ലോക്ക്ഡൗണിന്റെ പേരിൽ പൊലീസ് നടത്തുന്ന തേർവാഴ്ചയെ തുടർന്ന് ഉത്തർപ്രദേശിലെ പാടങ്ങളിൽ പച്ചക്കറികൾ ചീഞ്ഞ് നശിക്കുന്നു. യാത്രാ സൗകര്യമില്ലായ്മയും തൊഴിലാളി ക്ഷാമവും കാരണം പ്രയാസത്തിലാണെങ്കിലും വിളവെടുത്ത് വിപണിയിലെത്തിച്ചാൽ വിൽപന നടത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്നു. പൊലീസിന്റെ ഭാഗത്തുനിന്നാണ് ഏറ്റവും വലിയ തടസം നേരിടുന്നത്. ലോക്ക്ഡൗൺ നിബന്ധനയനുസരിച്ച് ഉച്ചയ്ക്ക് 12 മുതൽ ആറുവരെയാണ് വിൽപന നടത്തേണ്ടത്. ഇതിനായി നേരത്തേ മാർക്കറ്റിലേയ്ക്ക് പുറപ്പെട്ടാൽ അതിന്റെ പേരിൽ തടയുകയും അടിക്കുകയും കേസെടുക്കുകയും ചെയ്യുന്നു. വാങ്ങാനെത്തിയ ആളുകൾക്കെല്ലാം സാധനങ്ങൾ നൽകുന്നതിന് ആറുമണി കഴിഞ്ഞ് പത്തു മിനിറ്റ് വൈകിയാൽ പോലും പൊലീസ് ചാടിവീണ് ലാത്തി വീശുന്നു, കേസെടുക്കുന്നു. ചരക്കുമായി യാത്ര ചെയ്യുമ്പോൾ വാഹനം പോകണമെങ്കിൽ കൈക്കൂലി ആവശ്യപ്പെടുന്നവരുമുണ്ട്. അല്ലെങ്കിൽ കേസെടുക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യും.
മാർച്ച് 26 ന് 25 ചെറുകിട കച്ചവടക്കാർക്കെതിരെ കേസെടുത്തു. തിരക്കുകാരണം മാർക്കറ്റ് പത്തു മിനിട്ട് കൂടുതൽ പ്രവർത്തിച്ചുവെന്ന കാരണത്താലായിരുന്നു ഇതെന്ന് യുപിയിലെ പ്രമുഖ പച്ചക്കറി മാർക്കറ്റുകളിലൊന്നായ ദുബഗ്ഗയിലെ വ്യാപാരി അസോസിയേഷൻ പ്രസിഡന്റ് ബാബു ആട്ടിക്ക് പറഞ്ഞു. രണ്ടു ലക്ഷം രൂപയെങ്കിലും സർക്കാരിന് നികുതിയിനത്തിൽ നൽകുന്നവരാണ് ഇവിടെയുള്ള കച്ചവടക്കാരിൽ ഭൂരിപക്ഷവുമെന്ന് ബാബു പറയുന്നു. നഗരത്തിലേയ്ക്ക് ചരക്കുവാഹനങ്ങൾ കടത്തിവിടാത്തതിനാൽ പച്ചക്കറികൾ എത്തുന്നതിലും കുറവുണ്ട്. ഇതെല്ലാം കാരണം ഏറ്റവും വലിയ ദുരിതമനുഭവിക്കുന്നത് വായ്പയെടുത്തും മറ്റും കൃഷിയിറക്കിയ കർഷകരാണ്. വൻകിട ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന പച്ചക്കറികൾ മാത്രം ഉൽപാദിപ്പിക്കുന്ന മോഹൻലാൽ ഗഞ്ചിലെ ദേവേന്ദർ സിങ് എന്ന ഒരു കർഷകന് മാത്രം അരക്കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.