കോഴിക്കോട് വടകരയിൽ ഒമ്പത് വയസ്സുകാരിയെ വാഹനമിടിച്ചിട്ട് കടന്നുകളഞ്ഞ പ്രതി പിടിയിൽ. വിദേശത്തായിരുന്ന പ്രതി പുറമേരി സ്വദേശിയായ ഷെജീൽ കോയമ്പത്തൂർ വിമാനത്താവളത്തിൽ വച്ചാണ് പിടിയിലായത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലുണ്ടായ അപകടത്തിൽ ഒമ്പതുവയസ്സുകാരി ദൃഷാനയുടെ മുത്തശ്ശി മരിക്കുകയും കുട്ടി കോമയിലാവുകയും ചെയ്തിരുന്നു. നിർത്താതെ പോയ കാർ പത്തുമാസത്തിനു ശേഷമാണ് പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരി 17നാണ് ദേശീയപാതയില്‍ വടകരയ്ക്കടുത്ത് ചോറോട് അപകടം നടന്നത്. അശ്രദ്ധമായി വാഹനമോടിച്ച യുവാവ് അപകടമുണ്ടാക്കുകയായിരുന്നു. തലശേരി പന്ന്യന്നൂർ പഞ്ചായത്ത് ഓഫിസിന് സമീപം താമസിക്കുന്ന പുത്തലത്ത് ബേബി (62) അപകടത്തില്‍ മരിച്ചു. അപകടത്തിൽ ഗുരുതര പരിക്കേറ്റ കൊച്ചുമകള്‍ ദൃഷാന ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളജിൽ കോമയിൽ തുടരുകയാണ്. ദൃഷാനയും മുത്തശ്ശിയും റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഇവരെ കാർ ഇടിച്ചത്. ബന്ധുവീട്ടിലേക്ക് പോകുന്നതിനായി ബസ്സിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് കുട്ടിയേയും മുത്തശ്ശിയേയും കാർ ഇടിച്ചത്.
അപകടത്തിന് ശേഷം ഇടിച്ച കാർ നിർത്താതെ പോവുകയായിരുന്നു. ഷെജീലിന്റെ കുടുംബവും അപകടം നടക്കുമ്പോൾ കാറിലുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ പ്രതി വിദേശത്തേക്ക് കടന്നു. മാർച്ച് 14നായിരുന്നു പ്രതി വിദേശത്തേക്ക് കടന്നത്. അപകടസമയത്ത് പൊലീസിനു കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വാഹനം പ്രതി പിന്നീട് രൂപമാറ്റം വരുത്തി. ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇൻഷൂറൻസ് ക്ലെയിം ചെയ്യാൻ വന്നതായി ശ്രദ്ധയിൽപ്പെട്ട് പരിശോധിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണതെന്ന് വ്യക്തമായത്. ലോക്കൽ പൊലീസ് അന്വേഷിച്ചിട്ടും കാർ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
അന്വേഷണത്തിന്റെ ഭാഗമായി 50,000 ഫോൺകോളുകളും 19,000 വാഹനങ്ങളും പൊലീസ് പരിശോധിച്ചു. കുട്ടിയുടെ ദുരവസ്ഥ മാധ്യമങ്ങളിൽ വാർത്തയായതോടെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. സർക്കാരിൽ നിന്നു ഹൈക്കോടതി അടിയന്തര റിപ്പോർട്ട് തേടുകയുണ്ടായി. എത്രയും പെട്ടന്ന് കാർ കണ്ടെത്താൻ പൊലീസിന് നിർദേശവും നൽകുകയായിരുന്നു. ഇതിനു പിന്നാലെയാണ് അപകടം വരുത്തിയ ആളെ തിരിച്ചറിഞ്ഞതും കാർ കസ്റ്റഡിയിലെടുത്തതും. ഇതിനിടെ പ്രതി ഷെജീലിനെ വടകര പൊലീസ് കസ്റ്റഡിയിൽ വാങ്ങി. പേടികൊണ്ടാണ് പിടികൊടുക്കാതിരുന്നതെന്ന് ഷെജീൽ പറഞ്ഞു. പിടിക്കപ്പെടുമെന്ന് കരുതിയാണ് കാറിന്റെ രൂപമാറ്റം വരുത്തിയതെതെന്ന് പ്രതി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പുറമെ വ്യാജതെളിവ് ഉണ്ടാക്കി ഇൻഷൂറൻസ് തുക തട്ടിയെന്ന കേസും ഷെജീലിനെതിരെയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.