച്ചക്കറി വില വീണ്ടും കുതിച്ചുയരുമ്പോൾ, അരിയും പയറുവർഗ്ഗങ്ങളും പാലും പോലും ഗാർഹിക ബജറ്റിൽ ചൂഷണം ചെയ്യുന്നത് തുടരുന്നതിനാൽ ദൈനംദിന ഭക്ഷണത്തിൽ നിന്ന് എന്ത് ഒഴിവാക്കണമെന്ന് ഉപഭോക്താവ് ആലോചിക്കുന്നു, ”സർവേ കണ്ടെത്തലുകൾ പറയുന്നു.
307 ജില്ലകളില്‍ നിന്നായി 22,000 ഉപഭോക്താക്കളാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ 63 ശതമാനം പുരുഷന്മാരും 37 ശതമാനം സ്ത്രീകളുമായിരുന്നു. 36 ശതമാനം കുടുംബങ്ങള്‍ ഇപ്പോൾ പച്ചക്കറികൾ വാങ്ങാൻ 25 മുതല്‍ 50 ശതമാനം അധിക തുക ചെലവഴിക്കുന്നതായി സര്‍വേ കണ്ടെത്തി. 31 ശതമാനം പേരുടെ വര്‍ധിച്ച ചെലവ് 50 മുതല്‍ 100 ശതമാനമാണ്. തങ്ങളുടെ ചെലവില്‍ 100 ശതമാനത്തിലധികം വര്‍ധനവുണ്ടായെന്നാണ് ഒമ്പത് ശതമാനം അഭിപ്രായപ്പെട്ടത്. അതേസമയം, സർവേയിൽ പങ്കെടുത്ത രണ്ടിലൊന്ന് കുടുംബങ്ങള്‍ തക്കാളി കിലോയ്ക്ക് ശരാശരി 50 രൂപയും ഉള്ളിക്ക് കിലോയ്ക്ക് 30 രൂപയും ഉരുളക്കിഴങ്ങിന് 25 രൂപയും ഈ വർഷം നല്‍കിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: Veg­eta­bles have increased by 50 per­cent in two years in the country

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.